അമിതവണ്ണമുള്ളവർക്ക് ഏറെ ഫലപ്രദമായ ഒരു ആഹാരക്രമമാണിവിടെ നിർദേശിക്കുന്നത്. തികച്ചും പ്രകൃതിദത്തമായ രുചിക്കൂട്ടുകൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
1. അതിരാവിലെ ചിയാസീഡ് ജൂസ് കുടിക്കുക
ചിയാസീഡ് ജ്യൂസ് തയാറാക്കുന്ന വിധം
ഒരു ഗ്ലാസ് തിളച്ച വെള്ളം എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ചിയാ സീഡ് ചേർത്ത് നന്നായി ഇളക്കുക. അൽപ സമയത്തിനു ശേഷം പകുതി ചെറുനാരങ്ങയുടെ നീരും, അര ടീസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് ഇളക്കുക. ചൂടാറിയതിനുശേഷം ഒരു ടീസ്പൂൺ ശുദ്ധമായ തേൻ ചേർത്ത് അതിരാവിലെ കഴിക്കുക.
2. പ്രഭാത ഭക്ഷണം
കോഡോ മില്ലറ്റ് (വരക്) പോളിഷ് ചെയ്യാത്തതാണ് പ്രഭാതഭക്ഷണത്തിനായി വേണ്ടത്. കോഡോമില്ലറ്റ് ചേർത്ത കഞ്ഞിയോ ഉപ്പുമാവോ, കോഡോമില്ലറ്റ് കൊണ്ടുള്ള മറ്റു വിഭവങ്ങളോ മിതമായ അളവിൽ കഴിക്കാം. അല്ലെങ്കിൽ എണ്ണയില്ലാതെ തയാറാക്കിയ വെണ്ടക്ക തോരൻ ഇതോടൊപ്പം കഴിക്കാം.
3. പഴങ്ങളും പച്ചക്കറികളും
പ്രഭാത ഭക്ഷണത്തിനു ശേഷം വൈകിട്ടു വരെയുള്ള ഇടവേളകളില്‍ പഴങ്ങളും പച്ചക്കറികളുമാണു കഴിക്കേണ്ടത്. ഇവയെല്ലാം തന്നെ കാർബോഹൈഡ്രേറ്റും ഗ്ലൈസീമിക് ലോഡും കുറവുള്ളതും നാരുകളുള്ളതും ആയിരിക്കണം.
കുക്കുംബർ, പച്ചമത്തങ്ങ, സവാള, തക്കാളി, കാരറ്റ്, വെള്ളരിക്ക, വെണ്ടയ്ക്ക, കോവയ്ക്ക, ബ്രോക്ക്‌ലി, ലെറ്റ്യൂസ്, കാബേജ്, കോളിഫ്ലവർ, നെല്ലിക്ക, ചെറുനാരങ്ങ, പച്ചചക്കചുള എന്നിവ പുഴുങ്ങിയും നേരിട്ടും കഴിക്കാവുന്നതാണ്. രുചിക്കനുസരിച്ച് കുരുമുളകും കുറച്ച് ഇന്തുപ്പും ചേർത്തു കഴിക്കാം.
ഓറഞ്ച്, ഗ്രീൻ ആപ്പിൾ, മുന്തിരി, വിവിധതരം ബറീസ്, തുടങ്ങിയ സിട്രസ് പഴങ്ങൾ, പപ്പായ, റോബസ്റ്റാപഴം, പേരയ്ക്ക, ഞാവൽപഴം, പാഷൻ ഫ്രൂട്ട്, അവക്കാഡോ, പിയർ, മാതളം തുടങ്ങിയ പഴവർഗങ്ങളും കഴിക്കാം.
ഇതെല്ലാം തന്നെ മിക്സ് ചെയ്ത് കഴിക്കുന്നതാണു കൂടുതൽ ഗുണകരം.
വെണ്ണയില്ലാത്ത മോര്, സിട്രസ് ജ്യൂസുകൾ എന്നിവ മധുരമില്ലാതെ മിതമായ അളവിൽ ഒന്നോ രണ്ടോ ഗ്ലാസ് ദിവസവും കഴിക്കാം.
ചായ ആവശ്യമെങ്കിൽ മധുരമില്ലാതെ ലെമൺ ടീ ഒന്നോ രണ്ടോ നേരം കുടിക്കാം.
രാത്രിയിലും വരക് ഭക്ഷണം
രാത്രിയിലെ ഭക്ഷണത്തിനും വരക് തന്നെ വിവിധ രീതികളിൽ ഉപയോഗിക്കാം. വിശപ്പിന് അനുസരിച്ച് മാത്രമേ വരകും, പഴങ്ങളും, പച്ചക്കറികളും, കഴിക്കാൻ പാടുള്ളു. അതെല്ലാം തന്നെ ഇടവിട്ട് പലപ്രാവശ്യമായി കഴിക്കണം. കൂടാതെ മൂന്നു ലീറ്റർ വെള്ളം രാവിലെ മുതൽ വൈകുന്നേരം ഉറങ്ങുന്നതു വരെ വിവിധ സമയങ്ങളിലായി കുടിക്കേണ്ടതാണ്.
തയാറാക്കിയത്
ഡോ. കെ.എസ്. രജിതൻ
സൂപ്രണ്ട്,
ഔഷധി പഞ്ചകർമ ഹോസ്പിറ്റൽ & റിസർച് ഇൻസ്റ്റിറ്റ്യൂട്ട്
തൃശൂർ