കൂർക്കം വലിക്കുന്നയാൾ അറിയുന്നില്ലെങ്കിലും അടുത്തു കിടക്കുന്നയാൾക്കു കൂർക്കംവലി ശല്യമാണ്. അതുകൊണ്ടുതന്നെ കൂർക്കംവലിക്കുന്നവരുടെ പങ്കാളികളാകും ആളെയും കൊണ്ട് ഡോക്ടറെ കാണാനെത്തുക. എന്നാൽ ഉറക്കം തടസ്സപ്പെടുത്തുന്ന വെറുമൊരു ശല്യം മാത്രമല്ല കൂർക്കംവലി. കൂർക്കംവലി കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒട്ടേറെയാണ്.
നമ്മുടെ ശ്വാസനാളം ഇടുങ്ങി പോവുകയോ ഭാഗികമായി തടസ്സപ്പെടുകയോ ചെയ്യുമ്പോൾ ശ്വാസോച്ഛ്വാസം ചെയ്യുന്ന സമയത്ത് ഉപരി ശ്വാസനാളിയുടെ ഭാഗത്തെ കോശങ്ങൾക്കു കമ്പനമുണ്ടാകുന്നു. ഇതാണു കൂർക്കംവലിയായി നാം കേൾക്കുന്നത്.
കിടന്നുറങ്ങുന്ന രീതി, വ്യക്തികളുടെ ജീവിതശൈലി, ശരീരശാസ്ത്രം എന്നിവ മുതൽ സ്ലീപ് അപ്നിയ പോലുള്ള ഗൗരവകരമായ രോഗാവസ്ഥകൾ വരെ കൂർക്കംവലിക്കു കാരണമാകാം. എന്താണ് കൂർക്കംവലിക്കു കാരണമാകുന്നത് എന്നു കണ്ടെത്തിയാലേ ഫലപ്രദമായി ഈ പ്രശ്നത്തെ തടയാനാകൂ. കൂർക്കംവലിക്കു കാരണമാകുന്ന ചില കാരണങ്ങളെ കുറിച്ചറിയാം.
∙ ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ (ഒഎസ്എ)- ഉറക്കത്തിൽ അൽപ നേരത്തേയ്ക്കു ശ്വാസം നിന്നുപോകുന്ന അവസ്ഥ. ഇവർ വലിയ ഒച്ചയിൽ കൂർക്കം വലിക്കുകയും ശ്വാസം നിലയ്ക്കുന്ന സമയത്ത് പരിപൂർണ നിശ്ശബ്ദതയായിരിക്കും. ശ്വാസം വീണ്ടെടുക്കുന്ന സമയത്ത് മുരൾച്ച പോലെ കേൾക്കാം. ബി പി വർധനവിനും ഹൃദ്രോഗങ്ങൾക്കും ഈ രോഗം കാരണമാകാം. ഉറക്കം ശരിയാകാത്തതു മൂലം പകൽ സമയത്ത് ഉറക്കച്ചടവു കാണും. ഉണർവോടെ പ്രവൃത്തികളിൽ ഏർപ്പെടാനാകാതെ വരുന്നത് ഇവരുടെ ജീവിത ഗുണനിലവാരത്തെ ബാധിക്കാം.
∙ മദ്യപാനം, ശ്വാസനാളികളുടെ ചുറ്റുമുള്ള കലകളെ താങ്ങി നിർത്തുന്ന പേശികളെ അയഞ്ഞതാക്കും. ഇതു കൂർക്കംവലിക്ക് കാരണമാകാം.
∙ ശാരീരികമായ ചില പ്രത്യേകതകളും കൂർക്കംവലിക്കു കാരണമാകാം. മൂക്കിൽ ദശ വളരുന്ന അവസ്ഥ, ടോൺസിൽ, ചെറിയ താടി എന്നിവ ഉദാഹരണം.
∙ അമിതവണ്ണം-അമിത വണ്ണമുള്ളവരിൽ ശ്വാസനാളം ഇടുങ്ങിപ്പോകുന്നതു പ്രശ്നമാകാം. ഭാരം കുറയ്ക്കുന്നതു കൂർക്കംവലിയും ഒ എസ് എ ലക്ഷണങ്ങളും കുറയ്ക്കും.
∙ഹൈപ്പോതൈറോയ്ഡിസം- തൈറോയ്ഡ് ഹോർമോൺ മതിയായ അളവിൽ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. ഈ പ്രശ്നമുള്ളവരിൽ കൂർക്കംവലി കണ്ടുവരുന്നു.
കൂർക്കംവലി ആരോഗ്യപ്രശ്നമാകുമ്പോൾ
ഒ എസ് എ ഉള്ള കൂർക്കംവലിക്കാരിൽ ബി പി വർധിക്കാം, ഹൃദ്രോഗത്തിന് ഇടയാക്കാം. പൾമനറി ഹൈപ്പർ ടെൻഷൻ എന്ന രോഗാവസ്ഥ വരാം. ജീവിത ഗുണനിലവാരം കുറയാം. പകൽ ഉറക്കച്ചടവ്, ഒന്നിലും ശ്രദ്ധയൂന്നാൻ കഴിയാതെ വരിക, ക്ഷീണം എന്നിവ വരാം.
∙ ഉറക്കത്തിനിടയിൽ ശ്വാസതടസ്സം, ശ്വാസം വിഴുങ്ങുന്നതു പോലെയുള്ള ശബ്ദം, ശ്വാസം നിലപ്പ്.
∙ഇടയ്ക്കിടയ്ക്ക് രാത്രി ഞെട്ടി എഴുന്നേൽക്കുക.
∙പകൽ ഉറക്കക്ഷീണം
എന്നീ ലക്ഷണങ്ങളെ പ്രത്യേകം ശ്രദ്ധിക്കുക.
മിക്കവാറും കൂർക്കം വലിക്കാർ ഇങ്ങനെയൊരു പ്രശ്നം തങ്ങൾക്കുള്ളതായി
തിരിച്ചറിയണമെന്നില്ല.
പങ്കാളികളാകും മിക്കവാറും ഇതു ശല്യമായി ഡോക്ടറുടെ അടുത്തെത്തിക്കുക. നീണ്ടു നിൽക്കുന്ന കൂർക്കം വലിയെ നിസ്സാരമായി കാണാതെ ചികിത്സിക്കണം.
പ്രത്യേകം ശ്രദ്ധിക്കാം
∙ കമിഴ്ന്നു കിടന്നുറങ്ങുന്നത് കൂർക്കംവലിക്കുള്ള സാധ്യത വർധിപ്പിക്കുന്നു. വശം ചരിഞ്ഞ് കിടന്നുറങ്ങുന്നവരിൽ കൂർക്കംവലി കുറയുന്നതായി ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുമുണ്ട്. തല ഒരു വശത്തേക്കു ചരിച്ചുവച്ച് കിടന്നുറങ്ങാൻ സഹായിക്കുന്ന തലയണകൾ ഉൾപ്പെടെ കിടപ്പുരീതി ശരിയാക്കാൻ സഹായിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ലഭ്യമാണ്.
∙ പുകവലിയും മദ്യപാനവും കുറയ്ക്കുക. ഉറങ്ങുന്ന സമയത്തിനു തൊട്ടു മുൻപ് ഇവ ഉപയോഗിക്കാതെ പ്രത്യേകം ശ്രദ്ധിക്കുക. ∙ മൂക്കിൽ ദശവളർച്ച പോലെ ശാരീരികമായ പ്രത്യേകതകൾ കൊണ്ടാണ് കൂർക്കംവലി ഉണ്ടാകുന്നതെന്നു കണ്ടെത്തിയാൽ അവ പരിഹരിക്കാൻ ശ്രമിക്കണം.
ചികിത്സ എങ്ങനെ?
കൂർക്കംവലിയുടെ കാരണം കണ്ടെത്തി അതിനനുസരിച്ചുപരിഹാരം ചെയ്യുകയാണ് വേണ്ടത്. അമിത വണ്ണമുള്ളവരാണെങ്കിൽ വണ്ണം കുറയ്ക്കുക. ഹൈപ്പോതൈറോയ്ഡിസം ഉള്ളവർ മരുന്നു കഴിച്ച് ഹോർമോൺ കുറവു നികത്തുക എന്നിങ്ങനെ. ശരീരശാസ്ത്രപരമായ പ്രത്യേകതകളാണെങ്കിൽ ആവശ്യമെങ്കിൽ സർജറി വഴിയോ സഹായക ഉപകരണങ്ങൾ വഴിയോ പരിഹരിക്കാൻ ശ്രമിക്കാം. ഒബ്സ്ട്രക്ടീവ് സ്ലീപ്പ് അപ്നിയ ഉള്ളവരിൽ ഉറക്ക പഠനം നടത്തി ഉറക്കത്തിന്റെ ആഴവും ഉറക്കചക്രത്തിലെ പ്രശ്നങ്ങളും ഒക്കെ കണ്ടെത്തണം. സിപാപ് പോലുള്ള ഉപകരണങ്ങൾ ഇത്തരം കൂർക്കംവലിക്കാർക്ക് ഉപകാരപ്രദമായിരിക്കും. ഉറക്ക പഠനം ആശുപത്രിയിൽ അഡ‍്മിറ്റായി നടത്താം. വീടുകളിൽ സ്വാഭാവിക അന്തരീക്ഷത്തിൽ കുറച്ചുകൂടി ഫലപ്രദമായി ഉറക്കപഠനം നടത്താനും സൗകര്യമുണ്ട്. ഇതിനായി സ്ലീപ് ലാബുകളെ സമീപിക്കാം. മിക്ക ജില്ലാ ആശുപത്രികളിലും ഗവ. മെഡി കോളേജുകളിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്.
ഡോ. സൂപ്പി കയനടുത്ത്, അസോസിയേറ്റ് പ്രഫസർ,
മെഡിസിൻ വിഭാഗം, ഗവ. മെഡി. കോളജ്, കോഴിക്കോട്