പാറച്ചീളുകൾ തെറിച്ചു വീണു; ഗൈഡുമാർ അലറി: ജീവൻ തിരിച്ചു കിട്ടിയതു ഭാഗ്യം trekking alang madan kulang hills
കോട്ട ഗോപുരം പോലെ ആകാശം തൊടാൻ വെമ്പി നിൽക്കുകയാണ് കരിമ്പാറക്കെട്ടുകൾ – ഇന്നത്തെ മുംബൈയുടെ, പഴയ ബോംബെയുടെ, മഹാരാഷ്ട്രയുടെ അതിർത്തി കാക്കുന്ന പടയാളികളെ പോലെ. മഹാരാഷ്ട്രയിലെ പൂർവഭരണാധികാരികളായ മറാത്ത രാജാക്കന്മാർ സഹ്യാദ്രി മലനിരയിൽ നൂറിലേറെ കോട്ടകൾ നിർമിച്ചതായി കരുതപ്പെടുന്നു. അതിലൊന്നാണ് മൂന്നു മലകൾ
കോട്ട ഗോപുരം പോലെ ആകാശം തൊടാൻ വെമ്പി നിൽക്കുകയാണ് കരിമ്പാറക്കെട്ടുകൾ – ഇന്നത്തെ മുംബൈയുടെ, പഴയ ബോംബെയുടെ, മഹാരാഷ്ട്രയുടെ അതിർത്തി കാക്കുന്ന പടയാളികളെ പോലെ. മഹാരാഷ്ട്രയിലെ പൂർവഭരണാധികാരികളായ മറാത്ത രാജാക്കന്മാർ സഹ്യാദ്രി മലനിരയിൽ നൂറിലേറെ കോട്ടകൾ നിർമിച്ചതായി കരുതപ്പെടുന്നു. അതിലൊന്നാണ് മൂന്നു മലകൾ
കോട്ട ഗോപുരം പോലെ ആകാശം തൊടാൻ വെമ്പി നിൽക്കുകയാണ് കരിമ്പാറക്കെട്ടുകൾ – ഇന്നത്തെ മുംബൈയുടെ, പഴയ ബോംബെയുടെ, മഹാരാഷ്ട്രയുടെ അതിർത്തി കാക്കുന്ന പടയാളികളെ പോലെ. മഹാരാഷ്ട്രയിലെ പൂർവഭരണാധികാരികളായ മറാത്ത രാജാക്കന്മാർ സഹ്യാദ്രി മലനിരയിൽ നൂറിലേറെ കോട്ടകൾ നിർമിച്ചതായി കരുതപ്പെടുന്നു. അതിലൊന്നാണ് മൂന്നു മലകൾ
കോട്ട ഗോപുരം പോലെ ആകാശം തൊടാൻ വെമ്പി നിൽക്കുകയാണ് കരിമ്പാറക്കെട്ടുകൾ – ഇന്നത്തെ മുംബൈയുടെ, പഴയ ബോംബെയുടെ, മഹാരാഷ്ട്രയുടെ അതിർത്തി കാക്കുന്ന പടയാളികളെ പോലെ. മഹാരാഷ്ട്രയിലെ പൂർവഭരണാധികാരികളായ മറാത്ത രാജാക്കന്മാർ സഹ്യാദ്രി മലനിരയിൽ നൂറിലേറെ കോട്ടകൾ നിർമിച്ചതായി കരുതപ്പെടുന്നു. അതിലൊന്നാണ് മൂന്നു മലകൾ ചേർന്ന അലങ്ങ് മദൻ കുലങ്. ഈ മലകളുടെ മുകളിൽ കയറി മറാത്ത ഹൃദയഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു സഞ്ചാരികൾ എത്താറുണ്ട്. അലങ്ങ് മദൻ കുലങ് എന്നീ വാക്കുകളിലെ ആദ്യാക്ഷരമെടുത്ത് ‘എഎംകെ ട്രെക്കിങ്’ എന്നാണ് സാഹസിക യാത്ര അറിയപ്പെടുന്നത്.
രണ്ടു ദിവസത്തെ ട്രെക്കിങ്ങാണു ഞങ്ങൾ തിരഞ്ഞെടുത്തത്. ഗാട്ട്ഘറിൽ നിന്നു നടത്തം തുടങ്ങി അലങ് മല കയറി മദൻഗഡിൽ ഒരു രാത്രി അവിടെ ക്യാംപിങ്. രണ്ടാം ദിവസം രാവിലെ കുലങ് ഗഡ് കയറിയിറങ്ങി അംബേവാടിയിൽ സമാപനം.
ഗാട്ഘറിലെ ഗോത്ര ഗ്രാമം
മുംബൈ– നാസിക് റൂട്ടിലെ ചെറിയ ടൗണാണ് കസാര. അവിടേക്കു ട്രെയിൻ സർവീസുണ്ട്.
മുംബൈ ഛത്രപതി ശിവജി ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 105 കിലോമീറ്റർ അകലെ കസാര റെയിൽവേ സ്റ്റേഷനിലേക്ക് യാത്രാക്കൂലി 35 രൂപ. റെയിൽവേ സ്‌റ്റേഷനു മുന്നിൽ വാഹനം കാത്തു നിൽക്കുന്നുണ്ടായിരുന്നു. സാരഥിയുടെ പേര് ഏക്‌നാഥ് ഖഡ്‌കെ. കസാരയിൽ നിന്ന് 80 കിലോമീറ്റർ ദൂരെയാണ് ഏക്‌നാഥിന്റെ വീട്. അദ്ദേഹത്തിനു പരിചിതമായ വഴിയോരക്കടകൾക്കരികെ വാഹനം നിന്നു. വടാപാവ് ആണ് ഒട്ടുമിക്ക കടകളിലെയും പ്രധാന വിഭവം. ഏക്‌നാഥിന്റെ വീട്ടിലെത്തിയപ്പോഴേക്കും ഇരുട്ടു പരന്നു. ചെന്നു കയറിയത് ഒരു ഹാളിലേക്കാണ്. ഇടച്ചുമരിന് പുറകിൽ ഇടനാഴി പോലൊരിടം. അതിനപ്പുറത്ത് അടുക്കള. മലകയറ്റത്തിനുള്ള കയർ, ഹാർണസ്, ഹെൽമെറ്റ് എന്നിവ മുറിയിൽ ചിട്ടയോടെ അടുക്കി വച്ചിട്ടുണ്ട്. ഏക്‌നാഥിന്റെ ഭാര്യയും മകളും അടുക്കളയിൽ നിലത്തിരുന്ന് ചപ്പാത്തി പരത്തുന്നുണ്ടായിരുന്നു. ഞങ്ങൾക്കുള്ള അത്താഴമായിരുന്നു അത്. ‘ഹാളിൽ നിലത്ത് പായ വിരിച്ച് കിടക്കാം’ എക്നാഥ് പറഞ്ഞു.
രാവിലെ ആറിന് പുറപ്പെടണമെന്ന് പറഞ്ഞിരുന്നതിനാൽ നേരത്തേ ഉറക്കമുണർന്നു. ‘പൊഹ’യും ചായയുമായിരുന്നു പ്രഭാതഭക്ഷണം. ഉച്ചക്ക് കഴിക്കാനുള്ള ചപ്പാത്തിയും സബ്‌ജിയും ഏക് നാഥ് പൊതികളാക്കി കയ്യിലെടുത്തു. അവിടെ നിന്ന് മിനിലോറിയിലാണ് പുറപ്പെട്ടത്. ഡാമിനരികിലൂടെ സഞ്ചരിച്ച് മലയുടെ അടിവാരത്ത് എത്തി.
ചെറിയ കാട്ടിലൂടെയാണു മലകയറ്റം തുടങ്ങിയത്. കാട്ടിലൂടെയുള്ള നടത്തം പാറക്കെട്ടിനു ചുവട്ടിൽ അവസാനിക്കുന്നു. അവിടെ നിന്ന് ചിലയിടങ്ങളിൽ എൺപത് ഡിഗ്രി ചെരിവിൽ ഇരുമ്പ് ഗോവണി സ്ഥാപിച്ചിരിക്കുകയാണ്. ഗോവണി ഇല്ലാത്ത ചെരിവുകളുമുണ്ട്. അത്തരം സ്ഥലങ്ങളിൽ പാറകയിൽഅള്ളിപ്പിടിച്ച് കയറണം. ഉയരം പേടിയുള്ളവർ AMK ട്രെക്കിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട.
കഷ്ടപാതകൾ താണ്ടി പൊളിഞ്ഞു കിടക്കുന്ന കവാടത്തിലെത്തി. ബ്രിട്ടിഷ് ആക്രമണത്തിൽ നശിച്ചതാണത്രേ അത്. അവിടെ നിന്നു പിന്നെയും കുറേ ദൂരം കയറിയപ്പോൾ അലങ്ങ് കൊടുമുടിയുടെ മധ്യഭാഗത്തുള്ള വരമ്പിൽ എത്തിച്ചേർന്നു. പിന്നീടുള്ള ദൂരം പാറയിൽ പിടിച്ചാണു നടത്തം. കാൽപാതം വയ്ക്കാവുന്നത്രയും വീതിയുള്ളതാണു പാത. ഇതു ഭാഗത്ത് അഗാധതയിൽ അലങ്ങിന് താഴെ ഗാട്ട്ഘർ ഡാം കാണാം. അങ്ങോട്ടു നോക്കിയാൽ തലചുറ്റും. അവിടേക്കു നോക്കാതെ നടക്കുന്നതാണ് സുരക്ഷിതം. ഈ ട്രെക്കിങ് വിജയിക്കാനുള്ള ഒരേയൊരു തന്ത്രമാണ് ഇരുവശത്തേയും ആഴങ്ങളിലേക്കു നോക്കാതിരിക്കൽ.
ഏകദേശം അരമണിക്കൂർ സാഹസിക നടത്തത്തിനൊടുവിൽ സമതലത്തിലെത്തി. അംബേവാടിയിൽ നിന്നു മല കയറി വരുന്നവരുടെ ഇടത്താവളമാണ് അത്. അവിടെ രണ്ടു പേർ ഇരിപ്പുണ്ട്. നാരങ്ങാവെള്ളം, വെള്ളരിക്ക എന്നിവ ചുമന്നു കൊണ്ടുവന്ന് മലമുകളിൽ വിൽപനയാണ് അവരുടെ ജോലി. അവർ ഇരിക്കുന്നതിനു സമീപത്തൊരു ഗുഹയുണ്ട്. സമീപത്തുള്ള കുഴിയിൽ വെള്ളം സംഭരിച്ചിട്ടുണ്ട്. ട്രെക്കിങ് നടത്തുന്നവർ അവരിൽ നിന്നു വെള്ളരിക്കയും വെള്ളവും വാങ്ങിക്കുടിച്ച് മലകയറ്റം തുടരുന്നു.
തകർന്ന കോട്ടയുടെ കഥ
ഗുഹയുടെ അരികിലൂടെ കുത്തനെയുള്ള പാറയിൽ പടികളുണ്ട്. ഞങ്ങൾ അവിടെ എത്തിയ സമയത്ത് മുൻപു നടന്നു പോയ ഒരാളുടെ കാൽ തട്ടി പാറച്ചീളുകൾ തെറിച്ചു വന്നു. ഗൈഡുമാർ അലറി വിളിച്ച് ഞങ്ങളെ സുരക്ഷിതമായ ഒരിടത്തേക്ക് ഒതുക്കി നിർത്തി. മുകളിലുള്ളവരെ മാറ്റിയ ശേഷമാണ് നടത്തം തുടർന്നത്. അലങ് പർവതത്തിന്റെ മുകൾഭാഗം നിരപ്പാണ്. കരിങ്കല്ലുകൾ ചതുരാകൃതിയിൽ കൊത്തിയെടുത്താണ് അവിടെ കോട്ട നിർമിച്ചിരിക്കുന്നത്. വിദൂര കാഴ്ചകൾ നിരീക്ഷിക്കാൻ കോട്ടമതിലിൽ വലിയ ദ്വാരങ്ങളുണ്ട്. കരിങ്കല്ലുകൾ കൊത്തിയെടുത്ത കുഴികൾ വൃത്തിയായി വെട്ടിയെടുത്ത് ജലസംഭരണികളാക്കി മാറ്റിയിരിക്കുകയാണ്. വെള്ളക്കുഴികളിൽ മീനുകൾ വളരുന്നുണ്ട്. അലങ്ങ് കോട്ടയിൽ ക്യാംപ് ചെയ്യുന്നവർ ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. ‘‘ഇനി മദൻ കൊടുമുടി കയറാനുള്ളതാണ്. അതിനു ശേഷം ഭക്ഷണം കഴിക്കാം’’ ഗൈഡ് പറഞ്ഞു. മലകയറി ക്ഷീണിച്ചതിനാൽ എല്ലാവരും ഭക്ഷണം കഴിക്കണമെന്നു വാശി പിടിച്ചു. ഏക്‌നാഥും മകൻ രവീന്ദറും ഭക്ഷണം വിളമ്പി. ചപ്പാത്തി ചുരുട്ടി അതിനുള്ളിൽ സബ്‌ജി നിറച്ച പൊതികളായിരുന്നു.
ഗൈഡിന്റെ നിർദേശം തള്ളിയതിന് വലിയ വില കൊടുക്കേണ്ടി വന്നു. അലങ് കോട്ടയിൽ നിന്നിറങ്ങുന്ന വഴിയിൽ 90 ഡിഗ്രി കുത്തനെയുള്ള പാറയുണ്ട്. ലക്ഷ്യസ്ഥാനത്തേക്കു പോകാൻ 50 മീറ്റർ നീളമുള്ള പാറയിറങ്ങണം. പടികൾക്കു വീതി കുറവാണ്. ഒരു വശത്ത് അഗാധമായ ഗർത്തം. മറുവശത്ത് പാറ. പാറയിൽ കെട്ടിത്തൂക്കിയ കയർ ശരീരത്തിൽ ബന്ധിച്ച സുരക്ഷാബെൽറ്റുമായി ഘടിപ്പിച്ച് അതീവ ജാഗ്രതയോടെയാണു നടത്തം.
നേരത്തേ എത്തിയവർ കയറിനു വേണ്ടി ഊഴം കാത്തിരിക്കുകയാണ്. മലഞ്ചെരിവിലെ ചെറിയ പടികളിലൂടെ സാഹസികമായി ഇറങ്ങി വരുന്നവരെ കണ്ടപ്പോൾ നെഞ്ചിടിപ്പു കൂടി. പടികൾ എത്തി നിൽക്കുന്നത് തൊണ്ണൂറ് ഡിഗ്രി താഴ്ചയിൽ ഒരു കൊക്കയിലേക്കാണ്. ഞങ്ങൾ
സുരക്ഷാ കയർ ബന്ധിച്ചു, തൂങ്ങി ഇറങ്ങാനുള്ള മറ്റൊരു കയറിൽ മുറുകെ പിടിച്ചു. കാലുകൾ പരത്തിവച്ച് മുട്ടു മടക്കാതെ ചുവട് ഉറപ്പിച്ച് ‘റാപ്പല്ലിങ് ’ നടത്തി. കൂട്ടത്തിലുള്ള ചിലരെ കയറിൽ കെട്ടിത്തൂക്കി ഇറക്കുകയാണു ചെയ്തത്. താഴെ എത്തിയപ്പോഴാണ് ശ്വാസം വീണത്. കുറച്ചു കൂടി താഴേക്ക് എത്തിയപ്പോൾ മറ്റൊരിടത്തും ഇതു പോലെ കയർ കെട്ടിയിറക്കി. അവിടെ നിന്ന് വീതി കുറഞ്ഞ വഴിയിലൂടെ മദൻഗഡ് ലക്ഷ്യമാക്കി യാത്ര തുടർന്നു.
പാമ്പും കോണിയും
മദൻഗഡ് കയറി തുടങ്ങിയപ്പോഴാണ് സീൻ മാറിയത്. വലിയ പാറയിലൂടെ അള്ളിപ്പിടിച്ച് കയറണം. എന്നാലേ മദൻഗഡിലെ സൂര്യാസ്തമയം കാണാനാകൂ. AMK മലകയറ്റക്കാരിൽ ഭൂരിപക്ഷവും രാത്രി തങ്ങുന്ന സ്ഥലമാണു മദൻഗഡ്. വൈകുന്നേരത്തോടെയാണു മദൻഗഡ് കയറാൻ എത്തിയത്. കുപ്പിക്കഴുത്തു പോലെ ഇടുങ്ങിയ സ്ഥലം താണ്ടി ഒടുവിൽ ലക്ഷ്യത്തിലെത്തി.
അവിടെ എത്തിയ ശേഷം വീതികുറഞ്ഞ മലഞ്ചെരിവിൽ വരിയായി വിശ്രമിച്ചു. ക്ഷീണിച്ചവശരായി ചിലർ ഇരുന്നുറങ്ങി. ഒന്നര മണിക്കൂർ അവിടെ വിശ്രമിച്ചു. ഈ സമയത്ത് വിളി വന്നു.
മുകളിൽ നിന്ന് ഏക്‌നാഥ് ഓരോരുത്തരുടെയും അരയിൽ കെട്ടിയ കയർ വലിച്ചു. കയറിൽ പിടിച്ച് പാറയിൽ ഓരോ ചുവടുകളായി വച്ച് മുകളിലേക്ക് കയറി. അതിനു കഴിയാത്തവരെ ഏക്‌നാഥും മകനും സംഘവും ചേർന്ന് കയറിൽ വലിച്ചു കയറ്റി. കയ്യും കാലും ചേർത്തു പാറയിൽ അള്ളിപ്പിടിച്ച്, പടികളിലൂടെ, ആദിമ മനുഷ്യരെ മദൻഗഡിലെത്തി.
പ്രതീക്ഷിച്ച പോലെ കോട്ടകളൊന്നും കാണാനായില്ല. നാമാവശേഷമായ കോട്ടകളുടെ ശേഷിപ്പുകൾ കണ്ടു. ഗുഹകളും ജലസംഭരണികളും ബാക്കിയുണ്ട്. അവിടെ നൂറിലേറെ ട്രക്കർമാർ നേരത്തേ തമ്പടിച്ചിരുന്നു. നിരപ്പായ സ്ഥലങ്ങളിൽ നിരത്തി ടെന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കുറേ പേർ മദൻഗഡിന്റെ ഉയരം കൂടിയ പാറക്കെട്ടുകളിൽ സൂര്യസ്തമയം കാണാൻ സ്ഥാനംപിടിച്ചു കഴിഞ്ഞു. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. ഒടുവിൽ ആ നിമിഷം വന്നെത്തി. ആകാശച്ചെരിവിൽ നിന്ന് ചുവന്ന ഗോളമായി സൂര്യൻ അങ്ങകലെ താഴ്ചയിലേക്ക് മുങ്ങിപ്പോകുന്നത് അദ്ഭുതത്തോടെ കണ്ടു നിന്നു.
ഇരുട്ടു പരക്കും വരെ ആ പാറക്കെട്ടിൽ ഇരുന്നു. അതിനു ശേഷം അത്താഴം കഴിച്ചു. ചോറ്, പരിപ്പ്, ചുട്ട പപ്പടം, അച്ചാർ എന്നിവയാണു വിഭവങ്ങൾ. അതിനു ശേഷം ഉറക്കം വന്നു തുടങ്ങിയ മിഴികളുമായി ടെന്റുകളിലേക്ക് നീങ്ങി.
പ്രഭാതഭക്ഷണമായി ലഭിച്ച മാഗി നൂഡിൽസുമായി മദൻഗഡിന്റെ മറുചെരിവിൽ സൂര്യോദയം കാത്തിരുന്നു. പൊന്നിന്റെ തിളക്കത്തോടെ സൂര്യൻ ഉദിച്ചുയർന്നു. ഇന്നലെ പടിഞ്ഞാറു ദിക്കിൽ മറഞ്ഞ സൂര്യൻ കിഴക്കേമാനത്ത് തലയുയർത്തി. സന്തോഷം പകർന്നു നൽകിയ ദൃശ്യം എല്ലാവരും ക്യാമറയിൽ പകർത്തി. ചിലർ റീൽസ് തയാറാക്കി. അതിനു ശേഷമാണ് കുലങ്ങ് ഗഡ് ലക്ഷ്യമാക്കി നീങ്ങിയത്.
വല്ലാത്തൊരു വൈതരണി
മദൻഗഡിൽ നിന്ന് വിട്ടു നിൽക്കുന്ന കുലങ്ങ് ഗഡിൽ എത്താൻ ഇപ്പോൾ നിൽക്കുന്ന മലയുടെ താഴെയിറങ്ങണം. ചരലുകൾ ചിതറിയ വഴികളിലൂടെയാണ് ഇറക്കം. ഉരുണ്ടും ഇരുന്നു നിരങ്ങിയും വീണും കുലങ് മലയുടെ ചുവട്ടിലെത്തി. ഏക്‌നാഥ് ഞങ്ങൾക്കു ഭക്ഷണമൊരുക്കാൻ അവിടെ ഇരുന്നു. തുടർയാത്രയിൽ രവീന്ദറാണ് കൂടെ വന്നത്. പാറ കൊത്തിയുണ്ടാക്കിയ ചെറിയ ചവിട്ടുപടികളിലൂടെയാണ് മല കയറ്റം. ചിലയിടത്ത് ചവിട്ടുപടികളില്ല. ക്ഷമയോടെ, അള്ളിപ്പിടിച്ച് ഇരുവശത്തേക്കും നോക്കാതെ ജാഗ്രതയോടെയാണു നടത്തം. അവിടെ കുരങ്ങുകളുണ്ട്. അവയേയും കടന്ന് മുന്നോട്ടു നീങ്ങിയപ്പോൾ അകലെ കുലങ്ങ് കോട്ടയുടെ മതിൽ കണ്ടു.
കുന്തമുന പോലെ നിൽക്കുന്നു കുലങ് മല. മുകൾഭാഗം പുൽമേടാണ്. കല്ലെടുത്തപ്പോഴുണ്ടായ കുളങ്ങളുമുണ്ട്. മലയുടെ മധ്യഭാഗത്താണ് എത്തിച്ചേർന്നിട്ടുള്ളത്. കോട്ടകടന്ന് കുന്തമുന പോലെയുള്ള സ്ഥലത്ത് എത്തിയപ്പോൾ സമതലങ്ങൾ. നിരവധി യുദ്ധങ്ങൾക്കും പടയോട്ടങ്ങൾ വേദിയായ ഭൂമികയുടെ ചിത്രം അവിടെ നിന്നപ്പോൾ കാണാൻ സാധിച്ചു.
നാലു സ്ത്രീകൾ ഉൾപ്പെടെ പന്ത്രണ്ടു പേരുടെ സംഘം ആ ഭംഗിയിലൂടെ ഏറെ നേരം സഞ്ചരിച്ചു. 22 മുതൽ 54 വയസ്സുവരെ പ്രായമുള്ളവരാണ് ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നത്. ചരിത്രക്കാഴ്ചയിൽ എത്തിപ്പെടാനുള്ള കഠിനപാതയിലെ സാഹസത്തിലൂടെ പ്രായവ്യത്യാസങ്ങളില്ലാതെ ഞങ്ങളുടെ മനസ്സ് സമപ്പെട്ടു... അതു തന്നെയാണ് എഎംഎകെ ട്രെക്കങ്ങിന്റെ വലിയ സവിശേഷത.