Wednesday 17 January 2024 05:32 PM IST : By മനോരമ ആരോഗ്യം റിസർച് ഡെസ്ക്

മാതളം ഹൃദയ രക്തക്കുഴലുകളിൽ അടിഞ്ഞ കൊഴുപ്പ് മാറ്റുമോ?

pom32435

മാതളത്തിന്റെ നീര് രക്തക്കുഴലുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന വസ്തുക്കളെ നീക്കുമെന്ന് ഒരു സന്ദേശം കണ്ടു. ഇതിൽ എന്തെങ്കിലും യാഥാർഥ്യമുണ്ടോ?

മാതളം ഹൃദയധമനികളിലെ അതിറോസ്ക്ലീറോസിസിനെ മാറ്റാൻ ( റിവേഴ്സ് ചെയ്യാൻ) സഹായിക്കുമെന്നു ചില ചെറിയ പഠനങ്ങൾ വന്നിട്ടുണ്ട്. ഹൃദയത്തിലെ രക്തക്കുഴലിനുള്ളിൽ കൊഴുപ്പടിഞ്ഞ് ഒരു തടസ്സം (പ്ലാക്ക്) രൂപപ്പെടും. ഇ തിനെയാണ് അതിറോസ്ക്ലീറോസിസ് എന്നു പറയുന്നത്. ഇതു കാരണം ഹൃദയധമനികളിലേക്കുള്ള രക്തപ്രവാഹം കുറയുമ്പോഴാണ് ആൻജൈന എന്ന നെഞ്ചുവേദനയും ഹൃദയപ്രശ്നങ്ങളും ഒക്കെ വരുന്നത്.

മാതളത്തിലെ പോളിഫിനോൾ എന്ന ആന്റിഒാക്സിഡന്റാണ് ചുവന്ന നിറം നൽകുന്നത്. ഇതു ഹൃദയാരോഗ്യത്തിനു ഗുണകരമാണ്. മാതളത്തിലെ ഫ്ലേവനോയിഡ്സും പോളിഫിനോൾസും ഹൃദയസംരക്ഷണത്തിനു നല്ലതാണ്. രക്തക്കുഴലുകളിലെ നീർവീക്കം കുറയ്ക്കാനും കൊളസ്ട്രോളും ബിപിയും കുറയ്ക്കാനും മാതളനീര് നല്ലതാണ്. മഗ്നീഷ്യവും വൈറ്റമിൻ ഇയും കെയും മാതളത്തിലുണ്ട്.

ശരീരത്തിനു ഗുണകരമായ ഫലങ്ങൾ ലഭിക്കാൻ മുതിർന്ന ഒരാൾ ദിവസം രണ്ട് ഔൺസ് മാതള ജൂസ് എങ്കിലും കഴിക്കണം. ജൂസ് ആക്കി എടുക്കുമ്പോഴാണ് പോളിഫിനോളുകളുടെ മുഴുവൻ ഗുണവും ലഭിക്കുന്നത്. പ്രമേഹമുള്ളവർ ജൂസ് ആക്കി കഴിക്കാതെ അല്ലികൾ സാലഡായോ മറ്റോ കഴിക്കുന്നതാണു സുരക്ഷിതം.

എന്നാൽ, മാതളനീര് കുടിച്ചതുകൊണ്ടു മാത്രം ഹൃദയാരോഗ്യം ല ഭിക്കുമെന്നോ ധമനികളിലെ കൊഴുപ്പടിയൽ മാറ്റാമെന്നോ പറയാനാവില്ല. ഭക്ഷണരീതികളിലെ മറ്റു മാറ്റങ്ങളും പതിവായുള്ള വ്യായാമവും മദ്യവും പുകവലിയും കുറയ്ക്കുക പോലുള്ള ആരോഗ്യകരമായ ശീലങ്ങളും കൂടെ ചേരുമ്പോഴേ ഗണ്യമായ ഗുണം ഹൃദയത്തിനു ലഭിക്കൂ. ഔഷധങ്ങൾ ഉപയോഗിക്കുന്നവർ അതു തുടരണം.

ഡോ. അനിതാ മോഹൻ,

പോഷകാഹാരവിദഗ്ധ, തിരുവനന്തപുരം

Tags:
  • Manorama Arogyam