Wednesday 19 January 2022 03:24 PM IST : By സ്വന്തം ലേഖകൻ

ഒരില, ഒരായിരം ഗുണങ്ങൾ: കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങളറിയാം

r43543yhtfg

കറിവേപ്പിലയുടെ ജന്മദേശം ഇന്ത്യയാണ്.നാരകകുടുംബമായ റൂട്ടേസീയിലെ ചെറുവൃക്ഷമാണ് കറിവേപ്പ്. ആഹാരത്തിന്റെ രുചി വർധിപ്പിക്കാനും നറുമണം പ്രദാനം ചെയ്യാനും കറിവേപ്പിലയ്ക്കു കഴിയുന്നു. കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണു രുചിപ്രദാനമായ മണം നൽകുന്നത്. വൈറ്റമിൻ എയുടെ കലവറയാണ് കറിവേപ്പില.

‘ഒരില ഒരായിരം ഗുണങ്ങൾ’ എന്നാണ് കറിവേപ്പിലയെക്കുറിച്ചു പണ്ടുള്ളവർ പറഞ്ഞിരുന്നത്. അന്നജം, ഫൈബർ, മാംസ്യം, കാത്സ്യം, അയൺ, വൈറ്റമിൻ ബി,സി എന്നിവയാൽ സമ്പുഷ്ടമാണിത്. ശരീരത്തിലെ അന്നജത്തെ വിഘടിപ്പിക്കുന്ന ആൽഫ അമൈലേസ് എൻസൈം ഉൽപാദനത്തെ സഹായിക്കുന്ന ഘടകങ്ങൾ കറിവേപ്പിലയിലുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രത്യേക തരം അലർജികൾ, വ്രണങ്ങൾ, ചൂടുകുരു, മറ്റു ചർമരോഗങ്ങൾ ഇവയെ പ്രതിരോധിക്കാനും ഇവയ്ക്കു കഴിവുണ്ട്.

കറിവേപ്പിലയിലെ നാരുകൾ കൊളസ്ട്രോൾ, പ്രമേഹം ഇവയുടെ നിയന്ത്രണത്തിനു സഹായകരമാണ്. ഇഞ്ചിയും കറിവേപ്പിലയും മോരിനൊപ്പം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്കു പരിഹാരമാണ്. ദിവസവും കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഹൃദയാരോഗ്യം, കാഴ്ചശക്തി, ഓർമശക്തി ഇവ വർധിപ്പിക്കാം. മാനസികസമ്മർദ്ദം കുറയ്ക്കാം. ഹൈപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയ രോഗങ്ങളിൽ നിന്ന് ഇത് കരളിനെ സംരക്ഷിക്കുന്നു. കറിവേപ്പില ചവയ്ക്കുന്നതു വായിലെ ദുർഗന്ധത്തെ അകറ്റും.

തയാറാക്കിയത്

സുജേതാ എബ്രാഹം

Tags:
  • Manorama Arogyam
  • Diet Tips