Wednesday 17 January 2024 04:45 PM IST

ആരോഗ്യമുള്ള കരളിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

livere3434

കരളിന്റെ ആരോഗ്യത്തെക്കുറിച്ച് നാം ഏറെ ആശങ്കപ്പെടുന്ന ഒരു കാലമാണിത്. ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ്, സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ കരൾ രോഗങ്ങൾ ബാധിച്ച ഒട്ടേറെപ്പേരുടെ ജീവിതങ്ങൾ നമ്മുടെ കൺമുൻപിലുണ്ട്. ശരീരത്തിലെ ദോഷകാരികളും വിഷാംശമുള്ളതുമായ ഘടകങ്ങളെ നീക്കം ചെയ്യുന്ന കരൾ നമ്മുടെ നിലനിൽപിന്റെ അടിസ്ഥാനമാണ്. ഈ സാഹചര്യത്തിൽ കരൾ
രോഗങ്ങൾ ബാധിച്ചവരും രോഗത്തെ
പ്രതിരോധിക്കാൻ ആഗ്രഹിക്കുന്നവരും എന്താണു കഴിക്കേണ്ടത് എന്നതു
പ്രസക്തമായ വിഷയമാണ്.

കരൾ രോഗങ്ങളെ തടയുന്നതിലും കൈകാര്യം ചെയ്യുന്നതിലും ആഹാരരീതിക്കു സുപ്രധാന പങ്ക് ഉണ്ട്. കരൾ രോഗങ്ങളിൽ ഭക്ഷണത്തിന്റെ പ്രാധാന്യവും കരൾ രോഗം തടയുന്നതിനുള്ള ആഹാരരീതികളും അറിയാം. കരളിനു വേണ്ട പോഷകങ്ങളെ വ്യക്തമായി മനസ്സിലാക്കുന്നതു കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ നമ്മെ സഹാ
യിക്കും.

കരളിന് ദോഷമാകും ആഹാരം

പോഷകങ്ങളിൽ തന്നെ കരൾ രോഗങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ചില ഘടകങ്ങൾ ഉണ്ട്.

അധിക കാലറി: അമിത അളവിൽ ഭക്ഷണം കഴിക്കുന്നതു ‘പൊസിറ്റീവ് എനർജി ബാലൻസ്’ ഉണ്ടാക്കും. നാം ചെലവഴിക്കുന്ന ഉൗർജത്തേക്കാൾ അധികമായി ഉൗർജം ആഹാരത്തിലൂടെ സ്വീകരിക്കുന്ന സ്ഥിതിയാണിത്.

ഇതു ശരീരഭാരം വർധിപ്പിച്ച് അമിതവണ്ണത്തിലേക്കു നയിക്കുന്നു.

അമിതവണ്ണത്തിന് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗവുമായി അടുത്ത ബന്ധമുണ്ട്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയിൽ നിന്നുള്ള അധിക കാലറികൾ ശരീരത്തിൽ ട്രൈഗ്ലിസറൈഡുകളായി മാറി സംഭരിക്കപ്പെടുന്നു. ഇവ ആന്തരികാവയവങ്ങളിലും ഉദരഭാഗത്തും അടിഞ്ഞു കൂടുന്നു. ഉദരഭാഗത്തെ കൊഴുപ്പ് നിക്ഷേപം നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസുമായി (NAFLD) നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു.

ട്രാൻസ്ഫാറ്റുകൾ: ഹൈഡ്രോജനേഷൻ എന്ന പ്രക്രിയയിലൂടെ രാസപരമായി മാറ്റം വരുത്തിയ ഒരു തരം അപൂരിത കൊഴുപ്പാണ് ട്രാൻസ്ഫാറ്റുകൾ.

ഭക്ഷ്യോൽപന്നങ്ങളുടെ ഉപയോഗ കാലാവധി വർധിപ്പിക്കാനും ഘടനയും രൂപവും മെച്ചപ്പെടുത്താനുമായി ഇതു സംസ്കരിച്ച ഭക്ഷണങ്ങളിൽ ചേർക്കുന്നു. ട്രാൻസ്ഫാറ്റുകൾ എൽഡിഎൽ കൊളസ്ട്രോളിന്റെ (മോശം കൊളസ്ട്രോൾ) അളവ് ഉയർത്തുകയും എച്ച്ഡിഎല്ലിന്റെ (നല്ല കൊളസ്ട്രോൾ) അളവു കുറയ്ക്കുകയും ചെയ്യുന്നുവെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ അസന്തുലിതാവസ്ഥ കരൾ, ഹൃദയ വ്യവസ്ഥകളുടെ വീക്കത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. പായ്ക്കു ചെയ്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ പ്രത്യേകിച്ച് ബേക്ക് ചെയ്ത ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ ഭക്ഷണ ലേബൽ വായിക്കണം. ട്രാൻസ്ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുന്നതാണു നല്ലത്.

അനാരോഗ്യ ഭക്ഷണക്രമം: പൂരിത കൊഴുപ്പ്, കൊളസ്ട്രോൾ ചേർത്ത പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) യുമായി ബന്ധപ്പെട്ടിരിക്കുന്നു. കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് NAFLD വരുന്നത്, ഇതു വീക്കത്തിനും കരൾ തകരാറിനും കാരണമാകുന്നു. ഈ അവസ്ഥയ്ക്കു പൊണ്ണത്തടി, പ്രമേഹം, മെറ്റബോളിക് സിൻഡ്രം എന്നിവയുമായും അടുത്ത ബന്ധമുണ്ട്.

സവിശേഷമായ പോഷകങ്ങളുടെ കുറവ് കരൾ രോഗങ്ങളിലേക്കു നയിക്കാം. ഉദാ, വൈറ്റമിൻ ഇ, വൈറ്റമിൻ സി, വൈറ്റമിൻ എ, സെലിനിയം തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ അപര്യാപ്തത കരൾ തകരാറിലാകാനുള്ള സാധ്യത വർധിപ്പിക്കും. ഫോളേറ്റ്, വൈറ്റമിൻ ബി 12 തുടങ്ങിയ ബി വൈറ്റമിനുകളുടെ കുറവുകൾ കരളിന്റെ ആരോഗ്യത്തെ ബാധിക്കും.

പോഷകാഹാരക്കുറവ്: അമിത പോഷണവും പോഷകാഹാരക്കുറവും കരൾ രോഗത്തിലേക്കു നയിക്കാം. ഈ രണ്ട് അവസ്ഥകളും പോഷകങ്ങളുടെ അപര്യാപ്തതയ്ക്കാണു കാരണമാകുന്നത്. ഇതു സൂക്ഷ്മ പോഷകങ്ങളുടെ അപര്യാപ്തതയിലേക്കു നയിക്കുന്നു. ഇതു ശരിയായി പ്രവർത്തിക്കാനുള്ള കരളിന്റെ കഴിവു കുറയ്ക്കുന്നു.
അമിതവണ്ണവും മെറ്റബോളിക് സിൻഡ്രമും: ഉയർന്ന രക്തസമ്മർദം, രക്തത്തിലെ ഉയർന്ന പഞ്ചസാര, ശരീരത്തിലെ അധിക കൊഴുപ്പ്, അസാധാരണമായ കൊളസ്ട്രോളിന്റെ അളവ് എന്നിവയെല്ലാം ചേരുന്ന അവസ്ഥകളുടെ ഒരു കൂട്ടമാണ് അമിതവണ്ണവും മെറ്റബോളിക് സിൻഡ്രമും. ഈ അവസ്ഥ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, നോൺ-ആൽക്കഹോളിക് സ്റ്റീയറ്റോഹെപ്പറ്റൈറ്റിസ് (NASH) എന്നിവ വരുന്നതിനുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു. ഈ അവസ്ഥകൾ കരൾ വീക്കത്തിലേക്കു നയിക്കും. സിറോസിസ്, കരൾ കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങളിലേക്കു പുരോഗമിക്കും.

മദ്യപാനം: മദ്യത്തിന്റെ അമിത ഉപയോഗത്തിനു ഫാറ്റി ലിവർ മുതൽ സിറോസിസ് വരെയുള്ള വിവിധങ്ങളായ കരൾ രോഗങ്ങളുമായി നേരിട്ടു ബന്ധമുണ്ട് എന്നു പറയാം. അമിത മദ്യപാനം ആൽക്കഹോളിക് ലിവർ ഡിസീസ് (എഎൽഡി)യിലേക്കു നയിക്കുന്നു

കരൾ രോഗിക്ക് ഡയറ്റ് പ്ലാൻ

പോഷകാഹാര വിദഗ്ധയെ സമീപിക്കുമ്പോൾ കരൾ രോഗത്തിന്റെ രീതി, ഘട്ടം, വ്യക്തിഗത ഭക്ഷണ മുൻഗണനകൾ എന്നിവയെ അടിസ്ഥാനമാക്കി ഡയറ്റ് പ്ലാൻ നൽകും. മിക്കവാറും എല്ലാ കരൾ രോഗങ്ങൾക്കും പൊതുവായുള്ള ഓക്കാനം, ഛർദി എന്നിവ കാരണം വായിലൂടെ ആഹാരം കഴിക്കുന്നതിനു ബുദ്ധിമുട്ടു വരാം. ആഹാരത്തിന്റെ തിരഞ്ഞെടുപ്പും പ്രധാനമാണ്. കരൾ രോഗിയായ ഒരാൾ മൃദുവായതും നാരുകൾ കുറഞ്ഞതും അധികം മസാല ചേർക്കാത്തതുമായ ആഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്നു. ഇടയ്ക്കിടെ ഇടവേളകളിൽ ചെറിയ അളവിൽ കഴിക്കുന്നതു ബുദ്ധിമുട്ടു കുറയ്ക്കും. കഠിനമായ ദഹനപ്രശ്നങ്ങൾ ഇല്ലാത്ത രോഗികളിൽ, കാർബോഹൈഡ്രേറ്റും കൊഴുപ്പും കൂടുതലുള്ള ഭക്ഷണക്രമം തിരഞ്ഞെടുക്കാം.

കരൾ രോഗിയുടെ ആഹാരം

കരൾ രോഗിയായ വ്യക്തിയുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒട്ടേറെ പോഷകങ്ങളുണ്ട്.

ഊർജം : കരൾ രോഗങ്ങൾ, വീക്കം, കരൾ പുനരുജ്ജീവനം എന്നിവയുടെ ഉപാപചയ ആവശ്യങ്ങൾ കാരണം ഊർജ വിനിയോഗം വർധിക്കുന്നു. അതിനാൽ, ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ ഊർജ ഉപഭോഗം ഉറപ്പാക്കണം.

പ്രായപൂർത്തിയായ ഒരു പുരുഷന് ഏകദേശം 2000 കിലോ കാലറിയും പ്രായപൂർത്തിയായ സ്ത്രീക്ക് 1600 കിലോ കാലറിയുമാണ് ആകെ ഊർജ ആവശ്യം. ശാരീരിക പ്രവർത്തനങ്ങൾ, പ്രായം, ലിംഗഭേദം, ശാരീരിക അവസ്ഥകൾ എന്നിവയ്ക്കനുസരിച്ച് ഇതു വ്യത്യാസപ്പെടുന്നു. ഐസിയുവിലുള്ള രോഗികൾക്കു വായിലൂടെ ആഹാരം നൽകുക സാധ്യമല്ലെങ്കിൽ, ട്യൂബിലൂടെയോ, പാരന്ററൽ ഫീഡിങ്ങ് ( ഞരമ്പിലൂടെ ) ആയോ നൽകാം. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ പോഷകാഹാര ആവശ്യങ്ങൾക്കായി സപ്ലിമെന്റുകളും ലഭ്യമാണ്.

കാർബോഹൈഡ്രേറ്റുകൾ:

ആെക കാലറിയുടെ 60-70% എങ്കിലും കാർബോഹൈഡ്രേറ്റുകളിൽ നിന്നു ലഭിക്കണം. ധാന്യങ്ങൾ, വേരുകൾ, കിഴങ്ങുവർഗങ്ങൾ എന്നിവ കാർബോഹൈഡ്രേറ്റിന്റെ ഉറവിടങ്ങളാണ്. ഇഡ്‌ലി, അപ്പം, ഇടിയപ്പം, പാസ്ത, ചോറ്, റൊട്ടി, കഞ്ഞി എന്നിവ ഈ രോഗികൾക്കു നല്ലതാണ്. ഈ ഭക്ഷണങ്ങൾ കരളിലെ ഗ്ലൈക്കോജൻ സ്റ്റോറുകൾ നിറയ്ക്കാൻ സഹായിക്കും, ഇത് കരളിനെ വേഗത്തിൽ സുഖപ്പെടുത്തും. ഭക്ഷണത്തിൽ പഴങ്ങളും പഴച്ചാറുകളും ഉൾപ്പെടുത്തുന്നതിലൂടെ കാർബോഹൈഡ്രേറ്റുകളും വൈറ്റമിനുകളും ധാതുക്കളും രോഗിക്ക് ഉന്മേഷം നൽകുന്നു. പ്രമേഹ രോഗികളിൽ, കാർബോഹൈഡ്രേറ്റ് ആകെ കാലറിയുടെ 55-60% ആയി കുറയ്ക്കണം. നാരുകൾ കൂടുതലുള്ള കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളാണ് അഭികാമ്യം. ഭക്ഷണശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനവിനെ ഇതു തടയും, പ്രത്യേകിച്ച് പ്രമേഹം അല്ലെങ്കിൽ ഇൻസുലിൻ പ്രതിരോധം ഉള്ള രോഗികളിൽ. ഈ രോഗികളിൽ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

പ്രോട്ടീനുകൾ: കരളിനെ സുഖപ്പെടുത്താൻ പ്രോട്ടീനുകൾ മതിയായ അളവിൽ ആവശ്യമാണ്. രോഗിയുടെ ഉദരത്തിൽ പ്രോട്ടീൻ ചോർന്ന് രക്തത്തിൽ ആൽബുമിൻ അളവ് കുറയാം. അത്തരം സന്ദർഭങ്ങളിൽ, ഉയർന്ന പ്രോട്ടീൻ ഉപഭോഗം (1.5 gm/kg ശരീരഭാരം ) ആവശ്യമാകാം. ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനുകളായ മുട്ട, മത്സ്യം, കോഴിയിറച്ചി, പയർവർഗങ്ങൾ എന്നിവ കഴിക്കണം.

കൊഴുപ്പുകൾ: കൊഴുപ്പ് ഉപാപചയത്തിനുള്ള കരളിന്റെ കഴിവ് കുറയുന്നതിനാൽ ആകെ കാലറിയുടെ 20 മുതൽ 25% വരെയായി കൊഴുപ്പുകൾ പരിമിതപ്പെടുത്തുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന സ്വഭാവമുള്ള എൻഎഎഫ്എൽഡിക്ക് കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം ആവശ്യമാണ്. അണ്ടിപ്പരിപ്പ്, വിത്തുകൾ, മത്സ്യം, അവക്കാഡോ എന്നിവയിലെ ആരോഗ്യകരമായ കൊഴുപ്പുകൾക്കു മൃഗക്കൊഴുപ്പുകളേക്കാളും ട്രാൻസ്ഫാറ്റുകളേക്കാളും പ്രാധാന്യം നൽകണം. ചുവന്ന മാംസം, ബേക്കറിÐ വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ നിയന്ത്രിക്കാം.

വൈറ്റമിനുകളും ധാതുക്കളും: കരൾ രോഗത്തിന്റെ ഗുരുതര ഘട്ടത്തിൽ, മൾട്ടിവൈറ്റമിൻ സപ്ലിമെന്റുകൾ നിർദേശിക്കാറുണ്ട്. അല്ലെങ്കിൽ രോഗിക്ക് പോഷകകുറവുകൾ ഉണ്ടാകാം. വൈറ്റമിൻ എ, ഡി, ഇ, കെ, ബി 12, ഫോളേറ്റ്, തയമിൻ, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവ സപ്ലിമെന്റായി നൽകണം. ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, കാൽസ്യം എന്നിവയും നൽകാം. വയറു വീർക്കുന്ന സാഹചര്യത്തിൽ സോഡിയം പരിമിതപ്പെടുത്താം. പാചകത്തിൽ ഉപ്പ് കുറയ്ക്കണം. ധാതുക്കൾ നൽകാൻ പഴങ്ങൾ, പഴച്ചാറുകൾ,
സൂപ്പ് എന്നിവ കഴിക്കാം.

ദ്രവങ്ങൾ: വയറുവേദനയും കൈകാലുകളിൽ നീർവീക്കവും ഉണ്ടായാൽ കുടിക്കുന്ന ദ്രാവകം പരിമിതപ്പെടുത്തും. അതിനാൽ വെള്ളം കുടിക്കൽ, ചായ/കാപ്പി, സൂപ്പുകൾ, ജൂസുകൾ എന്നിവയുടെ ഉപയോഗം ശ്രദ്ധിക്കാം. ഉപ്പ് കുറയ്ക്കുന്നത് എഡിമ (നീര്) കുറയ്ക്കാൻ സഹായിക്കും.

കരൾ രോഗം തടയും പോഷണം

മികച്ച പോഷണം ആവശ്യമായ ശരീരഭാരം നിലനിർത്താൻ സഹായിക്കും. രക്തത്തിലെ ലിപിഡിന്റെ അളവ് നിയന്ത്രിക്കും. വീക്കം കുറയ്ക്കും. അങ്ങനെ കരൾ രോഗങ്ങളെ തടയാം. കരൾ രോഗങ്ങളിൽ നിന്നു നമ്മെ സംരക്ഷിക്കുന്ന ഘടകങ്ങളെ അറിയാം.

ആന്റിഓക്‌സിഡന്റുകൾ: വൈറ്റമിൻ ഇ, സി, എ, സെലിനിയം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പഴങ്ങൾ, പച്ചിലക്കറികൾ, കോളിഫ്ലവർ, കാബേജ്, ബ്രോക്‌ലി, അണ്ടിപരിപ്പ്, വിത്തുകൾ എന്നിവയിൽ ഇവ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ സ്വാഭാവിക ഉപാപചയ പ്രക്രിയയുടെ ഭാഗമായി ഉൽപാദിപ്പിക്കപ്പെടുന്ന ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ഇവ ശരീരത്തെ സംരക്ഷിക്കുന്നു. ദിവസവും അഞ്ച് സെർവിങ്സ് (500 ഗ്രാം) പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക.

ഒമേഗ 3 ഫാറ്റി ആസിഡുകൾ: ഇവയ്ക്കു നീർവീക്കത്തെ തടയുന്നതിനുള്ള കഴിവ് ഉണ്ട്. അതു കരളിനെ വീക്കത്തിൽ നിന്നു സംരക്ഷിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടങ്ങളിൽ കൊഴുപ്പുള്ള മീൻ ആണ് പ്രധാനം. - മത്തി, അയല, കൊ ഴുവ, സാൽമൺ, പരിപ്പ്, എണ്ണക്കുരു എന്നിവ ഉൾപ്പെടുന്നു. ഒരു ആഴ്ചയിൽ
കൊഴുപ്പുള്ള മത്സ്യം 200 ഗ്രാം ഉൾപ്പെടുത്താൻ നിർദേശിക്കുന്നുണ്ട്.

നാരുകൾ: ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ ഭക്ഷണക്രമം ദഹനനാളത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ഇതു കൊളസ്‌ട്രോളിന്റെയും അതിന്റെ ഉൽപന്നങ്ങളുടെയും കുടലിലെ പുനരാഗിരണത്തെ കുറയ്ക്കുന്നു. അങ്ങനെ ഫാറ്റി ലിവർ സാധ്യത കുറയുന്നു. മുഴു ധാന്യങ്ങൾ, മുഴുപയർവർഗങ്ങൾ, ഭക്ഷ്യയോഗ്യമായ തൊലിയും വിത്തുകളുമുള്ള പഴങ്ങളും പച്ചക്കറികളും എന്നിവ നാരുകളുടെ മികച്ച ഉറവിടങ്ങളാണ്. കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള പ്രോട്ടീനുകളും നാരുകളും അവയിൽ ധാരാളമുണ്ട്. സസ്യാഹാരികൾ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും പയറുവർഗങ്ങൾ കഴിക്കണം. നാരുകളും ധാതുക്കളും ധാരാളമായി അടങ്ങിയതിനാൽ ചെറു ധാന്യങ്ങളായ മില്ലറ്റുകളും പ്രധാനം. നാരുകൾ കൂടുതലുള്ള ധാന്യങ്ങൾ തിരഞ്ഞെടുക്കുക. പോളിഷ് ചെയ്ത ധാന്യങ്ങൾ ഒഴിവാക്കുക.

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക: ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) എന്നത് ഒരാളുടെ പോഷകാഹാരനിലയുടെ നല്ല സൂചകമാണ്. ആവശ്യമുള്ള ശരീരഭാരം കൈവരിക്കുകയും നിലനിർത്തുകയും ചെയ്യുമ്പോൾ അറിയുക, നാം കരളിന്റെ ആരോഗ്യം ഉറപ്പാക്കുന്നു.

സമീകൃതാഹാരം പ്രധാനം

എല്ലാ പോഷക വിഭാഗത്തിൽ നിന്നുമുള്ള ഭക്ഷണങ്ങളും സമന്വയിക്കുന്നതാണ് സമീകൃതാഹാരം. പ്രോട്ടീനുകളുടെ മികച്ച ഉറവിടമായതിനാൽ പാൽ, പാലുൽപന്നങ്ങൾ, മത്സ്യം, കോഴിയിറച്ചി, മുട്ട, പയർവർഗങ്ങൾ എന്നിവ ഉൾപ്പെടുത്താം. ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും, മാംസഭക്ഷണങ്ങളും പരിപ്പ്, എണ്ണക്കുരു എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പ്രായപൂർത്തിയായ ഒരാളുടെ മാതൃകാ പ്ലേറ്റിൽ പകുതി ഭാഗം പഴങ്ങളും പച്ചക്കറികളും, കാൽ ഭാഗം പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളും (പയറുവർഗങ്ങൾ / നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ) മറ്റൊരു കാൽ ഭാഗം ധാന്യങ്ങളും
ഒരു ഗ്ലാസ് പാലും/തൈരും അടങ്ങിയിരിക്കണം. കൊഴുപ്പു നീക്കിയാണ്
മാംസവും കോഴിയിറച്ചിയും തിരഞ്ഞെടുക്കേണ്ടത്.

സ്വാഭാവിക കൊഴുപ്പുകളും വൈറ്റമിനുകളും ധാതുക്കളും നൽകുന്ന അണ്ടിപ്പരിപ്പ് ദിവസവും ഒരു പിടി കഴിക്കാം. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കരളിലെ ഗ്ലൈക്കോജന്റെ ഉറവിടമായതിനാൽ അവയും ഓരോ ഭക്ഷണത്തിലും ഉൾപ്പെടു
ത്തണം.

കരളിന്റെ കാര്യത്തിൽ ആഹാരം വളരെ പ്രധാനമാണ്. കരുതലോടെ കഴിച്ചാൽ കരൾ കാലങ്ങളോളം കരുത്തോടെ നിലകൊള്ളും. ഇനിയങ്ങോട്ട് കരളിന്റെ ആരോഗ്യത്തിനായി
കഴിക്കാം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. മിനി ജോസഫ്

അസിസ്‌റ്റന്റ് പ്രഫസർ

ഫൂഡ് ആൻഡ് ന്യൂട്രിഷൻ ഹോം സയൻസ് വിഭാഗം

ഗവ. വിമൻസ് കോളജ്,

Tags:
  • Manorama Arogyam