Saturday 05 November 2022 09:31 AM IST : By സ്വന്തം ലേഖകൻ

‘കുടുംബമായി ജീവിക്കും, പരസ്പര സമ്മതത്തോടെ രണ്ട്പേർക്കും വെവ്വേറെ ബന്ധങ്ങൾ’: ലൈംഗികത... പുതിയ കാലം, പുതിയമാറ്റം: സർവേ

sex-survey-new-arogyam

വിവാഹിതയായ സ്ത്രീക്ക് കുട്ടികൾ ഉണ്ടാകുക എന്നതിനപ്പുറം മറ്റെന്ത് വലിയ ആഗ്രഹം (ലൈംഗികാഗ്രഹം) ഉണ്ടാകാനാണ്’ എന്ന് നെറ്റ്ഫ്ലിക്സിലെ ലസ്റ്റ് സ്േറ്റാറീസ് എന്ന വെബ് സീരിസിൽ അമ്മായിഅമ്മ മരുമകളോട് ചോദിക്കുന്നുണ്ട്. നമ്മുടെ സമൂഹവും മതവും സംസ്കാരവും എല്ലാം വർഷങ്ങളായി പറഞ്ഞുവച്ചിരുന്നതും ഇതുതന്നെയായിരുന്നു. ലൈംഗികത എന്നത് പൊതുവെ പ്രോക്രിയേഷൻ അഥവാ കുഞ്ഞുങ്ങൾ പിറക്കാൻ വേണ്ടിയുള്ളതാണ് എന്ന്. പുരുഷന്റെ കാര്യത്തിൽ ഇക്കാര്യത്തിൽ ചില ഇളവുകളൊക്കെയുണ്ടായിരുന്നു. പുരുഷകേന്ദ്രീകൃതമായി സകലതും ചിട്ടപ്പെടുത്തിയിരുന്ന ഒരു സമൂഹത്തിൽ അതിന്റെ നായകസ്ഥാനത്ത് നിൽക്കുന്നയാൾക്കു സുഖം തേടലൊക്കെയാകാം, അതൊക്കെയങ്ങുകണ്ണടച്ചു വിട്ടേക്ക് എന്നൊരു മട്ട്.

പണ്ട്, സ്ത്രീകൾ ലൈംഗികതയേക്കുറിച്ചു തുറന്നു സംസാരിക്കുന്നതു പോയിട്ട്, സെക്സ് വേണ്ട എന്നു പറയാൻ പോലും തലവേദനയുടെയോ നടുവേദനയുടെയോ കൂട്ടുപിടിക്കുമായിരുന്നു. വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാകാൻ വല്ലാതെ താമസിച്ച് വന്ധ്യതചികിത്സയ്ക്ക് എത്തുമ്പോൾ മാത്രമാണ് സ്ത്രീകൾ ലൈംഗികതയെക്കുറിച്ചു തൊട്ടും തൊടാതെയും എന്തെങ്കിലുമൊക്കെ സൂചിപ്പിച്ചിരുന്നതുതന്നെ. എന്നാൽ, പുരുഷനെ സംബന്ധിച്ച് ലൈംഗികത ഒരു ആവശ്യം (Bionlogical Need) ആയിരുന്നു. അതുകൊണ്ടുതന്നെ ലൈംഗികത സംബന്ധിച്ച പരാതികളുമായി സെക്സോളജിസ്റ്റുകളെ തേടിപ്പോയിരുന്നതും പുരുഷന്മാരായിരുന്നു. അതും പങ്കാളിക്ക് ലൈംഗിക കാര്യങ്ങളിൽ തീരെ താൽപര്യമില്ല, എന്നു പറയാൻ.

സെക്‌ഷ്വൽ ഫാന്റസി

അടുക്കളപ്പണിയും കുട്ടികളുടെ കാര്യവും കഴിഞ്ഞ് ഭർത്താവിന്റെ സന്തോഷത്തിനായി മാത്രം കിടപ്പറയിൽ വഴങ്ങുന്ന സ്ത്രീകളുടെ കാലം മാറുകയാണ്. കുട്ടികളുണ്ടാകാൻ മാത്രമുള്ളതല്ല ര തി, അതു പരസ്പരമുള്ള ഇഴയടുപ്പത്തിന്റെ പ്രകാശനമാണെന്നും ആനന്ദത്തിന്റെ മാർഗ്ഗമാണെന്നും സ്ത്രീകൾ തിരിച്ചറിയുന്നുണ്ട്. പുരുഷനെപ്പോലെ തന്നെ കോർപറേറ്റ് ജോലികളിലും ബിസിനസ്സിലും സാഹസികപ്രവർത്തന മേഖലകളിലും വിമാനം പറത്തലിലും ഒക്കെ സ്ത്രീകളും സജീവമാണ്. അവിടൊക്കെ സ്വയം തീരുമാനമെടുക്കുകയും ആത്മവിശ്വാസത്തോടെ ന ടപ്പാക്കുകയും ചെയ്യുന്നതു പോലെ സ്വന്തം ലൈംഗിക സന്തോഷത്തിന്റെ പൂർത്തീകരണത്തിനായി നിശ്ചയദാ ർഢ്യത്തോടെ നിലകൊള്ളാനും ഒട്ടേറെ സ്ത്രീകൾ ഇന്നു ശ്രമിക്കുന്നുണ്ട്.

ഇതൊരു വലിയ വിപ്ലവമാണ്. പ ക്ഷേ, അത്ര നിശ്ശബ്ദമല്ല. ഒന്നു ചുറ്റും നോക്കൂ ‘‘. ഇതാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്, ഇതാണ് ആഗ്രഹിക്കുന്നത്, ഇതാണ് ഞങ്ങൾക്ക് ആവശ്യം’’ എന്നു ലൈംഗികതയെക്കുറിച്ച് ഉറക്കെ പറയാൻ ധൈര്യപ്പെട്ട് സ്ത്രീകൾ മുന്നോട്ടുവരുന്നുണ്ട് എന്നാണ് മനോരമ ആരോഗ്യം നടത്തിയ സർവേയിൽ പങ്കെടുത്ത മാനസികാരോഗ്യ വിദ ഗ്ധരും സെക്സോളജിസ്റ്റുകളും ഒ രുപോലെ ചൂണ്ടിക്കാണിച്ചത്.

നിർബന്ധാപൂർവമായ രതിയോടു മിക്ക സ്ത്രീകളും താൽപര്യം കാണിക്കുന്നില്ല. സ്ത്രീകളുടെയിടയിൽ സെക്‌ഷ്വൽ ഫാന്റസികൾ പരീക്ഷിച്ചു നോക്കാൻ തയാറാകുന്നവരുടെയും സ്വയംഭോഗം വഴി സ്വന്തം ആനന്ദമേഖലകൾ തിരിച്ചറിയുന്നവരുടെയും എണ്ണവും വ ർധിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഒരു ബന്ധം അവസാനിച്ചാൽ അ തിൽ മനസ്സു തകർന്നു ജീവിക്കുന്നവരുടെ എണ്ണവും കുറഞ്ഞുവരുന്നു. താ ൽപര്യമുള്ള മറ്റൊരു ബന്ധം ഉണ്ടായാ ൽ അതിലേക്കു പോകുവാൻ മനസ്സുകാണിക്കുന്നുണ്ട് പെൺകുട്ടികൾ.

‘‘ലൈംഗികതയുടെ കാര്യത്തിൽ സ്ത്രീകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമെന്നു പറയുന്നത് ചെറിയ ഒ ന്നല്ല. പണ്ട് സ്ത്രീയുടെ സംതൃപ്തിക്ക് പ്രാധാന്യമില്ല എന്നൊരു ചിന്തയായിരുന്നു സ്ത്രീക്കും പുരുഷനും. ഇന്ന് ആ പ്രവണത മാറി.’’ തൃശൂർ അൻസാർ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് അനിൽകുമാർ സ്ത്രീയുടെ ലൈംഗികതയുടെ കാര്യത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ പല തലങ്ങളെ ചൂണ്ടിക്കാണിക്കുന്നു.

‘‘ സ്വന്തം തൃപ്തിയും താൽപര്യങ്ങളും കുറച്ചുകൂടി പ്രകടമായി തുറ ന്നു പറയുന്നുണ്ട് സ്ത്രീകൾ. മുൻപ് ആണുങ്ങൾ സെക്സിനേക്കുറിച്ച് ‘ഞങ്ങളുടെ ആവശ്യങ്ങളൊക്കെ നടക്കണ്ടേ ’ എന്നു പറയുമായിരുന്നു. അതായത് സെക്സ് എന്നത് ജൈവപരമായ ഒരു ആവശ്യം മാത്രമായാണ് കണ്ടിരുന്നത്. അത് അമ്പേ മാറി. സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയുമൊക്കെ അനുഭൂതിദായകമായ വിനിമയമായി സെക്സിനെ കാണാനാകുന്നുണ്ട് ഇപ്പോൾ പുരുഷന്. അതിനനുസരിച്ച്, സ്ത്രീകൾ അവരുടെ ഭാഗത്തുനിന്ന് ആ അനുഭൂതിയെ കണക്കിലെടുക്കാനും തുടങ്ങി.

ആസ്വാദനതലത്തിൽ കാണാൻ തുടങ്ങിയതോടെ സ്ത്രീകളും ദാമ്പത്യത്തിൽ സെക്സ് ആവശ്യപ്പെടുന്ന തലത്തിലേക്കു വന്നിട്ടുണ്ട്. ഭർത്താവിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ അവർ മടിക്കുന്നില്ല. പണ്ട് ലൈംഗികജീവിതത്തിലെ പ്രശ്നങ്ങൾ മൂലം ഭാര്യയെ ഉപേക്ഷിക്കാൻ ഭർത്താക്കന്മാർ മടിച്ചിരുന്നില്ല. ഇപ്പോൾ വ്യാപകമായല്ലെങ്കിലും സ്ത്രീകളിലും ആ രീതി കാണുന്നുണ്ട്. ലൈംഗികമായ അസംതൃപ്തി എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം വിവാഹബന്ധം വേർപെടുത്തുന്ന ഒരു ട്രെൻഡുണ്ട്. സെക്സിൽ ഇഷ്ടമില്ലാത്ത രീതികൾ എതിർക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനുമുള്ള തന്റേടവും കാണിച്ചുതുടങ്ങിയിട്ടുണ്ട് സ്ത്രീകൾ ’’. അനിൽകുമാർ പറയുന്നു.

പൊസിറ്റീവായ മാറ്റങ്ങൾ

സ്ത്രീലൈംഗികതയുടെ തലത്തിൽ പൊസിറ്റീവായ പല മാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും സെക്സ് ഡിമാൻഡ് ചെയ്യാനും മറ്റുമുള്ള ആർജവത്തിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടെന്നു പറയാനാവില്ല എന്നു പറയുന്നു കൊച്ചി ഇന്ദിരാഗാന്ധി കോ ഒാപറേറ്റീവ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മായ നായർ. ‘‘സെക്സിനെക്കുറിച്ച് തുറന്നു സംസാരിക്കുന്നവരെന്ന് പ്രായഭേദത്തിന്റെ അടിസ്ഥാനത്തിൽ പറയാനാവില്ല. പുരോഗമനചിന്തയുള്ള, തുറന്ന സാഹചര്യങ്ങളിൽ സമപ്രായക്കാരുമായി ധാരാളം ഇടപഴകി ജീവിക്കാൻ സാധിക്കുന്നവരിലാണ് ഇങ്ങനെ തുറന്നുപറയാൻ തക്ക ആർജവം ഉണ്ടാകുന്നത്.

ലൈംഗികതയെക്കുറിച്ച് സോഷ്യ ൽ മീഡിയയിലും മറ്റും തുറന്നുപറച്ചിലുകൾ നടക്കുന്നുണ്ടെന്നതു ശരി തന്നെ. പക്ഷേ, ചെറിയൊരു ശതമാനം പേരാണ് ഇങ്ങനെയൊക്കെ മുന്നോട്ടുവരുന്നത്. അടിസ്ഥാനപരമായി നമ്മുടെ സമൂഹം ഇപ്പോഴും പുരുഷനായകത്വത്തിൽ ആണെന്നതാണ് ഇതിനൊരു കാരണം.

പുരുഷമേധാവിത്വത്തിന്റെയും താത്പര്യങ്ങളുടെയും മേഖലയാണ് സെക്സ് എന്ന് നിരന്തരം കേട്ടും കണ്ടും വളരുന്ന പെൺകുട്ടി, വിവാഹിതയായാൽ പോലും ആ മനോഭാവത്തിൽ നിന്നും മുക്തയാവണമെന്നില്ല . അതുകൊണ്ടുതന്നെ ഭൂരിഭാഗം സ്ത്രീകളും സെക്സ് തന്റെ അവകാശമായി ഉന്നയിക്കാമോ എന്നു സംശയവും ഭയവും പേറുന്നവരാണ്. മറ്റുള്ളവർ എന്തു വിചാരിക്കും എന്നു ചിന്തയിൽ ഒതുങ്ങിനിൽക്കുന്നവർ. പക്ഷേ, 10 വർഷം മുൻപുള്ള സ്ഥിതി വച്ച് നോക്കിയാൽ ഒരുപാട് പൊസിറ്റീവായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നു സമ്മതിക്കാതെ തരമില്ല. ’’ മായ പറയുന്നു.

സ്വയംഭോഗവും പോൺ

വിഡിയോകളും

സ്ത്രീകളിലെ സ്വയംഭോഗം പോലുള്ള വിഷയങ്ങൾ സിനിമ പോലെ പൊതുവായ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നു എന്നത് അതിശയിപ്പിക്കുന്ന മാറ്റം തന്നെയാണ്. പക്ഷേ, സ്ക്രീൻ കടന്ന് യഥാർഥ ജീവിതത്തിലേക്ക് എത്തുമ്പോൾ അതേക്കുറിച്ചു തുറന്നുപറയുന്ന സ്ത്രീകൾ ‘വെടിയും’ പോക്കുകേസും തെറിച്ച പെണ്ണുമൊക്കെയായി മുദ്രകുത്തപ്പെടുന്നത് നമ്മളും കണ്ടതാണ്. ഇതേ മനോഭാവമാണ് പോൺ കാണുന്ന സ്ത്രീകളെക്കുറിച്ചുമുള്ളത്. സ്ത്രീ, സെക്സിനെക്കുറിച്ച് ആധികാരികമായും ധൈര്യപൂർവവും സംസാരിക്കുന്നതു കാണുമ്പോൾ ‘ഇവൾക്ക് നല്ല അനുഭവപരിചയമുണ്ടല്ലൊ’ എന്നാവും ആദ്യത്തെ കമന്റ്.

‘‘22 വർഷം മുൻപ് ഞാൻ കാസർകോട് പ്രാക്ടീസ് തുടങ്ങിയ കാലത്ത് സ്ത്രീകൾ ലൈംഗിക കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത് അപൂർവതയായിരുന്നു. ഇപ്പോൾ വിവാഹിതകളും അല്ലാത്തവരുമായ സ്ത്രീകൾ ഒാർഗാസത്തെക്കുറിച്ച് സംസാരിക്കുന്നു. ’’ സൈക്യാട്രിസ്റ്റ് ഡോ. വാരുണി കെ. പറയുന്നു. ‘‘ചെറുപ്പക്കാരായ സ്ത്രീകൾ വിവാഹശേഷം കൂട്ടുകാരികളുമായി കാര്യങ്ങളൊക്കെ സംസാരിച്ചശേഷം തങ്ങൾക്ക് ഒാർഗാസത്തിൽ എത്താനായില്ല എന്നു തിരിച്ചറിഞ്ഞ് പരാതിയുമായി വരാറുണ്ട്. ഇന്റർനെറ്റും മൊബൈൽഫോണും ഒക്കെ വ്യാപകമായതോടെ പോൺ അഡിക്‌ഷൻ, സെക്സ്റ്റിങ് (ലൈംഗികചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുക) എന്നിങ്ങനെയുള്ളവ ലൈംഗികമായി സജീവമായ സ്ത്രീകളിൽ വർധിക്കുന്നതായി കാണുന്നു. പങ്കാളികൾ തമ്മിൽ വർഷത്തിലൊരിക്കൽ കാണുന്ന, ദീർഘനാൾ അകന്നുജീവിക്കേണ്ടി വരുന്ന ദമ്പതികളിൽ ലൈംഗി കജീവിതം വൈഷമ്യമേറിയതായിരിക്കും. ചിലരെങ്കിലും വിവാഹേതര ലൈംഗിക ബന്ധങ്ങളിൽ അഭയം തേടുന്നു. ചിലർ സെക്സ് ടോയ്സ് ഉപയോഗിക്കാൻ താൽപര്യം കാണിക്കാറുണ്ട്. കുറച്ചുപേർക്ക് ഞാൻ അത് പ്രിസ്ക്രൈബ് ചെയ്തിട്ടുമുണ്ട്. ലൈംഗികതയിൽ എന്താണ് വേണ്ടത് എന്നു സ്ത്രീകൾക്ക് അറിയാം എന്നതുമാത്രമല്ല അതു വേണമെന്നു നിശ്ചയിച്ചുറപ്പിച്ചു മുൻപോട്ടുപോകാനുള്ള തന്റെടവും കാണിക്കുന്നുണ്ട്. ’’ ഡോ. വാരുണി പറയുന്നു.

സ്ത്രീയുടെ സൈബർ ലോകം

2018 ൽ സെക്‌ഷ്വാലിറ്റി ആൻഡ് കൾച്ചർ ജേണലിൽ വന്ന പഠനത്തിന്റെ ത ലക്കെട്ടു തന്നെ ‘മൈ ഐഫോൺ ചേഞ്ച്ഡ് മൈ ലൈഫ്’ എന്നാണ്. ഡിജി റ്റൽ ടെക്നോളജി എങ്ങനെയാണ് പോ ണോഗ്രഫി ഉൾപ്പെടെ ലൈംഗികസംബന്ധിയായ വിവരങ്ങൾ സ്ത്രീകൾക്ക് ഒാൺലൈനായി ലഭിക്കുന്നതിന്റെ സാധ്യത മെച്ചപ്പെടുത്തി എന്നു പരിശോധിക്കുന്ന ഈ പഠനം പറയുന്നത് സ്വന്തം ലൈംഗിക തൃപ്തിക്കും സ്വന്തം ലൈംഗികതയെ കൂടുതൽ മനസ്സിലാക്കാനും ലൈംഗികകാമനകളെ സാധാരണമാക്കാനും ഇത് സ്ത്രീകളെ സഹായിക്കുന്നു എന്നാണ്.

‘‘പണ്ട് പോൺ എന്നത് ‘ബോയ്സ് സീക്രട്ട്’ ആയിരുന്നു. ഇപ്പോൾ മൊബൈൽഫോണും ഇന്റർനെറ്റും വ്യാപകമായതോടെ പെൺകുട്ടികളും സ്ത്രീകളുമൊക്കെ പോൺ/ അഡൽറ്റ് വിഡിയോകൾ കാണുന്നു. മാസ്റ്റർബേഷനെക്കുറിച്ചും ഇന്റർനെറ്റും സോഷ്യൽ മീഡിയയും വഴി അറിയുന്നുണ്ട്. പെൺകുട്ടികൾ മാത്രമല്ല ഇന്ന് 20–കളിലോ 30–കളിലോ എത്തിനിൽക്കുന്ന സ്ത്രീകളും പോൺ വിഡിയോകളെക്കുറിച്ചും സ്വയംഭോഗത്തെ കുറിച്ചുമൊക്കെ അറിവുള്ളവരാണ്.’’ കോട്ടയം മെഡിക്കൽ കോളജിലെ മനോരോഗവിദഗ്ധനും മനോരോഗ ചികിത്സാവിഭാഗം തലവനുമായ ഡോ. വർഗീസ് പുന്നൂസ് പറയുന്നു.

ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു ക്ലിനിക്കിൽ സെറ്റിങ്ങിലോ തെറപ്പിസ്‌റ്റിനോടോ തുറന്നു സംസാരിക്കുന്ന കാര്യത്തിൽ ധൈര്യവും സത്യസന്ധതയും ആൺകുട്ടികളെ അപേക്ഷിച്ച് ഇന്നത്തെ പെൺകുട്ടികൾ

ക്കുണ്ട്. ആൺകുട്ടികൾ സൗഹൃദകൂട്ടായ്മകളിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുമെങ്കിലും ഡോക്ടറോടു സം

സാരിക്കാൻ വിമുഖത കാണിക്കും. സംസാരിച്ചാൽ തന്നെ പലർക്കും സ്വന്തം ശരീരാവയവങ്ങളുടെ യഥാർഥ പേരുപോലും പറയാനറിയില്ല. പക്ഷേ, പെൺകുട്ടികൾ ശാസ്ത്രീയമായ പേരുകൾ തന്നെ ഉപയോഗിച്ചാണ് സംസാരിക്കുക.

ഒാൺലൈനിൽ ലൈംഗികത കലരുമ്പോൾ

സൈബർലോകം തുറന്നുവയ്ക്കുന്ന ബൃഹത്തായ അവസരങ്ങൾ മുതിർന്ന സ്ത്രീകളിലും വലിയ പ്രലോഭനം സൃഷ്ടിക്കുന്നുണ്ടെന്നു ഡോക്ടർ ചൂണ്ടിക്കാണിക്കുന്നു. ആ പ്രലോഭനങ്ങൾക്ക് മനസ്സറിഞ്ഞ് കീഴടങ്ങിപ്പോകുന്നവരുണ്ട്. ‘‘ പണ്ടൊക്കെ നെറ്റ് വഴിയൊസോഷ്യൽ മീഡിയ വഴിയൊ ഒരു അപരിചിതനെ പരിചയപ്പെട്ടു സംസാരിച്ചാലും ലൈംഗികചുവ കലർന്ന ഒരു നീക്കമുണ്ടായാൽ ആ ബന്ധം അവിടെ അവസാനിപ്പിക്കുന്നതായാണ് കണ്ടിരുന്നത്. പക്ഷേ, ഇന്നു സൈബർ ലോകത്തുള്ള പരിചയം സൗഹൃദമായി മാറി വല്ലാത്ത അടുപ്പത്തിലേക്കെത്തിയാൽ ആ ബന്ധം നിലനിർത്താനായി ലൈംഗിക ചുവയുള്ള മെസേജുകൾക്കും അൽപം കൂടി കടന്ന് ലൈംഗികമായി ഉണർത്തുന്ന ചിത്രങ്ങൾ അയയ്ക്കുന്നതിനും വഴങ്ങുന്നു സ്ത്രീകൾ. ഇതിന്റെയൊക്കെ ഒടുവിൽ ബ്ലാക്ക് മെയിലിങ്ങും ചൂഷണവുമൊക്കെ തുടങ്ങുമ്പോൾ അതു സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുന്നവരുമുണ്ട്.

സ്ത്രീയെ സംബന്ധിച്ച് ഒരു ബന്ധത്തിൽ നിന്നും ലഭിക്കുന്ന സ്നേഹവും പരിഗണനയും ബഹുമാനവും വളരെ പ്രാധാന്യമുള്ളതാണ്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിയുമ്പോൾ ചിലപ്പോൾ ആ ബന്ധത്തിൽ നിന്നും വൈകാരിക തൃപ്തി ലഭിക്കാതെ വരാം. അങ്ങനെ വിരസതയിൽ കഴിയുന്നവർക്ക് ജീവിതം ബാലൻസ് ചെയ്തുകൊണ്ടുപോകാനുള്ള ഒരു രക്ഷാമാർഗമായി മാറാറുണ്ട് സൈബർലോകം പലപ്പോഴും. വാട്സ്ആപ് വഴിയുള്ള പഴയ സൗഹൃദകൂട്ടായ്മകൾ, ഡേറ്റിങ് ആപ്പുകൾ എന്നിവയും കുടുംബജീവിതത്തിന്റെ താളംതെറ്റിക്കുന്ന ബന്ധങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങളും കാണാറുണ്ടെന്നു ഡോക്ടർ പറയുന്നു.

ഇതിന്റെ പ്രധാന കാരണം സൈബർ ലോകം തുറന്നിടുന്ന കാഴ്ചകൾ ധാർമിക ബോധത്തെ സ്വാധീനിക്കുന്നതാണെന്നു ചൂണ്ടിക്കാണിക്കുന്നു അനിൽകുമാർ. ‘‘നമ്മുടെ ധാർമിക ബോധം എന്നു പറയുന്നത് മതവും സാമൂഹിക ഘടനകളും കുടുംബത്തിന്റെ എഴുതപ്പെടാത്ത നിയമങ്ങളും ചേർത്ത് ഉണ്ടാക്കിവച്ചിരിക്കുന്നതാണ്. ലൈംഗികമായ കാഴ്ചകളുടെ അതിപ്രസരം ലൈംഗികമായ ഇൻഹിബിഷനുകളെ കുറയ്ക്കും, നമ്മളെ മുറുക്കിയിരിക്കുന്ന ധാർമിക കെട്ടുകളെ പതിയെ അയച്ചുവിടും. ഇന്റർനെറ്റ് വരുന്നതിനു മുൻപ് ടിവി വ്യാപകമായ കാലം തൊട്ടേ ഇതു സംഭവിച്ചുതുടങ്ങിയതാണ്’’

സെക്സ്റ്റിങ്ങും ഡേറ്റിങ്ങും

സ്ത്രീകൾ പോൺ കാണുന്നുണ്ടെങ്കിലും പുരുഷന്മാരെ പോലെ വയലൻസ് കലർന്ന് ഹാർഡ്കോർ പോൺ കാണാറില്ല എന്നാണ് റിപ്പോർട്ടുകൾ. റൊമാൻസും സോഫ്റ്റ് പോണുമാണ് കൂടുതലും കാണുന്നതെന്നു റിപ്പോർട്ടുകൾ പറയുന്നു. സെക്സ്റ്റിങ് വളരെ വ്യാപകമാണ് എന്നതുപോലെ ഇറോട്ടിക് സ്റ്റിമുലേഷൻ ഉണ്ടാക്കുന്ന വിഡിയോകൾ പങ്കുവയ്ക്കുന്നതും കാണാറുണ്ട്.

ഇങ്ങനെയാണെങ്കിലും സ്ത്രീകളിലും പെൺകുട്ടികളിലും സൈബർ സെക്സ് അടിമത്തം കാണുന്നത് വളരെ അപൂർവമാണെന്നു ക്ലിനിക്കൽ റിപ്പോർട്ടുകൾ പറയുന്നു. പുരുഷന്മാരുടെ കാര്യത്തിൽ സൈബർ സെക്സ് ലൈംഗികജീവിതത്തിന്റെ താളംതെറ്റിക്കുന്ന സംഭവങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സ്ത്രീകളുടെ കാര്യത്തിൽ ഇതുവരെ അതു വലിയ പ്രശ്നം സൃഷ്ടിക്കുന്നതായി കണ്ടിട്ടില്ല.

പക്ഷേ, കാലം മാറിയെങ്കിലും സ മൂഹം അതുൾക്കൊണ്ടു മാറുന്നില്ല എന്നതാണ് സത്യം. ‘‘ആൺകുട്ടികളെ എന്തെങ്കിലും പ്രശ്നങ്ങളുമായി ക്ലിനിക്കിൽ കൊണ്ടുവരുമ്പോൾ മാതാപിതാക്കൾ വളരെ സ്വാഭാവികമായാണ് ‘അവൻ പോൺ കാണുന്നത് കുറച്ചു കൂടുതലാണ്’ എന്നു പറയുന്നത്. എന്നാൽ പെൺകുട്ടി ഫോണിൽ പോൺ കണ്ടതായോ അല്ലെങ്കിൽ മാസ്റ്റർബേഷൻ ചെയ്യുന്നതായോ അറിഞ്ഞാൽ ലോകം അവസാനിച്ച ഭാവമാണ്. പലപ്പോഴും കുട്ടികൾ പ്രായത്തിന്റേതായ ജിജ്ഞാസയിൽ നോക്കിപ്പോകുന്നതാണ്. അത് അഡിക്‌ഷന്റെ തലത്തിലേക്കൊന്നും എത്തിയിട്ടുപോലുമുണ്ടാകില്ല. എങ്കിലും വലിയ പ്രശ്നമായെടുക്കും. അതുപോലെ ലൈംഗികതയെക്കുറിച്ച് തുറന്നു ലിബറലായി സംസാരിക്കുന്ന പെൺകുട്ടികളൊക്കെ സെക്സ് മാനിയാക് ആണെന്നും നിംഫോമാനിയാക് ആ ണെന്നുമൊക്കെ കരുതുന്ന രീതിയുണ്ട്. ’’ഡോ. വർഗീസ് പറയുന്നു.

വിവാഹേതര ബന്ധങ്ങൾ

സാധാരണമോ?

മറ്റൊരു പ്രധാന മാറ്റമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് സ്ത്രീകൾ വിവാഹേതര ബന്ധങ്ങളെയും വിവാഹപൂർവ ബന്ധങ്ങളെയും സാധാരണമായി കാണുന്നു എന്നതാണ്. വിവാഹം വരെ കന്യകയായിരിക്കണമെന്നു നിർബന്ധമുള്ളവരുടെ എണ്ണം കുറയുന്നു. മനസ്സിന് ഇഷ്ടമുള്ള ആളെ ചുംബിക്കുന്നതോ ഉഭയസമ്മതത്തോടെ ലൈംഗികതയിൽ ഏർപ്പെടുന്നതോ, വിവാഹത്തിനു മുൻപായാൽ പോലും വലിയ തെറ്റോ പാപമോ ആയി കൗമാരക്കാരായ പെൺകുട്ടികൾ പോലും കാണുന്നില്ല. പണ്ടൊക്കെ ഇത്തരം പ്രശ്നങ്ങളുമായി തെറപ്പിസ്റ്റിനു മുൻപിൽ കൊണ്ടുവന്നാൽ എന്തോ തെറ്റു ചെയ്തതുപോലെ ചൂളിനിൽക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇന്ന് തന്റെ ഇഷ്ടപ്രകാരം ചെയ്ത കാര്യത്തെ ന്യായീകരിക്കാനാണ് പലരും ശ്രമിക്കുക.

വിവാഹേതര ബന്ധങ്ങളുടെ കാര്യത്തിലും സ്ത്രീകളുടെ പ്രതികരണത്തിൽ വ്യത്യാസം വന്നു. ‘ഇതുകൊണ്ട് ലോകം അവസാനിക്കാൻ പോകുന്നില്ല’ എന്ന മനോനിലയിലേക്ക് എത്തിയിട്ടുണ്ട് നല്ലൊരു ശതമാനം സ്ത്രീകളും എന്നു റിപ്പോർട്ടുകൾ പറയുന്നു. അതു സ്വന്തം കാര്യത്തിലായാലും ഭർത്താവിനുള്ള ബന്ധത്തിന്റെ കാര്യത്തിലായാലും. എല്ലാം മറന്ന് ഒരുമിച്ചു പോകാനായാൽ പോവുക, അല്ലെങ്കിൽ വേർപിരിയുക എന്നത് സംയമനത്തോടെ സ്വീകരിക്കുന്നുണ്ട് പലരും. ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളോടുള്ള പ്രതികാരമെന്ന നിലയ്ക്ക് മറ്റു ബന്ധങ്ങളിലേക്ക് എടുത്തുചാടുന്നവരും ഇല്ലാതില്ല.

ഒരേ സമയം രണ്ടു ബന്ധങ്ങൾ

ഇതൊന്നുമല്ലാതെ വിവാഹമോചനം നേടി വേർപെട്ടു ജീവിക്കുന്നതിനു പകരം കുടുംബമായി ഒരുമിച്ചു താമസിക്കുകയും പരസ്പരസമ്മതത്തോടെ രണ്ട് പേർക്കും വെവ്വേറെ ബന്ധങ്ങൾ സൂക്ഷിക്കുകയും ചെയ്യുക എന്നൊരു ട്രെൻഡിന് സ്ത്രീകളും സമ്മതിക്കുന്നുണ്ട് എന്നു പറയുന്നു തിരുവനന്തപുരത്തുള്ള കൗൺസലിങ് സൈക്കോളജിസ്റ്റ് അന്നു ബിജി. അതാകുമ്പോൾ വിവാഹമോചനം വഴി സമൂഹത്തിൽ ഉള്ള സ്റ്റാറ്റസ് കുറവ് വരില്ല, കുട്ടികൾക്ക് അച്ഛനും അമ്മയും ഉണ്ടാവുകയും ചെയ്യും എന്ന ചിന്ത.

‘‘ വിവാഹേതരബന്ധത്തിന്റെ പ്രശ്നവുമായി ഒരു സ്ത്രീ കാണാൻ വ ന്നിരുന്നു. ഭർത്താവുമായുള്ള ബന്ധത്തിൽ അവർ തൃപ്തയല്ല., അതു തുടരാൻ താൽപര്യവുമില്ല. പക്ഷേ, കുട്ടികളുണ്ട്. അവർക്ക് അച്ഛനും അമ്മയും വേണമെന്നുള്ളതുകൊണ്ട് ഒരുമിച്ചു താമസിക്കുന്നു. എന്നു മാത്രം .

‘‘ എന്റെ ശരീരത്തിലോ മനസ്സിലോ ഭർത്താവിന് ഒരു അവകാശവുമില്ല. എനിക്കിഷ്ടമുള്ളതുപോലെ ജീവിക്കും. ഒരു കാര്യത്തിലും ഇടപെടരുത്. അങ്ങനെയാണെങ്കിൽ ഒരുമിച്ചുപോകാം’’, അവർ തുറന്നുപറഞ്ഞു.

വിവാഹമോചനത്തിന് പോകാത്തത് എന്താണെന്നു വച്ചാൽ അതൊരു നീണ്ട നടപടിക്രമമാണ്. വർഷങ്ങളെടുക്കും ഡിവോഴ്സ് കിട്ടാൻ. ഒരിക്കൽ ഒരു സ്ത്രീ പറഞ്ഞു. എന്റെ ഭർത്താവിന് മറ്റൊരു ബന്ധമുണ്ട്, കണ്ടുപിടിച്ചിട്ടും കുലുക്കമില്ല. കരഞ്ഞുവിളിച്ചിട്ടും ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞിട്ടും കാര്യമില്ല. മകനാണെങ്കിൽ അപ്പനും അമ്മയും വേണം. അപ്പോൾ പിന്നെ യാഥാർഥ്യം തിരിച്ചറിഞ്ഞ് മുന്നോട്ടു പോവുകയല്ലേ നിവൃത്തിയുള്ളു? കോടതിയിൽ പോയാലും ഭർത്താവ് ചെലവിനു തരുന്നുണ്ടോ എന്നല്ലേ ചോദിക്കുക. അപ്പോൾ നിയമപരമായി ബന്ധം അവസാനിപ്പിക്കാതെ മനസ്സും ശരീരവും കൊണ്ട് വേർപെട്ടു താമസിക്കുക. രണ്ടാൾക്കും അവരവരുടെ സ്വാതന്ത്ര്യത്തിൽ ജീവിക്കാം എന്ന മട്ട്.

വിവാഹേതര ബന്ധങ്ങൾ സ്ത്രീകളുടെയിടയിൽ വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്നു തിരുവനന്തപുരത്ത് ക്ലിനിക്കൽ സെക്കോളജിസ്റ്റ് ആയ ഡോ. എ. ബഷീർകുട്ടിയും അഭിപ്രായപ്പെടുന്നു. പക്ഷേ, ലൈംഗിക സന്തോഷത്തിനോ വ്യത്യസ്തതയ്ക്കോ അല്ല മിക്ക സ്ത്രീകളും മറ്റു ബന്ധങ്ങളിലേക്ക് പോകുന്നത് എന്നതു ശ്രദ്ധേയമാണ്. മനസ്സു തുറന്നു സംസാരിക്കാൻ ഒരാൾ വേണം എന്ന തലത്തിലാണ് ബന്ധം തുടങ്ങുക. ആഴത്തിലുള്ള അടുപ്പമായി കുറച്ചു കഴിയുമ്പോൾ അതു ലൈംഗികതയുടെ തലത്തിലേക്ക് എത്തുകയാണ്.

കപ്പിൾ സ്വാപ്പിങ്

വിവാഹേതര ബന്ധങ്ങളെക്കുറിച്ച് പറയുമ്പോൾ ഈയടുത്ത് സംഭവിച്ച കപ്പിൾ സ്വാപ്പിങ്ങിനെക്കുറിച്ച് പറയാതെ വയ്യ. കപ്പിൾ സ്വാപ്പിങ് പോലെയുള്ള കാര്യത്തിൽ സാമൂഹിക വിരുദ്ധ സ്വഭാവമുള്ള പുരുഷപങ്കാളിക്ക് മനസ്സില്ലാതെ വഴങ്ങിക്കൊടുക്കുകയാണ് മിക്ക സ്ത്രീകളും എന്നു പറയുന്നു ഡോ. എ. ബഷീർകുട്ടി. ‘‘മനസ്സില്ലാതെ ഇത്തരം ബന്ധങ്ങൾക്ക് വഴങ്ങി, ഭർത്താവിൽ നിന്നും ലഭിക്കാത്ത സ്നേഹവും പരിഗണനയും അവിടെ നിന്നും ലഭിക്കുന്നു എന്നാകുമ്പോൾ വൈകാരികമായി ആ ബന്ധത്തിന് അടിമപ്പെട്ടുപോകുന്ന സംഭവങ്ങളും ഉണ്ട്.’’

ഭർതൃബലാത്സംഗങ്ങളോടുള്ള മനോഭാവം

‘‘ഭാര്യയുടെ ഇഷ്ടത്തിന് വിപരീതമായി ലൈംഗിക താൽപര്യങ്ങൾ നടപ്പിലാക്കുന്നത് അപൂർവമല്ല. അത് ദാമ്പത്യത്തിലെ ലൈംഗീക ബലാല്‍ക്കാരം തന്നെയാണ്.പല ദാമ്പത്യങ്ങളിലും രതിക്ക് റേപ്പിന്റെ ശൈലി വരുന്നു. പലരും നിശ്ശബ്ദം സഹിക്കുന്നു. എന്നാൽ ഇതിനോട്‌ പ്രതിഷേധിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നുണ്ട്.’’ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ മനോരോഗവിദഗ്ധൻ ഡോ. സി. ജെ. ജോൺ പറയുന്നു. ‘‘ മാനസികമായി അനുകൂലിക്കാന്‍ കഴിയാത്ത തരത്തിലുള്ള ലൈംഗിക ആവശ്യങ്ങള്‍ക്കും രീതികള്‍ക്കും മുൻപിൽ വിഷമിക്കുന്ന സ്ത്രീകള്‍ ഉണ്ട്. പോണോഗ്രഫി കാഴ്ചകളില്‍ കാണുന്ന ഒാറൽ സെക്സും അനൽ സെക്സുമൊക്കെ പല പുരുഷന്മാരും അനുമതി പരിഗണിക്കാതെ അവകാശം എന്ന മട്ടില്‍ നടപ്പിലാക്കാന്‍ ശ്രമിക്കാറുണ്ട്. ലൈംഗിക ബലഹീനത പോലെ തന്നെ ഇ ത്തരം 'ബുദ്ധിമുട്ടിക്കുന്ന ലൈംഗീകതയും സ്ത്രീകൾ' പ്രശ്‌നമായി ഇപ്പോൾ കാണുന്നുണ്ട്. വിവാഹം വേര്‍പിരിയാനുള്ള കാരണവുമാകുന്നുണ്ട്.

പരസ്പര സമ്മതത്തോടെ ലൈംഗികതയുടെ വ്യത്യസ്ത ആസ്വദിക്കാനും ബന്ധത്തിന്റെ അടുപ്പം കൂട്ടാനും തയ്യാറുള്ള സ്ത്രീകളും ഇപ്പോൾ ഉണ്ട്. ആരോഗ്യകരമാണെങ്കില്‍ വ്യത്യസ്തകള്‍ പങ്കാളികള്‍ക്ക് പരീക്ഷിക്കാം. ലൈംഗിക അവബോധം ഉള്ള ധാരാളം സ്ത്രീകള്‍ ഇതൊക്കെ തുറന്ന മനസ്സോടെ സ്വീകരിക്കാറുണ്ട്. എല്ലാവരും അങ്ങനെയാകണമെന്നില്ല. ചില സാഹചര്യങ്ങളില്‍ വിവാഹകൗൺസലിങ് ഒരു പരിധി വരെ സഹായകമാകും. ഇങ്ങനെ സഹായം തേടാന്‍ വരുന്നവരും ഇപ്പോൾ ഉണ്ട്.’’ ഡോക്ടർ പറയുന്നു.

സ്വവർഗ ലൈംഗികത

‘‘എൽജിബിറ്റിക്യു (ലെസ്ബിയൻ, ഗേ, ബൈ സെക്‌ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വീർ) സമൂഹത്തിൽ പെട്ട ആളാണ് എ ന്നു സ്ത്രീകൾ സ്വയം വെളിപ്പെടുത്തുകയും അതിനനുസരിച്ച് നിയമത്തിന്റെയും സർക്കാരിന്റെയും പിന്തുണ ലഭിക്കുന്നതായും നമ്മൾ കാണുന്നുണ്ട്.’’ കോട്ടയം മന്ദിരം ഹോസ്പിറ്റലിലെ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ഡോ. ബോബി തോമസ് കോക്കാട്ട് പറയുന്നു.‘‘എങ്കിലും ഈ കമ്യൂണിറ്റിയിൽ പെട്ട സ്ത്രീകൾ ലൈംഗികമായ ഇടപെടലുകളോ ചർച്ചയോ നടത്തിയാൽ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും ദുരനുഭവങ്ങളും നിന്ദയും നേരിടേണ്ടതായി വരുന്നുണ്ട്.

ഇത് ഒരു പരിധിവരെ നാം ജീവിക്കുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടും മതപ്രബോധനങ്ങളും കുടുംബത്തിന്റെ ബോധ്യങ്ങളും ശരിയായ ലൈംഗികവിദ്യാഭ്യാസത്തിന്റെ അഭാവവും മലയാളിയുടെ പൊതുബോധത്തെ സ്വാധീനിക്കുന്നതുകൊണ്ടാണ്. സ്വവർഗ ലൈംഗികത വൈദ്യശാസ്ത്രപരമായി സ്വാഭാവികമാണ് എന്നും അത് ആ വ്യക്തികൾ സ്വയം തിരഞ്ഞെടുത്തതല്ല എന്നുമുള്ള തിരിച്ചറിവ് ആളുകൾക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു’’ ഡോ. ബോബി പറയുന്നു.

മരുന്നും ചികിത്സയും

പണ്ട് സെക്സോളജിസ്റ്റുകളെ കാണാൻ വന്നിരുന്നത് ബഹുഭൂരിപക്ഷവും പുരുഷന്മാരായിരുന്നെങ്കിൽ ഇന്നു സ്ത്രീകളും മടിക്കാതെ വരുന്നുണ്ട് എന്നു പറയുന്നു കോഴിക്കോട്, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്‌ഷ്വൽ ആൻഡ് റീപ്രൊഡക്ടീവ് മെഡിസിൻ ഡയറക്ടറും ഇന്റർനാഷനൽ അസോസിയേഷൻ ഒഫ് സെക്‌ഷ്വൽ മെഡിസിൻ പ്രാക്ടീഷനേഴ്സ് ചെയർമാനുമായ ഡോ. അജയൻ വർഗീസ്.

‘‘ ലൈംഗികപ്രശ്നങ്ങൾക്ക് ചികി ത്സയ്ക്ക് വരേണ്ടത് ഒരാവശ്യമാണ് എ ന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. ലൈംഗികസംതൃപ്തിയേക്കുറിച്ചുള്ള സംശയങ്ങളുമായി ധൈര്യപൂർവം സ്ത്രീകൾ കൺസൽറ്റിങ് റൂമുകളിൽ തനിച്ചു ചികിത്സ തേടി എത്തിത്തുടങ്ങി. 10 പുരുഷന്മാർ ചികിത്സയ്ക്കെത്തുമ്പോൾ ഒരു സ്ത്രീ എന്നതാണ് ചികിത്സയ്ക്കെത്തുന്നവരുടെ അനുപാതം എന്നു കാണുന്നു. അതിന്റെ ഒരു കാരണം, പുരുഷന്റെ ഉദ്ധാരണക്കുറവ് പോലുള്ള കാര്യങ്ങൾ ലൈംഗികബന്ധം തന്നെ ഇല്ലാതാക്കും. പക്ഷേ, ലൈംഗികതയെ പൂർണമായി തടസ്സപ്പെടുത്തുന്ന പ്രശ്നങ്ങൾ സ്ത്രീകളിൽ അപൂർവമാണ് എന്നതാണ്.

ഒാർഗാസം ലഭിക്കുന്നില്ല, ലൈംഗികവിരക്തി, ബന്ധപ്പെടുമ്പോൾ വേദന അനുഭവപ്പെടുന്നു എന്ന കാരണങ്ങൾ പറഞ്ഞാണ് സ്ത്രീകൾ പ്രധാനമായും എത്തുന്നത്. സ്ത്രീകളുടെ ലൈംഗികത എന്നു പറയുന്നതിനെ വിവിധ ഘടകങ്ങൾ സ്വാധീനിക്കാം. അതുകൊണ്ട് എന്താണ് കാരണമെന്നു തീർച്ചപ്പെടുത്തുക പ്രയാസമാണ്.

പണ്ട് ഭർത്താവിന് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിലും സ്ത്രീകൾ മിണ്ടാതെ സഹിച്ചിരുന്നു. ഇന്ന് അങ്ങനെയല്ല. തനിക്ക് ലൈംഗികസുഖം ലഭിക്കുന്നില്ല എന്നു ഭർത്താവിനോട് തുറന്നുപറയുകയും ചികിത്സയ്ക്ക് കൊണ്ടുവരുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. എങ്ങനെയാണ് സ്വയം രതിമൂർഛയിലേക്ക് എത്തേണ്ടത് എന്ന കാര്യത്തിലും സ്ത്രീകൾ കുറച്ചുകൂടി ബോധവതികളാണിണെന്നു കാണുന്നു ’’ . ഡോ. അജയൻ പറയുന്നു.

തയാറാക്കിയത്

സ്റ്റാഫ് പ്രതിനിധി