Saturday 18 March 2023 04:41 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

പുരുഷനിലെ മൂത്രാശയ അണുബാധ: ലക്ഷണങ്ങളിൽ വ്യത്യാസമുണ്ടോ?

urine455656

മൂത്രാശയ അണുബാധകളെന്നു പറയുമ്പോൾ സ്ത്രീകളുടെ പ്രശ്നമായാണ് സാധാരണ ആളുകൾ കരുതുന്നത്. എന്നാൽ പുരുഷന്മാരിലും മൂത്രാശയ അണുബാധയ്ക്കു സാധ്യതയുണ്ട്. പ്രത്യേകിച്ച് പ്രായമുള്ള പുരുഷന്മാരിൽ. എന്താണ് പുരുഷന്മാരിലെ മൂത്രാശയ അണുബാധകളുടെ കാരണങ്ങളും ലക്ഷണങ്ങളും എന്നു നോക്കാം.

കാരണമറിയാം

മൂത്രാശയ അണുബാധകളുടെ ഏറ്റവും സാധാരണമായ കാരണം പുറമേ നിന്നും വിസർജനാവയവങ്ങൾ വഴി അണുക്കൾ മൂത്രാശയത്തിലെത്തുന്നതാണ്. വിസർജനാവയവങ്ങളിൽ നിന്നുള്ള ബാക്ടീരിയ മൂത്രനാളി വഴി മൂത്രാശയത്തിലെത്തുന്നു. ഇതു പെട്ടെന്നു തന്നെ പെരുകി അണുബാധയ്ക്കു കാരണമാകുന്നു. മൂത്രാശയ അണുബാധകളെ മൂത്രനാളീ അണുബാധകളെന്നും (Urinary Tract Infection) പറയാറുണ്ട്.

മൂത്രാശയ അണുബാധ എന്നാണ് പറയാറുള്ളതെങ്കിലും വൃക്കകളെയും മൂത്രവാഹിനിക്കുഴലുകളെയും മൂത്രാശയത്തെയും മൂത്രനാളിയേയുമൊക്കെ അണുബാധ ബാധിക്കാം. അണുബാധ മൂത്രാശയത്തിലും (Bladder) മൂത്രവാഹിനിക്കുഴലിലും (Urethra) മാത്രമാണുള്ളതെങ്കിൽ അതിനെ ലോവർ യൂറിനറി ട്രാക്റ്റ് ഇൻഫക്‌ഷൻ എന്നു പറയുന്നു. അണുബാധ വൃക്കകളെ ബാധിക്കാൻ തുടങ്ങിയെങ്കിൽ അതിന് അപ്പർ യുടിഐ എന്നു പറയുന്നു. വൃക്കകളിളിൽ അണുബാധ (Pyelonephritis) വന്നു അവയ്ക്കു നാശം സംഭവിക്കാമെന്നതിനാൽ ഇത്തരം അണുബാധകളെ കൂടുതൽ ഗൗരവത്തോടെ കാണണം.

സാധാരണ 50 വയസ്സിൽ താഴെയുള്ള പുരുഷന്മാരിൽ അപൂർവമായേ മൂത്രാശയ അണുബാധകൾ വരാറുള്ളൂ. എങ്കിലും ചില പ്രശ്നങ്ങൾ പുരുഷന്മാരിൽ മൂത്രാശയ അണുബാധ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കാം. ഉദാഹരണത്തിന്,

∙ പ്രോസ്േറ്ററ്റ് ഗ്രന്ഥിക്ക് വലുപ്പം കൂടുക (Benign Prostate Hyperplasia) . മൂത്രാശയത്തിന്റെ അടിഭാഗത്തിന് അടുത്തായുള്ള പ്രോസ്േറ്ററ്റ് വലുതാകുന്നതു മൂലം മൂത്രാശയത്തിൽ നിന്നുള്ള മൂത്രമൊഴുക്ക് തടസ്സപ്പെടാം.

∙ വൃക്ക–മൂത്രാശയ പ്രശ്നങ്ങൾ. ഉദാഹരണത്തിന് മൂത്രാശയക്കല്ലുകൾ പോലെയുള്ള മൂത്രാശയ പ്രശ്നങ്ങൾ മൂത്രം കെട്ടിക്കിടക്കാനും അങ്ങനെ അണുബാധയുണ്ടാകാനും ഇടയാക്കാം.

∙ മൂത്രം കളയാനായി യൂറിനറി കതീറ്റർ ഇട്ടവരിലും അണുബാധയ്ക്കു സാധ്യത കൂടുതലാണ്.

∙ രോഗപ്രതിരോധശേഷി കുറവ്. 

ലക്ഷണങ്ങളിൽ വ്യത്യാസമുണ്ടോ?

എവിടെയാണ് അണുബാധ ഉണ്ടായിരിക്കുന്നത് എന്നതനുസരിച്ച് പുരുഷന്മാരിലെ മൂത്രാശയ അണുബാധകളുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെടാം.

∙ മൂത്രാശയ അണുബാധ (സിസ്ൈറ്ററ്റിസ്)– മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കുക. വയറിന്റെ അടിഭാഗത്തായി വേദന അനുഭവപ്പെടാം. മൂത്രം കലക്കമുള്ളതായോ രക്തം കലർന്നതായോ ദുർഗന്ധമുള്ളതായോ കാണപ്പെടും. ചിലപ്പോൾ പനിയും വരാം.

∙ വൃക്കകളെ ബാധിച്ചാൽ– നടുവിനു പിൻഭാഗത്തായി  വേദന അനുഭവപ്പെടാം. നല്ല പനിയും കാണും. ചിലപ്പോൾ ഛർദിയുമുണ്ടാകാം.

പ്രായമായ പുരുഷന്മാരിൽ മൂത്രാശയ അണുബാധയുടേതായ സാധാരണ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നുമില്ല. പൊതുവായ ഒരു അസ്വാസ്ഥ്യമാവും ഉണ്ടാവുക.

ലക്ഷണങ്ങൾ കണക്കിലെടുത്തും മൂത്രം പരിശോധിച്ചുമാണ് അണുബാധ സ്ഥിരീകരിക്കുന്നത്. മൂത്രം കൾച്ചർ പരിശോധന നടത്തിയാൽ ഏത് ബാക്ടീരിയയാണ് അണുബാധയ്ക്കു കാരണമെന്നും ഇതനുസരിച്ച് ഏറ്റവും അനുയോജ്യമായ ആന്റിബയോട്ടിക് ഏതെന്നും കണ്ടെത്താനാകും.

ചികിത്സകൾ

ആന്റിബയോട്ടിക്ക് മരുന്നുകളാണ് പൊതുവേ നൽകാറ്. ഡോക്ടർ നിർദേശിച്ച ഡോസ് മരുന്നു കഴിഞ്ഞിട്ടും ലക്ഷണങ്ങൾ മാറാതെ നിൽക്കുന്നുവെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കാണുക. ചിലപ്പോൾ ആന്റിബയോട്ടിക് മരുന്ന് കൂടുതൽ ദിവസം കഴിക്കേണ്ടിവരാം. ചിലപ്പോൾ വേറെ മരുന്ന് ഉപയോഗിക്കേണ്ടിവരാം.

ഇനി, ഡോക്ടർ നിർദേശിച്ച മരുന്നു തീരും മുൻപേ അണുബാധ ഭേദമായാലും തന്നയത്രയും ആന്റിബയോട്ടിക് ഗുളികകൾ കഴിക്കണം.

∙ വേദനയും ചൂടും കുറയ്ക്കാൻ പാരസെറ്റമോൾ ഗുളിക സഹായിക്കും. നന്നായി വെള്ളം കുടിക്കുകയും വേണം. 

അടിക്കടി അണുബാധകൾ ഉണ്ടാകുന്നത് വൃക്കയുടെ ആരോഗ്യത്തെ സാരമായി ബാധിക്കാം. അതുകൊണ്ട് ശുചിത്വം പാലിച്ചും വെള്ളം നന്നായി കുടിച്ചും മൂത്രാശയ  അണുബാധകൾ വരാതെ ശ്രദ്ധിക്കുക.  

Tags:
  • Mens Health
  • Manorama Arogyam