Tuesday 26 March 2024 04:22 PM IST : By സ്വന്തം ലേഖകൻ

ഹൃദയം കാക്കാൻ ബദാമും വാൽനട്ടും ...

badam4324

ഹൃദയത്തിന്റെ ആരോഗ്യത്തിനായി സ്നാക്കു പോലെ കഴിക്കാവുന്ന നട്സ് ആണ് ബദാമും വാൽനട്ടും.

∙ ബദാം

വൈറ്റമിൻ ഇ, കാത്സ്യം, ഇരുമ്പ് എന്നിവയുടെ മികച്ച ഉറവിടമാണ് ബദാം. വിശപ്പു നിയന്ത്രിക്കാനും ശരീരത്തിന് ആവശ്യമായ ഊർജം നൽകാൻ ബദാമിനു കഴിയും. അതിനാൽ അമിതവണ്ണം നിയന്ത്രിക്കാനും ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാനും സഹായിക്കുന്ന മികച്ച ലഘു ഭക്ഷണങ്ങളിലൊന്നാണ് ബദാം. ‘മോശം’ കൊളസ്ട്രോൾ കുറയ്ക്കുന്നതിനു ബദാം നല്ലതാണ്. ബദാം വയറിലെ കൊഴുപ്പും അരക്കെട്ടിലെ അമിതവണ്ണവും കുറയ്ക്കുന്നു എന്നതു കൊണ്ട് വണ്ണം കുറയ്ക്കുന്നവർക്ക് ഇത് ഏറെ പ്രിയപ്പെട്ടതാണ്.

ഇതിലെ നാരുകളും വൈറ്റമിൻ എ യുമാണ് ഇതിനായി സഹായിക്കുന്നത്. വൈറ്റമിൻ എ ശരീരത്തിലെ ഉപാപചയം ശക്തിപ്പെടുത്തുന്നു. ബദാം ഒരു ദിവസം 5-10 എണ്ണം വരെ വെള്ളത്തിലിട്ടു കുതിർത്തു കഴിക്കുക. കുതിർത്തു കഴിച്ചാൽ ഇതിലെ പോഷകങ്ങളെല്ലാം ശരീരത്തിലേക്കു വേഗം ആഗിരണം ചെയ്യുന്നു.

∙ വാൽനട്ട്

ഹൃദയാരോഗ്യത്തിനായി കഴിക്കാവുന്ന മറ്റൊരു നട് ആണ് വാൽനട്ട്. ഇതിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകൾ ഉണ്ട് എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അതായത് ആൽഫാ ലിനോലിനിക് ആസിഡ്. അഞ്ച് ഔൺസ് വാൽനട്ട് ( ദിവസം കുറഞ്ഞത് നാലെണ്ണം ) ആഴ്ചയിൽ കഴിക്കുന്ന ഒരാൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 50 ശതമാനം കുറവാണ്. ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ വർധിക്കുന്നതിനും വാൽനട്ട് സഹായിക്കുന്നു.

നട്സ് കഴിക്കുമ്പോൾ ഫൂഡ് സെൻസിറ്റിവിറ്റിയോ , അലർജിയോ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെയോ ഡയറ്റീഷന്റെയോ നിർദേശങ്ങൾ സ്വീകരിക്കേണ്ടതാണ്.

തയാറാക്കിയത്

അ‍ഞ്ജു ഷാബു പി. എസ്,

ക്ലിനിക്കൽ ന്യൂട്രിഷൻ വിഭാഗം

അമൃത ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Manorama Arogyam