മുട്ട കൊളസ്ട്രോൾ കൂട്ടുമെന്നു കേട്ടിരുന്നു. ഇപ്പോൾ പറയുന്നു, അതു കൊളസ്ട്രോൾ കൂട്ടില്ല എന്ന്. ഇതിൽ ഏതാണു ശരി?
മുട്ടയും കൊളസ്ട്രോളും എക്കാലത്തും ചർച്ചാവിഷയങ്ങളാണ്. മുട്ടയുടെ മഞ്ഞക്കരുവിലാണു കൊളസ്ട്രോൾ ഉള്ളത്. ഒരു മുട്ടയിൽ 186 മി.ഗ്രാം കൊളസ്ട്രോൾ ഉണ്ട്. മുട്ട കഴിക്കുന്നതിലൂടെ രക്തത്തിലെ കൊളസ്ട്രോളിൽ നിർണായകമായ മാറ്റങ്ങളൊന്നും വരുന്നില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ പൂരിതകൊഴുപ്പിന്റെ അളവു നിയന്ത്രിക്കേണ്ടതു പ്രധാനമാണല്ലോ. നമ്മുടെ ഭക്ഷണത്തിൽ കൊളസ്ട്രോൾ അടങ്ങിയ മറ്റൊന്നും ഇല്ലെങ്കിൽ ദിവസവും ഒരു മുട്ട കഴിക്കുന്നതിൽ തെറ്റില്ല. ഒരു സസ്യാഹാരത്തിലും കൊളസ്ട്രോൾ ഇല്ല. കൊളസ്ട്രോൾ ജന്തുക്കളിൽ മാത്രമേയുള്ളൂ. അതുകൊണ്ട് സസ്യാഹാരികൾ ദിവസവും ഒരു മുട്ട കഴിക്കുന്നതിൽ തെറ്റില്ല. ഹൃദ്രോഗമുള്ളവരും രക്തത്തിലെ കൊളസ്ട്രോൾ നില ഉയർന്നവരും പതിവായി മുട്ട കഴിക്കുന്നത് ഒഴിവാക്കുന്നതാണ് അഭികാമ്യം. സ്റ്റാറ്റിൻ ഗുളികകൾ കഴിച്ചിട്ടും എൽഡി എൽ കൊളസ്ട്രോൾ നല്ല രീതിയിൽ കുറയാത്തവർക്കും ആഹാര നിയന്ത്രണം അത്യാവശ്യമാണ്. അങ്ങനെയുള്ളവരും മുട്ട കഴിക്കാത്തതാണു നല്ലത്.
കാന്താരിമുളക് കൊളസ്ട്രോൾ കുറയ്ക്കും എന്നു വിശ്വസിക്കുന്നവരുണ്ട്. ഇതു ശരിയാണോ? ഇതു പതിവായി ഉപയോഗിച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? കൊളസ്ട്രോൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടു വ്യാപകമായി പ്രചരിക്കുന്നതാണു കാന്താരിമുളകിന്റെ ഗുണങ്ങൾ. ഒട്ടേറെപ്പേർ ഇത് ഉപയോഗിക്കുന്നുമുണ്ട്. കാന്താരിയിൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആന്റി ഒാക്സിഡന്റുകളും വൈറ്റമിനുകളും ധാതുലവണങ്ങളും ഉ ണ്ടെന്നു വിലയിരുത്തപ്പെടുന്നു. എന്നാൽ ഇതൊരു വിശ്വാസം മാത്രമാണ് എന്നേ പറയാൻ കഴിയൂ. ഇതിന് . തെളിവില്ല. മാത്രമല്ല, കാന്താരിയിലടങ്ങിയ കാപ്സെയ്‌സിൻ എന്ന സംയുക്തം അധികമായി കഴിക്കുന്നതു ദഹനരസത്തെ വർധിപ്പിച്ച്, നെഞ്ചെരിച്ചിൽ, വയറിൽ അൾസർ ഉണ്ടാക്കാനും ഇടയാക്കുമെന്നും വിലയിരുത്തപ്പെടുന്നു.
വെളുത്തുള്ളി ചേർന്ന മരുന്നുകൾ പതിവായി കഴിക്കുന്നതു കൊളസ്ട്രോൾ കുറയ്ക്കും എന്നു പറയാറുണ്ട്? ശരിയാണോ?
ദിവസവും ഒരു വെളുത്തുള്ളി അല്ലി കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ നില കുറയ്ക്കാമെന്നു വിശ്വസിക്കുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാൽ വെളുത്തുള്ളി നല്ല അളവിൽ കഴിച്ചാൽ കൊളസ്ട്രോൾ അളവിൽ ചെറിയ കുറവ് കാണാറുമുണ്ട്. വെളുത്തുള്ളിക്ക് കൊളസ്ട്രോൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടു സ്വാധീനമില്ലെന്നു പറയുന്ന പഠനങ്ങളും കാണാം. പച്ച വെളുത്തുള്ളിയുടെ അല്ലികളിൽ അല്ലിൻ എന്നൊരു പദാർഥം അടങ്ങിയിട്ടുണ്ട്. ഈ അല്ലിൻ സൾഫർ അധിഷ്ഠിതമായ അലിസിൻ എന്നൊരു സംയുക്തമായി മാറുന്നു. അലിസിന് കൊളസ്ട്രോൾ കുറയ്ക്കാനുള്ള കഴിവ് ഉണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.എന്നാൽ ദിവസവും ഈ ചെറിയ തോതിലുള്ള കുറവിനായി അധികം വെളുത്തുള്ളി കഴിക്കുന്നതിലും എളുപ്പവും ഫലപ്രദവും സ്‌റ്റാറ്റിൻ കഴിക്കുന്നതാണ്. ഹൃദ്രോഗം ഉള്ളവർക്ക് എത്തേണ്ട 55 -ൽ താഴെ എന്ന എൽ ഡി എൽ നിലയിൽ (<55 LDL target) എത്താൻ ഗുളികകൾ തന്നെ വേണം.
പാചകഎണ്ണകൾ കൊളസ്ട്രോൾ വർധിപ്പിക്കുന്ന തിൽ എത്രപ്രധാനമാണ്? നാളികേരം പച്ചയ്ക്കു കഴിച്ചാലും അതു കൊളസ്ട്രോൾ കൂട്ടില്ലേ?
പൂരിത കൊഴുപ്പ് അഥവാ സാചുറേറ്റഡ് ഫാറ്റ് (Saturated Fat) ഉള്ള പാചക എണ്ണകൾ, ശരീരത്തിലെ എൽ ഡി എൽ കൂട്ടുന്നതാണ് എന്നു പഠനങ്ങൾ പറയുന്നു. ഉദാ. വെളിച്ചെണ്ണ (Coconut Oil) എന്നാൽ ഏക അപൂരിത കൊഴുപ്പ് (Monounsaturated Fat) ഉള്ള പാചക എണ്ണകൾക്ക് ഈ പ്രശ്നം കുറവാണ്. ഉദാ. ഒലിവ് എണ്ണ, കനോല എണ്ണ, സൂര്യകാന്തിഎണ്ണ, ഫ്ളാക്സ് സീഡ് ഒായിൽ. ഒലിവ് എണ്ണയിൽ ഒമേഗാ 3 ഫാറ്റി ആസിഡ് ഉള്ളതിനാൽ ഹൃദയാരോഗ്യത്തിന് അതു വളരെ ഉത്തമവുമാണ്. പാം ഒായിലും പൂരിത കൊഴുപ്പ് അടങ്ങിയവയാണ്. എല്ലാ സസ്യഎണ്ണകളും മൃഗക്കൊഴുപ്പിനേക്കാൾ സുരക്ഷിതമാണ്. പാചക എണ്ണ അമിതമായി ചൂടാക്കുന്ന രീതിയും ഒന്നിലേറെ തവണ ചൂടാക്കി ഉപയോഗിക്കുന്ന രീതിയും നല്ലതല്ല. അങ്ങനെ ചെയ്യുന്നതിലൂടെ ട്രാൻസ്ഫാറ്റി ആസിഡുകൾ ഉണ്ടാകുന്നു. അതു ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പച്ചത്തേങ്ങയിലെ എണ്ണയുടെ അളവു വളരെ കുറവാണ്. പത്തു തേങ്ങയുടെ കൊപ്രയിൽ നിന്നാണ് ഒരു ലീറ്റർ എണ്ണ ഉണ്ടാക്കുന്നത്. ഒരു തേങ്ങയിലെ എണ്ണയുടെ അളവ് 30 മില്ലിയിൽ താഴെയേ വരൂ. പച്ചയ്ക്കു കഴിക്കുമ്പോൾ അതിലും കുറച്ചോ ലഭിക്കൂ. കുറച്ച് പച്ചത്തേങ്ങ കഴിക്കുന്നതു കൊണ്ടു കുഴപ്പമില്ല എന്നു പറയാം.
ഡോ. ബിജു ലാൽ എസ്. സീനിയർ കൺസൽറ്റന്റ് കാർഡിയോളജിസ്‌റ്റ് കിംസ് ഹെൽത് തിരുവനന്തപുരം