യോനിയിൽ സാധാരണയായി ഉണ്ടാകേണ്ട ഈർപ്പം ഇല്ലാതാകുന്ന അവസ്ഥയാണു വജൈനൽ ‍ഡ്രൈനസ് അഥവാ യോനീവരൾച്ച. ഇരിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും മൂത്രമൊഴിക്കുമ്പോഴും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും ഇതു വേദനയ്ക്കു കാരണമാകും. സാധാരണയായി, യോനീപാളി കട്ടിയുള്ളതും ഇലാസ്തികത ഉള്ളതുമായി നിലനിർത്താൻ സഹായിക്കുന്ന ദ്രാവകം കൊണ്ടു ലൂബ്രിക്കേറ്റ് ചെയ്യപ്പെടുന്നു. യോനിയിലെ കലകൾ വരണ്ടതും നേർത്തതും ഈർപ്പം കുറവുള്ളതുമായിരിക്കുമ്പോഴാണു യോനിയിലെ വരൾച്ച സംഭവിക്കുന്നത്. ഇത് അസ്വസ്ഥതയുണ്ടാക്കുന്നു, പ്രത്യേകിച്ചു ലൈംഗിക ബന്ധത്തിൽ.

ഹോർമോൺ മുതൽ മരുന്നു വരെ

ADVERTISEMENT

ഏതു പ്രായത്തിലും യോനിയിലെ വരൾച്ച ഉണ്ടാകാം. ആർത്തവവിരാമ സമയത്തോ അതിനു ശേഷമോ ഈസ്ട്രജന്റെ അളവു കുറയുമ്പോഴാണ് ഇത് ഏറ്റവും സാധാരണമായി കാണപ്പെടുന്നത്. ഈസ്ട്രജൻ എന്ന ഹോർമോൺ യോനിയിലെ പാളി ഈർപ്പമുള്ളതാക്കുകയും ആരോഗ്യകരമാക്കുകയും ചെയ്യുന്നു. ഈസ്ട്രജന്റെ അളവു കുറയുന്നതു യോനിയിലെ ഭിത്തികൾ നേർത്തതും വരണ്ടതുമാകാൻ കാരണമാകുന്നു. ചില മരുന്നുകൾ കൊണ്ട് ഈ അവസ്ഥ വരാം. പ്രധാനമായും അലർജി മരുന്നുകൾ. അമിത മാനസികസമ്മർദം യോനീവരൾച്ചയുെട കാരണമായി കണക്കാക്കാറുണ്ട്. സ്തനാർബുദ ചികിത്സയും വരൾച്ചയ്ക്കു കാരണമാകാം. ചില ചികിത്സാരീതികൾ ഈസ്ട്രജന്റെ അളവു കുറയ്ക്കുന്നതിലൂെട യോനീവരൾച്ചയുണ്ടാക്കാം.

പ്രസവം, മുലയൂട്ടൽ, ഗർഭനിരോധന ഗുളികകളുെട ഉപയോഗം, പ്രമേഹം, അമിത വ്യായാമം, അണ്ഡാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കു വിധേയയാകുക, സുഗന്ധമുള്ളതോ സുഗന്ധദ്രവ്യങ്ങളുള്ളതോ ആയ സോപ്പുകൾ, സ്പ്രേകൾ, വാഷുകൾ എന്നിവ യോനിയിൽ ഉപയോഗിക്കുന്നതു തുടങ്ങിയവയെല്ലാം യോനീവരൾച്ചയുെട കാരണങ്ങളായി പറയപ്പെടുന്നു.

ADVERTISEMENT

വേദനാജനകമായ ലൈംഗികബന്ധം

ലൈംഗികബന്ധത്തിനിടയിലാണു യോനിയിലെ വരൾച്ച സാധാരണയായി ഏറ്റവും കൂടുതൽ പ്രകടമാകുന്നത്. യോനിയിൽ ആവശ്യത്തിനു ലൂബ്രിക്കേഷൻ ഇല്ലാതെ, ലൈംഗിക ബന്ധത്തിനിടയിലെ ഘർഷണം വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. ലൈംഗികബന്ധത്തിനു മുൻപു പൂർണമായും ഉത്തേജിതയാകുക. ഫോർപ്ലേയും പ്രധാനമാണ്. ലൈംഗിക ലൂബ്രിക്കന്റുകൾ ഉപയോഗിക്കുന്നതും സഹായിക്കും.വേദനാജനകമായ ലൈംഗികബന്ധം ലൈംഗികതയിൽ താൽപര്യം കുറയാനോ പങ്കാളിയുമായുള്ള അടുപ്പം നഷ്ടപ്പെടുന്നതിനോ ഇടയാക്കും. അതിനാൽ യോനീവരൾച്ച ഉണ്ടെന്നു തോന്നിയാൽ എത്രയും പെട്ടെന്നു വൈദ്യസഹായം തേടുക

ADVERTISEMENT

ലക്ഷണങ്ങൾ അറിയാം

∙ ലൈംഗികബന്ധത്തിനിെട വേദന അനുഭവപ്പെടുക.
∙ യോനീഭാഗത്തു പുകച്ചിൽ
∙ ചൊറിച്ചിൽ കൂടുതലായി ഉണ്ടാവുക
∙ യോനീഭാഗത്തു വേദന അനുഭവപ്പെടുക
∙ ലൈംഗികബന്ധത്തിനു ശേഷം ചെറിയ രക്തസ്രാവം ഉണ്ടാവുക. യോനീഭാഗത്തെ കോശങ്ങളുെട കട്ടി കുറവാണു കാരണം.
∙ മൂത്രമൊഴിക്കുമ്പോൾ വേദന, കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടിവരുക
∙ യോനിയിൽ നിന്നു വെള്ളനിറത്തിലുള്ള ദ്രാവകം ഉണ്ടാകുന്നു.

എപ്പോൾ വൈദ്യസഹായം

സാധാരണയായി യോനീവരൾച്ച ഗുരുതരമായ ആരോഗ്യപ്രശ്നം സൃഷ്ടിക്കാറില്ല. എന്നാലും ഈ അവസ്ഥയുമായി ബന്ധപ്പെട്ട അസ്വാസ്ഥ്യങ്ങൾ ദിവസങ്ങൾ നീണ്ടുനിന്നാൽ ഡോക്ടറെ സമീപിക്കുക. ഈ പ്രശ്നം ലൈംഗികബന്ധത്തെ ദോഷകരമായി ബാധിക്കുക, ദൈനംദിനപ്രവൃത്തികൾക്കു തടസ്സമാവുക തുടങ്ങിയ സാഹചര്യങ്ങളിൽ വൈദ്യസഹായം തേടാൻ വൈകരുത്.
യോനീവരൾച്ച അധികനാൾ ചികിത്സിക്കാതിരുന്നാൽ യോനിയിലെ കലകളിൽ വ്രണമോ വിള്ളലുകളോ ഉണ്ടാക്കാം. യോനീവരൾച്ചയ്ക്കൊപ്പം രക്തസ്രാവം കാണുകയാണെങ്കിലും നിസ്സാരമാക്കരുത്.

ശാരീരിക പരിശോധനകൾ നടത്തി രോഗം സ്ഥിരീകരിക്കാം. ഹോർമോൺ പ്രശ്നമാണോ എന്നറിയാൻ ചിലപ്പോൾ രക്തപരിശോധനകൾ വേണ്ടിവരും. യോനീവരൾച്ചയ്ക്കു പലതരം ചികിത്സാരീതികളുണ്ട്. മോയിസ്ചറൈസറുകളും ലൂബ്രിക്കന്റുകളും ഉപയോഗിക്കാം. വജൈനൽ ഈസ്ട്രജൻ തെറപ്പി- ക്രീമുകൾ, ഗുളികകൾ, റിങ്ങുകൾ എന്നിവ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ആർത്തവവിരാമം ആയിക്കഴിഞ്ഞാൽ ഹോർമോൺ ചികിത്സയും െചയ്യാം. ഡിഹൈഡ്രോഎപ്പിആൻഡ്രോസ്റ്റിറോൺ ഗുളികകളും ഉപയോഗിച്ചു വരുന്നു. ഇതു ഡോക്ടറുെട നിർദേശപ്രകാരം
മാത്രമേ കഴിക്കാവൂ.

പാലിക്കാം ശുചിത്വശീലങ്ങൾ

∙ ധാരാളം വെള്ളം കുടിക്കുക.
∙ തീവ്ര സുഗന്ധമുള്ള സോപ്പുകൾ ഉപയോഗിക്കരുത്.
∙ ചെറുചൂടുവെള്ളം ഉപയോഗിച്ചു യോനീഭാഗം വൃത്തിയാക്കുക.
∙ കോട്ടൻ അടിവസ്ത്രം ധരിക്കുക.
∙ നനഞ്ഞ അടിവസ്ത്രം ഉടൻ മാറ്റുക. യോനീഭാഗത്തെ നനവു
മാറ്റാൻ തുണി കൊണ്ടു തുടയ്ക്കുമ്പോൾ മുകൾ ഭാഗത്തു നിന്നു
താഴേക്കു തുടയ്ക്കുക.

ഡോ. എൻ.എസ്. ശ്രീദേവി
ഗൈനക്കോളജിസ്റ്റ്,
എസ്പി വെൽഫോർട്ട് ഹോസ്പിറ്റൽ
ശാസ്തമംഗലം, തിരുവനന്തപുരം

ADVERTISEMENT