Friday 04 March 2022 03:22 PM IST : By ഡോ. ബി. സുമാദേവി

കേൾവിക്കുറവുണ്ടോ? ശ്രവണസഹായി ഉപയോഗിക്കാം: ശ്രദ്ധിക്കേണ്ടത് അറിയാം

cdsfse3435

പ്രായമായവർക്ക് ശ്രവണസഹായിയുെട സഹായത്തോടെ ജീവിതനിലവാരം മെച്ചപ്പെടുത്താം. ശ്രവണസഹായി തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം.

∙ ചുറ്റുപാടുമുള്ള ബഹളങ്ങൾക്കിടയിലും നന്നായി കേൾക്കാൻ ബാഹ്യകർണ്ണനാളിയ്ക്കുള്ളിൽ കയറ്റി വയ്ക്കുന്ന ITC (INSIDE THE CANAL) ശ്രവണസഹായി ഉപകരിക്കും. മറ്റൊന്ന് CIC (COMPLETELY IN THE CANAL). ഇത് പൂർണമായും കർണ്ണനാളിയ്ക്കുള്ളിലേയ്ക്കു തിരുകി വയ്ക്കുന്നതാണ്. ഇത്തരത്തിലുള്ള മെഷീനുകൾ വളരെ വലുപ്പം കുറഞ്ഞവയാണ്. പ്രായമായവർക്ക് കൈകൾക്കുണ്ടാകുന്ന വിറയലും മറ്റും ചെറിയ മെഷീൻ ഊരിമാറ്റാനും വീണ്ടും ധരിക്കാനും ബുദ്ധിമുട്ടുണ്ടാക്കാം. ഇവർക്ക് BTE (BEHIND THE EAR) മെഷീനാണ് ശ്രവണസഹായിയായി ഉപയോഗിക്കാൻ നല്ലത്.

BTE മെഷീനിൽ വൃത്തിയുള്ള കർണ്ണനാളിയുടെ വലുപ്പത്തിനനുസരിച്ചുള്ള ഇയർ മോൾഡ് (EAR MOLD) ഘടിപ്പിക്കാവുന്നതുകൊണ്ട് ചെവിവേദന ഉണ്ടാകില്ല. സുഖപ്രദമായ അനുഭവം കിട്ടും. ITC യും CIC യും കർണ്ണനാളിയ്ക്കുള്ളിൽ അമർന്ന് അടഞ്ഞിരിക്കുമ്പോള്‍ വിയർപ്പും നനവും തങ്ങി മെഷീൻ കേടുവരാനും പൂപ്പൽ ബാധയും മറ്റ് അണുബാധയും പിടിപെടാനും ഇടയാക്കും. BTE മെഷീൻ ചെവിക്കുടയുടെ മുകളിലും പുറകിലുമായി ചേർന്നിരുന്നു കൊള്ളും. ചെറിയ ട്യൂബും അതിനറ്റത്തുള്ള മൃദുവായ മോൾഡും ചെവിയ്ക്കകത്തേയ്ക്കു ശബ്ദത്തെ നയിക്കും. എന്നാൽ കർണ്ണനാളി പൂർണ്ണമായി കൊട്ടിയടയ്ക്കപ്പെടുന്നില്ല.

∙ ശ്രവണസഹായി മെഷീൻ ബട്ടൻ ബാറ്ററിയിലാണു പ്രവർത്തിക്കുന്നത്. ബാറ്ററിയുടെ പ്രവർത്തന കാലാവധി 3 മുതൽ 20 ദിവസം വരെയാണ്. മെഷീനിൽ തന്നെ ഘടിപ്പിച്ച അവസ്ഥയിൽ എത്ര നേരം ബാറ്ററി ഇരിക്കുന്നോ അത്രയും ബാറ്ററി പ്രവർത്തിച്ചുകൊണ്ടിരിക്കും. അതുകൊണ്ടു കൂടുതൽ നീണ്ട പ്രവർത്തന കാലാവധി കിട്ടണമെങ്കിൽ അത്യാവശ്യ സമയത്തു മാത്രം മെഷീൻ ധരിച്ചാൽ മതിയാകും. ഉച്ചയുറക്കത്തിന്റെ സമയത്ത് മെഷീൻ വയ്ക്കാനുള്ള ഡപ്പിയിൽ വയ്ക്കാം. ബാറ്ററിയുടെ കള്ളി തുറന്നുവെച്ചാൽ അതിന്റെ പ്രവർത്തനം കട്ട് ഓഫാകും. രാത്രിയുറക്കത്തിന്റെ സമയത്ത് ബാറ്ററി അതിൽ നിന്ന് അഴിച്ചുമാറ്റി ബാറ്ററിക്കായുള്ള ഡപ്പിയിലും മെഷീൻ , ഈർപ്പരഹിതമാക്കാനുള്ള സിലിക്കാ ജെൽ പോലുള്ള ഡ്രയർ (DRYER) അടങ്ങിയ പൗച്ച് (POUCH) വച്ചിട്ടുള്ള ഡപ്പിയിലും വയ്ക്കണം.

∙ ശ്രവണസഹായി തിരഞ്ഞെടുക്കുന്നതിനു മുൻപ് ശ്രദ്ധിക്കണം. ഓഡിയോഗ്രാം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശേഷിക്കുറവ് കാണിക്കുന്ന ഫ്രീക്വൻസികൾ മാത്രം അധികരിച്ചു കേൾക്കുന്ന തരത്തിൽ പ്രോഗ്രാം ചെയ്യുന്ന ഹിയറിങ് എയ്ഡ് ഉപയോഗിക്കുന്നതാവും ഭേദം.

∙ ഇയർഫോണിന്റെ കൂടെ കിട്ടുന്ന സാമഗ്രികളായ ബട്ടൺ ബാറ്ററികൾ, മെഷീനും ബാറ്ററിയ്ക്കുമുള്ള പ്രത്യേക ഡപ്പികൾ, ബാറ്ററി ഊരിയെടുക്കാൻ സഹായിക്കുന്ന കാന്തം, മെഷീനിന്റെ ഡപ്പിയിൽ ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കുന്ന സിലിക്കാ ജെൽ അടങ്ങിയ പൗച്ച് എന്നിവ സൂക്ഷിച്ചുവയ്ക്കണം. BTE ഇയർ ഫോണിന്റെ മോൾഡ് ഏതെങ്കിലും കാരണവശാൽ കേടുവന്നാൽ, മോൾഡ് മാത്രമായി ഊരി മറ്റൊന്നു ഘടിപ്പിക്കാൻ എളുപ്പമാണ്.

∙ അതിനൂതനമായ ചില സാങ്കേതിക ഗുണങ്ങളുള്ള വില കൂടിയ ശ്രവണ സഹായികൾ ഇന്നു ലഭ്യമാണ്. അത്യാവശ്യ ശബ്ദങ്ങളെ ഫിൽറ്റർ ചെയ്യാനുള്ള സംവിധാനം , വിവിധ ചുറ്റുപാടുകളുമായി ചേരുന്ന രീതി, കേൾക്കുന്ന ശബ്ദത്തിന്റെ എക്കോ (ECHO) വരുന്നത് ഒഴിവാക്കൽ, മൊബൈൽ ഫോൺ, മൈക്ക് സിസ്റ്റം, മറ്റു അസിസ്റ്റീവ് ഡിവൈസുകൾ എന്നിവയുമായി വയർലെസായി കണക്ട് ചെയ്യാമെന്ന സാധ്യത എന്നിവയൊക്കെ ഇതിന്റെ പ്രത്യേകതകളാണ്.

∙ ബട്ടൺ ബാറ്ററിയെ കൂടാതെ റീച്ചാർജബിൾ (RECHARGABLE) ബാട്ടറി ഉള്ള മെഷീനുകളും ഇന്ന് ലഭ്യമണ്.

∙ ഏറ്റവും കുറഞ്ഞ (MILD) കേൾവിക്കുറവു മുതൽ അതി തീവ്ര (PROFOUND) ബധിരതയ്ക്കും കൃത്യമായി പ്രോഗ്രാം ചെയ്ത് ഉപയോഗിക്കാവുന്ന മെഷീനുകൾ ഉണ്ട്.

∙ ഇയർഫോൺ വാങ്ങുന്നതിനു മുൻപ് ഒരു ഹിയറിങ് എയ്ഡ് സെന്ററിൽ പോയി റേഡിയോ ഗ്രാമിനനുസരിച്ച് ഇയർഫോൺ വെച്ച് ട്രയൽ നോക്കി ശരിയാകുന്നതു മാത്രം തിരഞ്ഞെടുക്കാം.

∙ ഇരു ചെവികൾക്കും ബധിരത ബാധിച്ചിട്ടുണ്ടെങ്കിൽ, ബധിരത കണ്ടു പിടിച്ചിട്ട് ഒട്ടും വൈകാതെ തന്നെ ശ്രവണസഹായി ഇരു ചെവികൾക്കും ഉപയോഗിക്കാൻ തീരുമാനിക്കുക. വ്യക്തിയുടെ ജീവിതരീതി, ദിനചര്യകൾ എന്നിവയ്ക്കൊക്കെ തൃപ്തിപ്പെടുത്തുന്ന, വേണ്ടത്ര വില വരുന്ന മെഷീൻ തിരഞ്ഞെടുക്കുക.

∙. പുറമെ കാണുന്ന മെഷീൻ വെയ്ക്കുന്നതിൽ നാണക്കേട് തോന്നുന്നവർ ITC അല്ലെങ്കിൽ CIC ശ്രവണസഹായി തിരഞ്ഞെടുക്കാവുന്നതാണ്.

ഡോ. ബി. സുമാദേവി

ഇഎൻടി സർജൻ, ഇഎസ്ഐ ഹോസ്പിറ്റൽ,
ഉദ്യോഗമണ്ഡൽ, എറണാകുളം

Tags:
  • Daily Life
  • Manorama Arogyam