പുരുഷന്മാരിൽ സാധാരണ കാണുന്ന ഒരു ലൈംഗിക വൈകല്യമാണു ശീഘ്രസ്ഖലനം (Premature ejaculation/Speedy ejaculation/Fast ejaculation). വൈവാഹിക ജീവിതത്തിൽ ശീഘ്രസ്ഖലനം ഒരു വലിയ പ്രശ്നമാണ്. ഭർത്താവിന്റെ ശീഘ്രസ്ഖലനം കൊണ്ടു ലൈംഗികസുഖം ആസ്വദിക്കാനാ
കാതെ വിവാഹബന്ധം വേർപെടുത്തിയവർ ഉണ്ട്. 25% മുതൽ 35% വരെ പുരുഷന്മാരിൽ ശീഘ്രസ്ഖലനം ഉള്ളതായി മനോരമ ആരോഗ്യം സെക്സ് സർവേ ഉൾപ്പെടെ പല പഠനങ്ങളും റിപ്പോർട്ടു ചെയ്യുന്നുണ്ട്. 
ഭാരതത്തിൽ നടത്തിയിട്ടുള്ള പഠനങ്ങളിൽ വിവാഹം കഴിഞ്ഞ പുരുഷന്മാരിൽ 37 ശതമാനത്തിനും ശീഘ്രസ്ഖലനം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. 150 ദമ്പതികളിൽ ഞാൻ നടത്തിയ പഠനങ്ങളിൽ 45 ശതമാനം ഭർത്താക്കന്മാരിൽ ശീഘ്രസ്ഖലനം കണ്ടിട്ടുണ്ട്. (ഈ പഠനം കൗൺസിൽ ഒാഫ് സെക്‌ഷ്വാലിറ്റി എജ്യുക്കേഷൻ & പേരന്റ്ഹുഡ് ഇന്റർനാഷനൽ ഇന്ത്യ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്).
എന്താണു ശീഘ്രസ്ഖലനം
സാധാരണ പുരുഷന്മാരിൽ ലിംഗം യോനിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ രണ്ടു മിനിറ്റിനും അഞ്ചു മിനിറ്റിനും ഉള്ളിൽ സ്ഖലനം സംഭവിക്കാം. ചില പുരുഷന്മാരിൽ 10 മിനിറ്റു വരെ സ്ഖലന സമയം ദീർഘിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. അതിനു പകരം ഹ്രസ്വമായ ലൈംഗിക പ്രക്രിയയ്ക്കുള്ളിൽ പുരുഷൻ വിചാരിക്കുന്നതിനു മുൻപു തന്നെ ശുക്ല വിസർജനം നടക്കുന്നതിനെയാണു ശീഘ്രസ്ഖലനം എന്നു പറയുന്നത്. ശീഘ്രസ്ഖലനം ഉള്ള പുരുഷന്മാർക്കു ലൈംഗിക 
വേഴ്ചയിൽ ലിംഗം യോനിയിൽ പ്രവേശിച്ച് ഒരു മിനിറ്റിനുള്ളിൽ സ്ഖലനം സംഭവിക്കും. ശീഘ്രസ്ഖലനം കൊണ്ടു ദാമ്പത്യ ലൈംഗികജീവിതത്തിൽ അഗാധമായ വിള്ളലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 
ശീഘ്രസ്ഖലനത്തിനു പല ഉപവിഭാഗങ്ങളുമുണ്ട്.
∙ രതിക്രീഡകൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്ഖലനം.
∙ യോനീമുഖത്തിൽ (കവാടത്തിൽ) ലിംഗം സ്പർശിക്കുമ്പോൾ ഉണ്ടാകുന്ന സ്ഖലനം.
∙ ലിംഗം യോനിയിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന സ്ഖലനം. 
∙ യോനി പ്രവേശനശേഷം ഒരു മിനിറ്റിനുള്ളിൽ സംഭവിക്കുന്നത്.
‌തകരുന്ന ദാമ്പത്യം
ശീഘ്രസ്ഖലനം കൊണ്ടു ലൈംഗിക ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകാം. 
∙ പുരുഷനും സ്ത്രീക്കും ലൈംഗിക ജീവിതത്തിൽ നിരാശയും സംതൃപ്തിക്കുറവും ദൈനംദിന ജീവിതത്തിൽ ഉന്മേഷരാഹിത്യവും അനുഭവപ്പെടാം.
∙ പുരുഷനു കുറ്റബോധമുണ്ടാകാം.
∙ ലൈംഗികബന്ധം വേണ്ടെന്നു വയ്ക്കാൻ തന്നെ ഇടയാക്കുന്നു.
∙ നിത്യജീവിതത്തിൽ ഉത്കണ്ഠ, സംഭ്രമം, ആശങ്ക, അനിശ്ചിതത്വം മുതലായവ അനുഭവപ്പെടാം.
∙ പങ്കാളിയുമായുള്ള അടുപ്പത്തിനും സൗഹൃദത്തിനും കോട്ടം തട്ടാം.
കാരണങ്ങള്‍ ഇവയാണ്
ശീഘ്രസ്ഖലനത്തിന്റെ കാരണം കൃത്യമായി പറയാനാകില്ല. വിവിധ കാരണങ്ങൾ കൊണ്ട് ഇതു വരാം. 
∙ സെറടോണിൻ (Serotonin) എന്ന രാസവസ്തു തലച്ചോറിൽ കുറയുക. 
∙സ്ഖലനം നിയന്ത്രിക്കുന്ന രാസവസ്തുക്കളുടെയും ഹോർമോണുകളുടെയും അസന്തുലിതാവസ്ഥ.
∙ ഭാര്യാഭർതൃബന്ധത്തിലെ അസ്വസ്ഥതകൾ.
∙ ഉത്കണ്ഠ, പിരിമുറുക്കം, ആത്മവിശ്വാസം ഇല്ലായ്മ, ലൈംഗിക പങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയുമോ എന്നുള്ള ആശങ്ക തുടങ്ങിയുള്ള മാനസിക പ്രയാസങ്ങൾ.
∙ലിംഗത്തിന്റെ അഗ്രത്തിലുള്ള സ്പർശനശക്തിയുടെ തീക്ഷ്ണത. 
∙ ലിംഗാഗ്രചർമത്തെ ലിംഗത്തിന്റെ അഗ്രമായ ഗ്ലാൻസ് പെനിസുമായി ബന്ധിപ്പിക്കുന്ന ഫ്രനുലം എന്ന ചർമ വള്ളി ചുരുങ്ങിയ അവസ്ഥ.
∙ശുക്ലഗ്രന്ഥി, പുരുഷഗ്രന്ഥി, മൂത്രനാളി എന്നിവയിലെ നീർവീക്കവും അണുബാധയും ശുക്ലത്തിലുള്ള ചില ധാതുക്കളുടെ ഏറ്റക്കുറച്ചിലും.
∙ പ്രമേഹം, തൈറോയ്ഡ് രോഗം, മെറ്റബോളിക് സിൻഡ്രം മുതലായ രോഗങ്ങൾ.
ചികിത്സ അറിയാം
ശീഘ്രസ്ഖലനത്തിന്റെ കാരണം കണ്ടുപിടിക്കാൻ ദമ്പതികൾക്കു ചോദ്യാവലി നൽകി ഉത്തരങ്ങൾ പരിശോധിക്കാം. ശാരീരിക, ലാബറട്ടറി പരിശോധനകൾ വഴി ശാരീരിക കാരണങ്ങൾ കണ്ടുപിടിക്കാം. മനശ്ശാസ്ത്ര വിശകലനത്തിലൂടെ മാനസിക കാരണങ്ങളും മനസ്സിലാക്കാം.
മരുന്നു കൊണ്ടും മനശ്ശാസ്ത്ര ചികിത്സ കൊണ്ടും ലൈംഗിക വ്യായാമങ്ങൾ കൊണ്ടും ശീഘ്രസ്ഖലനത്തിനു പരിഹാരം കാണാം. സിങ്ക്, മഗ്നീഷ്യം, ചില വൈറ്റമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണം നിത്യേന കഴിക്കണം. കക്ക, ബീഫ്, ഞണ്ട്, നട്സ്, പയർ വർഗങ്ങൾ, വിത്തുകൾ സോയ, തവിടുള്ള ധാന്യങ്ങൾ, ഏത്തപ്പഴം തുടങ്ങിയവ ഇതിനായി കഴിക്കാം. ശീഘ്രസ്ഖലനത്തിനുള്ള ഒരു പുതിയ മരുന്ന് ഉടനെ വിപണിയിൽ ലഭ്യമാകുന്നതാണ്.

ഡോ. കേണൽ കെ. രവീന്ദ്രൻ നായർ
ആൻഡ്രോളജിസ്റ്റ്, വൃഷ്യ സെന്റർ ഫോർ 
ആൻഡ്രോളജി & സെക്ഷ്വൽ മെഡിസിൻ, കാക്കനാട്, കൊച്ചി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT