Friday 03 June 2022 02:19 PM IST : By സ്വന്തം ലേഖകൻ

ചെറിയ കാര്യങ്ങളിലെ ടെൻഷൻ... ഈ ആധി കയറൽ നിങ്ങളെ പാനിക് അറ്റാക്കിൽ കൊണ്ടെത്തിക്കും: വിശദമായി അറിയാം

dwer34r

ചെറിയ കാര്യത്തിൽ പോലും അതിരറ്റ് ആശങ്കപ്പെടുന്നവരെ കണ്ടിട്ടില്ലേ...? പ്രിയപ്പെട്ടവരാരെങ്കിലും പുറത്തുപോയി വരാൻ താമസിച്ചാൽ ആധി കയറി ബോധംകെടുന്നവർ, ചെയ്തു തീർക്കേണ്ട ചെറിയ ജോലി പോലും അമിതമായ ഉത്കണ്ഠയ്ക്കടിപ്പെട്ടു ചെയ്തു തീർക്കാനാകാതെ പ്രയാസപ്പെടുന്നവർ...

ചെറിയ തോതിലുള്ള ഉത്കണ്ഠ, നമുക്കു ചെയ്യാനുള്ള കാര്യങ്ങളെ ഏകോപിപ്പിക്കാനും കൂടുതൽ അതിലേക്ക് ഫോക്കസ് ചെയ്യാനും കൂടുതൽ ജാഗ്രതയോടെ ഒരു ജോലി ചെയ്യാനുമൊക്കെ നമ്മെ സഹായിക്കാറുണ്ട്. എന്നാൽ  വർധിതമായ ഉത്കണ്ഠ നമ്മുടെ ശ്രദ്ധയും ജാഗ്രതയും കുറയ്ക്കുകയാണു ചെയ്യുന്നത്.

ശരീരത്തിലെ ഹോർമോണുകളുടെ ഉൽപാദന പ്രശ്നങ്ങൾ മൂലം ഉപാപചയപ്രവർത്തനങ്ങൾ വർധിക്കുന്നു. തത്ഫലമായി കൂടുതൽ ക്ഷീണം തോന്നാം. ഊർജമൊക്കെ വറ്റി ആകെ തളർന്നതുപോലെ തോന്നാം.

അമിതമായതും അനിയന്ത്രിതമായതുമായ ആകുലതയും ഉത്കണ്ഠയുമാണ് പ്രധാനമായും കാണുന്നത്.

അസ്വസ്ഥത, ഒന്നിലും ശ്രദ്ധിക്കാൻ കഴിയാതെ വരിക, ഉറക്കപ്രശ്നങ്ങൾ എന്നി ലക്ഷണങ്ങളും ഉണ്ടാകും. എത്ര ചെയ്തിട്ടും ജോലി തീരാതിരിക്കുക, തുടർച്ചയായി തെറ്റുപറ്റുക, കാര്യങ്ങൾ കൃത്യമായി പറഞ്ഞുഫലിപ്പിക്കാനാകാതെ വരിക, വിക്കും വിറയലും എന്നിവയൊക്കെ ഉത്കണ്ഠയുടെ ഭാഗമാണ്.

പാനിക് അറ്റാക്ക്

ഉത്കണ്ഠ വർധിച്ച് അങ്ങേയറ്റമാകുമ്പോഴാണ് പാനിക് അറ്റാക്ക് എന്ന അവസ്ഥ സംഭവിക്കുന്നത്. അതായത് കടുത്ത ഉത്കണ്ഠയ്ക്കുമപ്പുറം പോകുന്ന അവസ്ഥ. പാനിക് അറ്റാക്ക് വളരെ കുറച്ചുനേരമേ നിലനിൽക്കുകയുള്ളൂ. പക്ഷേ, പാനിക് അറ്റാക്കിന്റെ സമയത്ത് ശരീരത്തിലെ അവശ്യ പ്രവർത്തനങ്ങളെല്ലാം (വൈറ്റൽ ഫങ്ഷൻസ് ) വർധിക്കും. അതായത് നെഞ്ചിടിപ്പു കൂടുക, ശ്വാസഗതി വർധിക്കുക, ശരീരം വിയർക്കുക, തലയിലേക്ക് രക്തം ഇരച്ചുകയറുന്ന പോലെയുള്ള തോന്നൽ, തലവേദന, കണ്ണിനു കാഴ്ച മങ്ങുക, ശബ്ദിക്കാൻ പറ്റാതെ പോലെ തോന്നുക. വിറയൽ, വയറു കാളുക, മനംപിരട്ടൽ, തലചുറ്റുന്നതുപോലെയുള്ള തോന്നൽ...ചിലരിൽ ഹൃദയാഘാതത്തിനു സമാനമായി നെഞ്ചുവേദനയോ നെഞ്ചിൽ അസ്വസ്ഥതയോ അനുഭവപ്പെടാം. അടിയന്തരമായ നടപടികൾ ആവശ്യമുള്ള ഒന്നാണ് പാനിക് അറ്റാക്ക്.

ഉത്കണ്ഠയുടെ കാരണങ്ങൾ

സാധാരണഗതിയിൽ, എവിടെനിന്നെങ്കിലും കണ്ടുപഠിക്കുന്ന ഒരു പെരുമാറ്റശീലമാണ് ഉത്കണ്ഠ എന്നു പറയാം. അതായത് അച്ഛനമ്മമാരുടെയോ അടുപ്പമുള്ളവരുടെയോ അമിതമായ ഉത്കണ്ഠാ പ്രതികരണങ്ങൾ കണ്ടുവളരുന്ന കുട്ടികളിൽ ഉത്കണ്ഠാരോഗം വരുന്നതായി കാണാറുണ്ടെന്നു പഠനങ്ങൾ കാണിക്കുന്നു. നമ്മുടെ ഉള്ളിലെ അരക്ഷിതാവസ്ഥയും അപകർഷതാബോധവുമൊക്കെ ഉത്കണ്ഠാ പ്രശ്നങ്ങളിലേക്കു നയിക്കാം. കുടുംബാംഗങ്ങളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ വേണ്ടത്ര മാനസിക പിന്തുണ ലഭിക്കാതെ വരുന്നതുമൂലമുള്ള ഒറ്റപ്പെടലും ഉത്കണ്ഠയ്ക്ക് കാരണമാകാം.ഏറ്റെടുക്കുന്നതും ചെയ്യുന്നതുമായ കാര്യങ്ങളെല്ലാം പരിപൂർണതയിലെത്തിക്കണമെന്ന നിർബന്ധബുദ്ധി അഥവാ പെർഫക്ഷനിസം ഉത്കണ്ഠ സൃഷ്ടിക്കാം. ജീവിതത്തെക്കുറിച്ച് ഒരു തെളിച്ചമില്ലാത്ത, ഏതുവഴിയെ പോകണം, എന്താകണം എന്ന് ആശയക്കുഴപ്പത്തിൽ പെട്ടുഴലുന്ന ആളുകളിൽ പതിയെ ഉത്കണ്ഠ രൂപപ്പെടാം. എന്തു ചെയ്യുമ്പോഴും അതിന്റെ ഫലത്തേക്കുറിച്ചുമാത്രം അത്യന്തം വ്യാകുലപ്പെടുന്ന, ആ ജോലി തെല്ലുമാസ്വദിക്കാത്തവരിലും ഉത്കണ്ഠ ഉണ്ടാകാം.

മറികടക്കാൻ ചെയ്യേണ്ടത്

ചെറിയ കാര്യങ്ങളിൽ ആകുലരാകുന്നുണ്ടെന്നു മനസ്സിലാക്കി കഴിഞ്ഞാൽ കാര്യങ്ങളെ നോക്കിക്കാണുന്ന രീതിക്കു വ്യത്യാസം വരുത്തണം. ദൈനംദിന ജീവിതത്തിൽ പതിവായി ചെയ്യുന്ന കാര്യങ്ങളെ ചൊല്ലി പോലും ഉൽകണ്ഠാകുലരാകുന്ന വ്യക്തികളുണ്ട്. എന്തുകൊണ്ട് ഇങ്ങനെ ആകുലരാകുന്നു എന്നു മനസ്സിലാക്കിയാൽ ഉത്കണ്ഠ കുറയ്ക്കാൻ എളുപ്പമാണ്.

∙ ഒരു ജോലി ചെയ്യുമ്പോഴോ എന്തെങ്കിലും കാര്യത്തിനായി പദ്ധതിയിടുമ്പോഴോ ആവശ്യത്തിൽ കവിഞ്ഞൊരു തയാറെടുപ്പ് നടത്തുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. ഉദാഹരണത്തിന് ഒരാഴ്ച കഴിഞ്ഞ് അവതരിപ്പിക്കേണ്ട ഒരു പ്രസന്റേഷനെക്കുറിച്ചു മാത്രമാണ് ഊണിലും ഉറക്കത്തിലുമുള്ള ആധി കയറൽ എന്നു കരുതുക. അങ്ങനെയുണ്ടെങ്കിൽ അത് ഉത്കണ്ഠാപ്രശ്നത്തെയാണ് സൂചിപ്പിക്കുക. പരിധി കവിഞ്ഞുള്ള ഇത്തരം ഒരുക്കങ്ങൾ കുറയ്ക്കുക തന്നെ വേണം. പകരം ചെയ്യേണ്ടുന്ന കാര്യങ്ങളെയെല്ലാം മുൻഗണനയനുസരിച്ച് വർഗീകരിച്ചിട്ട് ഒാരോന്നായി ആവശ്യമുള്ള തയാറെടുപ്പോടെ ചെയ്തു തീർക്കുക.

∙ ചിന്തകളിൽ കുറച്ച് ഫ്ലെക്സിബിലിറ്റി വരുത്തുക. അതായത് ഒരു കാര്യം നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ തന്നെ നടക്കണം എന്ന നിർബന്ധബുദ്ധി വേണ്ട. മറ്റൊരു പ്ലാൻ കൂടി മനസ്സിൽ കണ്ടുവയ്ക്കുക. പ്ലാൻ എ നടന്നില്ലെങ്കിൽ ഉപയോഗിക്കാൻ പ്ലാൻ ബി കൂടി കണ്ടുവയ്ക്കുക.

∙ ഉത്തരവാദിത്തങ്ങൾ പങ്കിടുക. ഒാഫിസ് ജോലിയായാലും വീട്ടിലെ പണികളായാലും പങ്കിടാവുന്നവ പങ്കിട്ടു ചെയ്തു തീർക്കുക. ഇതുവഴി ‘എന്തു കാര്യവും ഞാൻ തന്നെ ചെയ്താലേ ശരിയാകൂ ’ എന്ന ചിന്തയിൽ നിന്ന് മനസ്സിനെ കുറേയൊക്കെ മോചിപ്പിക്കാനാകും. ഉത്കണ്ഠപ്പെടുന്നതു കുറയ്ക്കാനുമാകും.

∙ ചിന്തകളിൽ കുരുങ്ങിക്കിടക്കാതെ ആയിരിക്കുന്ന സമയത്തിലേക്ക് മനസ്സിനെ പിടിച്ചുനിർത്താൻ ശ്രമിക്കണം. അതിനായി നമ്മുടെ ദിവസത്തെ ഒന്നു ഷെഡ്യൂൾ ചെയ്യുന്നത് നല്ലതാണ്. ഒാരോ മണിക്കൂറും ഫലപ്രദമായി ചെലവഴിക്കുന്ന രീതിയിൽ ഒരു ഷെഡ്യൂൾ തയാറാക്കുക. ഇതിനെ 3 ആർ സിസ്റ്റം എന്നു പറയും. റുട്ടീൻ, റെസ്പോൺസിബിലിറ്റീസ്, റിലാക്സേഷൻ...ഇതെല്ലാം ഉള്ള ഒരു ദിവസം.

റുട്ടീൻ എന്നത് നമ്മൾക്ക് ദിവസവും പതിവായി ചെയ്യുന്ന കാര്യങ്ങളാണ്. സാധാരണ ഉള്ള ഉത്തരവാദിത്തങ്ങൾ കൂടാതെ ചെറിയ സാമൂഹിക–സഹായപ്രവർത്തനങ്ങളെയാണ് റെസ്പോൺസിബിലിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആധികലർന്ന അമിത ചിന്തകൾ ഒഴിവാക്കാൻ 2–3 മണിക്കൂർ എങ്കിലും റിലാക്സേഷനായി മാറ്റിവയ്ക്കണം. വെറുതെ കിടക്കുകയോ ഉറങ്ങുകയോ അല്ല ഉദ്ദേശിക്കുന്നത്. ശരീരം അനങ്ങിയുള്ള ചലനങ്ങളാണ്. അതായത് സ്ട്രെച്ചിങ് ചെയ്യുക, ശരീരത്തിലെ ഒാരോ പേശികളായി മുറുക്കി അയയ്ക്കുന്ന പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ ചെയ്യുക, പുറത്തിറങ്ങി ഒന്നു നടക്കുക, ഡീപ് ബ്രീതിങ്, സ്കിപ്പിങ് പോലുള്ളവ ചെയ്യുക... ഇങ്ങനെ നമ്മുടെ ആരോഗ്യത്തിനും താൽപര്യത്തിനും അനുസരിച്ചുള്ള എന്തെങ്കിലും കായികപ്രവർത്തനങ്ങൾ ചെയ്യാം.

∙ വായനയോ പാചകപരീക്ഷണമോ പോലെ നമ്മളേറെ താൽപര്യത്തോടെ ചെയ്യുന്നതെന്തെങ്കിലും ആസ്വദിച്ചു ചെയ്യുന്നതും നല്ലതാണ്.

∙ ചെറിയ നേട്ടങ്ങളിൽ പോലും സ്വയം അംഗീകരിക്കുക, അഭിനന്ദിക്കുക. സ്വന്തം നേട്ടങ്ങളെ സ്വയമേ വിലയിരുത്തി സന്തോഷിക്കാൻ ശീലിക്കുക.

∙ നമ്മുടെ ഉള്ളിലുള്ള ഭയങ്ങളെ തിരിച്ചറിഞ്ഞ് അവയെ നേരിടാൻ ശ്രമിക്കുക. പലപ്പോഴും നമ്മുടെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന ഈ ചെറിയ പേടികളാകും ഉത്കണ്ഠ ഉണ്ടാക്കുന്നത്. ഈ പേടികളെതോൽപിക്കാനുള്ള മാർഗ്ഗം ഒളിച്ചോട്ടമല്ല, നേരിടലാണ്.

∙ ചിന്തകളുടെ കുരുക്കിലേക്ക് വീണ് ആധികയറിത്തുടങ്ങുന്ന സമയത്ത് പെട്ടെന്ന് തന്നെ കുറച്ചധികം ശ്രദ്ധ വേണ്ടുന്ന എന്തെങ്കിലും കാര്യത്തിൽ ആക്ടീവ് ആവുക. ഉദാഹരണത്തിന് ഒരു ബൗൺസിങ് ബോൾ എടുക്കുക. ഇനി ഭിത്തിയിൽ ഒരു വൃത്തം അടയാളപ്പെടുത്തി ഈ ബോൾ ഇടതുകൈ കൊണ്ട് അതിലേക്ക് എറിയുക, വലതുകൈ കൊണ്ട് പിടിക്കുക. അങ്ങനെ 8–10 തവണ ചെയ്യുമ്പോൾ നമ്മുടെ ശ്രദ്ധ ചിന്തകളിൽ നിന്നു മാറി ഈ പ്രവൃത്തിയിലേക്ക് ഫോക്കസ് ആവുന്നു. ചിന്തകൾ കാടുകയറുന്ന സമയത്ത് തന്നെ നമ്മൾ ഇരിക്കുന്ന സ്ഥാനത്തുനിന്നു മാറിയിരിക്കുന്നതും ശ്രദ്ധ തിരിച്ചുവിടാൻ സഹായിക്കും. ശരീരത്തിന്റെ പൊസിഷൻ മാറുന്നത് മനസ്സിന് ഒരു സിഗ്നൽ നൽകുകയാണ്. അതനുസരിച്ച് ചിന്തകളും മാറും.