ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണു പുതിയ പഠനഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്. മധുരം കൂടുതൽ കഴിച്ചാൽ പൊണ്ണത്തടി , തുടർന്ന് ഉയർന്ന രക്തസമ്മർദം തൽഫലമായി ഹൃദയാഘാതം എന്നിവ ഉണ്ടാവുമെന്നും പൊണ്ണത്തടിയുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കാനായി പതിവായി വ്യായാമത്തിൽ ഏർപ്പെട്ടാൽ മതിയെന്നുമാണ് ഇതുവരെ നാമെല്ലാവരും ധരിച്ചുവച്ചിരിക്കുന്നത്.
എന്നാൽ, ലോകാരോഗ്യസംഘടനയും മറ്റും പറയുന്നതുപോലെ ദിവസേന അര മണിക്കൂർ വീതം ആഴ്ചയിൽ കുറഞ്ഞത് അഞ്ചു ദിവസം വ്യായാമം ചെയ്താൽ പോലും മധുരമുള്ള പാനീയങ്ങൾ അമിതമായി കഴിക്കുന്നതുവഴി ഉണ്ടാകാവുന്ന പൊണ്ണത്തടിയും ഹൃദ്രോഗസാധ്യതയും പൂർണമായും തടയാനാവില്ല എന്നുമാണു പുതിയ പഠനങ്ങൾ പറയുന്നത്. ഹാർവഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഒരു ലക്ഷം പേരിൽ മുപ്പതുവർഷത്തോളം നടത്തിയ പഠനത്തിനൊടുവിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. പഠനത്തിൽ പങ്കെടുത്ത, ആഴ്ചയിൽ രണ്ടു തവണയിലധികം മധുരപാനീയങ്ങൾ കുടിച്ചവരിൽ ഹൃദയധമനീരോഗസാധ്യത വർധിച്ചതായി കണ്ടിരുന്നു.
നന്നായി വ്യായാമത്തിലേർപ്പെടുന്ന സ്പോർട്സ് താരങ്ങളെ മധുരപാനീയങ്ങളുടെ പരസ്യത്തിനു മോഡലുകൾ ആക്കുന്നതുപോലും വ്യായാമം ചെയ്താൽ മധുരപാനീയങ്ങൾ ദോഷം ചെയ്യില്ല എന്ന ധാരണ സൃഷ്ടിക്കാനാണ് എന്നാണു ഗവേഷകരുടെ സിദ്ധാന്തം. വ്യായാമം കൊണ്ട് ഇത്തരത്തിലുള്ള ഹൃദ്രോഗസാധ്യത പകുതിയായി മാത്രമേ കുറയ്ക്കാനാകൂ എന്നും പൂർണ സുരക്ഷയ്ക്ക് വ്യായാമം ചെയ്യുന്നതോടൊപ്പം മധുരപാനീയങ്ങളുടെ ഉപയോഗം വളരെ കുറയ്ക്കണമെന്നും പഠനത്തിലെ മുഖ്യ ഗവേഷകരിൽ ഒരാളായ ജാൻ ഫിലിപ് കാർട്ടിയർ പറയുന്നു.
തയാറാക്കിയത്
േഡാ. സുനിൽ മൂത്തേടത്ത്
പ്രഫസർ, അമൃത കോളജ് ഒാഫ് നഴ്സിങ്,
െകാച്ചി.
sunilmoothedath43@gmail.com