Saturday 14 August 2021 04:39 PM IST

ഓക്സിജൻ നിരക്ക് മെച്ചപ്പെടുത്താം, രോഗപ്രതിരോധശേഷി വർധിപ്പിക്കാം: സാഷ്ടാംഗവും സിംഹക്രിയയും ചെയ്യുന്ന വിധം അറിയാം

Anil Mangalath

yogar346

രാജ്യത്തെ ദുരന്തകരമായ കോവിഡ്-19 പ്രതിസന്ധിക്കിടയിൽ, ഓക്സിജൻ ലെവൽ വർധിപ്പിക്കാനും, രോഗപ്രതിരോധശേഷി മെച്ചമാക്കാനുമുള്ള ഉപകരണമെന്ന പോലെ, ലളിതമായ യോഗമുറകള്‍ ഈശ ഫൗണ്ടേഷൻ സ്ഥാപകനായ സദ്ഗുരു നേരിട്ടു നിർദേശിക്കുന്നു.

രണ്ടാം തരംഗത്തില്‍ ലക്ഷക്കണക്കിനു കേസുകളാണ് ഭാരതത്തിൽ റിപ്പോ ർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യപരിപാലനരംഗം ബുദ്ധിമുട്ടിൽ ആയതു കാരണം, വളരെയധികം രോഗികൾക്ക് ശരിയായ മരുന്നും പരിചരണവും നൽകാൻ സാധിക്കാനാവാത്ത സാഹചര്യമാണ് ഇന്നു നിലവിലുള്ളത്. കോവിഡ് ബാധിക്കുന്നവർക്ക് ശ്വാസതടസ്സവും, ചിലരിൽ വൈറസിന്റെ മിതമായതും ചിലരിൽ വർധിച്ചതുമായ, ലക്ഷണങ്ങളും കണ്ടുവരുന്നതിനാല്‍, ശക്തമായ രോഗപ്രതിരോധശേഷിയും നന്നായി പ്രവർത്തിക്കുന്ന ശ്വസനവ്യവസ്ഥയും ഈ സമയത്തു നിർണ്ണായകമാണ്.

ഈശ ഫൗണ്ടേഷൻ സ്ഥാപകനായ സദ്ഗുരുവിന്റെ യൂട്യൂബ് ചാനലിൽ ഇതിനാവശ്യമായ വിഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്.  ഓക്സിജൻ നിരക്ക് വർധിപ്പിക്കാനും, രോഗപ്രതിരോധശേഷി മെച്ചമാക്കാനുമുള്ള, സാഷ്ടാംഗം, മകരാസനം, സിംഹക്രിയ തുടങ്ങിയ യോഗാപരിശീലനങ്ങൾ പഠിപ്പിക്കുന്നു.

സാംഷ്ടാംഗവും സിംഹക്രിയയും

ഒരു യോഗ നിലയായ സാഷ്ടാംഗം- ശരീരത്തിലെ എട്ട് ഭാഗങ്ങളാൽ, ശരീരത്തെ തറയിൽ മുട്ടിച്ചു സമീകരിച്ചു നിർത്തുന്നു. "ഈ ആസനനിലയിൽ ശരീരത്തിന്റെ മൊത്തം ശ്വസന വ്യവസ്ഥയും അതുല്യമായ രീതിയിൽ പ്രവർത്തിക്കുന്നു. ഈ പ്രക്രിയയിൽ നെറ്റി, നെഞ്ച്, രണ്ടു കൈകളും, കാൽമുട്ടുകളും, പെരുവിരലുകളും മാത്രം നിലത്തു സ്പർശിക്കുന്നു,"  സദ്ഗുരു വിവരിക്കുന്നു.

സാഷ്ടാംഗം ചെയ്യുന്ന വിധം

സാഷ്ടാംഗ നമസ്കാരത്തിന് ആദ്യം യോഗ മാറ്റോ തുണിയോ തറയിൽ വിരിക്കാം. കട്ടിലിൽ കിടന്നും ചെയ്യാം. ആദ്യം പൂർണമായും കമിഴ്ന്നു കിടക്കുക. നെറ്റി മുതൽ പെരുവിരലുകൾ വരെ തറയിൽ മുട്ടുന്നതു ശ്രദ്ധിക്കുക. ഈ നിലയിൽ ശ്വാസം നീണ്ടതും  ക്രമീകരിക്കപ്പെടുന്നതുമായി മാറുന്നതു മനസ്സിലാകും. പിന്നീട് കാലുകളുടെയും തല, കൈകൾ എന്നിവയുടെയും ക്രമം മാറ്റേണ്ടതുണ്ട്. കൈകളിൽ തല താങ്ങി ആദ്യം വലത്തോട്ടു തിരിയാം. വലത്തേകാൽ അരയുടെ ഉയരത്തിൽ ഉയർത്തി, കാൽ മുട്ടുകൾ വളച്ചു കിടക്കാം. (ഏതാണ്ട് 90 ഡിഗ്രിയിൽ) ദീർഘശ്വാസം  വരുന്നതും പോകുന്നതും മനസ്സിലാകും. ഇടത്തോട്ടു ചരിഞ്ഞു കിടന്ന് ഇടതുകാല്‍ കൊണ്ടും ഇതു ചെയ്യാം. ഒടുവിൽ ആദ്യ പൊസിഷനിൽ തിരിച്ചു വരാം. കുറഞ്ഞത് നാലു മണിക്കൂർ ഇടവിട്ടേ ഇത് ചെയ്യാവൂ. (വിഡിയോയിലെപ്പോലെ തന്നെ ശീലിക്കണം.)

"നിങ്ങൾ ഈ അഭ്യാസം 4-5 തവണ ദിവസവും ചെയ്യുകയാണെങ്കിൽ, ഓക്സിജന്റെ അളവ് തീർച്ചയായും വർധിക്കും. ഇതോടൊപ്പം സിംഹക്രിയ കൂടി ചെയ്താൽ രോഗപ്രതിരോധശേഷിയും മെച്ചപ്പെടും,"  സദ്ഗുരു കൂട്ടിച്ചേർക്കുന്നു.

സിംഹക്രിയയിലൂടെ നിങ്ങളുടെ ശ്വസനവ്യവസ്ഥയും രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടുത്തിയാല്‍, ഈ പ്രതിസന്ധി ഘട്ടത്തെ നല്ല രീതിയില്‍ നേരിടാൻ സാധിക്കുമെന്ന്, സദ്ഗുരു അഭിപ്രായപ്പെടുന്നു. ഭവന, നഗരകാര്യ മന്ത്രാലയം അടുത്തിടെ 'ശക്തമായ' സിംഹക്രിയയെ ജീവനക്കാർക്ക് ശുപാർശ ചെയ്തു.

മൂന്ന് മിനിറ്റു ദൈർഘ്യമുള്ള ഈ പ്രക്രിയ ഗർഭിണികൾക്കും, ആസ്മ, മൈഗ്രെയ്ൻ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ പോലെ, വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കു പോലും ചെയ്യാം.

സിംഹക്രിയ എങ്ങനെ ചെയ്യാം

സിംഹം ശ്വസിക്കുന്നതുപോലുള്ള ശ്വസന സമ്പ്രദായം തന്നെയാണ് സിംഹക്രിയ. സ്വസ്ഥമായി ഒരിടത്ത് ഇരുന്നു ശ്വാസോച്ഛ്വാസം  ക്രമപ്പെടുത്തുക. ഇരു കൈകൾ കൊണ്ടും കാൽ മുട്ടിന്റെ ഭാഗത്തു മുറുകെ പിടിക്കാം. അപ്പോൾ നെഞ്ചിനു മുന്നിലേക്ക് ഒരു തള്ളൽ വരാം. (ഫോട്ടോ ശ്രദ്ധിക്കൂ) വായ മുഴുവൻ തുറന്ന് നാക്ക് പൂർണമായും താഴ്ത്തുക. എന്നിട്ട് വായ് അടയാതെ ശബ്ദത്തോടെ ദീർഘമായി ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. 21 തവണ ഇത് ചെയ്യാം. തെല്ലു വിശ്രമിച്ചശേഷം നാക്ക് പൂർണമായും മുകളിലേക്ക് ഉയർത്തുക. ഈ നിലയിൽ തന്നെ ശബ്ദത്തോടെ ശ്വാസം 21 തവണ എടുത്തു വിടുക.

ഉടൻ തന്നെ ദീർഘമായി ശ്വാസം അകത്തേക്കെടുത്ത് ആവുന്നിടത്തോളം പിടിച്ചുവച്ചു പതുക്കെ പുറത്തുവിട്ടശേഷമേ പൂർവനിലയിൽ നിന്ന് മാറാവൂ. സിംഹക്രിയ സ്ഥിരമായി െചയ്യുന്നവരിൽ ശ്വാസകോശത്തിനു കഠിനവേദനയോ, അല്ലെങ്കിൽ ചെയ്യാൻ ബുദ്ധിമുട്ടോ വന്നാൽ വിദ ഗ്ധോപദേശം തേടാൻ മറക്കരുത്.

ജേണൽ ഓഫ് ആൾട്ടർനേറ്റിവ് ആൻഡ് കോംപ്ലിമെന്ററി മെഡിസിനിൽ (JACM) പ്രസിദ്ധീകരിച്ച ഒരു ഗവേഷണഫലപ്രകാരം, സിംഹക്രിയ അഭ്യസിക്കുന്ന ഭൂരിഭാഗം പേർക്കും പരിശീലനത്തിനു ശേഷം കൂടുതൽ സമാധാനവും, പ്രതീക്ഷയും, വിശ്രാന്തിയും അനുഭവപ്പെടുന്നുണ്ട്.

Tags:
  • Manorama Arogyam
  • Health Tips