Tuesday 11 June 2024 02:51 PM IST

ബിരിയാണി മുതല്‍ ന്യൂഡില്‍സ് വരെ- രുചിയില്‍ കുറവില്ലാതെ മില്ലറ്റ് വിഭവങ്ങള്‍ വിളമ്പി പത്തായവും പോര്‍ഷന്‍സ് ദ ഡൈനറും

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

milletreste234

1. മനസ്സിൽ കയറിയ മില്ലറ്റ്സ് -പോര്‍ഷന്‍സ് പിറക്കുന്നു

ജൈവകൃഷിയെന്ന തന്റെ  സ്വപ്നത്തിനുവേണ്ടിയുള്ള ആ യാത്രയിൽ രാകേഷ് ബോസ് ഇൻഫോപാർക്കിലെ യുഎസ് കമ്പനിയിലെ അസി.മാനേജർ എന്ന ജോലി ആദ്യം ഉപേക്ഷിച്ചു. വിഷലിപ്തമാകാത്ത കൃഷി എന്ന ലക്ഷ്യത്തിനായി 2016 ൽ ജൻമനാടായ ഗുരുവായൂരിൽ നിന്ന് ആലുവയിൽ താമസമാക്കി ഒരു ഒാർഗാനി ഫാം തുങ്ങി . ജൈവകൃഷിക്കു വേണ്ടി മാത്രമായിരുന്നു രാകേഷിന്റെ പിന്നീടുള്ള ജീവിതം. പയർ, വെണ്ട, മുളക്, തക്കാളി, നാടൻപച്ചക്കറികളാണു രാകേഷ് കൃഷി ചെയ്യുന്നത്. പോളി ഹൗസിൽ സാലഡ് കുക്കുംബർ കൃഷിയുമുണ്ട്. 

ജൈവകൃഷിയുടെ ഭാഗമായി അട്ടപ്പാടിയിലെത്തിയ രാകേഷ് അവിടെ ആദിവാസി വിഭാഗം മില്ലറ്റ്സ് കൃഷി ചെയ്യുന്നതു കാണാനിടയായി . അങ്ങനെയാണു മില്ലറ്റ്സിനെക്കുറിച്ചു കൂടുതലറിഞ്ഞത്. മില്ലറ്റ്സ് രാകേഷിന്റെ മനസ്സിലങ്ങു കയറിക്കൂടി. സുഹൃത്ത് അജയ് ഗോപിനാഥിനോട് ഇതേക്കുറിച്ചു പറഞ്ഞു. കേരളത്തിലെ ആദ്യത്തെ മൈക്രോഗ്രീൻസ് ഫാം ഉടമയാണ് അജയ്. 

മില്ലറ്റ്സ് നല്ലതാണെന്നു മിക്കവർക്കും അറിയാം. എന്നാൽ ഉപയോഗത്തെക്കുറിച്ചും പാചകത്തേക്കുറിച്ചും വ്യക്തമായ ധാരണ ഇല്ല. മൈക്രോഗ്രീൻസ് എന്താണെന്നു കുറച്ചു പേർക്ക് അറിയാമെങ്കിലും എങ്ങനെ കഴിക്കണമെന്നും അറിയില്ല. അപ്പോൾ എന്തു കൊണ്ട് മൈക്രോഗ്രീൻസും മില്ലറ്റ്സും ചേർന്ന വിഭവങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു കൂടാ എന്നൊരു ചിന്ത അവരിൽ രൂപപ്പെട്ടു.അങ്ങനെയാണ് ഇരുവരും ‘പോർഷൻസ് ദ് ഡൈനർ ’ എന്ന മില്ലറ്റ് ഭക്ഷണശാലയ്ക്കു തുടക്കം കുറിക്കുന്നത്. 

പുതിയ തുടക്കം 

2023 ജൂലൈ മാസത്തിലാണു പോർഷൻസ് കൊച്ചി കലൂരിൽ പ്രവർത്തനം ആരംഭിക്കുന്നത്. കർക്കടകക്കഞ്ഞി നൽകിയായിരുന്നു തുടക്കം. മില്ലറ്റ്സ് കഴിക്കാൻ എത്ര പേർ വരും? ആളുകൾക്ക് ഇഷ്ടമാകുമോ...ചിന്തകൾ അലട്ടിയെങ്കിലും രാകേഷും അജയ‌്യും ധൈര്യപൂർവം മില്ലറ്റ് രുചികളൊരുക്കി. അട്ടപ്പാടിയിൽ ആദിവാസികളിൽ നിന്നാണു മില്ലറ്റ് വാങ്ങുന്നത്. 

വൈവിധ്യം നിറയും രുചികൾ 

ബ്രേക്ഫാസ്‌റ്റ്, ലഞ്ച് , ഡിന്നർ എന്നിവയാണ് പോർഷൻസിൽ നൽകുന്നത്. കേരള ബ്രേക്ഫാസ്‌റ്റിനായി - ഇഡ്‌ലി, ദോശ, ഇടിയപ്പം, പുട്ട് , ഉപ്പുമാവ് എന്നിവയാണ് ആദ്യം മില്ലറ്റിൽ രൂപപ്പെടുത്തിയത്. അതിനായി  റാഗി (ഫിംഗർ മില്ലറ്റ്), കമ്പ് (പേൾ മില്ലറ്റ്), കുതിരവാലി (ബാൻയാഡ്മില്ലറ്റ്), വരക്  (കോഡോ മില്ലറ്റ്), തിന ( ഫോക്സ് ടെയ്‌ൽ മില്ലറ്റ്) , ചാമ (ലിറ്റിൽ മില്ലറ്റ്) ഇവയെല്ലാം ഉപയോഗിച്ചു. ഒാരോ വിഭവത്തിനും ഒാരോ വിഭാഗം മില്ലറ്റാണ് ഉപയോഗിക്കുന്നത്. 

പേൾ മില്ലറ്റിന്റെയും റാഗിയുടെയും കോമ്പിനേഷനാണ് പുട്ടിൽ ചേർത്തത്. പുട്ടു കുറ്റിയിൽ ആദ്യം റാഗിയിടും. ശേഷം തേങ്ങ നിറയ്ക്കും. തുടർന്ന് പേൾ മില്ലറ്റ് നിറയ്ക്കും. പുട്ട് ഒാഡർ ചെയ്യുന്നവർക്ക് ഒരു പോർഷൻ റാഗിയും ഒരു പോർഷൻ പേൾ മില്ലറ്റും നൽകുന്നു. ഇടിയപ്പത്തിൽ കുതിരവാലി മില്ലറ്റാണു ചേർക്കുന്നത്. ഇഡ്‌ലിയിലും ദോശയിലും റാഗി ഉപയോഗിക്കുന്നു. ഉപ്പുമാവിൽ പേൾ മില്ലറ്റാണ്. 

ആരാധകരേറെ ബിരിയാണിക്ക് 

മില്ലറ്റ് ബിരിയാണി ഇവിടെ ലഭ്യമാണ്. മില്ലറ്റ് ചിക്കൻ ബിരിയാണിയും മില്ലറ്റ് മഷ്റൂം ബിരിയാണിയും. ബിരിയാണിയിൽ പോർസോ മില്ലറ്റ് എന്ന പനി വരഗും തിനയും കുതിരവാലിയും ഉപയോഗിക്കുന്നുണ്ട്.

ഒരു ദിവസം ഒരു മില്ലറ്റ് കൊണ്ടുള്ള ബിരിയാണി ആണെങ്കിൽ അടുത്ത ദിവസം മറ്റൊരു മില്ലറ്റ് ബിരിയാണി ആയിരിക്കും. പലരും ബിരിയാണിയിൽ മില്ലറ്റ്സ് യോജിപ്പിച്ച് ഉപയോഗിക്കുന്നുണ്ട്. പോർഷൻസിൽ സിംഗിൾ മില്ലറ്റാണ് ബിരിയാണിയിൽ ഉപയോഗിക്കുന്നത്. ചിക്കൻ ചെറുതായി അരിഞ്ഞു ബിരിയാണിയിൽ യോജിപ്പിക്കുന്നു. സ്പൂൺ കൊണ്ടു കോരിക്കഴിക്കാം. ബിരിയാണി ഗാർണിഷ് ചെയ്യുന്നതാകട്ടെ മൈക്രോഗ്രീൻസ് ഉപയോഗിച്ചാണ്. സാധാരണ ബിരിയാണിയിൽ വറുത്ത സവാള കൊണ്ടു ഗാർണിഷ് ചെയ്യുന്നതിനു പകരമാണിത്. 

 മൂന്നു തരം മില്ലറ്റ് കൊണ്ടുള്ള ബിരിയാണിയും ഇഷ്ടപ്പെടുന്നവരുണ്ട്. ഉച്ചഭക്ഷണത്തിൽ ചിക്കൻ ബിരിയാണി, തൈരുസാദം  എന്നിവയ്ക്കൊപ്പം മില്ലറ്റ് മഷ്റൂം ബിരിയാണിയുമുണ്ട്. ചിക്കൻ ബിരിയാണിയിൽ ഉപയോഗിക്കുന്ന മില്ലറ്റ് ആണ് മഷ്റൂം ബിരിയാണിയിലും ഉപയോഗിക്കുന്നത്. തിനയും ചാമയുമാണ് തൈരു സാദത്തിൽ ഉപയോഗിക്കുന്നത്.പ്രഭാതഭക്ഷണത്തിലെ മില്ലറ്റ് പുട്ടും ഇടിയപ്പവും ഉച്ചയ്ക്കും ലഭ്യമാണ്.

രാത്രിയിൽ മില്ലറ്റ് നൂഡിൽസും 

പോർഷൻസിലെ അത്താഴത്തിൽ മില്ലറ്റ്സ് നൂഡിൽസും ഉണ്ട്. നൂഡിൽസിൽ ഉപയോഗിക്കുന്നത് പേൾ മില്ലറ്റാണ്. മില്ലറ്റ് നൂഡിൽസിന്റെ രുചി സ്വീകാര്യത നേടി വരുന്നതേയുള്ളൂ. മില്ലറ്റ് ഫ്രൈഡ് റൈസും അത്താഴനേരത്താണു ലഭിക്കുന്നത്. പോർസോ മില്ലറ്റാണ് ഫ്രൈഡ് റൈസിൽ ഉപയോഗിക്കുന്നത്. 

മില്ലറ്റ് ഹെൽത് ഡ്രിങ്കും ഉണ്ട് - മില്ലറ്റും പാലും ചേരുന്ന ഈ കോമ്പിനേഷനാണ് മില്ലറ്റ് മാൾട്ട്. റാഗി, ചാമ എന്നിവ വെവ്വേറെ ശർക്കര ചേർത്തു പൊടിച്ചു വച്ചിരിക്കുകയാണ്. രാവിലെയോ വൈകിട്ടോ ഇത് ഒന്നോ രണ്ടോ സ്പൂൺ തിളപ്പിച്ച പാലിൽ ചേർത്തു കഴിക്കാം. 

ഉടനെത്തും മില്ലറ്റ് സ്നാക്സ് 

മില്ലറ്റ് കുക്കീസ്, ബ്രഡ് , കേക്ക്... മില്ലറ്റ് സ്നാക്കുകളും ആലോചനയിലു ണ്ട്. ട്രയലുകളും നടക്കുന്നു. സാധാരണക്കാരായ ഒട്ടേറെപ്പേർ മില്ലറ്റ് വിഭവങ്ങൾ കഴിക്കാനെത്തുന്നുണ്ടെന്നു രാകേഷ് പറയുന്നു. ഡ്രൈവർമാരുൾപ്പെടെയുള്ളവർ പറയുന്നതു മില്ലറ്റ് വിഭവങ്ങൾ കഴിക്കുമ്പോൾ ദഹനപ്രശ്നങ്ങ ൾ കുറവുണ്ടെന്നാണ്. മില്ലറ്റിന്റെ പുട്ടിനും ഏറെ ആരാധകരുണ്ടെന്നു രാകേഷ് പറയുന്നു. മില്ലറ്റ് വിഭവങ്ങളെല്ലാം ദിവസം മുഴുവനും ലഭ്യമാകുന്ന രീതിയിലാണ് പോർഷൻസിൽ ക്രമീകരിച്ചിരിക്കുന്നത്.

മില്ലറ്റ് കഴിക്കാനായി പോർഷൻസിലെത്തുന്നവർ മില്ലറ്റിനെ സ്നേഹിച്ചാണു പടിയിറങ്ങുന്നത്. 

2. പത്തായം-മില്ലറ്റ് രുചിയുടെ കലവറ

പത്തായം എന്ന ജൈവഭക്ഷണശാല മലയാളിയുടെ മനസ്സിൽ പണ്ടേ പതിഞ്ഞതാണ്. കോഴിക്കോടും തൃശ്ശൂരും പിന്നീട് തിരുവനന്തപുരത്തും സാത്വികഭക്ഷണത്തിന്റെ ശുദ്ധരുചിക്കൂട്ടുകളുമായി പത്തായം ജൈവഭക്ഷണശാല ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ പത്തായം അടുത്തയിടെ മില്ലറ്റ് രുചികളെയും ഒപ്പം കൂട്ടിയതോടെ ആരോഗ്യരുചികൾ തേടിയെത്തുന്നവരുടെ തിരക്കേറിത്തുടങ്ങി. 

 മില്ലറ്റ് പ്രധാന ആഹാരമായി ഉപയോഗിച്ചാൽ രോഗശമനം ഉണ്ടാകും എന്നറിഞ്ഞു കൊണ്ടാണു പത്തായം മില്ലറ്റ് വിഭവങ്ങൾ കൂടി പാകപ്പെടുത്തിയത്. അപ്പോൾ നിർദേശങ്ങളുമായി മില്ലറ്റ് മിഷനും ഒപ്പം ചേർന്നു.

മില്ലറ്റ് ഭക്ഷണത്തിനു മാത്രമുള്ള ഒരു ആഹാരശാലയല്ല പത്തായം. ഇവിടെ മറ്റു ജൈവഭക്ഷണങ്ങളും ലഭ്യമാണ്. 26 വർഷത്തെ ജൈവപാചക അനുഭവസമ്പത്തുള്ള കോഴിക്കോട് സ്വദേശിയായ ഗംഗാധരൻ ചിന്നങ്ങത്ത് ആണ് പത്തായത്തിന്റെ സാരഥി. 

6 ദിനങ്ങൾ 6 മില്ലറ്റുകൾ 

പത്തായം മില്ലറ്റ് കഫേയിൽ പ്രധാനമായും ആഴ്ചയിലെ ആറു ദിവസങ്ങളിൽ ആറു മില്ലറ്റുകൾ കൊണ്ടുള്ള വിഭവങ്ങളാണു നൽകുന്നത്. ചാമ, തിന, കമ്പ്, കുതിരവാലി, പനിവരഗ്, വരഗ് എന്നിവയാണവ. കുമളിയിലും തേനിയിലുമുള്ള കർഷകരിൽ നിന്നാണു മില്ലറ്റ് വാങ്ങുന്നത്. 

മില്ലറ്റു കൊണ്ടുള്ള ചോറിനൊപ്പംഅതേ മില്ലറ്റു കൊണ്ടു ബിരിയാണിയും ലഭ്യമാണ്. തിങ്കളാഴ്ചകളിൽ ചാമ കൊണ്ടുള്ള ചോറിനൊപ്പം, ചാമ സൂപ്പ്, പായസം എന്നിവ ലഭ്യമാണ്. ചൊവ്വാഴ്ചകളിൽ തിന ആയിരിക്കും. തിന സൂപ്പും തിന പായസവും ഉണ്ടാകും.ബുധനാഴ്ച കമ്പ് കൊണ്ടുള്ള ചോറാണ്. വ്യാഴാഴ്ച കുതിരവാലിചോറും ബിരിയാണിയും സ്പെഷലാണ്. വെള്ളിയാഴ്ച പനി വരഗ് ചോറും സൂപ്പും പായസവും. ശനിയാഴ്ച വരഗ് ബിരിയാണി. ഞായറാഴ്ച അവധിയാണ്. മില്ലറ്റ് ചോറിനൊപ്പം , കുത്തരി ചോറിനൊപ്പമുള്ള മറ്റു കറികളാണു നൽകുന്നത്. വിവിധ പച്ചക്കറികൾ കൊണ്ടുള്ള തോരനും അവിയലും സാമ്പാറും ചമ്മന്തിയും പച്ചടിയും കൂട്ടുകറിയും മോരും രസവുമെല്ലാമുണ്ട്. ചോറിന്റെ കറികളെല്ലാം മില്ലറ്റ് ബിരിയാണിക്കും നൽകുന്നു. 

റാഗി അട, റാഗി സമൂസ, റാഗി കൊ ഴുക്കട്ട, ചാമദോശ, തിന കിണ്ണത്തപ്പം, റാഗി ഇലയപ്പം, വരഗ് ദോശ എന്നിങ്ങനെ പത്തായത്തിൽ മില്ലറ്റ് വിഭവങ്ങളുടെ നിര നീളുകയാണ്. 

വേറിട്ട ആരോഗ്യമെനു 

മില്ലറ്റ് ഭക്ഷണം മാത്രം നൽകിയാൽ എല്ലാവർക്കും സ്വീകാര്യമാകണമെന്നില്ല. അതു കൊണ്ടാണ് ജൈവഭക്ഷണത്തിന്റെ ഭാഗമായി മില്ലറ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മില്ലറ്റ് ഭക്ഷണം കഴിക്കുന്നവർക്കു മറ്റു ജൈവ ഭക്ഷണവും ആസ്വദിക്കാം. ഉച്ചയ്ക്ക് 12.30 മുതൽ രാത്രി എട്ടര വരെ ആഹാരം ക്രമീകരിച്ചിരിക്കുന്നു. 

സാധാരണ ആഹാരം തയാറാക്കുന്ന രീതിയിലല്ല, പത്തായത്തിൽ ആഹാരം തയാറാക്കുന്നതും വിളമ്പുന്നതും. ഒരു ദിവസം ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ലഭ്യമാകത്തക്കവിധമാണു മെനു ക്രമീകരിച്ചിരിക്കുന്നത്. ഒരു ദിവസം ആദ്യം ഫ്രൂട്ട് പായസം, പിന്നീട് പഴങ്ങൾ, പച്ചക്കറികൾ, മുളപ്പിച്ച പയർ, കുക്കുംബർ, സൂപ്പ്, ചപ്പാത്തി, കറി, തുടർന്ന് ചോറും കറികളും...അങ്ങനെയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്. മില്ലറ്റിന്റെ പഴങ്കഞ്ഞിയും പത്തായത്തിൽ ലഭ്യമാണ്. പഴങ്ങൾ മാത്രം കഴിക്കാൻ ആഗ്രഹിക്കുന്നവർക്കു ഫ്രൂട്ട് ലഞ്ച് ലഭ്യമാണ്. മില്ലറ്റ് മാത്രം കഴിക്കാനാഗ്രഹിക്കുന്നവർക്ക് അങ്ങനെയും കഴിക്കാം. 

ചുവന്നമുളക്, മസാലപ്പൊടികൾ, കായം, പുളി, പരിപ്പ്, വറുത്തരയ്ക്കലും കടുകു പൊട്ടിക്കലും അച്ചാർ, പപ്പടം ഇതൊന്നും പത്തായത്തിലെ ജൈവവിഭവങ്ങളിലും മില്ലറ്റ് വിഭവങ്ങളിലും ഉൾപ്പെടുത്തുന്നില്ല. ഫ്രിജ്, ഫ്രീസർ ഇവ ഉപയോഗിക്കുന്നില്ല. എണ്ണപ്പലഹാരങ്ങളും ഇവിടെയില്ല. മില്ലറ്റിന്റെ സമൂസ, ചുട്ട സമൂസയാണ്. മില്ലറ്റിന്റെ അടയാകട്ടെ ചുട്ട രീതിയിലും പുഴുങ്ങിയ രീതിയിലും ലഭ്യമാണ്. 

മില്ലറ്റ് ആഹാരങ്ങൾ തയാറാക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ടെന്നു ഗംഗാധരൻ ചിന്നങ്ങത്ത് പറയുന്നു. സാധാരണ ഹോട്ടൽ ഭക്ഷണം പോലെ എളുപ്പത്തിൽ മില്ലറ്റ് തയാറാക്കാനാകില്ല. കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും ഈ ചെറുധാന്യങ്ങൾ 

വെള്ളത്തിലിട്ടു വയ്ക്കണം. ശേഷം ഒരു ഗ്ലാസ് അരിക്ക് എട്ടു ഗ്ലാസ് വെള്ളം എന്ന നിലയിൽ എട്ടു മണിക്കൂർ വച്ച് വേവിച്ചെടുക്കണം.ഇത്രയും ഒരുക്കങ്ങൾ ഉള്ളതിനാലാണു മില്ലറ്റ് ഭക്ഷണം ഉച്ചയ്ക്ക് 12.30 മുതൽ നൽകിത്തുടങ്ങുന്നത്. 

മില്ലറ്റ് തേടിയെത്തുന്നവർ

പത്തായം തിരുവനന്തപുരത്ത് ആരംഭിച്ചിട്ട് 16 വർഷങ്ങളായി. മില്ലറ്റ് വിഭവങ്ങൾ നൽകിത്തുടങ്ങിയിട്ട് ഒൻപതു മാസമേ ആയുള്ളൂ. മില്ലറ്റ് വിഭവങ്ങൾ തേടി വരുന്നവരുടെ എണ്ണം ദിവസവും കൂടി വരുകയാണ്. മില്ലറ്റ് ഷോപ്പുകൾ ധാരാളമുണ്ടെങ്കിലും  മില്ലറ്റ് ഭക്ഷണ ലഭ്യത പൊതുവേ കുറവാണ്. അതുകൊണ്ടു തന്നെ എല്ലാ ജില്ലകളിലും മില്ലറ്റ് ഭക്ഷണശാലകൾ പ്രവർത്തിക്കേണ്ടതാണെന്നും കൂടുതൽ ബോധവൽക്കരണം വേണമെന്നും ഗംഗാധരൻ ചിന്നങ്ങത്തു പറയുന്നു. ഞായറാഴ്ചകളിൽ ഗംഗാധരൻ മില്ലറ്റ് പാചക പരിശീലനം നൽകുന്നു. അനുഭവങ്ങളും പങ്കുവയ്ക്കുന്നു. പഠനവും തുടരുന്നു. 

പുതിയ കാലത്തിന്റെ കഠിനമായ ആഹാരശീലങ്ങളിലേക്കാണ് ഏതോ നിയോഗം പോലെ ഈ ചെറുധാന്യങ്ങൾ എത്തുന്നത്. ആരോഗ്യജീവിതത്തിലേക്കു സ്നേഹപൂർവം നമ്മെ ക്ഷണിക്കുകയാണ് ഈ മില്ലറ്റ് രുചിയിടങ്ങൾ. ഹൃദ്യമായി അവർ വിളമ്പുന്നത് സംശുദ്ധമായ ഒരു ആഹാര സംസ്കാരം കൂടിയാണ്. "

Tags:
  • Manorama Arogyam