Friday 09 February 2024 11:53 AM IST : By സ്വന്തം ലേഖകൻ

നെഞ്ചിടിപ്പ് കൂടും വിയർക്കും ആ നിമിഷം മരിച്ചുപോകുമെന്ന് തോന്നും; പാനിക് അറ്റാക്കിന് മുമ്പ് ശരീരം നൽകും സൂചനകൾ

attack

അനാവശ്യമായ ഭയം വല്ലാതെ വീർപ്പുമുട്ടിക്കുന്ന അനുഭവങ്ങൾ പലരുടെയും ജീവിതത്തിലുണ്ടാകാം. ആരെങ്കിലും പേടിപ്പിച്ചിട്ടോ എന്തെങ്കിലും കണ്ട് പേടിച്ചോ ആകില്ല ചിലരിൽ ഇത്തരം പേടിയുണ്ടാകുക. മസ്തിഷ്കത്തിൽ അനാവശ്യമായുണ്ടാകുന്ന ഇത്തരം സൈറൻ മുഴക്കങ്ങളെയാണ് പാനിക് അറ്റാക്ക് എന്ന് വിളിക്കുന്നത്.

ഉത്കണ്ഠാരോഗമായ പാനിക് ഡിസോർഡറിന്റെ പ്രധാന ലക്ഷണമാണ് പാനിക് അറ്റാക്ക്. പാനിക്ക് അറ്റാക്ക് തുടർച്ചയായി ഉണ്ടാകുകയോ ഭയം നിലനിൽക്കുകയോ ചെയ്യുമ്പോൾ ഒരാൾക്ക് പാനിക്ക് ഡിസോർഡർ ഉണ്ടെന്ന് മനസ്സിലാക്കാം.

കാരണങ്ങൾ അറിയാം

ജനിതകമായ ഘടകങ്ങൾ ബാല്യത്തിലെ ഭീതിജനകമായ ചില സന്ദർഭങ്ങളുമായി ചേരുമ്പോഴാണ് പാനിക് ഡിസോർഡർ ഉണ്ടാകുക. ന്യൂറോട്രാൻസ്മിറ്റേഴ്സ് എന്ന രാസവസ്തുക്കൾ ഇതിന് കാരണമാകും. പാനിക് ഡിസോർഡർ മൂലമുള്ള നിരന്തരമായ ഉത്കണ്ഠ കുടുംബജീവിതത്തെയും തൊഴിലിനെയും ദോഷകരമായി ബാധിക്കാൻ സാധ്യതയേറെയാണ്.

ഫോബിയ പോലെയുള്ള അവസ്ഥകളുടെ ഭാഗമായും പാനിക് അറ്റാക്ക് വരാം. അകാരണമായ ഭയവും അത്തരം ഭയത്തിന് കാരണമാകുന്ന വസ്തുവോ സാഹചര്യമോ ഒഴിവാക്കുന്ന അവസ്ഥയാണ് ഫോബിയ. ഈ അവസ്ഥയുള്ള വ്യക്തി ഭയപ്പെടുന്ന സന്ദർഭം നേരിടേണ്ടി വരുമ്പോൾ പാനിക് അറ്റാക് ഉണ്ടാകും. പക്ഷേ, ഇത് പാനിക് ഡിസോർഡർ അല്ല. ചില ശാരീരിക രോഗങ്ങളും ( ഉദാ : രക്തത്തിൽ ഷുഗർ കുറയുക) പാനിക് അറ്റാക്ക് ഉണ്ടാക്കാം.

ലക്ഷണങ്ങൾ ശ്രദ്ധിച്ച് പരിഹരിക്കാം

നെഞ്ചിടിപ്പ് പെട്ടെന്ന് വർധിക്കുക , ശ്വാസം മുട്ടുന്നതുപോലെ തോന്നൽ, പെട്ടെന്ന് വിയർക്കുക , വിറയൽ, നെഞ്ചിലെ അമിതഭാരം, തലയിലെ ഭാരക്കുറവ്, വീണുപോകുമെന്ന തോന്നൽ, സമനില തെറ്റുമെന്നോ മരിച്ചുപോകുമെന്നോ ഉള്ള തോന്നൽ എന്നിവയാണ് പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങൾ.

പാനിക് ഡിസോർഡറിൽ, മറ്റു മാനസിക ശാരീരിക രോഗങ്ങളുടെ ഫലമായല്ല പാനിക് അറ്റാക്ക് ഉണ്ടാകുക. ഇടവിട്ടുള്ള പാനിക് അറ്റാക്ക് മൂലം എപ്പോഴും ഭയത്തിനടിപ്പെടുന്നത് കൂടാതെ രണ്ട് പ്രവണതകൾ കൂടി പാനിക് ഡിസോർഡറുള്ള വ്യക്തികളിൽ കാണാറുണ്ട്. ഹൃദയാഘാതം പോലുള്ള രോഗങ്ങളുണ്ടെന്ന തോന്നൽ ഉണ്ടാകും. പാനിക്ക് അറ്റാക്ക് ഉണ്ടാകുന്നതോ ഉണ്ടാകാൻ സാധ്യതയുള്ളതോ ആയ സന്ദർഭങ്ങൾ ഒഴിവാക്കാനുള്ള പ്രവണതയും കാണും. ജനിതക കാരണങ്ങളോടൊപ്പം സമ്മർദവും നെഗറ്റിവ് വികാരവും തലച്ചോറിന്റെ പ്രവർത്തന രീതിയിലെ വ്യതിയാനങ്ങളും പാനിക് അറ്റാക്കിലേക്ക് നയിച്ചേക്കാം.

ഈ അവസ്ഥ സ്വയം നിയന്ത്രിക്കാൻ കഴിയില്ല. പാനിക് അറ്റാക്ക് ഉണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തേടുക. മരുന്നുകൾ കൃത്യമായി കഴിച്ചാൽ അസുഖത്തിന്റെ തീക്ഷ്ണതകുറയും. ചിലപ്പോൾ വർഷങ്ങളോളം മരുന്ന് കഴിക്കേണ്ടതായും വരും. സൈക്കോതെറപ്പിയും റിലാക്സേഷൻ ട്രെയ്നിങ്ങും മരുന്നുചികിത്സയുടെ ഒപ്പം ചെയ്താൽ നല്ല ഫലമുണ്ടാകും.

വിവരങ്ങൾക്ക് കടപ്പാട്: ഡോ കെ. വിധുകുമാർ

മനോരോഗവിഭാഗം അഡീഷനൽ പ്രഫസർ

ഗവൺമെന്റ് മെഡിക്കൽ കോളജ്, എറണാകുളം