“ആഫ്രിക്കയിലൊരു പഴമൊഴിയുണ്ട്, ഹൃദയം കൊണ്ട് കണ്ടതു കണ്ണുകൾക്കു മറക്കാനാവില്ല. അതു സത്യമാണെന്ന് ഓരോ നിമിഷവും ബോധ്യപ്പെടുത്തുകയായിരുന്നു കെനിയയിലേക്കു നടത്തിയ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി യാത്ര. മറക്കാനാവാത്ത ആ സന്ദർഭങ്ങളിലേക്കു മാനസികമായി സഞ്ചരിക്കാനുള്ള ടിക്കറ്റുകളാണ് അന്നത്തെ ഓരോ ഫോട്ടോയും. അത് ആഫ്രിക്കൻ യാത്രയിലെ എന്നല്ല എല്ലാ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി ചിത്രങ്ങളും അങ്ങനെ തന്നെ.” കേരള വനം വന്യജീവി വകുപ്പിന്റെ 2021 ലെ ഫൊട്ടോഗ്രഫി പുരസ്കാരത്തിൽ പ്രോത്സാഹന സമ്മാനത്തിന് അർഹനായ രൂപേഷ് കുളപ്പള്ളി തന്റെ വന്യജീവി ഫൊട്ടോഗ്രഫി യാത്രകളുടെ കഥ പറഞ്ഞു തുടങ്ങിയത് കെനിയയിൽ നിന്നാണ്.
കുഞ്ഞിനു വേണ്ടി ജീവൻ നൽകിയ അമ്മ
“ആഫ്രിക്കയിലെ കാടുകളിൽ സഞ്ചരിക്കുമ്പോൾ എല്ലാ വികാരങ്ങളും അനുഭവിക്കാമെന്നാണ് പറയുക... സ്വപ്ന തുല്യമായ ഫ്രെയിം കിട്ടിയതിന്റെ ആഹ്ലാദം, അല്ലെങ്കിൽ അതു നഷ്ടമായതിന്റെ സങ്കടം, കാണാൻ കിട്ടില്ലെന്നു വിചാരിച്ചത് കണ്മുന്നിൽ വന്നതിന്റെ അദ്ഭുതം... എന്റെ അനുഭവങ്ങളും ഇങ്ങനെ തന്നെയായിരുന്നു.
ഫോർ ബ്രദേഴ്സ് എന്നറിയപ്പെടുന്ന ചീറ്റപ്പുലികളുടെ സംഘം സഫാരി സഞ്ചാരികൾക്കിടയിൽ പ്രശസ്തമാണ്. മസായി മാരയിൽ ചെന്നിട്ട് അവയുടെ ചിത്രം പകർത്താത്തവർ കാണില്ല. ഞങ്ങളുടെ യാത്രയിലും ആദ്യ ദിവസങ്ങളിലൊന്നിൽ ഇവയെ കേന്ദ്രീകരിച്ചു സഫാരി നടത്താൻ നിശ്ചയിച്ചു. അവരുടെ ആവസാ പ്രദേശത്ത് രാവിലെ തന്നെ അവയെ കണ്ടുമുട്ടി. നാലുപേരുടെയും വയറൊക്കെ കാലിയാണ്, നല്ലൊരു വേട്ട നടത്തിയിട്ട് ഒന്നോ രണ്ടോ ദിവസമായിക്കാണും. അതുകൊണ്ട് നാൽവർ സംഘത്തിന്റെ വിജയകരമായ വേട്ട കാണാനും ചിത്രമെടുക്കാനും സാധ്യത ഏറെയുണ്ട്.
കുറേ നേരം ആ ചീറ്റപ്പുലികളെ നിരീക്ഷിച്ച് സഫാരി വാഹനം കിടന്നു. അവ നടക്കുമ്പോൾ, ശല്യമാകാതെ അകലം പാലിച്ച് ഞങ്ങളും പിന്നാലെ പോകും. രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു സീബ്രക്കൂട്ടത്തെ കണ്ടു. ഏറെ മുൻകരുതലോടെ നാലു ചീറ്റകളും ചാടിവീണെങ്കിലും വിജയിച്ചില്ല. പിന്നീട് മറ്റൊരു ശ്രമം നടത്തിയെങ്കിലും അതും ലക്ഷ്യം കണ്ടില്ല. അന്നത്തെ ദിവസം അവയുടെ ഇരതേടൽ പരാജയപ്പെട്ടു, നല്ലൊരു വേട്ടച്ചിത്രത്തിനായുള്ള ഞങ്ങളുടെ കാത്തിരിപ്പും.
അടുത്ത ദിവസം ഫോർ ബ്രദേഴ്സിന്റെ വിശപ്പ് അസഹനീയമാകും, ഏതെങ്കിലുമൊരു മൃഗത്തെ അവ പിടിക്കും. അതുകൊണ്ട് ഒരു ദിവസംകൂടി അവയുടെ പിന്നാലെ പോകാം എന്നു ഞങ്ങൾ കണക്കാക്കി.
മസായി മാരയിലെ ഞങ്ങളുടെ മൂന്നാം ദിനം. പുലർച്ചെ ചീറ്റകളുടെ അവാസ പരിസരത്ത് അവയെ കണ്ടില്ല. തുടർന്ന് 15 കിലോമീറ്റർ സഞ്ചരിച്ചിട്ടാണ് ഫോർ ബ്രദേഴ്സിനെ കണ്ടുകിട്ടിയത്. രാത്രി അവ സഞ്ചരിച്ചതാകാം ഈ ദൂരം. എങ്കിലും അവയുടെ വയർ ഒട്ടിക്കിടക്കുന്നതു കണ്ടപ്പോൾ വിശപ്പടങ്ങിയിട്ടില്ലെന്നു മനസ്സിലായി. അപ്പോഴേക്ക് വെയിൽ ശക്തമായി, അന്തരീക്ഷം ചൂടുപിടിച്ചു. ഇടയ്ക്ക് അപൂർവമായി കാണപ്പെടുന്ന മരത്തണലിലും നിർത്തിയിട്ടിരിക്കുന്ന സഫാരി ജീപ്പുകളുടെ തണലിലും കിടന്ന് വിശ്രമിച്ചാണ് അണ്ണൻമാർ നടക്കുന്നത്. ക്ഷമയോടെ കാത്തിരിക്കാനായിരുന്നു ഞങ്ങളുടെ നിശ്ചയം.
കുറച്ചു ദൂരെ മാനുകളെപ്പോലുള്ള ടോപി എന്ന മൃഗവും അതിന്റെ കുട്ടിയും മേയുന്നതു ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അൽപസമയത്തിനിടെ ചീറ്റകളും അതിനു പിന്നാലെ ആണെന്നു മനസ്സിലായി. നാൽവർ സംഘത്തിലെ ഒരെണ്ണം ടോപിയുടെ പിന്നിൽ എത്തിയ ശേഷമാണ് ആ സാധുമൃഗം അപകടം തിരിച്ചറിഞ്ഞത്. കുട്ടിയെയും കൂട്ടി ഓടി രക്ഷപെടാൻ അതു ശ്രമിച്ചു. അമ്മ ഓടി അകന്നെങ്കിലും കുട്ടി മറു വശത്തു നിന്നു വന്ന ചീറ്റയുടെ പിടിയിലായി.
കുട്ടിയുടെ നിസ്സഹായമായ നിലവിളി കേട്ട് ഓടി രക്ഷപ്പെട്ട അമ്മ ടോപി തിരികെ വരുന്നതാണ് ഞങ്ങൾ കണ്ടത്. അതോടെ ദിവസങ്ങളായി ഭക്ഷണം തേടി അലയുന്ന ചീറ്റകൾ കുട്ടിയെ ഉപേക്ഷിച്ച് വലിയ ടോപിയുടെ നേരെ ചാടി വീണു. കുഞ്ഞ് വേച്ചു വേച്ച് അകന്നതും അമ്മ ടോപി ചീറ്റകളുടെ അടിയേറ്റു വീണതും ഒന്നിച്ചായിരുന്നു. തന്റെ ജീവൻ ബലി നൽകിയാണെങ്കിലും കുഞ്ഞിനെ രക്ഷിക്കാനുള്ള മാതാവിന്റെ ശ്രമം. പ്രകൃതിയുടെ നിയമത്തിൻ കണ്ണിൽ ആ വേട്ട സാധൂകരിക്കുമെങ്കിലും അന്ന് സഫാരിയിൽ ഉണ്ടായിരുന്ന എല്ലാവർക്കും ആഫ്രിക്കക്കാരനായ ഡ്രൈവർ അടക്കം, ഏറെ വിഷമിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു അത്. സാരമായ പരിക്കുപറ്റിയിട്ടുള്ള ആ കുട്ടിയുടെ ജീവനും അപകടത്തിലാണെന്നു ഡ്രൈവർ പറഞ്ഞു. മറ്റേതെങ്കിലും ജീവിയുടെ ഇരയാവാനോ മുറിവുകൾക്കു കീഴടങ്ങി മരിക്കുവാനോ ആകും അതിന്റെ വിധി.
ആഫ്രിക്കൻ വന്യജീവി ഫൊട്ടോഗ്രഫിയിൽ അമൂല്യമായത് വിജയകരമായൊരു വേട്ടയുടെ ചിത്രം എടുക്കുന്നതാണ്. ഏറെ ക്ഷമയോടെ കാത്തിരുന്ന് കിട്ടിയ ആ വേട്ട ചിത്രം കാണുന്നത് സത്യത്തിൽ സന്തോഷമല്ല, സങ്കടമാണ്.
കറുത്ത കാണ്ടാമൃഗത്തെ കണ്ടപ്പോൾ
മസായി മാരയിൽ അപൂർവമായി മാത്രം കാണാൻ കിട്ടുന്ന മൃഗങ്ങളിലൊന്നാണ് കറുത്ത കാണ്ടാമൃഗം. കാണ്ടാമൃഗങ്ങൾ ബ്ലാക്ക് റൈനോ, വൈറ്റ് റൈനോ എന്നു രണ്ട് വിധമുണ്ട്. അവ തമ്മിൽ പ്രകടമായ വ്യത്യാസം ചുണ്ടിന്റെ കാര്യത്തിലാണ്. കറുത്ത റൈനോയുടെ മേൽചുണ്ട് അൽപം കൂർത്തതും വെളുത്തതിന്റെ കീഴ്ച്ചുണ്ട് അൽപം പരന്നതുമാണ്. വെള്ള കാണ്ടാമൃഗം കൂട്ടമായി സഞ്ചരിക്കുന്നവയും പുല്ല് മാത്രം ഭക്ഷിക്കുന്നതുമാണ്. കറുത്ത ഇനം ഒറ്റയ്ക്കോ അല്ലങ്കിൽ അമ്മയും കുട്ടിയുമായി രണ്ടെണ്ണം ഒരുമിച്ചോ മാത്രമേ കാണാറുള്ളു. ബ്ലാക്ക് റൈനോ രാത്രിയിലോ നന്നേ പുലർച്ചയ്ക്കോ ആണ് തീറ്റ തേടി ഇറങ്ങുന്നത്. കൊമ്പിനു നല്ല വില ലഭിക്കുന്നതിനാൽ വ്യാപകമായി ഇവയെ വേട്ടയാടപ്പെട്ട കറുത്ത കാണ്ടാമൃഗം അതീവ വംശനാശഭീഷണിയിലാണ്. 3000 നും 5000 നും ഇടയിലാണ് അവശേഷിക്കുന്നവയുടെ എണ്ണം.
മസായി മാരയിലെ മൂന്നാം ദിവസം 30-40 കിലോമീറ്റർ സഞ്ചരിച്ച് സഫാരി മാരാ നദിയുടെ തീരത്ത് എത്തി. അപ്പോഴാണ് കറുത്ത കാണ്ടാമൃഗം അതിന്റെ കുട്ടിയുമൊത്തു നിൽക്കുന്നത് കണ്ടത്. നല്ല തെളിഞ്ഞ അന്തരീക്ഷത്തിൽ അവയുടെ ചിത്രം പകർത്തി തുടങ്ങിയപ്പോഴേക്ക് കനത്ത മഴ തുടങ്ങി. ക്യാമറയും ലെൻസുമൊക്കെ മാറ്റിവയ്ക്കേണ്ടത്ര ശക്തമായ മഴ. കറുത്ത കാണ്ടാമൃഗത്തെ ഞങ്ങൾക്കു കാണാനും ഏതാനും ചിത്രമെടുക്കാനും മാത്രം പ്രകൃതി അവസരം ഒരുക്കിത്തന്നപോലെയായിരുന്നു അത്.
അവസാനത്തെ സമ്മാനം
വേട്ടയാടിപ്പിടിച്ച ഇരയുടെ മുൻപിലേക്കു കുട്ടിയെ കൊണ്ടുപോകാൻ ശ്രമിക്കുന്ന അമ്മപ്പുലി, അവസാന നിമിഷത്തിൽ അവിചാരിതമായി ലഭിച്ച മനോഹരമായൊരു സിംഹത്തിന്റെ ചിത്രം, മൃഗങ്ങളുടെ ജീവിതത്തിലെ രസകരമായ സന്ദർഭങ്ങൾ, രേഖാചിത്രം പോലെയുള്ള അസ്തമയ വേളകളിലെ ദൃശ്യങ്ങൾ... മസായി മാരയിലെ വിശേഷങ്ങൾ പറഞ്ഞു തീരില്ല, കാടും മൃഗങ്ങളും പ്രകൃതിയൊരുക്കുന്ന മനോഹര ഫ്രെയിമുകളും കണ്ടാൽ മതിവരികയുമില്ല.
തീറ്റയും കടിച്ചെടുത്ത് തലപ്പൊക്കത്തോടെ വരുന്ന സിംഹത്തിന്റെ ഫ്രെയിമാണ് പ്രത്യേക ഓർമ. കെനിയ യാത്രയുടെ അവസാന ദിവസം. അന്ന് ഉച്ചയ്ക്കു ശേഷം റിട്ടേൺ ഫ്ലൈറ്റാണ്. സൂര്യോദയ ചിത്രവും ആൺ സിംഹത്തിന്റെ ഗാംഭീര്യമുള്ള ചിത്രവും കിട്ടിയിട്ടില്ല. അതുകൊണ്ട് പ്രഭാത സഫാരി എടുത്തു. ഒപ്പമുള്ള ഒരു ജീപ്പ് പുറപ്പെടാൻ വൈകുന്നതു കണ്ട് ഞങ്ങൾ മുന്നോട്ടു നീങ്ങി. അൽപം സഞ്ചരിച്ചപ്പോൾ പാതയോടു ചേർന്നുള്ള പൊന്തക്കാട്ടിൽ അനക്കം. വണ്ടി നിർത്തി. അതിൽ നിന്ന് മൃഗരാജൻ തലേദിവസം കൊന്ന് മാറ്റി വച്ചിരുന്ന മൃഗത്തിന്റെ ശരീരവും കടിച്ചെടുത്ത് പുറത്തേക്കു വരുന്നു. മനോഹരമായ ചിത്രം സ്വന്തമാക്കാൻ വൈകിയില്ല. ആ ദർശനം അധികസമയം ലഭിച്ചതുമില്ല. പാത മുറിച്ചു നടന്ന മൃഗരാജൻ മറുവശത്തൊരു കുറ്റിക്കാടിനകത്തേക്കു മറഞ്ഞു.
എപ്പോഴും ചിത്രം തരുന്ന ഭരത്പുർ
ട്രെക്കിങ്ങും ട്രിപ്പുകളുമായി ഒട്ടേറെ സഞ്ചരിച്ചിരുന്നെങ്കിലും ക്യാമറയ്ക്കും ചിത്രങ്ങൾക്കും പ്രാധാന്യം കൊടുത്തിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളു. കേരളം വിട്ടുള്ള ഫൊട്ടോഗ്രഫി യാത്ര കുറവാണ്. ഭരത്പുർ, താൽഛപർ, ചംബൽ ഇങ്ങനെ കുറച്ച്. ഇതുവരെ കണ്ടിട്ടും അറിഞ്ഞിട്ടുമുള്ള വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി ഡെസ്റ്റിനേഷനുകളിലെല്ലാം ഉച്ചസമയം ഒഴിവുനേരമായിരിക്കും. ചൂടും ലൈറ്റും മൃഗങ്ങൾ പുറത്തിറങ്ങാതിരിക്കുന്നതും ഒക്കെ കാരണമാണ്. എന്നാൽ ഇതിൽനിന്നു വ്യത്യസ്തമാണ് ഭരത്പുർ. അവിടെ നട്ടുച്ചയ്ക്കും നല്ല ചിത്രങ്ങൾ ലഭിക്കും.
പശ്ചിമഘട്ടത്തിലെ അപൂർവജീവികളിലൊന്നായ നീലഗിരി മാർടിന്റെ ചിത്രമാണ് സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ പ്രോത്സാഹന സമ്മാനം നേടിത്തന്നത്. നെല്ലിയാമ്പതിയിൽ നിന്നാണ് ആ ചിത്രം ലഭിച്ചത്. കേരളത്തിലെ വനങ്ങളിൽ സഫാരി സമ്പ്രദായം ഇല്ലാത്തതിനാലും അതിന് അനുയോജ്യമായ ഭൂപ്രകൃതി അല്ലാത്തതിനാലും പലവട്ടം പോകണം നല്ല ചിത്രം ലഭിക്കാൻ. എങ്കിലും എത്ര തവണ വേണമെങ്കിലും പോകാനും കൂടുതൽ പ്രയത്നിക്കാനും കാത്തിരിക്കാനും തയാറാണ്. നമ്മുടെ കാടുകളിലെ നല്ല ചിത്രങ്ങൾക്കായി...”