Tuesday 24 May 2022 01:06 PM IST : By സ്വന്തം ലേഖകൻ

മേയ് 24, ലോക സ്കിസോഫ്രീനിയ ദിനം; എന്താണ് സ്കിസോഫ്രീനിയ...

world-schizophrenia-day-dr-mohandas ഡോ. ഇ. മോഹൻദാസ് വാരിയര്‍

മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ രാസപദാർഥങ്ങളിലെ വ്യതിയാനങ്ങൾ മൂലം ചിന്ത, പെരുമാറ്റങ്ങൾ, വികാരം, പ്രവർത്തന ശേഷി എന്നിവയിൽ താളപ്പിഴകൾ സംഭവിക്കുന്ന അവസ്ഥയാണ് സ്കിസോഫ്രീനിയ. ഇതൊരു ന്യൂറോ ഡെവലപ്‌മെന്റൽ ( മസ്തിഷ്ക വികാസപരമായ ) രോഗം ആണ്. മസ്തിഷ്ക വികാസം ഉ ണ്ടാകുമ്പോൾ തലച്ചോറിൽ വിവിധ പ്രവർത്തനങ്ങൾ സാധ്യമാക്കുന്ന ന്യൂറോണുകൾ തമ്മിൽ ഉള്ള ബന്ധത്തിൽ തെറ്റുകൾ കടന്നുകൂടുന്നു. മിസ് വയറിങ് എന്നു പറയാം. വിവിധ ഘടകങ്ങൾ ആണ് ഈ മിസ് വയറിങ്ങിനും അതു മൂലമുള്ള രാസവ്യതിയാനത്തിനും കാരണം. ജന്മനാൽ മസ്തിഷ്കത്തിനേറ്റ നാശം, ചില വൈറസ് രോഗങ്ങൾ, കുട്ടിക്കാലത്തെ കടുത്ത ദുരനുഭവങ്ങൾ, ജനിതക കാരണങ്ങൾ, പാരമ്പര്യം ഇവയെല്ലാമാണ് വ്യതിയാനത്തിന് കാരണമാകുന്ന ഘടകങ്ങൾ.

എങ്ങിനെ ആയിരിക്കും തുടക്കം?

ക്രമേണ ആയിരിക്കും അസുഖം പുറത്തു വരിക. 18-24 വയസ്സിനുള്ളിൽ സാധാരണ പ്രകടമായി തുടങ്ങും. ചിലർക്ക് അതുകഴിഞ്ഞും വരാം. ചുവടെ പറയുന്ന പല തരം ലക്ഷണങ്ങൾ ഈ രോഗത്തിന്റേതായി വരാം. ഈ ലക്ഷണങ്ങൾ കണ്ടാൽ സ്കിസോഫ്രീനിയ അനുമാനിക്കാം. സൈക്യാട്രിസ്റ്റിനെ സമീപിച്ചു ചികിത്സ തുടങ്ങണം. ചികിത്സ എത്ര നേരത്തേ ആകുന്നോ അത്ര ഫലം ലഭിക്കും.

∙ഇല്ലാത്ത ശബ്ദങ്ങൾ സംസാരങ്ങൾ കേൾക്കുന്ന ഓഡിറ്ററി ഹാലൂസിനേഷൻ ആണ് കൂടുതൽ പേർക്കും അനുഭവപ്പെടുന്ന ലക്ഷണം. ഇല്ലാത്ത കാഴ്ചകൾ കാണുന്ന വിഷ്വൽ ഹാലൂസിനേഷനുകൾ ചിലർക്ക് ഉണ്ടാകാം. ∙എന്റെ ചിന്തകൾ മാധ്യമങ്ങൾ അറിയുന്നു, അവ പത്രത്തിലും ടിവിയിലും റേഡിയോയിലും വരുന്നു, ബാഹ്യശക്തികൾ എന്റെ ചിന്ത നിയന്ത്രിക്കുന്നു, അവരുടെ ചിന്ത എന്നിൽ നിക്ഷേപിക്കുന്നു എന്നെല്ലാം തോന്നാം. ഇതിന് ഡിലുഷൻസ് അഥവാ മിഥ്യാധാരണകൾ എന്നു പറയുന്നു.

∙രണ്ടു പേർ സംസാരിച്ചാൽ അത് തന്നെപ്പറ്റി ആണെന്നും തന്നെ അപായപ്പെടുത്താൻ ശ്രമിക്കുകയാണ് എന്നും തോന്നാം. പങ്കാളിക്ക് അന്യ ബന്ധങ്ങൾ ഉണ്ട്, അല്ലെങ്കിൽ അവർ എന്നെ ആക്രമിക്കും എന്നു തോന്നാം. പരസ്പര ബന്ധം ഇല്ലാത്ത സംസാരം, വിചിത്രമായ ചലനങ്ങൾ, വികാരങ്ങൾ മുഖത്തു പ്രതിഫലിക്കാതിരിക്കുക, കണ്ണാടി നോക്കി ചേഷ്ടകൾ കാണിക്കുക, കഠിനമായ ദേഷ്യം, ആത്മഹത്യാ പ്രവണത, ഇവയെല്ലാം ഉണ്ടാകാം. ∙പങ്കാളിയെ സംശയം തോന്നുമ്പോഴും മറ്റും അക്രമവാസന ഉണ്ടായേക്കാം. സാധാരണ സമൂഹത്തിൽ കാണുന്നത്ര അക്രമവാസന സ്കിസോഫ്രീനിയ ബാധിതരിൽ നിന്ന് ഉണ്ടാകണം എന്നില്ല.

ചികിത്സ എങ്ങനെയാണ്?

world-schizophrenia-day

ശരിയായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും രോഗം നിയന്ത്രിക്കാനേ കഴിയൂ. ആരംഭത്തിലേ ചികിത്സ തുടങ്ങുന്നത് ഏറെ ഫലം ചെയ്യും. രോഗിക്ക് മരുന്നും സൈക്കോ തെറാപ്പിയും കൊടുക്കുന്നതോടൊപ്പം രോഗിക്കൊപ്പം കഴിയുന്നവർക്ക് രോഗിയെ നിയന്ത്രിക്കാനുള്ള വഴികൾ, രോഗിയോട് പെരുമാറേണ്ട രീതികൾ എന്നിവ പറഞ്ഞു കൊടുക്കണം. രോഗിയോട് ഇടപെടുന്നവരോടും സൂചിപ്പിക്കുന്നത് നല്ലതാണ്. കരുതലോടെയുള്ള സമീപനം ഇവർ അർഹിക്കുന്നു. ഷോക്ക് കൊടുത്തുള്ള ചികിത്സ ഉണ്ടോ ? രോഗാതുരത കൂടുതൽ ഉള്ള സമയത്തു രോഗി മരുന്ന് കഴിക്കാൻ വിസമ്മതിക്കാം. മരുന്ന് വിഷം ആണെന്ന് കരുതാം. ഡോക്ടർ അടക്കമുള്ളവർ തന്റെ കൊലയാളികൾ ആണെന്ന് കരുതി അക്രമവാസന കാണിക്കാം. പുറത്തിറങ്ങി അലഞ്ഞു തിരിയുകയും ഉപദ്രവം ഏൽക്കാൻ ഇടയാകുകയും ചെയ്യാം. മരുന്ന്, കുത്തിവയ്പ് തുടങ്ങിയവ ഫലം ചെയ്യാൻ സമയം എടുക്കും. ഇത്തരം ഘട്ടങ്ങളിൽ ഷോക്ക് ചികിത്സ വളരെ കുറച്ചു സമയം കൊണ്ട് നല്ല മാറ്റം വരാൻ സഹായകമാണ്.

ഈ രോഗം ഉള്ളവർക്ക് ജോലി ചെയ്യാൻ സാധിക്കുമോ ?

ശരിയായ ചികിത്സയും പരിചരണവും ഉണ്ടെങ്കിൽ ഇ വർക്കും മറ്റുള്ളവരെ പോലെ ജോലി ചെയ്യാനാകും. ഡോക്ടർമാർ, അഭിഭാഷകർ തുടങ്ങിയ മേഖലകളിൽ പോലും സ്ക്രിസോഫ്രിനിയ ഉള്ളവർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വന്നാൽ അവർക്ക് രോഗം തുറന്നു പറയാനാകും.

ദാമ്പത്യ ബന്ധം നയിക്കാൻ കഴിയുമോ ?

രോഗാവസ്ഥ പറഞ്ഞു തന്നെ പങ്കാളിയെ തേടുന്നതാണു നല്ലത്. രോഗം മറച്ചു വച്ചു വിവാഹിതരാകുന്നത് ശരിയല്ല. സ്ക്രിസോഫ്രീനിയ എന്ന രോഗം ലൈംഗിക ശേഷിയെ ബാധിക്കാറില്ല. എന്നാൽ കഴിക്കുന്ന മരുന്നുകൾ ലൈംഗിക താൽപര്യം കുറച്ചേക്കാം. അതിനും പരിഹാരം ഉണ്ട്. ലൈംഗിക ബന്ധം സാധിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം കണ്ടുപിടിച്ചു പരിഹരിക്കുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ഇ. മോഹൻദാസ് വാരിയര്‍

അഡൽറ്റ് & ബയോളജിക്കൽ സൈക്യാട്രി സ്‌പെഷലിസ്റ്റ്