Friday 22 September 2023 12:43 PM IST

‘ഗോവണിയില്‍ നിന്നും കാൽവഴുതി പുറമടിച്ചു വീണു’: വിധി വില്ലനായെത്തിയ ആ ദിവസം: പ്രതിസന്ധിയിൽ തളരാതെ ഡോ. സുജിത്

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

dr-sujith-jose ഡോ. സുജിത് ഭാര്യ ഡോ. മെൽനയ്ക്കും മകൾ മെയ്ബലിനുമൊപ്പം

അതിജീവനത്തിന്റെ മാധുര്യമാണ് ഡോ. സുജിത്തിന്റെ ജീവിതയാത്ര. മിഴിനീരിന്റെ ഉപ്പ് കാണെക്കാണേ അലിഞ്ഞ് ജീവിതത്തിൽ ഒരു ചെറുപുഞ്ചിരിയുടെ മധുരം നിറയണമെങ്കിൽ അതിനിടയിലുള്ള ആ കാലം എത്ര കഠിനമായിരിക്കും. അഞ്ചു വർഷങ്ങൾക്കപ്പുറത്ത്, അവിചാരിതമായി ഒരു ചക്രക്കസേരയിലേക്കു വീണു പോയപ്പോൾ പാതി തളർന്ന

ഉടലിൽ പ്രതീക്ഷയുടെ ചിറകുകൾ തുന്നിച്ചേർത്താണു ചങ്ങനാശ്ശേരി സ്വദേശി ഡോക്ടർ സുജിത് എം. ജോസ് തന്റെ സ്വപ്നങ്ങളെ ഒാരോന്നായി സ്വന്തമാക്കിയത്.

പഠനത്തിൽ സമർഥനായിരുന്ന ഡോക്ടർ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ യൂറോളജി സൂപ്പർ സ്പെഷാലിറ്റി പഠനത്തിനു പ്രവേശനം ലഭിച്ചു കാത്തിരിക്കുകയായിരുന്നു. അന്നേ വർഷം യൂറോളജിക്കു പ്രവേശനം ലഭിച്ചതു രണ്ടു മലയാളികൾക്കും രണ്ട് ഉത്തരേന്ത്യൻ സ്വദേശികൾക്കുമായിരുന്നു. പ്രളയം കാരണം ഉത്തരേന്ത്യക്കാർക്കു

പെട്ടെന്നു വരാനാകാത്തതിനാൽ കോഴ്സ് തുടങ്ങിയില്ല, ഈ ഇടവേളയിൽ ഡോ. സുജിത് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ സർജനായി ജോലി ചെയ്യുകയായിരുന്നു. ആ സമയത്താണ് അവിചാരിതമായി സന്തോഷങ്ങളെല്ലാം മാഞ്ഞുപോയത്. തന്റെ അതിജീവന അനുഭവങ്ങൾ ഡോ. സുജിത് പങ്കുവയ്ക്കുന്നു.

ആ വീഴ്ചയിൽ

2018 ഒാഗസ്‌റ്റ്. ആ ഞായറാഴ്ചയിലെ പ്രഭാതം കനത്ത ഒരു നോവായി ഒാർമയിലുണ്ട്. മഴക്കാലം. വാട്ടർ ടാങ്ക് വീടിന്റെ മുകൾ നിലയിലാണ്. മോട്ടർ പ്രവർത്തിക്കാത്തതിനാൽ ടാങ്കിൽ വെള്ളം ഉണ്ടോ എന്നു നോക്കുന്നതിന് ഒരു ഗോവണിയിൽ കയറി. തിരികെ ഇറങ്ങിയപ്പോൾ കാൽ വഴുതി പുറമടിച്ചു താഴേയ്ക്കു വീണു. ഒരു നിമിഷം ശരീരമാകെവേദനയിൽ പൊതിഞ്ഞ തരിപ്പു പടർന്നു.സുഷുമ്നാ നാഡിക്കു ക്ഷതമേറ്റിട്ടുണ്ട് എന്ന് അപ്പോൾ തന്നെ മനസ്സിലായി. കാരണം കാലിലേയ്ക്കുള്ള സംവേദനം നിലച്ചതു പോലെ തോന്നിയിരുന്നു. ഒരു തരിപ്പു മാത്രമേയുള്ളൂ ബാക്കി.ഇടതു കൈയ്ക്കും ഒടിവുണ്ടായിരുന്നു. ഉടനെ വീടിനടുത്തുള്ള ചെത്തിപ്പുഴ ആശുപത്രിയിൽ കൊണ്ടു പോയി. എംആർ െഎ ഉൾപ്പെടെ പരിശോധനകളെല്ലാം ചെയ്തു.

സുഷുമ്‌നാ നാഡിയിലെ ക്ഷതം സ്ഥിരീകരിച്ചു. പിറ്റേന്നു തിങ്കളാഴ്ച പുലർച്ചെ ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അവിടെ 15 ദിവസങ്ങൾ. ശേഷം ഫിസിയോതെറപ്പി പോലുള്ള അനുബന്ധ ചികിത്സകൾക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലേക്ക്. വെല്ലൂരിൽ ആറുമാസത്തോളം റീഹാബിലിറ്റേഷന്റെ ഭാഗമായ അനുബന്ധ ചികിത്സകൾ തുടർന്നു.

എങ്ങും ഇരുൾ മാത്രം

ഉടലിന്റെ പാതി തളർന്നിരിക്കുന്നു എന്ന യാഥാർഥ്യത്തിനു മുൻപിൽ ഹൃദയം തകർന്നു കരഞ്ഞു. ശസ്ത്രക്രിയയ്ക്കു ശേഷം ഒരു ചക്രക്കസേരയിലേക്ക് ഒതുങ്ങിപ്പോയ എന്റെ ജീവിതം, എന്റെ ഉപരിപഠനവും സ്വപ്നങ്ങളും...കണ്ണീരിൽ നനഞ്ഞു തീർത്ത കാലമായിരുന്നത്. ഇനിയെന്ത്? ഇനിയെങ്ങോട്ട് ?... ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. മുൻപിൽ ഇരുൾ മാത്രമേയുള്ളൂവെന്നു തോന്നി. എന്റെ അവസ്ഥ കുടുംബാംഗങ്ങളെയും ആഘാതത്തിലാഴ്ത്തി.

വെല്ലൂരിലെ ചികിത്സാകാലം

വെല്ലൂരിൽ ഫിസിക്കൽ മെഡിസിൻ– റീ ഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ. ജോർജ് തര്യനായിരുന്നു ചികിത്സിച്ചത്. വെല്ലൂരിൽ കുടുംബം മുഴുവൻ കൂടെയുണ്ടായിരുന്നു. എന്റെ ചാച്ചനും അമ്മയും ചേച്ചി സുമിയും കുടുംബവും ഭാര്യ മെൽനയുടെ മാതാപിതാക്കളും സഹോദരൻമാരും മാറിമാറിയാണ് ഞങ്ങൾക്കൊപ്പം വെല്ലൂരിൽ ചികിത്സാകാലം ചെലവഴിച്ചത്. ഒരു ദിവസം ഡോ. ജോർജ് തര്യൻ വെല്ലൂരിലെ യൂറോളജി വിഭാഗം മേധാവിക്കൊപ്പമാണു റൗണ്ട്‌സിനു വന്നത്. എന്റെ ശാരീരികാവസ്ഥയിലും യൂറോളജി തുടർന്നു പഠിക്കാൻ

dr-sujith-2

സാധിക്കുമെന്നും സീറ്റ് കളയേണ്ടതില്ല എന്നും പറഞ്ഞ് അവർ ധൈര്യം പകർന്നു. കോഴിക്കോട് മെഡി. കോളജിൽ യൂറോളജി സീറ്റ് അപ്പോഴും എനിക്കായി ഒഴിഞ്ഞു കിടക്കുകയാണ്. പ്രത്യേക അനുവാദത്തോടെ ചേരുന്നതിനുള്ള സമയം കുറച്ചു കൂടി നീട്ടി. മുൻപോട്ട് എന്തു ചെയ്യണം എന്നു വലിയ ആശങ്കയുണ്ടായിരുന്നു. ഞ‍ാൻ ഒരു സർജനാണ്. ഈ ശാരീരികാവസ്ഥയിൽ ശസ്ത്രക്രിയ ചെയ്യാനാകുമോ? സ്പെഷാലിറ്റി മാറണോ? ആശങ്കകളും ആകുലതകളും വിഷമങ്ങളും നന്നേ വലച്ചു. തുടർന്നു പഠിക്കാനുള്ള ആ തീരുമാനത്തിലെത്താൻ കുറച്ചു സമയമെടുത്തു. എന്റെ ഈ അവസ്ഥയെ ഉൾക്കൊള്ളുകയായിരുന്നു ഏറെ ശ്രമകരം. അതിന് ഒരു വർഷത്തോളം സമയമെടുത്തു. എത്ര ദിവസങ്ങളാണ് കണ്ണീരിൽ മുങ്ങിപ്പോയത്. വെല്ലൂരിൽ എന്റെ ഒക്യു പേഷനൽ തെറപ്പിസ്റ്റായിരുന്ന ജിതിൻ വലിയ പിന്തുണയും സഹായവുമാണു നൽകിയത്. ജിതിൻ പിന്നീട് കോഴിക്കോട് തണൽ എന്ന ഫിസിക്കൽ റീഹാബിലിറ്റേഷൻ ഗ്രൂപ്പിന്റെ ഭാഗമായി. പിന്നീടു കോഴിക്കോട് പഠിച്ചപ്പോൾ തണലുമായി ബന്ധപ്പെട്ടാണു ഞാൻ ഫിസിയോതെറപ്പി ചെയ്തത്.

ജീവതാളമായ് മെൽന, ഹ‍ൃദയതാളമായ് മെയ്ബൽ

എന്റെ മനസ്സും ശരീരവും തളർന്ന സമയത്ത് എനിക്കു വേണ്ടി ഉചിതമായ തീരുമാനങ്ങൾ എടുത്ത്, ചേർത്തു പിടിച്ചത് ഡോക്ടർ കൂടിയായ ഭാര്യ മെൽന ആയിരുന്നു. 2016–ലായിരുന്നു ഞങ്ങളുടെ വിവാഹം. എന്റെ കണ്ണു നിറയുമ്പോൾ മുൻപോട്ട് ഒരു വഴിയുണ്ടെന്നു പറഞ്ഞു മെൽന ആശ്വസിപ്പിക്കും. മെൽന ഡെർമറ്റോളജിയിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ് ഡി എൻ ബി ചെയ്യാനൊരുങ്ങിയ സമയമായിരുന്നു അത്. പ്രഫഷനും ഉപരിപഠനവും മാറ്റി വച്ച് മെൽന കൂടെ നിന്നു. എന്റെ ഒാരോ നേട്ടത്തിനു പിന്നിലും മെൽനയുടെ ത്യാഗങ്ങളുണ്ട്. യൂറോളജി രണ്ടാം വർഷ പഠനത്തിനിടെ 2021–ലാണ് മോൾ ജനിച്ചത്. മെയ്ബൽ. ജീവിതത്തിൽ ഏറ്റവുമധികം സന്തോഷിച്ചത് ആ കുഞ്ഞു മുഖം കണ്ടപ്പോഴാണ്. എന്റെ കണ്ണീരൊക്കെ മായ്ക്കുന്നതായിരുന്നു അവളുടെ പുഞ്ചിരി.

dr-sujith-1 കൊളംബിയയിലെ പരിശീലനത്തിന്റെ അവസാന ദിവസം പ്രഫ. കാസ്‌റ്റാന്യോയ്ക്ക് ഒപ്പം

വീൽചെയറിൽ പഠനത്തിലേയ്ക്ക്

ജീവിതയാത്രയിൽ എന്നും കൂട്ടായി രണ്ടു നല്ല സുഹൃത്തുക്കളുണ്ട്. എൻട്രൻസ് പരിശീലനം മുതലുള്ള സുഹൃത്ത് ഡോ. റോണി ടി. വെമ്പേനിയും സ്കൂൾ കാലം മുതൽ സുഹൃത്തായ ഡോ. എം. ഹരിശങ്കറും. യൂറോളജി പഠന ത്തിലേക്കെത്താൻ ഏഴു മാസം കാലതാമസം വന്നു. സൗഹൃദങ്ങൾ നിലനിർത്താനുള്ള സാഹചര്യത്തിലായിരുന്നില്ല ഞാൻ. എന്നിട്ടും പഠന സംബന്ധമായ കാര്യങ്ങൾക്കു പൂർണ പിന്തുണയേകി അവരെന്റെ കൂടെ നിന്നു. വീൽചെയറിലാണു ക്ലാസ്സിലേക്കുള്ള യാത്ര. അധ്യാപകരും സഹവിദ്യാർഥികളും നല്ല പിന്തുണയും സ്നേഹവുമാണു നൽകിയത്. കഴിയാവുന്ന സഹായങ്ങളെല്ലാം അവർ ചെയ്തു. കോഴിക്കോട്ടെ ആ മൂന്നു വർഷങ്ങൾ വളരെ സന്തോഷകരമായിരുന്നു. എന്റെ പുതിയ ശാരീരിക സ്ഥിതിക്ക് ഉതകുന്ന രീതിയിൽ തൊഴിൽപരമായ മാറ്റങ്ങൾ ആവശ്യമായിരുന്നു. അതിന് അനുകൂലമായ അന്തരീക്ഷം അവിടെ ലഭിച്ചു. യൂറോളജി സർജിക്കൽ സ്പെഷാലിറ്റി ആണല്ലോ. ഒാപ്പറേഷൻ തിയറ്ററിലേക്കു പോകണം. വീൽചെയറിലിരുന്നു ശസ്ത്രക്രിയ ചെയ്യുന്ന ഇന്ത്യൻ ഡോക്ടർമാരെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. ഇറ്റലിയിലെ മാർക്കോ ഡോൾഫിൻ എന്ന ഒാർത്തോപീഡിക്സ് സർജനെ ഗൂഗിളിൽ കണ്ടെത്തി. അദ്ദേഹം സ്റ്റാൻഡിങ് വീൽചെയർ ഉപയോഗിക്കുന്നതിന്റെ ഫോട്ടോകൾ കണ്ടു. തിയറ്ററിലേക്ക് എങ്ങനെ വീൽചെയറിൽ പോകാം എന്നെല്ലാം അദ്ദേഹത്തിൽ നിന്നു മനസ്സിലാക്കി, ഒരു സ്‌റ്റാൻഡിങ് വീൽ ചെയർ തയ്‌വാനിൽ നിന്നു വരുത്തി. കോഴിക്കോട് ആയിരുന്നപ്പോൾ ആ സ്‌റ്റാൻഡിങ് വീൽചെയർ ഉപയോഗിച്ചാണു ശസ്ത്രക്രിയകൾ ചെയ്തിരുന്നത്. ഹൗസ് സർജൻസി കാലത്തു പഠിച്ചതു മുതലുള്ള കാര്യങ്ങൾ വീണ്ടും പരിശീലിച്ചു. കാരണം എന്റെ ശാരീരികാവസ്ഥ മാറിയിരിക്കുന്നു. സ‌്‌റ്റാൻഡിങ് വീൽചെയറിലെ ശസ്ത്രക്രിയ പുതിയ അനുഭവമാണ്. ഒാരോന്നായി പരിശീലിച്ചെടുത്തു.

പ്രിയപ്പെട്ട കാസ്‌റ്റാന്യോ

കോവിഡ് കാലത്ത് എനിക്ക് ഒാൺലൈനായി ഒട്ടേറെ ഇന്റർനാഷനൽ പേപ്പറുകൾ അവതരിപ്പിക്കാൻ കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ യൂറോളജിയിൽ രണ്ടു സൊസൈറ്റികൾ ഉണ്ട്. സൊസൈറ്റി ഇന്റർനാഷനൽ യൂറോളജി (SIU), ഇന്റർനാഷനൽ കോണ്ടിനെൻസ് സൊസൈറ്റി (ICS). എന്റെ പേപ്പറുകൾ അവർ സ്വീകരിച്ചു. ഈ സൊസൈറ്റികളിൽഅംഗത്വം ലഭിച്ചു.

dr-sujith-3

ആ സമയത്ത് ഒരു മീറ്റിങ്ങിന്റെ ഭാഗമായ ഗ്രൂപ്പ് ഫോട്ടോയിൽ വീൽചെയറിൽ ഇരിക്കുന്ന ഒരു യൂറോളജിസ്‌റ്റിനെ കണ്ടു. പരിചയമുള്ള ഒരു ഇന്ത്യൻ പ്രഫസർ വഴി അന്വേഷിച്ചപ്പോൾ അദ്ദേഹം കൊളംബിയയിലെ ഒരു യൂറോളജിസ്‌റ്റാണെന്നും ഫങ്ഷനൽ ആൻഡ് ഫീമെയ്‌ൽ യൂറോളജി മേഖലയിൽ ലോകപ്രശസ്തനാണെന്നും അറിഞ്ഞു പ്രഫസർ ജുവാൻ കാർലോസ് കാസ്‌റ്റാന്യോ. യൂറോളജി പഠനം രണ്ടാം വർഷത്തിന്റെ ആരംഭത്തിലാണ് അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞത്. എന്റെ ജീവിതത്തെയും അപകടത്തെയും കുറിച്ച് അദ്ദേഹത്തിന് എഴുതി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഹൃദയഹാരിയായ ഒരു മറുപടി വന്നു. അദ്ദേഹം വീൽചെയറിൽ ശസ്ത്രക്രിയ ചെയ്യുന്നതിന്റെ വിഡിയോകൾ അയച്ചു തന്നു. രണ്ടാഴ്ചയിലൊരിക്കൽ വിഡിയോ കോൾ ചെയ്തു. പതിയെ ഞങ്ങൾക്കിടയിൽ ഒരു സാഹോദര്യ ബന്ധം രൂപപ്പെട്ടു. പ്രഫസർ കാസ്‌റ്റാന്യോയിൽ നിന്നു പരിശീലനം കിട്ടിയാൽ നന്നായിരിക്കും എന്നെനിക്കു തോന്നി. അന്താരാഷ്ട്ര തലത്തിൽ വർഷത്തിൽ അഞ്ചു പേർക്കു മാത്രം ലഭിക്കുന്ന എസ് െഎ യു ട്രെയ്നിങ് സ്കോളർഷിപ്പ് 2022–ൽ ഇന്ത്യയിൽ നിന്നും എനിക്കു ലഭിച്ചതോടെ കൊളംബിയയിലേക്കുള്ള വഴി തെളിഞ്ഞു.

തലശ്ശേരിയുടെ പിന്തുണ

2022 സെപ്‌റ്റംബർ മുതൽ 2023 ഫെബ്രുവരി വരെ ആറുമാസമായിരുന്നു കൊളംബിയയിലെ പരിശീലനം. മെൽനയ്ക്കും അവിടെ ഡെർമറ്റോ– സർജറിയിൽ ഫെലോഷിപ്പിന് അവസരം ലഭിച്ചു.  പ്രഫസർ കാസ്‌റ്റാന്യോ പ്രാക്‌റ്റീസ് ചെയ്യുന്ന മേഖലകളിലെല്ലാം എനിക്കും പ്രാവീണ്യം ലഭിച്ചു. സർജറി ചെയ്യാനും അവസരം ലഭിച്ചു. ഫീമെയ‌്ൽ യൂറോളജി, അനിയന്ത്രിതമായ മൂത്രവാർച്ച, സുഷുമ്നാനാഡിക്കു ക്ഷതമേറ്റവരുടെ മൂത്രസഞ്ചിയുടെ നിയന്ത്രണമില്ലായ്മ പ്രശ്നങ്ങൾ...

തുടങ്ങിയ മേഖലകളിലെ നൂതനമായ ചികിത്സാരീതികൾ മനസ്സിലാക്കാനും പരിശീലിക്കാനും അവസരം ലഭിച്ചു. തിരികെ നാട്ടിൽ വന്നപ്പോൾ തലശ്ശേരി ജനറൽ ആശുപത്രിയി ലേക്കു നിയമനം ലഭിച്ചു. ഇവിടെ യൂറോളജി വിഭാഗത്തിൽ മൂന്നു മാസമായി സേവനം ചെയ്യുന്നു. ഈ സമയത്തിനുള്ളിൽ തലശ്ശേരിയിൽ 16–ഒാളം യൂറോളജി ശസ്ത്രക്രിയകൾ ചെയ്യാനായി. ആശുപത്രി സൂപ്രണ്ട്, ആർ എം ഒ, സീനിയർ യൂറോളജിസ്‌റ്റ് ഡോ. രമേഷ് ബാബു, മറ്റു സഹപ്രവർത്തകർ എല്ലാവരും വലിയ പിന്തുണയാണു നൽകുന്നത്.

സ്വപ്നങ്ങൾക്കൊപ്പം ഞാൻ നടന്നു

തിരിഞ്ഞു നോക്കുമ്പോൾ ദുഃഖങ്ങളില്ല. വീഴുന്നതിനു മുൻപ് എന്തൊക്കെ സ്വപ്നങ്ങൾ ഉണ്ടായിരുന്നോ അതെല്ലാം മുപ്പത്തിമൂന്നാം വയസ്സിനുള്ളിൽ സ്വന്തമാക്കാനായി.

അവസരങ്ങളെല്ലാം അരികിൽ വന്നു. വലിയ അനുഗ്രഹംജീവിതത്തിൽ നല്ല പിന്തുണ കിട്ടി എന്നതാണ്. ഒരർഥത്തിൽ ആ അപകടം, അതു മാത്രമേ മോശമായി സംഭവിച്ചിട്ടുള്ളൂ. കാർ കൈ കൊണ്ടു നിയന്ത്രിക്കാവുന്ന രീതിയിലേക്കു മാറ്റി ഞാൻ തനിയെ ഡ്രൈവ് ചെയ്യാനും തുടങ്ങി.എന്നെപ്പോലെ ഒട്ടേറെ ചെറുപ്പക്കാരുണ്ട്. എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാകുന്ന ആദ്യഘട്ടം നാം തരണം ചെയ്താൽ പിന്നെ വഴികൾ തുറന്നു വരും.

അഞ്ചു വർഷങ്ങൾക്കപ്പുറത്തെ ഒാർമകളുടെ കടൽ ഇരമ്പുന്നുണ്ട് ഡോ. സുജിത്തിന്റെ മനസ്സിൽ. കടന്നു പോന്നത് ഒരു കണ്ണീർക്കാലത്തിലൂടെയാണ്. നിശ്ശബ്ദ സഹനങ്ങളിലൂടെയാണ്. തുടരുന്ന ഈ അതിജീവനയാത്രയിൽ എല്ലാവരും കൂടെയുണ്ട്. കുടുംബത്തിന്റെ സ്നേഹക്കരുതൽ, പ്രിയതമയുടെ ഹൃദ്യസാന്നിധ്യം, സൗഹൃദങ്ങളുടെ കരുത്ത്, ഗുരു തുല്യനായ കാസ്‌റ്റാന്യോ... അതിനെല്ലാമിടയിൽ പപ്പാ എന്നു കൊഞ്ചി വിളിക്കുന്ന കുഞ്ഞു മെയ്ബൽ...

ഡോ. സുജിത് എം ജോസ്

കോട്ടയം ഗവ.  മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് ( 2007 ബാച്ച് ). കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജിൽ നിന്ന്  ജനറൽ
സർജറിയിൽ  എം എസ്. സർജറിയിൽ ബിരുദാനന്തര ബിരുദത്തിനു  ശേഷം കോഴിക്കോട്  ഗവ. മെഡിക്കൽ  കോളജിൽ നിന്ന്  യൂറോളജി സൂപ്പർ  സ്പെഷാലിറ്റി ബിരുദാനന്തര ബിരുദം.  ഫെലോഷിപ്പോടെ കൊളംബിയയിൽ നിന്നു  യൂറോളജി സർജറിയിൽ പ്രത്യേക പരിശീലനം. ‌ഇപ്പോൾ
തലശ്ശേരി ജനറൽ ഹോസ്പിറ്റലിൽ യൂറോളജിസ്‌റ്റ്.  കാത്തലിക് സിറിയൻ ബാങ്ക് മാനേജറായിരുന്ന ജോസിന്റെയും റിട്ട. അധ്യാപിക റ്റെസിയുടെയും  മകനാണ്.  ഭാര്യ ഡോ. മെൽനാ ജോസ്  കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഡെർമറ്റോളജിസ്‌റ്റാണ്. മകൾ മെയ്ബൽ.

ലിസ്മി എലിസബത്ത് ആന്റണി