Tuesday 24 August 2021 02:34 PM IST : By ഡോ. ടാനിയ ലിസ് മാത്യു

കരിമാംഗല്യം മുഖശോഭ കെടുത്തുന്നുവോ? വീട്ടുപരിഹാരങ്ങൾ മുതൽ ലേസർ ട്രീറ്റ്മെന്റ് വരെ ഉറപ്പായും ഫലം തരും ചികിത്സകൾ അറിയാം

melasma435

സ്ത്രീകളെ ആശങ്കയിലാഴ്ത്തുന്ന ഒരു പ്രശ്നമാണ് കരിമാംഗല്യം. ശാസ്ത്രീയമായി ഇതിനെ മെലാസ്മ (melasma) എന്നു പറയും. മുഖത്ത് തവിട്ട് അല്ലെങ്കിൽ ചാര നിറമുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണ് കരിമാംഗല്യം. മെലാനോസൈറ്റ് എന്ന കോശങ്ങൾ മെലാനിൻ അമിതമായി ഉൽപാദിപ്പിക്കുന്നതിലൂെടയാണ ഇതു സാധാരണ സംഭവിക്കുന്നത്.

കരിമാംഗല്യം വരാൻ പല കാരണങ്ങളുണ്ട്.

അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് കരിമാംഗല്യത്തിന്റെ ഒരു കാരണമാണ്. ഹോർമോൺ വ്യതിയാനങ്ങൾ കാരണവും ഇത് വരാം. ഉദാ: ഗർഭനിരോധന ഗുളികകളുെട ഉപയോഗം, തൈറോയ്ഡ് തകരാറുകൾ, മാനസിക സമ്മർദം എന്നിവ. പാരമ്പര്യവും കരിമാംഗല്യത്തിനു കാരണമാകാം.

കരിമാംഗല്യം കാരണമുള്ള നിറവ്യത്യാസം സാധാരണയായി കവിൾ, നെറ്റി, മൂക്കിന്റെ പാലം, താടിയെല്ല്, താടി,കഴുത്ത് എന്നിവിടങ്ങളിൽ കാണപ്പെടുന്നു. മെലാസ്മ ഒരു സാധാരണ സംഭവമാണെങ്കിലും അതിന്റെ കാരണം, വിട്ടുമാറാത്ത അവസ്ഥ, ആവർത്തനനിരക്ക് എന്നിവയെക്കുറിച്ച് പൂർണമായി മനസ്സിലാക്കിയാലേ ചികിത്സ ഫലപ്രദമാകൂ. ചില സ്ത്രീകളിൽ ഈ രോഗം സ്വയം അപ്രത്യക്ഷമാകുന്നതായി കാണാറുണ്ട്.

ചികിത്സ: ആദ്യ ഘട്ടം

ചികിത്സയുെട ആദ്യ പടിയായി ചർമത്തിലെ നിറവ്യത്യാസം മെലാസ്മ ആണോ എന്നു ഉറപ്പുവരുത്തുക. ഇതിനായി ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ കാരണം കണ്ടുപിടിക്കണം. രോഗവ്യാപനം ലഘൂകരിക്കാനാവശ്യമായ ക്രീമുകൾ ഡോക്ടർ നിർദേശിക്കും. ഇതോടൊപ്പം ഗുളികകളും കഴിക്കേണ്ടിവരും. കോസ്മെറ്റിക് ചികിത്സാരീതികളായ കെമിക്കൽ പീലിങ് , മൈക്രോ ഡെർമാബറേഷൻ, ലേസർ തുടങ്ങിയ രീതികളും സ്വീകരിക്കാവുന്നതാണ്. സൂര്യരശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്ന സൺസ്ക്രീൻ ഡോക്ടറുെട നിർദേശപ്രകാരം ഉപയോഗിക്കാം.

ചികിത്സ ഒരിക്കൽ ലഭിച്ചാലും മെലാസ്മ ആവർത്തിച്ചുവരാൻ സാധ്യതയുണ്ട്, അതിനാൽ ദിവസവും സൺസ്ക്രീൻ ഉപയോഗിച്ചും ഡോക്ടറുെട നിർദേശങ്ങൾ അനുസരിച്ചു മുന്നോട്ടു പോവുക. കഴിവതും സൂര്യപ്രകാശം ഏൽക്കുന്നത് കുറയ്ക്കുക.

വീട്ടിൽ െചയ്യാൻ

∙കിടക്കുന്നതിനു മുൻപായി എല്ലാ രാത്രിയിലും ക്ലെൻസർ ഉപയോഗിച്ച് ചർമം വൃത്തിയാക്കുക.

∙ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സൂര്യപ്രകാശത്തിന്റെ ദോഷഫലങ്ങൾ ഒഴിവാക്കുന്നതിനും ആന്റിഒാക്സിഡന്റുകൾ അല്ലെങ്കിൽ വൈറ്റമിൻ സി സീറം ഉപയോഗിക്കുക.

∙ ചർമം ജലാംശം ഉള്ളതായി സൂക്ഷിക്കുക.

∙ കരിമാംഗല്യത്തിന്റെ നിറവ്യത്യാസം ഒരു രാത്രി കൊണ്ട് മാഞ്ഞുപോകില്ല. അതിനാൽ ക്ഷമയോടെ ചികിത്സ തുടരുക

∙ വെയിലത്ത് പുറത്തിറങ്ങുമ്പോൾ സൺഗ്ലാസ്, തൊപ്പി, സൺസ്ക്രീൻ ലോഷൻ , വെയിലേൽക്കാത്ത തരം വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കുക.

ഡോ. ടാനിയ ലിസ് മാത്യൂ

കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ് & കോസ്മറ്റോളജിസ്റ്റ്

ക്യൂട്ടിസ് ഇന്റർനാഷനൽ ഡെർമറ്റോളജി & കോസ്മെറ്റിക് ക്ലിനിക്, എറണാകുളം

Tags:
  • Manorama Arogyam
  • Beauty Tips