മലമുഴക്കി വേഴാമ്പലിന്റെ ചിറകടിയൊച്ച കേട്ടാണ് നെല്ലിയാമ്പതി മലനിരകളുണരുന്നത്. അത്രനേരം മലനിരകളെ പുതച്ചു നിന്ന മേഘക്കൂട്ടം ആകാശത്തോടു ചേരുന്നതോടെ പക്ഷികളുടെ കളകള നാദമുയരും. ഓരോ കിളികളും ശബ്ദമുയർത്തി പാടി പുതുദിനത്തെ വരവേൽക്കും. നീർച്ചാലുകൾ കാടിന്റെ കുളിരും പേറി സ്വച്ഛമായി ഒഴുകും... പാലക്കാട് നിന്നു നെന്മാറ വഴി 60 കിലോമീറ്റർ നീണ്ടയാത്രയുണ്ട് നെല്ലിയാമ്പതിയിലേക്ക്. കേരളത്തിന്റെ കിഴക്കൻ അതിർത്തിയിൽ പശ്ചിമഘട്ടമലനിരകളിലുള്ള വിടവായ പാലക്കാട് ചുരത്തിന്റെ തെക്കുഭാഗത്താണ് നെല്ലിയാമ്പതി മലനിരകൾ. പശ്ചിമഘട്ടത്തിൽ കാണുന്ന ഒട്ടുമിക്ക പക്ഷികളും നെല്ലിയാമ്പതിയിൽ കാണാമെന്നുള്ളതുകൊണ്ടു തന്നെ പക്ഷിനിരീക്ഷകരുടെ പറുദീസയാണ് ഇവിടം.

ക്യാമറയ്ക്ക് വിരുന്നേകുന്നോർ

ADVERTISEMENT

ഇരുപതോളം വരുന്ന കൂട്ടങ്ങളായാണ് സാധാരണയായി വെള്ളിക്കണ്ണിക്കുരുവികളെ (Indian white eye) കാണാറുള്ളത്. പശ്ചിമഘട്ടത്തിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1500 അടിക്കു മുകളിലാണ് ഇവയെ സാധാരണയായി കാണുന്നത്. മാർച്ച് മാസത്തിലെ നെല്ലിയാമ്പതി യാത്രയിലാണ് വഴിയോരത്തു പൂത്തു നിൽക്കുന്ന ചമത മരത്തിൽ (Flame of forest) വെള്ളിക്കണ്ണിക്കുരുവികളും പച്ച കുപ്പായമിട്ട് മൂർധാവിൽ ശോഭയുള്ള ഓറഞ്ച് പൊട്ടു തൊട്ട് കാട്ടിലക്കിളികളും (Gooldfronted leafbird) പൂന്തേൻ നുകരുന്ന കാഴ്ച ക്യാമറകണ്ണുകൾക്ക്‌ ദൃശ്യവിരുന്നേകി.

പശ്ചിമഘട്ടത്തില്‍ സാധാരണമായി കാണുന്ന മഞ്ഞച്ചിന്നൻ ( Yelloe browed bulbul ) നെല്ലിയാമ്പതി മലനിരകളിലെയും സ്ഥിരവാസിയാണ്. ചെറുപഴങ്ങളും, പ്രാണികളെയും തേടി ചെറുകൂട്ടങ്ങളായി പൊന്തക്കാടുകളിലും മരതലപ്പിലുമെല്ലാം പാറി നടക്കുന്നത് ഒട്ടുമിക്ക യാത്രകളിലും കണ്ടിട്ടുണ്ട്. ‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകത്തിൽ ഇന്ദുചൂഡൻ മാഷ് നർമ്മം കലർന്ന ഭാഷയിൽ ഇവയുടെ സ്വഭാവം വർണിച്ചിട്ടുണ്ട്. മണിയെന്നു തോന്നിക്കുന്ന പോലെ കണ്ഠത്തിൽ ചുവന്ന നിറമുള്ള മണികണ്ഠൻ (Flame throated bulbul) എന്ന പക്ഷിയെ മലഞ്ചെരുവിലെ കാട്ടരുവികളോട് ചേർന്നു നിൽക്കുന്ന പൊന്തക്കാടുകളിലും കാപ്പിത്തോട്ടങ്ങളിലും ധാരാളമായി കാണാറുണ്ട്. അമ്മക്കിളി കുഞ്ഞിന് തീറ്റ കൊടുക്കുന്ന കാഴ്ച പാടഗിരി വ്യൂ പോയിന്റിനോടു ചേർന്ന പൊന്തക്കാട്ടിൽ വച്ചാണ് ക്യാമറയിൽ പകർത്തുന്നത്.

ADVERTISEMENT

സെപ്റ്റംബർ മാസത്തിലെ നെല്ലിയാമ്പതി യാത്രയ്ക്കിടെ അയ്യപ്പൻ കോവിലിനു സമീപമുള്ള വളവിൽ സംഗീതാത്മകമായി ഒരു പക്ഷി ശബ്ദം ശ്രദ്ധിക്കാനിടയായി. തുടർന്നുള്ള നിരീക്ഷണത്തിൽ ഒരു ഈറ്റകാട്ടിൽ കരിയിലക്കിളിയോട് (Jungle babbler) സാദൃശ്യമുള്ള ചെമ്പിച്ച തൊപ്പിയും ഇരുണ്ട കവിളുകളുമായുള്ള പുള്ളിച്ചിലപ്പനെ ( puff-throated babbler) കണ്ടെത്തുകയും ക്യാമറയിൽ പകർത്തുകയുമുണ്ടായി. പൊതുവെ മലഞ്ചെരിവുകളിലും വനാന്തരങ്ങളിലുമുള്ള ഈറ്റ കാട്ടിലാണ് ഇവയെ കാണാറുള്ളത്. നാണംകുണുങ്ങികളായ ഇവരെ ക്യാമറയിൽ പകർത്തുക എന്നത് ഏറെ ശ്രമകരമാണ്.

മലയണ്ണാന്റെ ചന്തം കാണാം...

ADVERTISEMENT

നെല്ലിയാമ്പതിയിലെ പക്ഷി നിരീക്ഷണത്തിനിടയിൽ വരുന്ന അതിഥികളിൽ മുഖ്യനാണ് മലയണ്ണാൻ (Malabar giant squirrel). അണ്ണാൻ വർഗ്ഗത്തിലെ ഏറ്റവും വലുതും സൗന്ദര്യവുമുള്ള ജീവിയാണ്. ആവാസവ്യവസ്ഥയുടെ നാശം മൂലം കടുത്ത വംശനാശ ഭീഷണി നേരിടുന്നു. നല്ലൊരു കാട്ടിലേ ഇവയെ കാണാനാകൂ. വഴിയരികിലെ മരത്തിലെ അത്തിപ്പഴം ആർത്തിയോടെ തിന്നുന്നത് എത്ര ശ്രദ്ധയോടെ ആണെന്നോ. നമ്മുടെ സാമീപ്യമൊന്നും അവനെ ബാധിക്കുന്നതേയുണ്ടായിരുന്നില്ല. 'കിരി-രി-രി' ശബ്ദത്തോടെ കരഞ്ഞുകൊണ്ട് പറന്നു വന്ന്‌ തന്റെ മൂർച്ഛയുള്ള നഖങ്ങൾ വച്ച് മരത്തിൽ അള്ളിപ്പിടിചിരിക്കുന്ന പെൺ വലിയപൊന്നിമരംകൊത്തി (Greater Flameback) ആ സമയം ശ്രദ്ധ തിരിച്ചു. ഇവയെയും പശ്ചിമഘട്ട വനാന്തരങ്ങളിലാണ് കൂടുതലും കാണാറുള്ളത്.

നെല്ലിയാമ്പതിയിലേക്കുള്ള ഒട്ടുമിക്ക യാത്രകളിലും കാണുന്ന പക്ഷിയാണ് ചുട്ടിപ്പരുന്ത്‌ (Crested serpent eagle). തേയിലത്തോട്ടങ്ങളോട് ചേർന്നുള്ള വലിയ മരക്കൊമ്പിൽ ഇര തേടിയിരിക്കുന്നത് കാണാം. മഴയും മരങ്ങളും ഉള്ള മലമ്പ്രദേശങ്ങളാണ് ഇവക്കിഷ്ടം. പാമ്പാണ് മുഖ്യാഹാരം.

വേഴാമ്പലിന്റെ നെല്ലിയാമ്പതി

കേരളത്തിന്റെ  പക്ഷിരാജൻ മലമുഴക്കി വേഴാമ്പൽ (Great Indian Hornbill) തന്നെയാണ് നെല്ലിയാമ്പതിയിലെ പ്രധാന ആകർഷണം. ഒരു തവണ ഇവയുടെ പറക്കൽ കാണാനോ കേൾക്കാനോ ആയാൽ ജീവിതത്തിൽ ആ കാഴ്ചയും ശബ്ദവും മറക്കില്ല. ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്. ഇണകളായും കൂട്ടമായും ഇവയെ നെല്ലിയാമ്പതി പരിസരങ്ങളിൽ കാണാറുണ്ട്. മഴ കാത്തിരിക്കുന്ന വേഴാമ്പൽ എന്ന് ഐതിഹ്യങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ ജലാംശം ധാരാളമുള്ള പഴങ്ങളാണ് ഇവ കഴിക്കാറുള്ളത് എന്നതുകൊണ്ടാവാം ഇവ നേരിട്ട് വെള്ളം കുടിക്കുന്നത് സാധാരണ കാണാറില്ല. ആൺ വേഴാമ്പലിനെയും പെൺ വേഴാമ്പലിനെയും തിരിച്ചറിയാൻ എളുപ്പമാണ്. പെൺ വേഴാമ്പലിന്റെ കണ്ണിലെ ഐറിസ് വെള്ളയും ചുറ്റുമുള്ള തൊലി പിങ്ക് നിറമുള്ളതും ആയിരിക്കും. ആൺ വേഴാമ്പലിന്റെ കണ്ണിലെ ഐറിസ് വെള്ള നിറമുള്ളതും ചുറ്റുമുള്ള തൊലി കറുപ്പ് നിറവും ആയിരിക്കും. ആൺ വേഴാമ്പലിനാണ് പെൺവേഴാമ്പലിനേക്കാളും വലിപ്പം.

നല്ല പഴുത്ത ആലിൻപഴങ്ങൾ കഴിക്കുന്ന വേഴാമ്പൽ കൂട്ടത്തെ മടക്കയാത്രയിക്കിടെ ഒരു സന്ധ്യാ സമയത്താണ് കാണുന്നത്. കൊക്കിലെടുക്കുന്ന പഴങ്ങൾ ഒരു ജാലവിദ്യകരനെ അനുസ്മരിപ്പിക്കുന്ന പോലെ തൊണ്ടയിലേക്കെത്തിക്കുന്നു. ജൂൺ മാസത്തിലെ മഴയാത്രയിൽ ഒരു കുഞ്ഞടക്കമുള്ള വേഴാമ്പൽ കുടുംബം പറന്നകലുന്നതു കണ്ടു. രാവിലെ മുതൽ സന്ധ്യ വരെയുള്ള കാത്തിരിപ്പിനൊടുവിലൊക്കെയാണ് ഒരു നല്ല ചിത്രം കിട്ടുന്നത്.

ഒറ്റ ഇണയെ മാത്രമേ വേഴാമ്പൽ സ്വീകരിക്കൂ. ഡിസംബർ മുതൽ മെയ് വരെയാണ് ഇവയുടെ പ്രജനന സമയം. മുട്ടയിട്ട ശേഷം പെൺപക്ഷി പൊത്തിനുള്ളിൽ കടന്ന് അവയുടെ വിസർജ്യം കൊണ്ട് കൊക്കുകൾ മാത്രം പുറത്തുകാണുന്ന വിധം കൂടു അടയ്ക്കുന്നു. തന്റെ തൂവലുകൾ പെൺപക്ഷി പൊഴിച്ചു കളയും അടയിരിക്കുന്ന കാലവും. കുഞ്ഞു പറക്കുമുറ്റാവുന്നതു വരെയും ആൺ വേഴാമ്പൽ പെൺവേഴാമ്പലിനും കുഞ്ഞുങ്ങൾക്കും ഭക്ഷണം എത്തിക്കും. ഈ കാലയളവിൽ ആൺപക്ഷിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ അമ്മയുടെയും കുഞ്ഞുങ്ങളുടെയും ജീവൻ അപകടത്തിലാവും . 4-5 മാസത്തോളമെടുക്കും ഈ പ്രക്രിയക്ക്.

കൂടിനടുത്തു ചെറിയൊരനക്കം തോന്നിയാൽ മതി ആൺ വേഴാമ്പൽ ആ പരിസരം വിട്ടു പോകും. അതുകൊണ്ടു തന്നെ കൂടുള്ള പ്രദേശത്തിനരികെ പൊതുവെ പക്ഷിനിരീക്ഷണത്തിനായി പോകാറില്ല. പൊത്ത് വിട്ട് കുഞ്ഞ് പുറത്തു വന്നാൽ പിന്നെ ഇരുവരും ചേർന്നാകും അതിനെ തീറ്റി പോറ്റുക.

ക്യാമറ നിറയെ നെല്ലിയാമ്പതി ‘കിളിവർണങ്ങൾ’ നിറയ്ക്കുന്നു. ആ മാന്ത്രികത കൂടുതൽ അറിയാന്‍ പശ്ചിമഘട്ടത്തിന്റെ പച്ചപ്പിലേക്ക് പിന്നെയും തുടരുന്ന യാത്രകൾ...

ADVERTISEMENT