സെൽഫ് ഡേറ്റിങ് പോലെ ഒറ്റയ്ക്കുള്ള യാത്രകൾ, മെഡിറ്റേഷനും ബ്രീതിങ് വ്യായാമങ്ങളും... ജീവിതത്തെ സന്തോഷമുള്ളതാക്കുന്നതിന് പെപ്പെയുടെ സീക്രട്ട്സ് Antony Varghese -Unlocking the Secrets of Wellness
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർഗീസിന്റെ അരങ്ങേറ്റം. തുടക്കക്കാരന്റെ സങ്കോചങ്ങളൊന്നുമില്ലാതെ വിൻസെന്റ് പെപ്പെയായി നല്ല തകർപ്പൻ പ്രകടനം. ജെല്ലിക്കെട്ടിലെ ആന്റണിയും ആർഡിഎക്സിലെ ഡോണിയും കൊണ്ടലിലെ മാനുവലും ദാവീദിലെ ആഷിക് അബുവും ഉൾപ്പെടെ ആന്റണിയുടെ കഥാപാത്രങ്ങളെല്ലാം പൗരുഷം നിറഞ്ഞവരാണ്. ഇപ്പോൾ കാട്ടാളൻ എന്ന ആക്ഷൻ ത്രില്ലർ സിനിമയുടെ ഷൂട്ടിലാണ് താരം. അടുക്കും ചിട്ടയുമായി ജീവിതത്തെ ക്രമപ്പെടുത്തുന്നതിന്റെ രഹസ്യങ്ങൾ ആന്റണി വർഗീസ് പങ്കു വയ്ക്കുന്നു,
ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നത് എങ്ങനെ?
കൃത്യമായി ഡയറ്റു ചെയ്യുന്നുണ്ട്. നന്നായി വെള്ളം കുടിക്കും. ക്രിക്കറ്റ് പ്രാക്‌റ്റീസ് ഉണ്ട്. സൈക്ലിങ്ങും ചെയ്യുന്നു. വീടിനടുത്തു നിറയെ മരങ്ങളും പൂക്കളുമുള്ള ഒരു ആശ്രമം ഉണ്ട്. അവിടെ നടക്കാൻ പോകും. വ്യായാമങ്ങൾ ഒാരോന്നും ഒരു മണിക്കൂർ വീതമാണു ചെയ്യുന്നത്. ഒരു ദിവസം പല വ്യായാമങ്ങൾ ചെയ്യുമ്പോൾ മടുക്കില്ല. ജിമ്മിൽ ദിവസവും പോകുന്നുണ്ട്. ഇതൊക്കെ ഷൂട്ടില്ലാത്തപ്പോഴും കൃത്യമായി ചെയ്യും.
പ്രിയപ്പെട്ട ആഹാരം ?
ഏറ്റവും ഇഷ്ടമുള്ളതു ചോറും മാങ്ങാക്കറിയുമാണ്. ഉണക്കമീനും ചതച്ച ഉള്ളിയുമൊക്കെ ചേർത്തു വറുത്തു മമ്മിയൊരു ഡിഷ് ഉണ്ടാക്കും. അതിന് ഉഗ്രൻ ടേസ്‌റ്റാണ്. അച്ചിങ്ങാ ഉലർത്തിയതും മീനും ഇഷ്ടമാണ്.
സമ്മർദങ്ങളെയും ടെൻഷനെയും അതിജീവിക്കുന്നത്?
രാവിലെ ഉണരുമ്പോൾ മെഡിറ്റേഷൻ ചെയ്യും. യൂട്യൂബിലെ മെഡിറ്റേഷൻ വിഡിയോകൾ കാണാറുണ്ട്. ചൈനീസ് മ്യൂസിക് യൂട്യൂബിൽ ലഭ്യമാണ്. അതു പ്രഭാതത്തിൽ കേൾക്കും. രാത്രി കിടക്കുമ്പോഴും കേൾക്കാറുണ്ട്. അതെല്ലാം മനസ്സ് ഫ്രീയാക്കും. ബ്രീതിങ് എക്സർസൈസുകൾ ചെയ്യാറുണ്ട്. പതിവായി ചെയ്യാൻ കഴിയാറില്ലെങ്കിലും ടെൻഷനുള്ളപ്പോൾ ബ്രീതിങ് എക്സർസൈസുകൾ ചെയ്യുമ്പോൾ ഏറെ റിലാക്സഡ് ആകും. യാത്രകൾ വളരെ ഇഷ്ടമാണ്. ഒരു സിനിമയുടെ ഷൂട്ടു തീരുന്ന ബ്രേക്കിൽ യാത്രകൾ പോകാറുണ്ട്. ഡ്രൈവ് ചെയ്യാറുമുണ്ട്. മസനഗുഡി, കബനി ...അങ്ങനെ. അനിമൽ സൈറ്റിങ്ങിനായും പോകാറുണ്ട്. ഇടയ്ക്ക് വിദേശയാത്രകളും ഉണ്ട്.
യാത്ര നൽകുന്ന റിലാക്സേഷൻ ?
എനിക്കു യാത്ര എന്നത് ആ സ്ഥലത്ത് എത്തുമ്പോൾ മാത്രം സന്തോഷം തരുന്ന ഒന്നല്ല. യാത്ര പ്ലാൻ ചെയ്യുമ്പോൾ, അവിടെ എന്തൊക്കെ കാണണം എന്നു തീരുമാനിക്കുമ്പോൾ മുതൽ ഞാൻ സന്തോഷിച്ചു തുടങ്ങുകയാണ്. പോകുന്ന വഴിയിൽ വായിക്കാനുള്ള പുസ്തകങ്ങളും വാങ്ങും. ഇൻസ്പിരേഷനൽ ബുക്കുകളാണിഷ്ടം. എയർപോർട്ടിൽ നിന്ന് ഇൻസ്പിരേഷനൽ ബുക്കു വാങ്ങി വായിക്കുന്നത് എന്റെ പ്രധാന ഹോബിയാണ്. ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടു മാറ്റിയ പുസ്തകം ‘ദി ആൽകെമിസ്‌റ്റ് ’ ആണ്. ജീവിതത്തിൽ ഒരു സങ്കടം വന്നാൽ വായിക്കാനിഷ്ടവും ആൽകെമിസ്‌റ്റ് തന്നെ.ഇപ്പോൾ ആൽകെമിസ്‌റ്റ് വീണ്ടും വായിക്കുകയാണ്. കുടുംബമായും ഒറ്റയ്ക്കുമുള്ള യാത്രകൾ ഇഷ്ടമാണ്. ഒറ്റയ്ക്കുള്ള യാത്രകളിൽ നാം നമുക്കു തന്നെ കുറച്ചു സമയം നൽകും. സെൽഫ് ഡേറ്റിങ് എന്നു പറയുന്നതു പോലെ. നാം എന്താണെന്ന് ആ സമയത്തു തിരിച്ചറിയാനാകും. അതു നമ്മിലേക്കുള്ള മടക്കം തന്നെയാണ്. ഒാരോരുത്തരും അവരവർക്കു കുറച്ചു സമയം നൽകണം എന്നാണു പറയാനുള്ളത്.
ആയോധനകലകൾ അഭ്യസിക്കുന്നതു ജീവിതത്തെ സ്വാധീനിക്കുമോ?
തീർച്ചയായും. ഒരു ആയോധനകല പഠിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പണ്ടു കുറേനാൾ കരാട്ടെ പഠിച്ചിരുന്നു. ആയോധനകലകൾ അഭ്യസിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഡിസിപ്ലിൻ ഉണ്ടാകും. ഡിസിപ്ലിൻ ഉണ്ടായാൽ ലഹരി ഉപയോഗം പോലുള്ള ശീലങ്ങളിലേക്ക് ആരും പോകില്ല. നല്ല ചിട്ടയോടെയുള്ള ജീവിതത്തിൽ ലഹരിക്കു കയറിക്കൂടാനാകില്ല. ഒരു കായിക ഇനമോ ആയോധനകലയോ അഭ്യസിച്ചു തുടങ്ങുന്നയാൾക്ക് അതിൽ മികവു പുലർത്തണമെന്ന ആഗ്രഹം ഉണ്ടാകുന്നു, ഫിറ്റ്നസ് ലഭിക്കുന്നു. ആത്യന്തികമായി ജീവിതത്തിൽ സന്തോഷമുണ്ടാകുന്നു. ആർഡിഎക്സ് എന്ന സിനിമ കണ്ടിട്ടു കുറേ കുട്ടികൾ കരാട്ടെ പഠിക്കാൻ ചേർന്നു എന്നു ഞാൻ കേട്ടിരുന്നു. ഇനി ദാവീദ് കണ്ടിട്ടു ബോക്സിങ് പരിശീലിക്കാൻ കുറേ പേർക്ക് ഇൻസ്പിരേഷൻ കിട്ടിയാൽ അതു നല്ലതാണ്. ബോക്സിങ് നന്നായി പരിശീലിച്ചാൽ ഒളിംപിക്സ് മെഡൽ വരെ വാങ്ങാം. മാത്രമല്ല, അതു സെൽഫ് ഡിഫൻസും കൂടി നൽകുന്നു. ഒരു ആയോധനകല അഭ്യസിക്കുമ്പോൾ നമുക്കു ക്ഷമ ഉണ്ടാകും. ഇതെല്ലാം നമ്മുടെ ജീവിതത്തെ മാറ്റി മറിക്കും. ജീവിതമാണു ലഹരി എന്ന സത്യം നമുക്കു ബോധ്യപ്പെടും.
ജീവിതാനുഭവങ്ങൾ പഠിപ്പിച്ച പാഠങ്ങൾ ?
സന്തോഷത്തോടെയിരുന്നാൽ നമ്മുടെ ജീവിതത്തിലും സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കും. ഒരു കാര്യത്തിലും ടെൻഷൻ വേണ്ട. ഇന്ന്, ഈ നിമിഷത്തിൽ അടിപൊളിയായി ജീവിക്കുക. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്താതിരിക്കുക. എല്ലാവരെയും ബഹുമാനിക്കുക. ജീവിതത്തിൽ എന്താണോ അതായിരിക്കുക. അതു കൊണ്ടു തന്നെ നടൻ എന്ന ഇമേജിനപ്പുറം ഞാൻ എന്റെ ജോലി ചെയ്യുകയാണെന്നു കരുതാനാണ് എനിക്കിഷ്ടം.