Wednesday 20 March 2024 12:52 PM IST

‘അതൊക്കെ വസയായവരുടെ അസുഖമല്ലേ, ഞാൻ ചെറുപ്പമല്ലേ...’: ആ ചിന്ത അബദ്ധം: പേടിക്കണം ഈ 5 രോഗങ്ങളെ

Dr. B. Padmakumar

Professor Medicine,medical College, Trivandrum

checkpe234

ഓരോ പ്രായത്തിലും അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നങ്ങ ൾ വ്യത്യസ്തമാണ്. കൃത്യമായ ഇടവേളകളിൽ നടത്തുന്ന ലളിതമായ പ രിശോധനകളിലൂടെ സങ്കീർണമായ പല ആരോഗ്യ പ്രശ്നങ്ങളും തടയാനാകും. പ്രത്യേകിച്ചും ജീവിതശൈലീരോഗങ്ങളുെട കാര്യത്തിൽ.

സ്വാഭാവികമായും സ്ക്രീനിങ് ടെസ്റ്റിൽ നടത്തേണ്ട പരിശോധനകളും പ്രായഭേദമനുസരിച്ചു വിഭിന്നമായിരിക്കും. ടെസ്റ്റുകളുടെ കാര്യത്തിലുള്ള അന്തിമ തീരുമാനം ലാബറട്ടറികളിലേയും ആശുപത്രികളിലേയും പാക്കേജുകൾക്കു വിട്ടുകൊടുക്കരുത്. കാരണം ഇത്തരം പാക്കേജ് പരിശോധനകളിലെ 90 ശതമാനം ടെസ്റ്റുകളും അനാവശ്യമായിരിക്കും.ഓരോ വ്യക്തിയുടെയും പ്രായവും ശീലങ്ങളും ആരോഗ്യസ്ഥിതിയും മനസ്സിലാക്കി ഡോക്ടർ നിർദേശിക്കുന്ന പരിശോധനകളായിരിക്കണം സ്ക്രീനിങ് ടെസ്റ്റിൽ നടത്തേണ്ടത്.

ചെറുപ്പക്കാരിലെ പരിശോധനകൾ ( പ്രായം 25-40)

രോഗങ്ങൾ വരുന്ന പ്രായം താഴേക്കിറങ്ങി വരികയാണ്.ചെറുപ്പക്കാരിൽ കൂടുന്ന അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതികളും ജോലിസംബന്ധമായ മറ്റുള്ള സമ്മർദങ്ങളും തന്നെ കാരണം. രോഗങ്ങൾ ഗുരുതരാവസ്ഥയിലെത്തുന്നതിനു മുൻപുതന്നെ കണ്ടെത്താനായി ചിട്ടയോടെ നടത്തുന്ന വാർഷിക വൈദ്യപരിശോധനകൾ ഉപകരിക്കും.

പ്രഷർ-ഷുഗർ-കോളസ്ട്രോൾ

ചെറുപ്പക്കാരിൽ പ്രമേഹവും ഹൈപ്പർ ടെൻഷനും സാധാരണമാകുന്നു. കോവിഡിനുശേഷം പ്രമേഹം ഏറി. 30 കഴിഞ്ഞവർ വർഷത്തിലൊരിക്കൽ രക്തത്തിലെ ഷുഗർ, കൊഴുപ്പിന്റെ അളവറിയാൻ ലിപി‍ഡ് പ്രൊഫൈൽ, ബി പി പരിശോധന എന്നിവ ചെയ്യണം.

ലിവർ ഫങ്ഷൻ ടെസ്റ്റുകൾ

മദ്യപാനം, പൊണ്ണത്തടി, പ്രമേഹം എന്നിവ ഉള്ളവരിലും ഫാറ്റിലിവർ പ്രശ്നങ്ങൾ കൂടുതലാണ്. ഇങ്ങനെയുള്ളവർ വർഷത്തിലൊരിക്കൽ ലിവർ ഫങ്ഷൻ ടെസ്റ്റുകൾ (LFT) ചെയ്യണം. ഡോക്ടർ നിർദേശിച്ചാൽ അൾട്രാസൗണ്ട് സ്കാനിങ്ങും വേണ്ടിവരും.

തൈറോയ്ഡ് ടെസ്റ്റ്

പാരമ്പര്യമായി തൈറോയ്ഡ‍് പ്രശ്നങ്ങളുള്ളവർ, ശരീരം പെട്ടെന്നു മെലിയുകയോ തടിക്കുകയോ ചെയ്യുന്നവർ, അകാരണമായ ക്ഷീണമനുഭവിക്കുന്നവർ തുടങ്ങിയവർ വർഷത്തിലൊരിക്കൽ തൈറോയ്ഡ‍് ഫങ്ഷൻ ടെസ്റ്റുകൾ (ടി എഫ് ടി) നടത്തണം.

യൂറിക് ആസിഡ്

മദ്യപിക്കുന്നവർ, പൊണ്ണത്തടിയുള്ളവർ, മൂത്രത്തിൽ കല്ലിന്റെ പ്രശ്നങ്ങളുള്ളവർ, സന്ധിവേദനകളുള്ളവർ തുടങ്ങിയവർ വർഷത്തിലൊരിക്കൽ യൂറിക് ആസിഡ് പരിശോധന നടത്തണം.

മധ്യവയസ്സിലെ പരിശോധനകൾ ( പ്രായം 40-60)

മാറിയ ജീവിതശൈലിയും ഭക്ഷണരീതികളും മൂലം ജീവിതശൈലീരോഗങ്ങളായ പ്രമേഹവും രക്താതിമർദവുമൊക്കെ മധ്യവയസ്സിൽ വ്യാപകമാകുന്ന സാഹചര്യമാണ് നമ്മുടെ നാട്ടിൽ. ദീർഘകാല കരൾ രോഗങ്ങളും വൃക്കരോഗങ്ങളും നാൽപ്പതുകാരിലേക്കെത്തുന്നുമുണ്ട്.

ജീവിതശൈലീ രോഗങ്ങൾക്ക്

ജീവിശൈലീരോഗങ്ങളുടെ സ്ക്രീനിങ്ങിനായി വർഷത്തിലൊരിക്കൽ ര ക്തത്തിലെ ഷുഗർ, കൊളസ്ട്രോൾ എന്നിവ പരിശോധിച്ചറിയണം. കൊളസ്ട്രോൾ പരിശോധിക്കുമ്പോൾ ഫാസ്റ്റിങ് അവസ്ഥയിൽ ലിപിഡ് പ്രൊഫൈൽ തന്നെ പരിശോധിക്കണം.ബിപിയും പരിശോധിക്കണം. അര മണിക്കൂറെങ്കിലും വിശ്രമിച്ചിട്ടുവേണം ര ക്ത സമ്മർദം നോക്കാൻ. ഓടിച്ചെന്ന് ബി പി നോക്കരുതെന്നർത്ഥം. പ്രമേഹത്തിന്റെയും ഹൈപ്പർ ടെൻഷന്റെയും പ്രശ്നമുള്ളവർ ഗ്ലൂക്കോമീറ്ററും ഇലക്ട്രോണിക് ബി പി അപ്പാരറ്റസും വാങ്ങി മാസത്തിലൊരിക്കൽ സ്വയം പരിശോധിക്കണം. കൂടാതെ സങ്കീർണതകൾ ഉണ്ടായിട്ടുണ്ടോ എന്നറിയാനായി കണ്ണ്, വൃക്കകൾ, ഹൃദയം, നാഡികൾ എന്നിവയുടെയും പ്രവർത്തനം വിലയിരുത്തണം.

ഹൃദയാരോഗ്യ പരിശോധനകൾ

പ്രമേഹം, രക്താതിമർദം തുടങ്ങിയ പ്രശ്നങ്ങളുള്ളവരും വേഗത്തിൽ നടക്കുകയോ കയറ്റം കയറുകയോ ചെയ്യുമ്പോൾ നെഞ്ചുവേദന, കിതപ്പ്, നെഞ്ചിനകത്ത് അസ്വസ്ഥതകൾ തുടങ്ങിയവ അനുഭവപ്പെടുന്നവരും ഉടൻ ഹൃദയപരിശോധന നടത്തണം. ഡോക്ടറുടെ ശരീര പരിശോധന കൂടാതെ ഇ സി ജി, എക്കോ ടെസ്റ്റ്, ടി എം ടി തുടങ്ങിയവയാണ് ആവശ്യമായി വരിക.

എൽഎഫ്ടി, ആർഎഫ്ടി

മദ്യപിക്കുന്നവരും പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങളുള്ളവരും വർഷത്തിലൊരിക്കൽ ലിവർ ഫങ്ഷൻ െടസ്റ്റുകൾ നിർബന്ധമായും നടത്തണം. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം അൾട്രാ സൗണ്ട് സ്കാനിങ്ങും ചെയ്യാം.

പ്രമേഹം, ഹൈപ്പർ ടെൻഷൻ തുടങ്ങിയ പ്രശ്നങ്ങളുള്ളവർ വർഷത്തിലൊരിക്കൽ വൃക്കപരിശോധനകൾ (റീനൽ ഫങ്ഷൻ ടെസ്റ്റ്) നടത്തണം.

യൂറിക് ആസിഡും തൈറോയ്ഡും

മദ്യപിക്കുന്നവർ, പൊണ്ണത്തടിയുള്ളവർ, തുടർച്ചയായി സന്ധിവേദനകൾ അനുഭവപ്പെടുന്നവർ–രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് പരിശോധിക്കണം.പാരമ്പര്യമായി തൈറോയ്ഡ് രോഗങ്ങളുള്ളവരും അമിതവണ്ണം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളുള്ളവരും തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റുകൾ (ടി എഫ് ടി) നടത്തണം. വർഷത്തിലൊരിക്കൽ ആവർത്തിക്കണം.

ഭാരം, ഇടുപ്പ്- അരക്കെട്ട് അനുപാതം

കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ വർഗം കൊണ്ടു ഹരിക്കുക ഇതാണ് ബോഡി മാസ് ഇൻഡക്സ്. ഫലം 18 നും 25 നും ഇടയ്ക്കാണ് ആരോഗ്യകരമായ ബിഎംഐ. വർഷത്തിലൊരിക്കൽ ബിഎംഐ പരിശോധന നടത്തി ശരീരഭാരം പരിധി വിടുന്നില്ല എന്ന് ഉറപ്പാക്കണം.

മധ്യവയസിലുള്ളവർ മാത്രമല്ല അമിതവണ്ണം ഏറുന്നതിനാൽ ചെറുപ്പക്കാരും വർഷത്തിലൊരിക്കൽ ബോ ഡി മാസ്സ് ഇൻഡക്സ് (ബി എം ഐ), ഇടുപ്പ്– അരക്കെട്ട് അനുപാതം പരിശോധിച്ചറിയണം. വെയ്സ്റ്റ്–ഹിപ് റേഷ്യോ പുരുഷന്മാരിൽ 0.9 നു താഴെയും സ്ത്രീകളിൽ 0.85 നു താഴെയുമായിരിക്കണം.

സന്ധിരോഗം അറിയാം

റുമറ്റോയ്ഡ് ആർത്രൈറ്റിസ് ഉൾപ്പെടെയുള്ള പല സന്ധിരോഗങ്ങളും പിടി കൂടുന്നത് നാൽപ്പതുകളിലാണ്. പാരമ്പര്യമായി ആർത്രൈറ്റിസിന്റെ പ്രശ്നമുള്ളവരും വിട്ടുമാറാത്ത സന്ധിവേദനകളും പേശി വേദനകളും അലട്ടുന്നവരും ഡോക്ടറുടെ നിർദേശ പ്രകാരം ഒരു ആർത്രൈറ്റിസ് സ്ക്രീനിങ് നടത്തണം. പാരമ്പര്യമായി സന്ധിരോഗമുള്ളവർ, വിട്ടു മാറാത്ത സന്ധി, പേശീവേദനകൾ അനുഭവപ്പെടുന്നവർ, തുടർച്ചയായ ക്ഷീണം, ചർമത്തിൽ പാടുകൾ, മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം ഇഎസ്ആർ, സിആർപി, ആർഎ ഫാക്ടർ, എഎൻഎ തുടങ്ങിയ ടെസ്റ്റുകളും ചെയ്യണം.

ഹെല്‍ത് സ്ക്രീനിങ്-ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

∙ അര മണിക്കൂറെങ്കിലും സ്വസ്ഥമായിരുന്ന് വിശ്രമിച്ചിട്ടു വേണം രക്തസമ്മർദം (ബി പി) നോക്കാൻ. പുകവലി, കാപ്പികുടി തുടങ്ങിയവ ഒഴിവാക്കണം.

∙ ഷുഗറിന്റെ ശരാശരി നിർണയിക്കുന്ന പരിശോധനയായ എച്ച് ബി എ1സി പ്രമേഹമുള്ളവർ ആറു മാസത്തിലൊരിക്കലും ഷുഗറില്ലാത്തവർ വർഷത്തിലൊരിക്കലും പരിശോധിച്ചാൽ മതിയാകും. പരിശോധനയ്ക്ക് ഫാസ്റ്റിങ് വേണ്ട.

∙ കൊളസ്ട്രോളിന്റെ മുഴുവൻ പരിശോധനയായ ലിപിഡ് പ്രൊഫൈൽ തന്നെ ചെയ്യണം. 12 മണിക്കൂർ ഭക്ഷണം കഴിക്കാതെ പരിശോധിക്കണം.

∙ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ തുടർന്നു കൊണ്ടുവേണം പരിശോധന നടത്താൻ. ഇൻസുലിൻ, പ്രഷറിന്റെയും ഷുഗറിന്റെയും ഗുളികകൾ തുടരണം.

∙ പ്രഷർ, ഷുഗർ ഉള്ളവർ ഗ്ലൂക്കോമീറ്റർ, ഇലക്ട്രോണിക് ബി പി അപ്പാരറ്റസ് എന്നിവയിൽ വീട്ടിൽ തന്നെ ഇടയ്ക്കിടെ പരിശോധിക്കാൻ മറക്കരുത്.

∙ ഡോക്ടറിന്റെ നിർദേശപ്രകാരം മാത്രമായിരിക്കണം പരിശോധനകൾ തിരഞ്ഞെടുക്കേണ്ടത്. അനാവശ്യ പരിശോധനകൾ ഒഴിവാക്കണം.

Tags:
  • Daily Life
  • Manorama Arogyam