Thursday 18 April 2024 12:32 PM IST

‘വരിഞ്ഞുമുറുക്കിയ വിഷാദം എന്നെയും പിടികൂടിയിട്ടുണ്ട്, ആ മുറിവുകൾ ഉണക്കിയത് ഈ മാജിക്’: ഫാ. ബോബി ജോസ് കട്ടിക്കാട്

Santhosh Sisupal

Senior Sub Editor

bobyfr6876

പള്ളിക്കൂടത്തിലേക്കുള്ള വഴിയാണ്, പള്ളിക്കൂടത്തേക്കാൾ നല്ലത്. ക്ലാസിൽ വൈകിയെത്താനുള്ള കാരണങ്ങളിൽ ഒന്നായിരുന്നു അത്...

ഒാർമകളുടെ ചില്ലലമാരയിൽ ബാല്യമാണ് നിറയെ... ഒരു ജലരാശിയുെട നനവ് ജീവിതം മുഴുവൻ പടർത്താൻ പോന്ന ബാല്യം.

‘‘പതിനഞ്ചു വയസ്സുവരെ മാത്രമാണു ഞാൻ വീട്ടിൽ കഴിഞ്ഞത്. പിന്നീട് ആശ്രമത്തിലായിരുന്നു. ആ കുറച്ചു വർഷങ്ങളിലെ അ നുഭവങ്ങൾ പുസ്തകമെഴുതാനായി ഓർത്തെടുക്കാൻ തുടങ്ങിയപ്പോൾ ഒന്നിനു പിറകേ ഒന്നായി ഒഴുകിയെത്തി... അതു നൂറു കവിഞ്ഞു. എന്നാൽ ആ ബാല്യത്തിനു ശേഷമുള്ള കാലത്തെ ഓർത്തെടുക്കാൻ പറഞ്ഞാൽ ചിലപ്പോൾ ഒറ്റവരിയിൽ തീരാം... ആശ്രമത്തിൽ ചേർന്നു. അത്രമാത്രം. ഒരു നല്ല ബാല്യമാണ്, ഒരാളുടെ പിന്നീടുള്ള ജീവിതം എത്രമാത്രം ആനന്ദമുള്ളതെന്നു നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. കുട്ടികൾക്ക് ഏറ്റവും നല്ല ഓർമകൾ നൽകാൻ നമുക്കു കഴിയുമെങ്കിൽ അതാണ് അവർക്കു കൊടുക്കാവുന്ന എറ്റവും നല്ല സമ്മാനം’’- കഥയും കവിതയും കളിചിരികളുമായി സന്യാസ ജീവിതത്തിനു സവിശേഷമായ സൗന്ദര്യം പകരുന്ന, കപ്പൂച്ചിൻ സന്യാസി സഭയിലെ വൈദികനായ ഫാ. ബോബി ജോസ് കട്ടിക്കാട് മനസ്സ്, ആനന്ദം, സംതൃപ്തി തുടങ്ങിയവയെപ്പറ്റി സംസാരിക്കുന്നു.

ഓർമകളുെട ജലരാശികൾ

ഷൂട്ടു ചെയ്യപ്പെട്ട ഒരു സിനിമ ഏറ്റവും മനോഹരമാകുന്നത് എഡിറ്റിങ് ടേബിളിലാണ്. ആവശ്യമുള്ളവ മാത്രം നിലനിർത്തി, ആവശ്യമില്ലാത്തവ ചോർത്തിക്കളയുന്ന പ്രക്രിയയാണിത്. ഓർമകളാണു നമ്മുെട മാനസിക ലോകത്തെ രൂപപ്പെടുത്തുന്നത്. തടഞ്ഞു നിൽക്കാനുള്ള കടമ്പകളാവരുത് ഓർമകൾ, മറിച്ചു കുതിച്ചു ചാടാനുള്ള പടിക്കെട്ടുകളാവണം. ഇന്ന് അൻപതുകളുെട മുന്നിലും പിന്നിലുമായി ജീവിക്കുന്ന തലമുറക്കാരിൽ അധികം പേർക്കും വേണ്ടത്ര പരിഗണന കിട്ടിയ ഒരു ബാല്യമായിരുന്നില്ല. അച്ഛനമ്മമാരുടെ നേരത്തേയുള്ള വിവാഹം, അവരുടെ പ്രശ്നങ്ങൾ പറഞ്ഞു തീരും മുൻപേ തന്നെ നാലും അഞ്ചു കുട്ടികൾ.. സ്വാഭാവികമായും പരിഗണന കിട്ടാതെ പോകാം.

ഇതേ പിഴവുകൾ ഇന്നത്തെ കുട്ടികളോടു നമുക്ക് ആവർത്തിക്കാതിരിക്കാം. ചരിത്രം മനസ്സിലാക്കുന്നത് അ ത് ആവർത്തിക്കാതിരിക്കാൻ കൂടി ആവണമല്ലോ. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികൾക്ക് ഏറ്റവും നല്ല ഓർമകൾ സമ്മാനിക്കാം.

മീൻവേൾഡ് സിൻഡ്രം

കൂടുതൽ മോശമായ, അപകടകരമായ ഒരു ഇടമായി ലോകം മാറിക്കൊണ്ടിരിക്കുകയാണന്ന ധാരണ പരക്കുന്ന അവസ്ഥയാണ് മീൻവേൾഡ് സിൻഡ്രം. എന്നാൽ ഇതു തെറ്റാണ്.

കൺതുറന്നു നോക്കൂ... നമ്മുടെ ചുറ്റുപാടുകൾ കൂടുതൽ മനോഹരമാവുകയും ജീവിതസൗകര്യങ്ങൾ മെ ച്ചപ്പെടുകയുമല്ലേ ചെയ്യുന്നത്. കുറ്റപ്പെടുത്തലുകൾക്ക് എന്നും ഇരയാവുന്നതു പുതുതലമുറയാണ്. അവർ നശിച്ചു പോയി എന്നു വിലപിക്കുന്നവർ അവരെ ഒന്നു ശ്രദ്ധയോടെ നീരീക്ഷിക്കൂ...ബോഡിഷെയിമിങ് അടക്കമുള്ള കളിയാക്കലുകൾ ഇന്നത്തെ കുട്ടികളിൽ കാണുന്നുണ്ടോ?.

ജാതിയുടെയോ നിറത്തിന്റെയോ പേരിൽ കളിയാക്കപ്പെടുന്നില്ല. ആൺപെൺ‌ ഭേദം പോലും അവർക്കു മറികടക്കാനായിരിക്കുന്നു. അതെ നമ്മുടെ പുതിയ ലോകം, പുതിയ തലമുറ കൂടുതൽ മെച്ചപ്പെടുക തന്നെയാണ്.

ആനന്ദത്തിന്റെ ജാലകങ്ങൾ

വിജയം, സന്തോഷം, സംതൃപ്തി തുട ങ്ങിയവയെല്ലാം തന്നെ വ്യത്യസ്തമോ അല്ലെങ്കിൽ പരസ്പരം ബന്ധമില്ലാത്തതോ ആയിത്തീരാറുണ്ട്. ഒരു വിജയവും നേടാതെ അർഥവത്തായ ആനന്ദമുള്ള ജീവിതം നയിക്കുന്നവരുണ്ട്. ഒരു പക്ഷേ അത്തരക്കാരാണു കൂടുതൽ. അതിനാൽ വിജയത്തിന്റെ പര്യായമല്ല ആനന്ദവും സന്തോഷവും സംതൃപ്തിയുമൊക്കെ എന്നു വ്യക്തമായി മനസിലാക്കണം. പലപ്പോഴും തൊട്ടടുത്തുതന്നെയുണ്ടായിട്ടും സന്തോഷം തേടിനടക്കുന്ന പലരും അറിയാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. ആനന്ദത്തിലേക്കും സംതൃപ്തിയിലേക്കുമൊക്കെ നയിക്കാൻ സഹായിക്കുന്ന അത്തരം കാര്യങ്ങളിലേക്കു നമുക്കു ജാലകങ്ങൾ തുറന്നിടാം.

സൃഷ്ടി തന്നെ ആനന്ദം

ആനന്ദം രൂപപ്പെടുത്താനുള്ള ഏറ്റവും ലളിതവും ഉറപ്പുള്ളതുമായ മാർഗം സൃഷ്ടിപരത തന്നെയാണ്. മണ്ണിൽ കുഴിച്ചിട്ട ഒരു പയർമണിയിൽ നിന്നും മുളപൊട്ടി വളർന്നു വലുതാകുന്നതു ശ്രദ്ധിക്കുന്നിടത്തു കിട്ടുന്ന ആനന്ദം സൃഷ്ടിപരതയുടേതാണ്. അതിനു പിന്നിലുള്ള നമ്മുടെ പങ്ക് ആനന്ദത്തിന്റെ വിത്താകുന്നു.

പണ്ടു പറയുമായിരുന്നു രണ്ടു രൂപയുെട ചൈനാപേപ്പറുണ്ടെങ്കിൽ ഒരു പുളിമരത്തെ ക്രിസ്മസ് ട്രീ ആക്കാമെന്ന്. പാർക്കുന്ന ലോകത്തെ അലങ്കരിക്കാനുള്ള മനോഭാവം കൈമുതലായുണ്ടെങ്കിൽ ആനന്ദം കൂടെയുണ്ടാകും. പണ്ടൊക്കെ നമ്മുെട ഓരോ ഭക്ഷണത്തിനും ഒരേ രുചിതന്നെയായിരുന്നു. ടേസ്റ്റ് ലോക്ക് അഥവാ പൂട്ടപ്പെട്ട രുചികളായിരുന്നു അന്ന്. എന്നാൽ ഇന്നത്തെ കുട്ടികൾ, ഭക്ഷണത്തെ ആ അതിർവരമ്പിൽ നിന്നും മോചിപ്പിച്ചിരിക്കുന്നു. ഇന്നത്തെ ഓരോ ഭക്ഷണശാലയ്ക്കും അവരുടേതായ ഒരു കയ്യൊപ്പുണ്ട്. ഒരു സാധാരണ ചായപോലും ഒരിത്തിരി ഏലയ്ക്കയിട്ടോ, ചില ഇലകൾ കൂടി ചേർത്തോ, വിളമ്പുന്ന രീതികൾ മാറ്റിയോ ഒക്കെ സൃഷ്ടിപരതയുെട ആനന്ദം നമ്മെ അനുഭവിപ്പിക്കുന്നു.

കൈകൾ തുറന്നു വയ്ക്കാം

നമ്മുെട തലച്ചോറിലെ നാലു ഹാപ്പി ഹോർമോണുകളും രൂപപ്പെടാൻ വഴിയൊരുക്കുന്നതിൽ കൈകൾക്കുള്ള പ ങ്കു വലുതാണ്. സമൂഹത്തോട്, ചുറ്റുപാടുകളോട്, പ്രകൃതിയോട് കൈകളാൽ ചിലതു ചെയ്യുമ്പോഴാണ് ഹാപ്പി ഹോർമോൺസ് കൂടുന്നത്. കൈകൂപ്പുമ്പോഴും കയ്യടിക്കുമ്പോഴും കെട്ടിപ്പിടിക്കുമ്പോഴും മുതൽ കൈകൾകൊണ്ട് ഓരോന്നും മൈൻഡ്ഫുൾ ആയി ചെയ്യുമ്പോഴും സന്തോഷത്തിന്റെ രാസതൻമാത്രകൾ തലച്ചോറിൽ പരുവപ്പെടുന്നുണ്ട്. ഈ കണക്ടിവിറ്റി തുറന്നിടുന്നത് അനുകമ്പയുടെയും തന്മയീഭാവത്തിന്റെയും ആനന്ദജാലകങ്ങളാണ്.

അറിവേകും സംതൃപ്തി

ഏതു തരത്തിലുള്ള അറിവും നിപുണതയും പകരുന്നത് ആനന്ദവും സംതൃപ്തിയും തന്നെ. സൈക്കിൾ ബാലൻസ് ചെയ്ത് ഓടിക്കാൻ തുടങ്ങിയിടത്തു കിട്ടിയതു മുതൽ ഓരോ അറിവും പകർന്നത് ആനന്ദമല്ലാതെ മറ്റൊന്നുമല്ല. എവിടെയൊക്കെയോ ഇരുന്നു മനുഷ്യർ അവരുടെ ലോകത്തെ ജ്ഞാനത്തിലൂടെ വിശാലമാക്കുകയും അതിലൂടെ ആനന്ദം നേടുകയും ചെയ്യുന്നു.

വൈകാരിക വിശുദ്ധി

വൈകാരിക വിശുദ്ധിയെന്നു വിളിക്കവുന്ന നിഷ്‌കളങ്കത ആന്ദത്തിലേക്കുള്ള മറ്റൊരു ജനാലയാണ്. അൽപമൊന്നു മനസ്സുവച്ചാൽ‌ ഏതൊരാൾക്കും അടിസ്‌ഥാനപരമായ നിഷ്കളങ്കത പുലർത്താനാവും.

ബൈബിളിലെ ‘വീണ്ടും പിറക്കും’ എന്ന പ്രയോഗം തന്നെ അടിസ്ഥാന നിഷ്കളങ്കത തിരിച്ചു പിടിക്കുക എന്നതാണു ലക്ഷ്യം വയ്ക്കുന്നത്. ശുദ്ധമായ മനസ്സാക്ഷിയും ഒത്തിരികാര്യം ചുമ ന്നു നടക്കാത്ത തലച്ചോറുമൊക്കെ ആന്ദത്തിന്റെ പടവുകളാണ്. എന്റെ ആവശ്യത്തിനുതകുന്നവ മാത്രം കൈവശം വയ്ക്കുമ്പോൾ മനസ്സിനു കിട്ടുന്ന ഒരു ഭാരക്കുറവുണ്ട്. അത് ആനന്ദത്തിലേക്കുള്ള യാത്ര എളുപ്പമാക്കും.

മുറിവേറ്റ ഒാർമകളെ മണലിൽ കുറിയ്ക്കാനും നല്ല ഒാർമകളെ പാറയിൽ കൊത്തിവയ്ക്കാനും കഴിയുന്ന അവ സ്ഥയിലേക്കു നമ്മൾ ഉയരേണ്ടതുണ്ട്. മണലോർമകൾ അടുത്തകാറ്റിൽ മാഞ്ഞുപോകണം. അങ്ങനെ ഓർമകളേയും വിശുദ്ധമായി നിലനിർത്തുമ്പോൾ ജീവിതം ആയാസരഹിതമാവും ആനന്ദപ്രദമാകും.

വിഷാദത്തിന്റ തൂവൽ കൊഴിച്ച്...

വിഷാദാനുഭവം ഒരു കുടുംബ പാരമ്പര്യമെന്ന പോലെ എ ന്നിലേക്കും കടന്നു വന്നിട്ടുണ്ട്. ഒരു മൂന്നു വർഷക്കാലം എങ്ങും പോകാതെ, എല്ലാറ്റിൽ നിന്നും പിൻമാറി പുറത്തിറങ്ങാതിരുന്ന ഒരു കാലമുണ്ട്. അധികം പഴക്കമുള്ള കഥയല്ലത്. ആ അവസ്ഥയ്ക്കു പോലും രണ്ടുവശമുണ്ടെന്നു തോന്നി. ഒരുവശത്ത് ഇതു ബുദ്ധിമുട്ടുണ്ടാക്കും. മറുവശത്ത്, ഒരു പക്ഷേ ഇതുള്ളതുകൊണ്ടാവും എനിക്ക് എന്റെ ഏകാന്തകളെ ഇത്ര ഭംഗിയാക്കാൻ പറ്റുന്നത്. കുറച്ച് എഴുത്തും വായനയും അല്ലെങ്കിൽ കുറച്ചു നേരം കണ്ണും പൂട്ടിയിരിക്കാനുള്ള സാവകാശമോ സമാധാനമോ ഉണ്ടാകുന്നതു വിഷാദത്തോടുള്ള ചായ്‌വുകൊ‌ണ്ടാകാം. പാരമ്പര്യമായി കിട്ടിയതിൽ എന്തെങ്കിലും ഒന്ന് അഭിമാനത്തോടെ ഓർക്കണമെങ്കിൽ പറയുക, എനിക്കുണ്ടായ വിഷാദാനുഭവങ്ങളെയാവും. ഒരാൾ ഏറ്റവും ക്രിയേറ്റീവ് ആകുന്നതും ജീവിതത്തോട് അഗാധമായി വിനിമയം നടത്തുന്നതുമെല്ലാം ഇതുപോലുള്ള ഒറ്റത്തുരുത്തുകളിലായിരിക്കുമ്പോഴാണ്. ആവേശങ്ങളോ ആരവങ്ങളോ അത്തരം മനുഷ്യർ സൃഷ്ടിക്കുന്നില്ല. അതിനിടയിൽ അവർ വേഗം ക്ഷീണിച്ചുപോകും. എലികൾ ഒരിക്കലും സമാധാനമായിരിക്കുന്നതു കണ്ടിട്ടില്ല. എന്തിനെന്നറിയാത്ത അത്തരം ഓട്ടപ്പാച്ചിലുകളിൽ പെടാതിരിക്കുക. ആ സമയത്തു നമുക്കു ചാരിനിൽക്കാൻ ഒരു വിശ്വസമോ എ ന്തെങ്കിലുമൊക്കെയോ ഉള്ളതു നല്ലതാണ്. ജീവിതമെന്ന പാക്കേജിൽ വിഷാദാനുഭവവും ഉണ്ടാകാം. ആ ഒരു വളവു കടന്നു പോയി. കടന്നു പോയില്ലെങ്കിലും എന്ത്? എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്.