ശരീരപ്രകൃതി നോക്കി ആഹാരം കഴിക്കാം, രോഗങ്ങളെ തടയാം
രോഗം വന്നതിനു ശേഷം ചികിത്സ തേടുന്നതിനേക്കാൾ നല്ലതു രോഗങ്ങളൊന്നും വരാതെ നോക്കുന്നതാണ് എന്നതിനാൽ കരുത്തുറ്റ ആരോഗ്യം നിലനിർത്താനാണ് ഏവരും ആഗ്രഹിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ നെടും തൂണുകളായി പൊതുവെ പറയപ്പെടുന്ന ആഹാരം, വ്യായാമം, ഉറക്കം തുടങ്ങിയ കാര്യങ്ങളിൽ കഴിയുന്നത്ര ചിട്ടകൾ പാലിച്ചു കൊണ്ടാണ് ഇതു സാധ്യമാക്കേണ്ടത്. ഈ ഘടകങ്ങളിൽ ഏറ്റവുമധികം പ്രാധാന്യം കൊടുക്കാറുള്ളത് ആഹാരത്തിനാണ്. ആയുർവേദം നിർദ്ദേശിക്കുന്ന പൊതുവായ ആഹാരശീലങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണെങ്കിലും വ്യക്തികളുടെ ശാരീരിക പ്രത്യേകതകളനുസരിച്ച് ഇതിന് എന്തൊക്കെ മാറ്റങ്ങൾ വേണമെന്നും ഏതു തരം ആഹാരങ്ങളാണ് ഓരോ തരം ആളുകൾക്കും ആരോഗ്യകരം എന്നുമുള്ളത് അത്രയധികം പൊതു ധാരണയില്ലാത്ത കാര്യമാണ്. ഇത് അറിഞ്ഞിരിക്കേണ്ടത് ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രധാനമാണു താനും.
എന്താണു ശരീരപ്രകൃതി?
ശരീരനിർമാണത്തിന്റെ അടിസ്ഥാന ഘടകങ്ങളായി ആയുർവേദം കണക്കാക്കുന്ന വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയിൽത്തന്നെ അവയുടെ സ്വാഭാവികമായ ഏറ്റക്കുറവുകൾക്കു വിധേയമായി ഓരോ വ്യക്തിയിലും പ്രകടമാകുന്ന പ്രത്യേകതകളാണ് ശരീര പ്രകൃതിയെന്നു പറയാം. വാതപ്രകൃതി, പിത്തപ്രകൃതി, കഫപ്രകൃതി, വാതപിത്തപ്രകൃതി, കഫപിത്തപ്രകൃതി, വാതകഫപ്രകൃതി, വാതപിത്തകഫപ്രകൃതി എന്നിങ്ങനെ പൊതുവെ ഏഴുതരം പ്രകൃതികളായിട്ടാണു ജീവികളെ തരം തിരിയ്ക്കാറുള്ളത്. ശാരീരികവും മാനസികവുമായ ചില ലക്ഷണങ്ങൾ വച്ചാണ് അതു നിർണയിക്കേണ്ടത്.
വാതപ്രകൃതി ഉള്ളവർക്ക്
ദഹനപഥത്തിന്റെ ചലനം സ്വാഭാവികമായിത്തന്നെ കുറവായതിനാൽ ചലനത്തെ സന്തുലനാവസ്ഥയിൽ നിലനിർത്തുന്ന വിഭവങ്ങൾ ആവശ്യമാണ്,
കഴിക്കാവുന്നത് :
∙ കഴിക്കുന്നതിലെല്ലാം ജലാംശമോ നെയ്യുടെ അംശമോ ഉണ്ടാകുന്നതു നല്ലതാണ്.
∙ തവിടോടു കൂടിയ ധാന്യങ്ങളാണു കൂടുതലും കഴിക്കേണ്ടത്.
∙ മധുരം, പുളി, ഉപ്പ് എന്നീ രസങ്ങളാണ് അനുയോജ്യം.
∙ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം.
∙ കായം, മല്ലി, ജീരകം എന്നിവ ആഹാരങ്ങളിൽ ഉൾപ്പെടുത്താം.
ഒഴിവാക്കേണ്ടത് :
∙ ദഹിക്കാൻ ഏറെ സമയമെടുക്കുന്നതും ദഹനക്കേടുണ്ടാക്കുന്നതുമായ വിഭവങ്ങൾ
∙മൈദ കൊണ്ടുള്ള പലഹാരങ്ങൾ
∙ വയറ്റിൽ ഗ്യാസ് ഉണ്ടാക്കുന്ന വിഭവങ്ങൾ
∙ കയ്പുള്ള പച്ചക്കറികൾ, കാബേജ്, കോളിഫ്ലവർ
∙ കടല, കിഴങ്ങ്
പിത്ത പ്രകൃതിക്കാർക്ക്
ഇത്തരക്കാരിൽ ഉപാപചയത്തിന്റെ നിരക്കു കൂടുതലായതിനാൽ അതിനനുയോജ്യമായ ആഹാരങ്ങൾ ആവശ്യമാണ്.
കഴിക്കാവുന്നത് :
∙ കയ്പ്, മധുരം, ചവർപ്പ് എന്നീ രസങ്ങൾ അനുയോജ്യം
∙ പഴങ്ങൾ, പച്ചക്കറികൾ, പയർ, സോയാബീൻ
∙ വെള്ളരി, മത്തൻ, കുമ്പളം, കാബേജ്, കോളിഫ്ലവർ, പടവലം, ഉരുളക്കിഴങ്ങ്
. മല്ലി, ചെറുധാന്യങ്ങൾ, ചെറുപയർ പോലുള്ളവ
ഒഴിവാക്കേണ്ടത് :
∙ കൂടുതൽ എരിവ്, പുളി, ഉപ്പ്, അച്ചാറ്, മസാല, ഉഴുന്ന്, വെളുത്തുള്ളി, കോഴിയിറച്ചി (വറുത്തതും പൊരിച്ചതും), ചായ, കാപ്പി, മുളക്, വഴുതന
കഫ പ്രകൃതി ആണെങ്കിൽ
ഉപാപചയ നിരക്കു കൂടുതലായതിനാൽ കാലറി നിലവാരം കൂടുതലുള്ള ആഹാരങ്ങൾ ഒഴിവാക്കുന്നതാണു നല്ലത്.
കഴിക്കാവുന്നത് :
∙ പയർവർഗം കൂടുതൽ, ധാന്യങ്ങൾ കുറവ്, തവിടോടുകൂടിയ ചെറുധാന്യങ്ങൾ
∙ എരിവ്, കയ്പ്, ചവർപ്പ് എന്നിവ അനുയോജ്യം
∙ പാലുല്പന്നങ്ങളിൽ മോര് കൂടുതൽ നല്ലത്.
∙ മലര്, കുരുമുളക്, ഇഞ്ചി
∙ കോഴിയിറച്ചി, ആട്ടിറച്ചി
ഒഴിവാക്കേണ്ടത് :
∙ ഉഴുന്ന്, നേന്ത്രപ്പഴം, സവാള, മത്സ്യം, പാൽ, തൈര്, മധുരം, ഉപ്പ്, പുളി എന്നിവ കുറയ്ക്കുക. വെളുപ്പിച്ച അരി, ബ്രെഡ് എന്നിവ നല്ലതല്ല.
ദഹനശേഷി, ശരീരകോശങ്ങളുടെ ആവശ്യകത എന്നിവയനുസരിച്ച് ഓരോ പ്രായത്തിലും ആഹാരത്തിന്റെ തരത്തിലും മാറ്റം വരുത്തേണ്ടി വരാം. ചെറിയ കുട്ടികളിലും മുതിർന്നവരിലും പൊതുവെ ദഹനശേഷി കുറവായതുകൊണ്ട് എളുപ്പം ദഹിക്കുന്നതും എന്നാൽ പോഷകമൂല്യമുള്ളതുമായ ആഹാരങ്ങളാണു നല്ലത്. ജലാംശം കൂടുതലുണ്ടാകുന്നതാണുചിതം. കൗമാരക്കാരുടെ ആഹാരത്തിൽ ധാതുലവണങ്ങളുടെ അളവു കൂടുതലായിരിക്കണം. ആർത്തവവിരാമത്തോടടുത്ത സ്ത്രീകളുടെ ആഹാരത്തില്‍ കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയുടെ അളവു കൂടുതലായിരിക്കണം. പൊതുവെ പഴങ്ങളും പച്ചക്കഴികളും നന്നായി കഴിക്കാൻ നിർദ്ദേശിക്കാവുന്നതാണ്. ധാന്യങ്ങളുടെ തവിടിൽ ധാരാളം ധാതുലവണങ്ങളടങ്ങിയതിനാല്‍ തവിടോടെയുള്ള ധാന്യങ്ങൾ കഴിക്കാവുന്നതാണ്.
ഇത്തരത്തിൽ ഓരോരുത്തരുടെയും ശരീരപ്രകൃതിക്കിണങ്ങിയ ആഹാരശീലങ്ങൾ ഉറപ്പുവരുത്താൻ സാധിച്ചാൽ നിരവധി രോഗങ്ങളെ പ്രതിരോധിക്കാൻ നമുക്കു സാധിക്കും.
ഡോ. പി.എം. മധു
ഗവ. ആയുർവേദ കോളജ്, കണ്ണൂർ