Saturday 21 May 2022 05:38 PM IST

വേദന കുറഞ്ഞ പാപ്‌സ്മിയർ രീതി, പ്രസവം നിർത്തലിനൊപ്പം കാൻസർ തടയാം: ഗൈനക്കോളജിസ്റ്റുകൾ പറയാത്ത ചില കാര്യങ്ങൾ അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

gret3453

ഗൈനക്കോളജി ഒ പിയുടെ തിരക്കിൽ പലപ്പോഴും ചോദിക്കാൻ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും രോഗിക്കു ചോദിക്കാനായെന്നു വരില്ല. രോഗിയോടു ഡോക്ടർ വിശദമാക്കാൻ വിട്ടുപോകുന്ന കാര്യങ്ങളുമുണ്ട്. അത്തരം ചില കാര്യങ്ങളെക്കുറിച്ചുള്ള ഒാർമപ്പെടുത്തലാണിത്.

∙ രോഗപാരമ്പര്യം പറയണം

ഗൈനക്കോളജിസ്റ്റുമായി സംസാരിക്കുമ്പോൾ ഏതെങ്കിലും രോഗങ്ങളുടെ പാരമ്പര്യം ഉണ്ടെങ്കിൽ നിർബന്ധമായും പറയണം. ഉദാഹരണത്തിന് അണ്ഡാശയ കാൻസറിന്റെ കാര്യമെടുക്കാം. വയർ വീർപ്പ്, ഇടുപ്പിലോ വയറിലോ വേദന, വിശപ്പുകുറവ്, ക്ഷീണം, മലവിസർജനത്തിലെ അസാധാരണത എന്നിങ്ങനെ വളരെ പൊതുവായ ലക്ഷണങ്ങളാണ് അണ്ഡാശയ അർബുദത്തിനുള്ളത്. അതുകൊണ്ട് തിരിച്ചറിയാൻ വൈകാം. വളരെ പെട്ടെന്നു തന്നെ തീവ്രമാവുകയും ചെയ്യും, പ്രത്യേകിച്ച് ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ.

കുടുംബത്തിൽ അണ്ഡാശയകാൻസറിന്റെയോ സ്തനാർബുദത്തിന്റെയോ ചരിത്രമുണ്ടെങ്കിൽ ഇത്തരം ലക്ഷണങ്ങളെ അണ്ഡാശയ അർബുദവുമായി ചേർത്തു ചിന്തിക്കാൻ എളുപ്പമാണ്. അതുകൊണ്ട് പാരമ്പര്യ രോഗചരിത്രം, പ്രത്യേകിച്ച് അർബുദപാരമ്പര്യത്തെക്കുറിച്ച് ഡോക്ടറോടു സംസാരിക്കുക.

∙ പ്രസവം നിർത്തലിനൊപ്പം കാൻസർ തടയാം

അണ്ഡാശയ കാൻസർ ഉറവെടുക്കുന്നത് അണ്ഡവാഹിനിക്കുഴലുകളിലാണ് എന്നാണു പറയുന്നത്. അതുകൊണ്ട് സ്തനാർബുദത്തിന്റെയോ അണ്ഡാശയ അർബുദത്തിന്റെയോ കുടുംബചരിത്രമുള്ളവരിൽ പ്രസവം നിർത്തൽ ചെയ്യുമ്പോൾ അണ്ഡവാഹിനിക്കുഴൽ മുഴുവനായി നീക്കുന്നത് അർബുദസാധ്യത കുറയ്ക്കാൻ സഹായിക്കും. സാധാരണഗതിയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയ ചെയ്യുമ്പോൾ അണ്ഡവാഹിനിക്കുഴലിന്റെ ചെറിയൊരു ഭാഗം മാത്രമാണു മുറിച്ചുകളയാറ്. വീണ്ടും കുട്ടികൾ വേണമെന്നു തോന്നിയാൽ ഇതു തമ്മിൽ യോജിപ്പിച്ച് എടുക്കാൻ ഒരു അവസരത്തിനായാണ് കുറച്ചുമാത്രമായി നീക്കുന്നത്.

അണ്ഡവാഹിനിക്കുഴൽ മുഴുവനായി നീക്കുന്ന ശസ്ത്രക്രിയയ്ക്ക് ഒാപ്പർച്ചുനിസ്റ്റിക് സാൽപിെഞ്ചക്ടമി എന്നാണ് പറയുന്നത്. ഇവരിൽ അ ണ്ഡാശയം നീക്കാതെ അതേപടി നിലനിർത്താം. തന്മൂലം ഹോർമോൺ കുറവു മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയുമില്ല.

∙ പ്രസവം നിർത്തിയാലും ഗർഭം ഉണ്ടാകാം

പ്രസവം നിർത്തൽ ശസ്ത്രക്രിയയിൽ അണ്ഡവാഹിനിക്കുഴൽ കുറച്ചുഭാഗം നിലനിർത്താറുണ്ട്. അതുകൊണ്ട് പ്രസവം നിർത്തിയാലും ഒരു 8–10 വർഷമൊക്കെ കഴിയുമ്പോൾ ട്യൂബ് റീ കനലൈസ് ചെയ്ത് അതിൽ ഗർഭം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന് എക്ടോപിക് പ്രഗ്നൻസി അഥവാ ഗർഭപാത്രത്തിനു പുറത്തുള്ള ഗർഭധാരണം എന്നു പറയും. ചിലരിൽ ഗർഭപാത്രത്തിൽ തന്നെ ഗർഭം വളരാം. പ്രസവം നിർത്തിയാലും ഇങ്ങനെ വീണ്ടും ഗർഭം ധരിക്കാനുള്ള സാധ്യതയുണ്ടെന്നു പലർക്കും അറിയില്ല. അതുകൊണ്ട് ഗർഭിണി ആയാൽ പോലും അതു തിരിച്ചറിയാതെ വരാം, ആർത്തവം വരാതിരുന്നാൽ ആർത്തവവിരാമം ആകാറായത് ആണെന്നു കരുതിയിരിക്കും. കാരണം മിക്കവരും അപ്പോഴേക്കും 38–40 വയസ്സു കഴിഞ്ഞിരിക്കും.

പ്രസവം നിർത്തിയശേഷം ഗർഭമുണ്ടായാൽ അത് വളരെ അപകടകരമായ (Risky Pregnancy) ഗർഭമാണ്. എക്ടോപിക് ഗർഭം അറിയാതെ പോയാൽ അതു വളർന്ന് വലുതായി ട്യൂബ് പൊട്ടി ആന്തരിക രക്തസ്രാവമുണ്ടാകാം. ഇതിലൂടെ ഗർഭിണിയുടെ ജീവനു തന്നെ അപകടമുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് പ്രസവം നിർത്തൽ ശസ്ത്രക്രിയയുയ്ക്കു മുൻപു തന്നെ അണ്ഡവാഹിനിക്കുഴൽ മുഴുവനായി മാറ്റണോ അതോ കുറച്ചു നിലനിർത്തണമോ എന്നീ കാര്യങ്ങളൊക്കെ ആലോചിച്ചു തീരുമാനിക്കുകയും ഡോക്ടറുമായി സംസാരിക്കുകയും ചെയ്യുക.

∙ പിസിഒഡി ടീനേജുകാരുടെ മാത്രം പ്രശ്നമല്ല

കൗമാരത്തിലാണു തുടങ്ങുന്നതെങ്കിലും 60 വയസ്സിലും പിസിഒഡിയുടെ പ്രശ്നങ്ങൾ നിലനിൽക്കും. വണ്ണം മൂലം കാർസിനോമ എൻഡോമെട്രി ഒക്കെ വരുന്നത് 60–കളിൽ ആയിരിക്കും. ജീവിതശൈലീരോഗം പോലെ ദീർഘകാലം നിലനിൽക്കുന്ന രോഗമാണ് പിസിഒഡി. മരുന്നു ചികിത്സയേക്കാൾ പിസിഒഡിക്കു ഫലപ്രദമാകുന്നത് ജീവിതശൈലീക്രമീകരണം ആണ്. കൊഴുപ്പും മധുരവും അമിത കാർബോഹൈഡ്രേറ്റും കുറയ്ക്കുക, ശരീരഭാരം അമിതമാകാതെ നിയന്ത്രിച്ചുനിർത്തുക, അമിതശരീരഭാരം ഉണ്ടെങ്കിൽ അതു കുറയ്ക്കുക, വ്യായാമം ശീലമാക്കുക എന്നിവയൊക്കെ പിസിഒഡി നിയന്ത്രണത്തിനു പ്രധാനമാണ്. അമിതവണ്ണമുള്ളവരിലേ പിസിഒഡി വരൂ എന്ന ധാരണയും തെറ്റാണ്.

∙ ആർത്തവവേദനയ്ക്കു മരുന്ന്

സ്ത്രീയായി ജനിക്കുന്നതിന്റെ ഭാഗമാണ് ആർത്തവമെന്നും അതു സംബന്ധിച്ച വിഷമതകളെ സഹിക്കുകയാണു വേണ്ടതെന്നും ചിന്തിക്കുന്നവരുണ്ട്. അവർ ആർത്തവവേദനയ്ക്കു മരുന്നു കഴിക്കാൻ ഇഷ്ടപ്പെടില്ല. പക്ഷേ, പുതിയ തലമുറ ആർത്തവവേദന മറ്റേതൊരു വേദനയേയും പോലെ മരുന്നുകൊണ്ടു നേരിടണമെന്നു കരുതുന്നവരാണ്. ഇതിൽ വ്യക്തിപരമായ തീരുമാനങ്ങൾക്കാണു പ്രസക്തി. ആർത്തവവേദന സഹിക്കാൻ വയ്യെന്നു പറഞ്ഞുവരുന്നവരോട് ഇതൊക്കെ പെണ്ണുങ്ങൾക്കു സാധാരണമാണ് എന്നു പറയുകയല്ല വേണ്ടത്. വേദന സഹിക്കാൻ വയ്യാത്തവർ മാസത്തിൽ ആ സമയത്ത് ഒന്നോ രണ്ടോ ദിവസത്തേക്ക് വേദനാസംഹാരി കഴിച്ചു എന്നു കരുതി ഒരു പ്രശ്നവുമില്ല.

∙ അസ്വാസ്ഥ്യം കുറഞ്ഞ പാപ്സ്മിയർ രീതിയുണ്ട്

ഗർഭാശയമുഖത്തു നിന്ന് കുറച്ചുകോശങ്ങൾ എടുത്ത് ഒരു മൈക്രോസ്കോപിലൂടെ അർബുദത്തിന് ഇടയാക്കുന്ന മാറ്റങ്ങൾ എന്തെങ്കിലുമുണ്ടോ എന്നു പരിശോധിക്കുന്ന രീതിയാണ് പാപ്സ്മിയർ. 50 ശതമാനമാണ് ഈ പരിശോധനയുടെ സംവേദനത്വം. അതായത് 50 ശതമാനം കേസുകൾ തിരിച്ചറിയപ്പെടാതെ പോകാൻ സാധ്യതയുണ്ട്. 25 വയസ്സു കഴിഞ്ഞ, ലൈംഗികജീവിതം നയിക്കുന്ന സ്ത്രീകൾ മൂന്നു വർഷം കൂടുമ്പോൾ ഈ പരിശോധന ചെയ്യുന്നതു വഴി ഗർഭാശയഗള അർബുദത്തിനുള്ള സാധ്യത നേരത്തേ കണ്ടെത്താനാകും. ചെറിയതോതിലുള്ള അസ്വാസ്ഥ്യം ഉണ്ടാവുന്നതുകൊണ്ടു ചിലരെങ്കിലും ഈ പരിശോധനയ്്ക്കു മടിക്കാറുണ്ട്. ഇപ്പോൾ സാധാരണ പാപ്സ്മിയറിലും കംഫർട്ടബിൾ ആയ ബ്രഷ് ഉപയോഗിച്ചു കോശങ്ങളെടുക്കുന്ന ലിക്വിഡ് ബേസ് സൈറ്റോളജി എന്ന രീതിയുണ്ട്. ഇതുവഴി 80–90 ശതമാനം കേസുകളും തിരിച്ചറിയാനാകും. 25 വയസ്സിനു ശേഷം 5 വർഷം കൂടുമ്പോൾ ഈ പരിശോധന ചെയ്താൽ മതിയാകും. ഈ രീതിക്കു ചെലവ് താരതമ്യേന കൂടുതലാണ്.

∙ ഗർഭനിരോധനത്തിന് കോപ്പർ ടി മാത്രമല്ല

മിക്ക സ്ത്രീകളും വിചാരിക്കുന്നതു കുഞ്ഞിനു മുലയൂട്ടുന്ന കാലയളവിൽ ഗർഭം ധരിക്കില്ല എന്നാണ്. ഇതു തെറ്റായ ഒരു ധാരണയാണ്. പ്രസവത്തിനു മുൻപേ തന്നെ ഗർഭനിരോധന കാര്യങ്ങളെക്കുറിച്ചു സംസാരിച്ചാൽ ഇത്തരം അബദ്ധധാരണകളെ തുടർന്നുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം. ‘‘ഈ പ്രസവത്തോടെ നിർത്താനാണെങ്കിൽ ഫോളോ അപ്പിനു വരുമ്പോൾ ഒരു കോപ്പർ ടി ഇട്ടിട്ടുപൊയ്ക്കോളൂ...’’ എന്ന മട്ടിലുള്ള നിർദേശങ്ങളല്ല ഗർഭനിരോധനത്തെക്കുറിച്ചു നൽകേണ്ടത്. ഗർഭനിരോധനത്തിനു ഗുളികകൾ, കുത്തിവയ്പ്, പാച്ചുകൾ തുടങ്ങി ഒട്ടേറെ തിരഞ്ഞെടുപ്പുകൾ സാധ്യമാണ്. അതുകൊണ്ടു പ്രസവത്തിനു മുൻപു തന്നെ ഒാരോ ഗർഭനിരോധന മാർഗങ്ങളെക്കുറിച്ചും അവയുടെ ഗുണദോഷങ്ങളെക്കുറിച്ചും വിശദമായി ഗർഭിണിക്കു പറഞ്ഞുകൊടുക്കണം.

∙ സ്തനത്തിലെ എല്ലാ പ്രശ്നത്തിനും മാമോഗ്രാം വേണ്ട

സ്തനത്തിൽ എന്തെങ്കിലും അസ്വാസ്ഥ്യം തോന്നിയാൽ മാമോഗ്രാം വേണമെന്നു നിർബന്ധം പിടിക്കുന്നവരുണ്ട്. എന്നാൽ ഒരു ഡോക്ടർ സ്തനം തൊട്ടു പരിശോധിച്ചശേഷം ആവശ്യപ്പെട്ടാൽ മാത്രം മാമോഗ്രാം ചെയ്താൽ മതിയാകും. വെറുതേ മാമോഗ്രാം ചെയ്യുന്നതു മൂലമുള്ള റേ‍ഡിയേഷൻ റിസ്കിനെ പരിഗണിക്കണം.

കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദം വന്നിട്ടുള്ള പാരമ്പര്യം ഉണ്ടെങ്കിൽ 35 വയസ്സിനു ശേഷം വർഷത്തിലൊരിക്കലോ രണ്ടുവർഷം കൂടുമ്പോഴോ മാമോഗ്രാം ചെയ്യാവുന്നതാണ്. പാരമ്പര്യമായി സ്തനാർബുദസാധ്യത ഇല്ലാത്തവർ എല്ലാ മാസവും സ്വയം സ്തന പരിശോധന മുടങ്ങാതെ ചെയ്യുക. എപ്പോഴെങ്കിലും സ്തനത്തിൽ മുഴയോ കല്ലിപ്പോ പോ ലെ കണ്ടാൽ ഒരു വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മാമോഗ്രാം ചെയ്താൽ മതിയാകും.

36-ാംആഴ്ചയിൽ ചോദിക്കേണ്ടത്

ഗർഭിണിയായി 36–മത്തെ ആഴ്ച ഏറെ പ്രധാനമായ ഒരു സമയമാണ്. പ്രസവം എങ്ങനെ വേണമെന്നതിനെക്കുറിച്ചും പ്രസവം നിർത്തലിനെക്കുറിച്ചും ഗർഭനിരോധന മാർഗങ്ങളെക്കുറിച്ചും പ്രസവാനന്തര മാനസിക സമ്മർദത്തെക്കുറിച്ചും അർബുദ സാധ്യതയെ കുറിച്ചുപോലും തുറന്ന ചർച്ചകൾ ഈ സമയത്ത് ഡോക്ടർ നടത്തേണ്ടതാണ്. വേദനയോടെയുള്ള പ്രസവം വേണോ? മരുന്നു നൽകി വേദന കുറയ്ക്കണോ? എപ്പിസിയോട്ടമി സ്റ്റിച്ച് ഇടണോ? മരുന്നു കുത്തിവച്ചു പ്രസവിപ്പിക്കണോ? സിസേറിയൻ ആണെങ്കിൽ ഏതുതരം അനസ്തീസിയ നൽകണം? എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഈ സമയത്തു സംസാരിക്കണം. പ്രസവത്തിനു മുൻപ് ഭക്ഷണം കഴിക്കാമോ? നടക്കാമോ? എന്തു കഴിക്കാം, എന്തു വെള്ളം കുടിക്കണം? എന്നിങ്ങനെ നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളെക്കുറിച്ചു പോലും മുൻകൂട്ടി സംസാരിക്കുന്നതു വഴി ഗർഭിണിക്ക് സമ്മർദങ്ങളേതുമില്ലാതെ പ്രസവമുറിയിലേക്കു കടക്കാനാകും. വിദേശങ്ങളിൽ 36 ആഴ്ച ആകുമ്പോഴേക്കും ഇത്തരം കാര്യങ്ങളെല്ലാം രോഗിയുമായി സംസാരിച്ച് കഴിഞ്ഞിരിക്കും.

∙ വിവിധ ഗൈനക്കോളജിസ്റ്റുകളുമായി സംസാരിച്ച് തയാറാക്കിയത്