Saturday 31 December 2022 04:47 PM IST

സ്വകാര്യഭാഗങ്ങളിലെ അമിതമായ സോപ്പുപയോഗവും വെള്ളം സ്പ്രേ ചെയ്തു കഴുകുന്നതും ദോഷം ചെയ്യാം: സ്ത്രീ ശുചിത്വത്തിൽ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Asha Thomas

Senior Sub Editor, Manorama Arogyam

hygienewmn56456

പ്രശസ്ത ഹോളിവുഡ് നടി ജെന്നിഫർ ലോപ്പസ് എവിടെ പോയാലും ടോയ്‌ലറ്റ് കവർ കൂടി കൊണ്ടുപോകുന്ന ശീലക്കാരിയാണ്. അന്തരിച്ച പോപ്ഗായകൻ മൈക്കൽ ജാക്സണും ഇത്തരമൊരു ശീലമുണ്ടായിരുന്നു. പോപ്ഗായികയായ കാറ്റി പെറിക്ക് ദിവസം ആറോ ഏഴോ തവണ പല്ലു തേയ്ച്ചാലേ തൃപ്തിയാകൂ. വൃത്തിയും വെടിപ്പുമുള്ള ഇത്തരം കഥകൾ ഇനിയുമുണ്ടേറെ.

വൃത്തി കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. എന്നാൽ ശരിയായ വൃത്തി എന്നത് ഒരു ആരോഗ്യ കലയാണ്. രോഗങ്ങളകറ്റാനും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള ശീലങ്ങളെ മൊത്തത്തിൽ കണക്കിലെടുത്താണ് ഒരാൾക്ക് വൃത്തിയുണ്ടോ ഇല്ലയോ എന്നു തീർപ്പിലെത്തുന്നത്. എന്നാൽ നമ്മളിൽ പലർക്കും വൃത്തിയെന്നു പറയുന്നത് കുളിയും പല്ലതേപ്പും മാത്രമാണ്. എന്നാൽ ശരിയായ വൃത്തി എന്നത് നിരവധി ഘടകങ്ങൾ അടങ്ങിയ ജീവിതശീലമാണ്. അത് മുളയിലേ തളിരിട്ടു വളർന്നു വരേണ്ടതാണ്. മുതിർന്നിട്ടു തുടങ്ങേണ്ടതല്ല.

പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ കുഞ്ഞായിരിക്കുമ്പോൾ പോലെയല്ല ഋതുമതിയാകുമ്പോൾ . വിവാഹിതയായി സജീവ ലൈംഗിക ജീവിതം നയിച്ചു തുടങ്ങുമ്പോഴും ഗർഭിണിയായിരിക്കുമ്പോഴും പ്രസവശേഷവുമെല്ലാം ശുചിത്വമെന്നത് അവളുടെ ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു ഘടകമായി മാറുന്നു.

സ്ത്രീയുടെ ശരീരഘടനയും പുരുഷന്റെ ശരീര ഘടനയും ഏറെ വ്യത്യസ്തമാണ്. സ്ത്രീകളുടെ മൂത്രനാളിക്ക് പുരുഷന്മാരുടെ മൂത്രനാളിയേക്കാൾ നീളം കുറവാണ്. തന്നെയുമല്ല യോനിക്കും മലദ്വാരത്തിനും വളരെ അടുത്തുമാണ്. ഇത് എളുപ്പം അണുക്കൾ മൂത്രനാളിയിൽ കടക്കാൻ സാഹചര്യമൊരുക്കുന്നു. രണ്ടാമത്തെ കാരണം അണുക്കൾക്ക് സുഖമായി പെരുകാനുള്ള ഈർപ്പമുള്ള സാഹചര്യം ലഭിക്കുന്നുവെന്നതാണ്. പല കാരണങ്ങളാലും സ്ത്രീയുടെ സ്വകാര്യഭാഗങ്ങൾ ഈർപ്പമായിരിക്കാൻ സാധ്യത കൂടുതലാണ്. ആർത്തവ രക്തസ്രാവം, യോനീസ്രവങ്ങൾ എന്നിങ്ങനെ ഉദാഹരണങ്ങൾ. അതുകൊണ്ട് തന്ന ശുചിത്വം പ്രധാനമാകുന്നു. 

കുഞ്ഞിലേ തുടങ്ങുക

പെൺകുട്ടിയായിരിക്കുമ്പോഴേ പല്ലതേയ്പ്പും കുളിയും പോലുള്ള സാധാരണ ശീലങ്ങൾക്കൊപ്പം മൂത്രമൊഴിച്ചശേഷം വൃത്തിയാക്കാനും ടോയ്‌ലറ്റിൽ പോയി വന്നശേഷം കൈ കഴുകാനും ശീലിപ്പിക്കണം. ഭക്ഷണത്തിനു മുമ്പ് കൈ കഴുകുന്നതുപോലെ തന്നെ പ്രധാനമാണ് ഇതെന്നു പറഞ്ഞു കൊടുക്കുക. പലപ്പോഴും ബാക്ടീരിയൽ–ഫംഗസ് അണുബാധകൾ വരുന്നത് മലദ്വാരത്തിന്റെ ഭാഗത്തുനിന്നാണ്. മലവിസർജനത്തിനുശേഷം കഴുകുമ്പോൾ യോനീഭാഗത്തു നിന്ന് പിന്നിലേക്ക് കഴുകിയാൽ മലദ്വാരത്തിൽനിന്നും അണുക്കൾ കടക്കുന്നതു തടയാം. കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് വിര മരുന്നു നൽകണം. ഇതു വിരകൾ യോനീഭാഗത്തേക്ക് കടന്ന് ചൊറിച്ചിലും മറ്റ് പ്രയാസങ്ങളും ഉണ്ടാക്കുന്നതു തടയും.

ആർത്തവ ദിനങ്ങളിൽ

ആർത്തവം ആരംഭിക്കുന്നതോടെ പെൺകുട്ടി സ്ത്രീത്വത്തിലേക്കു കാലൂന്നുകയാണ്. അവളുടെ ശരീരം പ്രത്യുൽപ്പാദനപരമായ ധർമ്മങ്ങൾക്കായി ഒരുങ്ങിത്തുടങ്ങുന്നു. യോനീസ്രവങ്ങളും ആർത്തവരക്ത സ്രാവവും ഒക്കെ യോനിയെ എപ്പോഴും ഈർപ്പമുള്ളതാക്കും. ആർത്തവ ദിവസങ്ങളിൽ വൃത്തിയില്ലാതിരുന്നാൽ അണുബാധയ്ക്കുള്ള സാധ്യത വർധിക്കും. രക്തസ്രാവത്തിന്റെ അളവു കൂടിയിരുന്നാലും ഇല്ലെങ്കിലും ആറു മണിക്കൂർ കൂടുമ്പോഴെങ്കിലും സാനിറ്ററി പാഡ് മാറ്റി ധരിക്കാൻ ശ്രദ്ധിക്കണം. വളരെ സാധാരണമായ സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. സുഗന്ധമുള്ള തരം പാഡുകൾ ചിലപ്പോൾ അലർജിക്കു കാരണമായേക്കാം. ഓരോ പ്രാവശ്യവും പാ‍ഡ് മാറ്റുമ്പോഴും യോനീഭാഗം വൃത്തിയാക്കണം.

അമിത വൃത്തി വേണ്ട

സാധാരണ സോപ്പുകൊണ്ടു യോനീഭാഗം വൃത്തിയാക്കിയാൽ മതിയോ എന്നൊരു സംശയം പലർക്കുമുണ്ട്. സോപ്പുകളേക്കാൾ കൂടിയ മെച്ചമൊന്നും ആന്റിബാക്ടീരിയൽ ലോഷനുകൾക്കില്ല. തന്നെയുമല്ല യോനി സ്വയം വൃത്തിയാക്കാൻ ശേഷിയുള്ള ഭാഗമാണ്. ധാരാളം ശ്ലേഷ്മവും ഇവിടുത്തെ കോശങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്. യോനീഭാഗത്ത് അമ്ലത്വമുള്ള പി എച്ചാണുള്ളത്. ഇതെല്ലാം ചിലതരം സൂക്ഷ്മജീവികളുടെ വളർച്ച തടയാനുദ്ദേശിച്ചുള്ളതാണ്. എന്നാൽ അമിത വൃത്തിയാക്കൽ മൂലം യോനീഭാഗത്തെ ചർമ്മത്തിലും ആവരണത്തിലുമുള്ള ഉപകാരികളായ ബാക്ടീരിയകളുടെ സംഖ്യയിൽ ഏറ്റക്കുറച്ചിലുകൾ വരാം. ഇത് അണുബാധകൾ വരുത്താനിടയാക്കാം.

അമിതമായി സോപ്പുപയോഗിക്കുന്നതും വെള്ളം സ്പ്രേ ചെയ്തു കഴുകുന്ന രീതിയും (ഡൗച്ചിങ്) ഒഴിവാക്കേണ്ടതാണ്. ഇവ അണുബാധയ്ക്കിടയക്കുമെന്ന് അമേരിക്കൻ പബ്ലിക് ഹെൽത് അസോസിയേഷനും മുന്നറിയിപ്പു നൽകുന്നു.

വസ്ത്രം ഉപയോഗിക്കുമ്പോൾ

പണ്ടൊക്കെ കോട്ടൺ തുണികൊണ്ടുള്ള അടിവസ്ത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. പുഴയിലോ മറ്റോ കുളിക്കാൻ പോകുമ്പോള്‍ ധാരാളം വെള്ളത്തിൽ ഉലച്ചു കഴുകി നല്ല വെയിലത്ത് ഉണക്കാനിടും. ഇന്ന് എല്ലാത്തരം വസ്ത്രങ്ങളും വാഷിങ് മെഷീനിൽ ഒരുമിച്ചു കഴുകുന്നു. ഇതു നല്ല ശീലമല്ല. നൈലോൺ, പോളീസ്റ്റർ തുണികൊണ്ടുള്ള അടിവസ്ത്രങ്ങളുടെ ഉപയോഗവും കുറയ്ക്കണം. ഇതു വിയർപ്പു സ്വകാര്യ ഭാഗങ്ങളിൽ തങ്ങിനിൽക്കാൻ ഇടയാക്കും. ശരീരത്തിൽ ഇറുകിപ്പിടിച്ചു കിടക്കുന്ന പാന്റീസോ മറ്റു അടിവസ്ത്രങ്ങളോ ദീർഘനേരത്തേക്ക് ധരിക്കുന്നതും ഇതുപോലെ ദോഷകരമാണ്. നനഞ്ഞ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ഫംഗസ് ബാധയ്ക്കു കാരണമാകും.

വ്യക്തിശുചിത്വം-ആരോഗ്യ അറിവുകൾ

∙  സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങൾ നീളംകുറച്ച് വൃത്തിയായി സൂക്ഷിക്കണം.

∙ ഷേവു ചെയ്യുന്നതും വാക്സ് ചെയ്യുന്നതും മുറിവുകളോ കുരുക്കൾ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയാക്കാം. അതിനാൽ സൂക്ഷിച്ചു മാത്രം രോമം നീക്കം ചെയ്യുക.

∙ ദിവസവും രണ്ടുനേരം കുളിക്കണം. കുളി കഴിഞ്ഞ ശേഷവും ടോയ്‌ലറ്റിൽ പോയ ശേഷവും യോനീഭാഗത്തെ നനവ് തുടച്ചുണക്കിയശേഷം മാത്രം അടിവസ്ത്രം ധരിക്കുക.

∙ ബാത്‌ടബിലെ കുളി വഴി ശരീരത്തിലെ ബാക്ടീരിയ സ്വകാര്യ ഭാഗങ്ങളിലേക്ക് കടക്കാം. ഇത് മൂത്രാശയ അണുബാധകൾക്കു കാരണമാകാം.

∙ സ്വകാര്യ ഭാഗങ്ങളിൽ സ്പേ്രകളും ഡിയോഡറന്റുകളും വാഷുകളും ഉപയോഗിക്കുന്നത് അണുബാധകൾക്ക് സാധ്യത കൂട്ടും.

∙ കഴിവതും കോട്ടൺതുണി കൊണ്ടുള്ള അടിവസ്തങ്ങൾ ധരിക്കുക. ഇതു വിയർപ്പു കെട്ടിനിൽക്കാതിരിക്കാൻ സഹായിക്കും.

∙ യോനീ വരൾച്ചയുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ലുബ്രിക്കന്റുകൾ ഉപയോഗിക്കുക.

∙ പെട്രോളിയം ജെല്ലി, തേൻ, ബേബി ഓയിൽ പോലുള്ളവ ഒരു കാരണവശാലും ലൂബ്രിക്കേഷനായി ഉപയോഗിക്കരുത്.

കൃത്രിമ സുഗന്ധം വേണ്ട

വിവിധതരം ലൂബ്രിക്കന്റുകൾ, സ്പ്രേകൾ, വാഷുകൾ എന്നിവയുടെ ഉപയോഗം നമ്മുടെ നാട്ടിലും കൂടിവരുന്നു. ലുബ്രിക്കന്റുകളിൽ മിക്കതിന്റെയും അടിസ്ഥാന പദാർത്ഥം ഗ്ലിസറിനാണ്. ഇത് യോനീഭാഗത്തെ കോശങ്ങൾ നശിക്കാനും ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ എളുപ്പം പിടിപെടാനും കാരണമാകുന്നു. യോനീഭാഗത്തെ ചർമം നമ്മുടെ സാധാരണ ചർമത്തേക്കാൾ പതിന്മടങ്ങ് ആഗിരണശേഷിയുള്ളതാണ്. അതിനാൽ കൃത്രിമ ഉൽപ്പന്നങ്ങളിലെ രാസവസ്തുക്കളെ പെട്ടെന്ന് ആഗിരണം ചെയ്യാം.

ചൊറിച്ചിലും അണുബാധയും

യോനീഭിത്തിയിലും ഗർഭാശയഗളത്തിലുമുള്ള ഗ്രന്ധികൾ ധാരാളം ശ്ലേഷ്മം ഉൽപ്പാദിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് പ്രത്യൽപ്പാദനക്ഷമരായ സ്ത്രീകളിൽ. ഇത്തരം സ്രവങ്ങളുടെ അളവ് ഓരോ സ്ത്രീയിലും ഓരോ ആർത്തവകാലത്തും വ്യത്യസ്തമായിരിക്കും. ചിലരിൽ ബാക്ടീരിയ–യീസ്റ്റ് അണുബാധകൾ മൂലം സ്രവത്തിന്റെ നിറത്തിലും ഗന്ധത്തിലും വ്യത്യാസം വന്ന് ചെറിച്ചിലുണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ വ്യക്തിപരമായ ശുചിത്വം കൂടിയേ തീരൂ.

∙പ്രമേഹമുള്ളവരിലും ആന്റിബയോട്ടിക്കുകൾ കഴിക്കുന്നവരിലും ഗർഭിണികളിലും അണുബാധകൾക്കു സാധ്യത കൂടുതലാണ്. മാനസിക പിരിമുറുക്കവും ടെൻഷനും ഇത്തരം അണുബാധകൾ ആവർത്തിച്ചുവരാൻ ഇടയാക്കും.

പ്രായമേറുമ്പോൾ

പ്രായമേറുന്നതനുസിരച്ച് ഈസ്ട്രജന്റെ ഉൽപ്പാദനത്തിൽ കുറവു വരും. ഗർഭാശയ സ്രവങ്ങളുടെ അളവു കുറഞ്ഞ്, യോനീഭാഗത്തെ അസിഡിറ്റി മാറി ക്ഷാരത്വം വരാം. യോനി വരണ്ടുപോകാം. ഇതെല്ലാം അണുബാധകൾക്ക് സാഹചര്യമൊരുക്കും. ട്രൈക്കോമോണസ് (പ്രോട്ടോസോവ), കാൻഡിഡ (ഫംഗസ്) അണുബാധകൾ ഉദാഹരണം. അസഹ്യമായ ചെറിച്ചിലും യോനീസ്രവത്തിനു വരുന്ന നിറവ്യത്യാസവും ദുർഗന്ധവുമാണ് ലക്ഷണങ്ങൾ. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയും ശുചിത്വക്കുറവു മൂലവും അണുബാധകൾ വരാം. 

ശുചിത്വം ആരോഗ്യത്തിലേക്കുള്ള ഉറപ്പായ വാതിലാണ്. അണുബാധകളില്ലാതെ ആരോഗ്യകരമായ സ്ത്രീത്വത്തിലേക്കുള്ള വഴിയാകട്ടെ വ്യക്തിപരമായ ശുചിത്വവും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. വിജയലക്ഷ്മി,

ചീഫ് പാതോളജിസ്റ്റ്,

ഡിഡിആർസി

എസ്ആർഎൽ,

കോട്ടയം.

Tags:
  • Daily Life
  • Manorama Arogyam