Friday 21 June 2024 12:16 PM IST : By സ്വന്തം ലേഖകൻ

ജാനുവസ്തിയും ഉപനാഹവും, മുട്ടിലെ നീരിനു ലേപനങ്ങള്‍- മുട്ടുവേദനയ്ക്കുണ്ട് ഫലപ്രദമായ ആയുര്‍വേദ പരിഹാരങ്ങള്‍

knee3232

ആയുർവേദ ചികിത്സ തേടി വരുന്ന ബഹുഭൂരിപക്ഷം രോഗികളും പറയുന്ന ഒരു പ്രധാന രോഗലക്ഷണമാണ് കാൽമുട്ടു വേദന. കാൽമുട്ടു വേദന പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. സന്ധികൾക്കുണ്ടാകുന്ന ക്ഷതം, സന്ധിയിലെ വീക്കം, സന്ധിയിലെ തരുണാസ്ഥിക്കുണ്ടാകുന്ന നാ ശം എന്നിവ കാരണമാകാം.

തുടക്കത്തിൽ തൈലം വേണ്ട

സംഹിതാഗ്രന്ഥങ്ങളിൽ വാതരക്തം, ആമവാതം ,സന്ധിഗതവാതം ,അസ്ഥിഗതവാതം,ക്രോഷ്ട്ടുക ശീർഷം എന്നീ രോഗാവസ്ഥകളിൽ മുട്ടുവേദന ഒരു പ്രധാന ലക്ഷണമായി പറയുന്നുണ്ട്. ഓരോന്നിന്റെയും രോഗോൽപത്തി പ്രക്രിയയും ചികിത്സാസമീപനവും വ്യത്യസ്തമാണ്. വേദന എന്നു പറയുന്നതു കൊണ്ടു തന്നെ ആയുർവേദശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ ത്രിദോഷങ്ങളിൽ ഒന്നായ വാത ദോഷത്തിനു വളരെയധികം പ്രാധാന്യമുണ്ട്. അതുകൊണ്ടു സാധാരണ ജനങ്ങൾ ഇതൊരു വാതരോഗമായാണു കാണുന്നത്.

വാതദോഷത്തോടു ചേർന്നു നിൽക്കുന്ന പിത്ത രക്ത കഫങ്ങളുടെ അനുബന്ധത്തിനനുസരിച്ചു ചികിത്സാസമീപനവും വ്യത്യസ്തമാണ്. എല്ലാ മുട്ടുവേദനയ്ക്കും ഏതെങ്കിലും ഒരു തൈലം പുരട്ടിയാൽ മതി എന്ന വിശ്വാസം തികച്ചും അപ്രായോഗികമാണ്. സന്ധി വീക്കം കാരണം ഉണ്ടാകുന്ന മുട്ടുവേദനയിൽ തുടക്കത്തിലെ ഉള്ള തൈല പ്രയോഗം ചിലപ്പോൾ ഗുണത്തെക്കാളേറെ ദോഷം ചെയ്യും.

അസ്ഥിക്ഷയം- തേയ്മാനം

അസ്ഥിക്ഷയം, സന്ധിയിലെ തരുണാസ്ഥി തേയ്മാനം ഇവ കാരണം ഉണ്ടാകുന്ന മുട്ടുവേദനയാണു വളരെ വ്യാപകമായി കാണുന്നത്. കൂടുതലും പ്രായമായവരിലാണു മേൽപറഞ്ഞ മുട്ടുവേദന കാണപ്പെടാറുള്ളത്. നിന്നും നടന്നും ജോലി ചെയ്യുന്നവർ, കച്ചവടക്കാർ,സ്ത്രീകൾ എന്നിവരിലാണിതു പ്രായേണ കണ്ടുവരുന്നത്. ഇരുന്നു ജോലി ചെയ്യുന്നവരിലും മുട്ടുവേദനയുണ്ടാകാം. അതിനു കാരണം വ്യായാമക്കുറവും അമിതശരീരഭാരവുമാണ്.

സ്ത്രീകളിൽ അസ്ഥിക്ഷയം, തേയ്മാനം എന്നിവ കാരണം ഉണ്ടാകുന്ന മുട്ടുവേദന വളരെ നേരത്തെ ബാധിക്കും. അസ്ഥിയിലെ ധാതുലവണങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഈസ്ട്രജൻ ഹോർമോൺ പ്രധാനമാണ്. 45 -50 വയസ്സ് അടുപ്പിച്ച് ഈസ്ട്രജന്റെ അളവു ക്രമേണ കുറയുന്നതു കാരണം അസ്ഥിസാന്ദ്രത കുറയാനുള്ള സാധ്യത കൂടുതലാകുന്നു. പ്രായമേറും തോറും മുട്ടുവേദനയ്ക്കുള്ള സാധ്യതയും വർധിക്കും.

മുട്ടുവേദനയുടെ കാലാവധി കൂടുംതോറും അസ്ഥികൾക്കു വളവുണ്ടാകാനുള്ള സാധ്യതയും ഏറും. അങ്ങനെ നടക്കുവാനുള്ള പ്രയാസം വർധിക്കും. പ്രാരംഭത്തിൽ ചികിത്സിച്ചാൽ അസ്ഥിവക്രത തടയാം. ശാരീരിക വൈകല്യങ്ങൾ ഒഴിവാക്കി ജീവിക്കാം.

രോഗകാരണം ഒഴിവാക്കാം

രോഗകാരണം അറിയുകയും അതിനെ പൂർണമായും ഒഴിവാക്കുകയും ചെയ്യുന്നതാണ് ആദ്യപടി. കാൽമുട്ടിനുണ്ടായ ക്ഷതത്തിനു ക്ഷതചികിത്സയും,സന്ധിവീക്കം കാരണം ഉണ്ടായ മുട്ടുവേദനയ്ക്കു വീക്കവും വേദനയും കുറയുവാനുള്ള ചികിത്സയും,  അസ്ഥിക്ഷയം കാരണമുണ്ടായ മുട്ടുവേദനയിൽ അസ്ഥിപോഷണ ചികിത്സയും, ശരീരഭാരം അമിതമായി ഉണ്ടാകുന്ന മുട്ടുവേദനയിൽ ഭാരം കുറയ്ക്കാനുള്ള ചികിത്സയുമാണു വേണ്ടത്.

അതിനുവേണ്ടി ആഭ്യന്തരമായും ബാഹ്യമായും പ്രയോഗിക്കാവുന്ന ചികിത്സാരീതികളുണ്ട്. അവസ്ഥാനുസാരേണ പ്രയോഗിക്കുന്ന കഷായങ്ങൾ, അരിഷ്ടാസവങ്ങൾ, തൈലപാനം, ഘൃതപാനം,വടികാപ്രയോഗങ്ങൾ എന്നിവ ആഭ്യന്തര ചികിത്സയാണ്. ബാഹ്യമായി ലേപനം, കഷായധാര, തൈലധാര, പിചു ,ജാനുവസ്തി തുടങ്ങിയവ രോഗാവസ്ഥയ്ക്ക് അനുസരിച്ചു പ്രയോഗിക്കാം.

ലേപനം എന്നു പറയുന്നതു ശതകുപ്പ , ഉലുവ , മുതിര, മുരിങ്ങയില, മുരിങ്ങത്തൊലി എന്നിവ യുക്തി പോലെ അരച്ച് ഇടുകയോ ചൂർണങ്ങൾ അരിക്കാടിയിൽ കുറുക്കി ചെറു ചൂടോടെ മുട്ടിൽ പുരട്ടുകയോ ചെയ്യുന്നതാണ് . ഇപ്രകാരം ചെയ്യുന്നതു മുട്ടിലെ നീരും വേദനയും കുറയ്ക്കും.

ജാനുവസ്തിയും ഉപനാഹവും

ഔഷധസിദ്ധമായ തൈലം ഉപയോഗിച്ചു ധാര എണ്ണയിൽ മുക്കിയെടുത്ത തുണി മുട്ടിൽ ഇടുക (പിചു ).ഉഴുന്നു മാവുകൊണ്ടു തളംകെട്ടി എണ്ണ മുട്ടിൽ നിർത്തുക (ജാനുവസ്തി)എന്നിവ ചെയ്യാം. ഇങ്ങനെ ചെയ്യുന്നതു വഴി മുട്ടിലെ സന്ധിയിൽ കാണുന്ന ദ്രാവകത്തെ സംരക്ഷിക്കാം.

മറ്റൊരു പ്രധാന ചികിത്സയാണ് ഉപനാഹ സ്വേദം. ഔഷധ ചൂർണങ്ങ ൾ അമ്ലദ്രവ്യങ്ങൾ ചേർത്തു കുറുക്കി തൈലവും ഇന്തുപ്പും ചേർത്തു ലേപനം ചെയ്തതിനുശേഷം ആവണക്കിലയോ എരികിലയോ കൊണ്ടു പൊതി ഞ്ഞു പരുത്തി വസ്ത്രമോ കമ്പിളി വ

സ്ത്രമോ കൊണ്ടു കെട്ടിവയ്ക്കുന്നതു മുട്ടിൽ ഉണ്ടാകുന്ന നീരിനെയും വേദനയും കുറയ്ക്കുവാൻ വളരെ ഫലപ്രദമാണ്.

പഞ്ചകർമചികിത്സയിൽ അഗ്രമായ വസ്തിക്കു മുട്ടുവേദനയേയും അ സ്ഥിക്ഷയത്തേയും കുറയ്ക്കുവാനും അസ്ഥിക്കു ബലത്തെ പ്രദാനം ചെയ്യുവാനും സാധിക്കും എന്നു ധാരാളം ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഇതു കൂടാതെ ശരീരഭാരം കുറയ്ക്കുന്നതിനായി ഉദ്വർത്തനം, ഉത്സാധനം, വീക്കവും വേദനയും കുറയ്ക്കുന്ന പലതരം കിഴികൾ, പിഴിച്ചിൽ, ധാരകൾ എന്നിവയും പ്രയോഗത്തിലുണ്ട്.

പഥ്യവും ജീവിതശൈലിയും

ഔഷധം കൂടാതെ ആഹാരത്തിനും വ്യായാമത്തിനും മുട്ടുവേദനയെ ശമിപ്പിക്കാനാകും. കാൽമുട്ടിനു സ്ഥൈര്യം നൽകി തുടയിലെ മാംസപേശികളെ ബലപ്പെടുത്തുന്ന രീതിയിലുള്ള വ്യായാമങ്ങൾ വേദനയെ കുറച്ചു നടക്കുവാനുള്ള ബുദ്ധിമുട്ടിനെ ഇല്ലാതാക്കും.കസേരയിൽ ഇരുന്നിട്ടു കാൽ ഉയർത്തുക, മുട്ടുമടക്കി സാങ്കൽപികമായി ഇരിക്കുവാൻ ശ്രമിക്കുക, കിടന്നിട്ടു കാൽ ഉയർത്തുക എന്നിവ ശാരീരിക ബലത്തിന് അനുസരിച്ച് 10-12 പ്രാവശ്യം ചെയ്യുന്നതു ഗുണപ്രദമാണ്. മുട്ടുവേദനയ്ക്ക് അനുബന്ധമായി ഉണ്ടാകുന്ന മുട്ടുമടക്കുവാനും നിവർത്താനുമുള്ള പ്രയാസത്തെ ഇപ്രകാരമുള്ള കർമസാമാന്യമായ ചികിത്സകൊണ്ടു ഭേദമാക്കാം.

അസ്ഥിക്കു പോഷണം നൽകുന്ന കാൽസ്യം ധാരാളമടങ്ങിയ എള്ള്, ഉ ലുവ, മുതിര, റാഗി തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കാൽസ്യത്തിന്റെ ആഗിരണത്തെ ത്വരിതപ്പെടുത്തുന്ന വൈറ്റമിൻ ഡി 3 യുടെ ഉൽപാദനത്തെ സഹായിക്കാനായി ദിവസവും 10 Ð15 മിനിറ്റ് ഇളംവെയിൽ കൊള്ളുന്നത് അത്യന്താപേക്ഷിതമാണ്.

കാൽസ്യം നേരിട്ടു നൽകുന്ന പ്രവാള ഭസ്മം, ശംഖ ഭസ്മം, വരാടിക ഭസ്മം ,കുക്കുടാണ്ട ഭസ്മം എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം. സ്ത്രീകൾ ഫൈറ്റോ ഈസ്ട്രജന്റെ അളവു ധാരാളമുള്ള കാച്ചിൽ, ചേമ്പ്, മധുരക്കിഴങ്ങ്, മഞ്ഞൾ, ശതാവരി, എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു നല്ലതാണ്.

മാംസരസം, കൊച്ചു മത്സ്യങ്ങൾ എന്നിവ മാംസ്യത്തെയും ഒമേഗ ത്രീ ഫാറ്റി ആസിഡിനെയും പ്രദാനം ചെയ്യും. ധാതു പോഷണത്തെ ശക്തിപ്പെടുത്തുന്നതിനായി ദഹന വചന വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്ന ഔഷധ ദ്രവ്യങ്ങൾ വൈദ്യനിർദേശ പ്രകാരം ഉപയോഗിക്കാം.

ആഹാരം, ഔഷധം വ്യായാമം എ ന്നിവ ഉൾപ്പെടുന്ന ചികിത്സ അവലംബിക്കുന്നതിലൂടെ മുട്ടുവേദനയെ കുറയ്ക്കുവാനും മുട്ടിന്റെ ആരോഗ്യം നിലനിർത്താനും സാധിക്കും.

സ്നേഹപാനം

മുട്ടുവേദനയ്ക്കുള്ള ആഭ്യന്തര പ്രയോഗങ്ങളിൽ ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് സ്നേഹപാനം അഥവാ ഘൃത /തൈലസേവ.
തിക്ത രസ പ്രധാനമായ ഔഷധങ്ങൾ ഇട്ടു കാച്ചിയ നെയ്യോ, തൈലമോ യുക്തമായ അളവിൽ വെറുംവയറ്റിൽ പ്രയോഗിക്കുന്നതു വളരെ ഉത്തമമാണ്.

കയ്പുരസത്തിന്റെ അരുചി ഒഴിവാക്കാനായി സോഫ്റ്റ് ജലാറ്റിൻ ക്യാപ്സൂൾ രൂപത്തിലും ഇവ ലഭ്യമാണ്.

ഡോ. ബിന്ദു പി.ആർ.

അസോസിയേറ്റ് പ്രഫസർ

കായചികിത്സാ വിഭാഗം

ഗവ. ആയുർവേദ കോളജ്,

തൃപ്പൂണിത്തുറ

Tags:
  • Manorama Arogyam