Saturday 26 February 2022 02:51 PM IST : By മനോരമ ആരോഗ്യം ആർകൈവ്

യോനീസ്രവത്തിനു നിറംമാറ്റവും ദുർഗന്ധവും: ഗർഭാശയപ്രശ്നമാണോ? വിദഗ്ധ മറുപടി അറിയാം

cewr345

Q 32 വയസ്സ്. മൂന്നു കുട്ടികളുടെ അമ്മയാണ്. എല്ലാ മാസവും ചില ദിവസങ്ങളിൽ സ്രവം കൂടുതലായി പുറത്തു പോകുന്നു. ദുർഗന്ധമുണ്ട്. ഈ സമയത്ത് വയറുവേദനയുമുണ്ട്. ഭർത്താവുമായുള്ള ലൈംഗിക ജീവിതം സജീവമാണ്. ആർത്തവചക്രവും ഏതാണ്ട് കൃത്യമാണ്. ഇതിന് ഡോക്ടറെ കണ്ട് ചികിത്സ തേടണ്ടതുണ്ടോ ?

ആനി, എറണാകുളം

Aവെള്ളപോക്ക് എന്ന സ്രവത്തിന്റെ ഡിസ്ചാർജ് സ്ത്രീകളിൽ സാധാരണമാണ്. ആർത്തവചക്രത്തിനനുസരിച്ച് സ്രവത്തിന്റെ പ്രത്യകതകളിലും മാറ്റം വരാം. അണ്ഡവിസർജനം നടക്കുന്ന സമയത്ത് അതു വെള്ളംപോലെ തെളിഞ്ഞതായിരിക്കും. ആർത്തവത്തിന് മുൻപും ആർത്തവശേഷവും വെള്ള നിറമാകാം. ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടായാൽ സ്രവത്തിന്റെ അളവു കൂടാനും സാധ്യതയുണ്ട്. കാൻഡിഡ് ഫംഗസ് ബാധയാണ് സാധാരണമായി കാണാറ്. ഈ സമയത്ത് സ്രവത്തിനു കട്ടികൂടുകയും ചെയ്യാം. യീസ്റ്റ്, ഫംഗസ് ബാധകളിൽ ചൊറിച്ചിലും പുകച്ചിലും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

അണുബാധ യോനിയുടെ അകത്താണെങ്കിലും ചൊറിച്ചിൽ പലരിലും യോനിയുെട പുറം ചർമത്തിലായിരിക്കും അനുഭവപ്പെടുക. അതിനാൽ മിക്കവരും ആന്റിഫംഗൽ ക്രീമുകളും മറ്റും യോനിക്കു പുറത്തു പുരട്ടും. പക്ഷേ അതു കാര്യമായ ഫലം ചെയ്യാറില്ല.

ബാക്ടീരിയൽ വജൈനോസിസ് എന്ന അണുബാധയാണെങ്കിൽ ചിലപ്പോൾ സ്രവത്തിന്റെ നിറം ഇളം പച്ചയായി മാറി ദുർഗന്ധവും കാണാറുണ്ട്. എന്നാല്‍ എല്ലാവരിലും ഈ ലക്ഷണങ്ങൾ ഉണ്ടാവില്ല. ചിലരിൽ കാര്യമായ ഒരു സൂചനയും കാണില്ല.. സജീവമായ ലൈംഗിക ജീവിതമുള്ളവരിൽ ഇതു വരാൻ സാധ്യത കൂടും. ട്രൈക്കോമൊണിയാസിസ് അണുബാധയിലും പച്ചനിറത്തിൽ ഡിസ്ചാർജും ചൊറിച്ചിലും ഉണ്ടാകും .

അണുബാധകൾ തീവ്രമാകുമ്പോഴാണ് വേദന മുതൽ പനിവരെയുള്ള ലക്ഷണങ്ങൾ കാണുക. ബാക്ടീരിയൽ അണുബാധ യോനിയെ മാത്രമല്ല തീവ്രമായാൽ ഗർഭാശയത്തെയും അണ്ഡാശയത്തെയുമൊക്കെ ബാധിക്കാം. ഈ സമയത്ത് ലക്ഷണങ്ങൾ കൂടുതലായി കാണും. ഈ അവസ്ഥയാണ് പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ്. അപ്പോൾ അടിവയറിൽ വേദനയും ചിലപ്പോൾ പനി, മറ്റ് അസ്വസ്ഥതകളും കാണാം. കത്തിലെ സൂചനകളിൽനിന്ന് ഈ പ്രശ്നത്തിനുള്ള സാധ്യത സംശയിക്കണം.

ഇതു തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കിൽ വന്ധ്യതക്കുപോലും കാരണമാകാം. ഏറെ ദുർഗന്ധത്തോടെയുള്ള ഡിസ്ചാർജ് ആണെങ്കിൽ പാപ്സ്മിയർ ഉൾപ്പെടെയുള്ള പരിശോധനകൾ വേണ്ടിവരും. അപൂർവം ചിലരിൽ യോനിക്കുള്ളിൽ ടാമ്പൺ പോലുള്ള വസ്തുക്കൾ കുടുങ്ങുന്നതും അമിതസ്രവത്തിനു കാരണമാകാം. ഏതായാലും ഉടനേ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് വിശദമായ പരിശോധന നടത്തുക..

േഡാ. സുഭദ്രാ നായർ

കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്,

േകാസ്മോപൊളിറ്റൻ േഹാസ്പിറ്റൽ,
തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ
(റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,

െമഡിക്കൽ േകാളജ്, തിരുവനന്തപുരം

Tags:
  • Daily Life
  • Manorama Arogyam