Tuesday 27 July 2021 03:36 PM IST : By Text: Sunil Sebastian

കേരള ടൂറിസം മേഖലയ്ക്ക് സാധ്യതകളെ തുറന്നു നൽകുന്ന ഒന്നാവും 'ദി മുണ്ടക്കയം പീരുമേട് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഏരിയല്‍ റോപ് വേ’ കമ്പനിയുടെ കഥ

ropeway 1

വര്‍ഷങ്ങള്‍ക്കു മുമ്പു നടത്തിയ കുട്ടിക്കാനം യാത്രയലാണു മുണ്ടക്കയം- പീരുമേട് റോപ്‌വേയെക്കുറിച്ച് ആദ്യം കേട്ടത്. ഒപ്പമുണ്ടായിരുന്ന മുപ്പത്തഞ്ചാം മൈലുകാരനായ വള്ളിപ്പറമ്പില്‍ ജോസഫുചേട്ടനാണ് ഒരു പഴങ്കഥ പോലെ കാലം മായിച്ച റോപ് വേയെക്കുറിച്ച് പറഞ്ഞത്. പീരുമേട്ടില്‍ നിന്നും തേയില കൊണ്ടുവരാനായിരുന്നു ബ്രിട്ടീഷുകാര്‍ റോപ് വേ നിർമിച്ചത്. വെറുതേ കഥ പറയുകയായിരുന്നില്ല ജോസഫ്ചേട്ടൻ. റോപ് വേയുടെ അവസാന ടവറുകളിലൊന്നിന്റെ ഭാഗമായ കോണ്‍ക്രീറ്റ് കഷണം ബോയ്സ് എസ്റ്റേറ്റിനു സമീപം കെ.കെ റോഡില്‍ അദ്ദേഹം കാണിച്ചുതന്നു. ആദ്യം വിശ്വാസം വന്നില്ല. പിന്നീട് അതേക്കുറിച്ചുള്ള അന്വേഷണമായി.നിറം പിടിച്ച കഥകളായിരുന്നു കൂടുതലും കേട്ടത്. നാട്ടുകാരനായ ഒരു ചേട്ടൻ പറഞ്ഞത്, ‘റോപ് വേയിലൂടെ വരുന്ന തേയില നാട്ടുകാര്‍ ഏണി വച്ചു കയറി മോഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ സായിപ്പതുപേക്ഷിച്ചു’ എന്നായിരുന്നു. യാഥാർഥ്യമറിയാൻ ഇംഗ്ലീഷുകാരും ഇന്ത്യാക്കാരുമെഴുതിയ പ്ലാന്റേഷന്റെ ചരിത്രം മറിച്ചു നോക്കി, റോപ് വേയുടെ ഏകദേശ ചിത്രം മനസ്സിലാക്കി. കുട്ടിക്കാനത്തെ പഴയ കുതിരാലയത്തിനു സമീപത്തുള്ള റോപ്പ എന്നു വിളിച്ചിരുന്ന കെട്ടിടത്തിനടുത്തു (ഇപ്പോൾ സിവിൽ സപ്ലൈസ് ഗോഡൗൺ) നിന്നു തുടങ്ങി, മുണ്ടക്കയം 35ാം മൈലിൽ കള്ളിവയലിൽ സ്കൂളിന്റെ (ഇപ്പോൾ ഡീപോൾ സ്കൂൾ) പിന്നിൽ എത്തിച്ചേരുന്നതായിരുന്നു റോപ് വേ. നീളം 5.5 മൈൽ. 1924ൽ പണി പൂർത്തിയാക്കിയ ഇത് ഏതാനും വർഷങ്ങൾക്കു ശേഷം ഉപേക്ഷിക്കുകയായിരുന്നു. എന്തുകൊണ്ടാണിത് ഉപേക്ഷിച്ചത്? ഇതറിയാനുള്ള അന്വേഷണവും റോപ് വേ കടന്നു പോയ വഴികളെക്കുറിച്ചു മനസ്സിലാക്കാനുള്ള ശ്രമവുമാണ് ‘ചരിത്ര’സഞ്ചാരം.

പ്ലാന്റേഷൻ ചരിത്രം

ropeway 5

കാള വണ്ടിക്കാരുടെ സമരവും പെരുവന്താനം കയറ്റവുമായിരുന്നു ‘ദി മുണ്ടക്കയം പീരുമേട് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഏരിയല്‍ റോപ് വേ’ എന്ന കമ്പനിയുടെ രൂപീകരണത്തിനു പിന്നിൽ. ആ കഥയറിയാൻ അൽപം പ്ലാന്റേഷൻ ചരിത്രമറിയണം. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മിഷന്‍ പ്രവര്‍ത്തനത്തിന് ഹെന്‍റി ബേക്കര്‍ ജൂനിയര്‍ മുണ്ടക്കയത്തെത്തിയതോടെയാണ് പ്ലാന്‍റേഷന്റെ ചരിത്രം തുടങ്ങുന്നത്. കാടു വെട്ടിത്തെളിച്ച് പീരുമേട്ടില്‍ കാപ്പിയും പിന്നീട് തേയിലയും കൃഷി തുടങ്ങി. അനേകം എസ്റ്റേറ്റുകള്‍ ഇക്കാലത്ത് ബ്രിട്ടീഷുകാര്‍ക്കവിടെയുണ്ടായിരുന്നു. ഇക്കാലയളവിലാണ് കെ. കെ റോഡിന്റെ പണിയാരംഭിച്ചത്. കാളവണ്ടികള്‍ക്കു യാത്ര ചെയ്യാവുന്ന മണ്‍റോഡുകളായിരുന്നു ആദ്യമുണ്ടായിരുന്നത്. തോട്ടത്തിലെ ഉത്പന്നങ്ങള്‍ കാളവണ്ടിയിലായിരുന്നു കോട്ടയത്ത് എത്തിച്ചിരുന്നത്. ഇതു പ്രായോഗികമായി വളരെയേറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. കുട്ടിക്കാനത്തു നിന്നും മുണ്ടക്കയത്തേയ്ക്ക് ചരക്കുകള്‍ ഇറക്കുന്നതിനാണ് ഏറ്റവും ബുദ്ധിമുട്ടനുഭവപ്പെട്ടത്. 14 മൈല്‍ നീളമുള്ള ഇടുങ്ങിയ വഴികളിലൂടെയുള്ള കാളവണ്ടിയാത്ര സുഖകരമായിരുന്നില്ല. അഞ്ചുമൈല്‍ കഴിയുമ്പോള്‍ കാളകളെ മാറ്റിക്കെട്ടേണ്ടിയിരുന്നു. മഴക്കാലത്തെ മണ്ണൊലിപ്പും കാളവണ്ടി ചക്രങ്ങളെ പൊതിഞ്ഞ ഇരുമ്പുവളയങ്ങളും റോഡ് നാശമാകാൻ കാരണമായി.വളരെപതിയെയുള്ള കാളവണ്ടിയിലെ ചരക്കു നീക്കം പ്ലാന്‍റര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. വേനല്‍ക്കാലത്ത് കാളകള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഇല്ലാതെ വന്നപ്പോള്‍ കാളവണ്ടിക്കാര്‍ നടത്തിയ സമരം വലിയ തിരിച്ചടിയാണുണ്ടാക്കിയത്. കാഞ്ഞിരപ്പള്ളിക്കാരായിരുന്നു കാളവണ്ടിക്കാരില്‍ ഭൂരിപക്ഷവും. അന്നു കാഞ്ഞിരപ്പള്ളിയില്‍ ഒരു കാളവണ്ടിയെങ്കിലും ഇല്ലാത്ത വീടുകൾ കുറവായിരുന്നു. 20 കാളവണ്ടികള്‍ വരെ ഉണ്ടായിരുന്നവരുമുണ്ട്. ഒരു ചാക്ക് അരി പീരുമേട്ടിലെത്തിക്കുന്നതിന് അര ബ്രിട്ടീഷ് രൂപ ലഭിച്ചിരുന്നു. 5 ചാക്കുമുതല്‍ 7ചാക്കു വരെയാണ് സാധാരണ കാളവണ്ടിയില്‍ കയറ്റിയിരുന്നത്.


ലോറി വരുന്നു

ആഷ്ലി എസ്റ്റേറ്റിലെ ജെ. എ. റിച്ചാര്‍ഡ്സണ്‍ ആണ് ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയത്. സൗത്ത് ഇന്ത്യന്‍ ടീ എസ്റ്റേറ്റ് കമ്പനി മാനേജരായി 1905 -ല്‍ പീരുമേട്ടിലെത്തിയ റിച്ചാര്‍ഡ്സണ്‍ പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും വിജയം നേടിയ വ്യക്തിയായിരുന്നു. കാളവണ്ടികള്‍ക്കു പകരം രണ്ടു മൂന്നു ടണ്‍ ഭാരം വഹിക്കാവുന്ന ലോറികള്‍ ഇംഗ്ലണ്ടില്‍ നിന്നു വരുത്തി, കോട്ടയം -മുണ്ടക്കയം റൂട്ടില്‍ ഓടിക്കാന്‍ തുടങ്ങി. ഇത് വിജയമായപ്പോള്‍ കുറെക്കൂടി ഭാരം വഹിക്കാവുന്ന ലോറികളെത്തിച്ചു. പക്ഷേ, ഈ ലോറികള്‍ പെരുവന്താനം കയറ്റം കയറിയിരുന്നില്ല. ഇതിനുപരിഹാരമായാണ് റോപ് വേ നിര്‍മിക്കാനുള്ള ആലോചന . 1912 -ല്‍ റിച്ചാര്‍ഡ്സണ്‍ ചെയര്‍മാനായി 'ദി മുണ്ടക്കയം പീരുമേട് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഏരിയല്‍ റോപ് bs' കമ്പനി രൂപീകരിച്ചു. മൂവായിരമടി ഉയരത്തില്‍ നിന്ന് അഞ്ചര മൈല്‍ ദൂരത്തില്‍ റോപ് വേ മുണ്ടക്കയത്തെത്തുന്ന രീതിയിൽ പദ്ധതി പ്ലാൻ ചെയ്തു. റോഡിലൂടെയുള്ള ഈ ദൂരം 14 മൈലാണ്. രണ്ടു ക്രൂഡോയില്‍ എൻജിനുപയോഗിച്ച് റോപ് വേ പ്രവര്‍ത്തിപ്പിക്കുന്ന രീതിയിലായിരുന്നു അതിന്റെ ഡിസൈൻ. 1914 -ല്‍ ത്തന്നെ ഇതിന്റെ സര്‍വേ നടന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് 1916 ല്‍ ഇതിനുള്ള നിര്‍മ്മാണ സാമഗ്രികളുമായി ഇന്ത്യയിലേയ്ക്കു പുറപ്പെട്ട ബ്രിട്ടീഷുകപ്പല്‍ മെഡിറ്ററേനിയന്‍ കടലില്‍വച്ചു തകര്‍ക്കപ്പെട്ടു. ഇതു റോപ് വേ നിർമാണത്തിന്റെ വേഗം കുറച്ചു. യുദ്ധത്തിന്റെ പ്രശ്നങ്ങളൊക്കെ മാറി 1924 -ല്‍ ആണ് റോപ് വേ പണി പൂര്‍ത്തീകരിച്ചത്.

പോയ വഴി തേടി

ropeway 3

റോപ് വേ ചരിത്രമാണ് എന്നു മനസ്സിലാക്കിയെങ്കിലും അതിന്‍റെ വഴികളെക്കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല. മൂന്നു ദിവസങ്ങളിലായി നടത്തിയ അന്വേഷണയാത്രകളിലൂടെയാണ് റോപ് വേയുടെ വഴികണ്ടെത്തിയത്. റോപ് വേ ടവറുകളുടെ കോണ്‍ക്രീറ്റ് കാലുകളും അവയുടെ അവശിഷ്ടങ്ങളുമായിരുന്നു ഇതിനുള്ള വഴികാട്ടിയത്. ആദ്യ ദിവസം മുപ്പത്തഞ്ചാം മൈലില്‍ കെ.കെ റോഡിന്റെ സമീപത്ത് ആദ്യടവറുകളിലൊന്നിന്റെ കാലിന്റെ ഭാഗം കിടക്കുന്നതിനടുത്തെത്തി. അതിനെതിര്‍വശത്താണ് റോപ് വേ അവസാനിച്ചിരുന്നത്. മണിക്കല്‍ ഫാക്ടറിയിലേക്കും ലോറിഷെഡിലേക്കും ഇവിടെ നിന്ന് അധികം ദൂരമില്ല എന്ന കാരണത്താലാണ് അത് റോപ് വേയുടെ സ്റ്റേഷനാക്കിയത്. ഇവിടെ നിന്നു ബോയ്സ് എസ്റ്റേറ്റിലൂടെ കൊടികുത്തിക്കു താഴെ റോപ് വേ എത്തുന്നു. അവിടെ ഞങ്ങളെ കാത്തു മേലോരംകാരനായ വാലേപ്പറമ്പില്‍ സോമന്‍ ചേട്ടന്‍ നില്‍ക്കുന്നുണ്ടായിരുന്നു. മേലോരം റോഡിന്റെ അരികില്‍ രണ്ടു ടവറുകളുടെ കാലുകള്‍ അദ്ദേഹം കാട്ടിത്തന്നു. തുടർന്നു യാത്ര മോലോരം അഴങ്ങാട് റൂട്ടിലൂടെയായിരുന്നു. പൊട്ടംകുളം എസ്റ്റേറ്റിലെ കൈതത്തോട്ടത്തിലും മേലോരത്തു കാര്‍ഗില്‍ വഴിയിലും കാലുകള്‍ കണ്ടെത്തി.

നാലു കാലുള്ള ടവർ

ആദ്യദിനം ഒരു കാര്യം മനസ്സിലായി, നാലു കാലുള്ള ടവറിലൂടെയാണ് വടം നീങ്ങിയിരുന്നത്. ഭൂമിയുടെ സ്വഭാവമനുസരിച്ചു പല അകലങ്ങളില്‍ ടവറുകള്‍ സ്ഥാപിച്ചിരുന്നു. അതുപോലെതന്നെ ഉയരവും. ഒരു ടവറിന്റെ തന്നെ നാലുകാലുകളും ഒരേ വലുപ്പത്തിലോ അകലത്തിലോ ആയിരുന്നില്ല. സമയം മൂന്നുമണി. ഇനി പോകേണ്ടത് അഴങ്ങാട് മലകളിലേക്കാണ്. മലകളില്‍ മഞ്ഞുമൂടാന്‍ തുടങ്ങിയിരുന്നു. പിന്നാലെ മഴയുണ്ടാകും. സോമന്‍ ചേട്ടനോട് യാത്ര പറഞ്ഞു തിരികെപ്പോന്നു. പിറ്റേ ദിവസം പെരുവന്താനത്തു നിന്ന് ആനചാരി വഴി അഴങ്ങാട്ടേയ്ക്കായിരുന്നു യാത്ര. ഞങ്ങളെക്കാത്തു പ്രാദേശിക സാമൂഹിക പ്രവര്‍ത്തകനായ വരിക്കയില്‍ ജോസുചേട്ടന്‍ നില്‍പ്പുണ്ടായിരുന്നു. 'വലിയമലയാണ്, കയറാന്‍ ബുദ്ധിമുട്ടുണ്ടോ?' അദ്ദേഹം ചോദിച്ചു. കുത്തുകയറ്റമായിരുന്നു. വളരെ സമയമെടുത്താണ് മുകളിലെത്തിയത്. കുറ്റിച്ചെടികള്‍ വകഞ്ഞുമാറ്റി ഒരു നൂറ്റാണ്ട് പഴക്കമുള്ള സ്മാരകാവശിഷ്ടങ്ങള്‍ അദ്ദേഹം കാട്ടിത്തന്നു. ഞങ്ങള്‍ കണ്ട എല്ലാ കാലുകളെയും പോലെ ഇതിലും ഇരുമ്പുകമ്പികളൊന്നുമുണ്ടായിരുന്നില്ല. ആരെങ്കിലും മുറിച്ചുകൊണ്ടു പോയതാവാം. വളരെയകലെ വലിയ ഉയരത്തില്‍ മഞ്ഞുമൂടാന്‍ തുടങ്ങുന്ന മലയിലേക്ക് കൈചൂണ്ടി ജോസുചേട്ടന്‍ പറഞ്ഞു, ‘‘അതാണ് മേക്കുന്നം. അവിടെയാണടുത്ത കാല്. വേനല്‍ക്കാലത്തേ അവിടെ പോകാന്‍ കഴിയൂ. ചെങ്കുത്തായ പാറകളും നിബിഡമായ കാടുകളുമാണ്.’’ അത്ഭുതത്തോടെയാണങ്ങോട്ട് നോക്കിയത്. ഇതുവഴി സര്‍വേ നടത്തിയ സായിപ്പിനേയും മുകളിലേക്ക് ഇരുമ്പു കേഡറുകളുമായി പോയ തൊഴിലാളികളെയും ഓര്‍ത്തു. അക്കാലത്ത് എത്ര പേരുടെ ജീവന്റെയും വിയർപ്പിന്റെയും വിലയായിരുന്നിരിക്കണം ആ റോപ് വേ.

വഴിയിലെ വെള്ളച്ചാട്ടം

മേക്കുന്നം കഴിഞ്ഞാല്‍ അടുത്ത കാലുള്ളതു മുറിഞ്ഞപുഴയ്ക്കു രണ്ടു കിലോമീറ്റര്‍ വടക്കുമാറിയുള്ള മട്ടത്താണ്. ചെങ്കുത്തായ രണ്ടു മലകള്‍ക്കിടയിലാണ് മേക്കുന്നത്തെയും മട്ടത്തെയും ടവറുകള്‍ സ്ഥിതി ചെയ്തിരുന്നത്. ഈ ടവറുകളിലൂടെ പോയിരുന്ന വടത്തിന് ഏതാണ്ട് ആയിരമടി താഴ്ചയിലൂടെയാണ് മണിമലയാറിന്റെ കൈവഴിയായ ചൂതുപാറയാറ് ഒഴുകുന്നത്. അവിടെയാണ് ഏകയം വെള്ളച്ചാട്ടം. ആനചാരിയില്‍ നിന്ന് അര കിലോമീറ്റര്‍ നടന്നാല്‍ ഏകയത്തെത്താം. ഏകയത്തേയ്ക്ക് നടന്നു. പുതിയൊരു വഴിവെട്ടിയിട്ടുണ്ട്. പക്ഷേ, മണ്ണിടിച്ചിൽ ഉണ്ട്. സൂക്ഷിച്ചില്ലെങ്കില്‍ താഴെ പതഞ്ഞൊഴുകുന്ന ആറ്റിലേയ്ക്കു വീഴാം. വളരെ സൂക്ഷിച്ചു നടന്ന് ഏകയത്തെത്തി. അതിമനോഹരമായൊരു വെള്ളച്ചാട്ടം. വന്യതയുടെ സൗന്ദര്യമാസ്വദിച്ച് കുറെ നേരം അവിടെയിരുന്നു. അവിടെ നിന്നും മുകളിലേക്ക് നോക്കിയാല്‍ മേക്കുന്നും മട്ടവും കാണാം. ഇതിനു മുകളിലാണ് ആദ്യം റോപ്പ് വേയുടെ വടം പൊട്ടിവീണത്. ഏകയത്തില്‍ നിന്നും തിരിച്ചപ്പോള്‍ മഴക്കുള്ള ഒരുക്കമായി. രണ്ടാം ദിനയാത്ര അവസാനിപ്പിച്ചു തിരിച്ചു നടന്നു. കെ.കെ റോഡിലെത്തിയപ്പോള്‍ ഞങ്ങള്‍ സഞ്ചരിച്ച മലകളിലേക്കു നോക്കി. കെ.കെ റോഡിനു സമാന്തരമായി മേലോരം -അഴങ്ങാട് -മേക്കുന്നം മലകള്‍. ഞങ്ങള്‍ നടന്ന റോപ് വേ വഴികള്‍ അവടെ നിന്നാൽ കാണാം...

മുറിഞ്ഞപുഴയിൽ നിന്ന് മൂന്നാം ദിനം

ropeway 2

മൂന്നാം ദിനം യാത്ര തുടങ്ങിയത് മുറിഞ്ഞപുഴയിൽ നിന്നാണ്. മുറിഞ്ഞപുഴിലുള്ള അറയ്ക്കപറമ്പില്‍ തോമാച്ചനാണ് മൂന്നാം ദിവസത്തെ വഴികാട്ടി. മുറിഞ്ഞപുഴയില്‍ നിന്നു മൂന്നു കിലോമീറ്റര്‍ നടന്നാല്‍ റോപ്വെ തുടങ്ങുന്ന പഴയ കുതിരാലയത്തിന്‍റെ അടുത്തെത്താം. ഒരു കിലോമീറ്റര്‍ നടന്നപ്പോള്‍ തേയില എസ്റ്റേറ്റായി. അതിലൂടെ ഒരു കിലോമീറ്റര്‍ കയറ്റം കയറി ഒരു കുറ്റിക്കാട്ടിലാണെത്തിയത്. രണ്ടരുവികള്‍ ഒഴുകുന്നതിന്റെ സമീപത്ത് ഉരുളുപൊട്ടലില്‍ തകര്‍ന്ന റോപ് വേയുടെ വലിയ കോണ്‍ക്രീറ്റു തൂണുകള്‍ മൂന്നാലിടത്തായി കിടക്കുന്നു. അട്ടകടി കിട്ടിയെങ്കിലും അവിടുത്തെ തണുത്ത കാറ്റേറ്റ് അൽപനേരം വിശ്രമം. വീണ്ടും നടത്തം. കുറ്റിക്കാടു കഴിഞ്ഞ് പുല്‍മേടായി. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന പുല്ലുകള്‍. അതു വകഞ്ഞുമാറ്റിയാണ് യാത്ര. മുമ്പില്‍ പോയ തോമാച്ചന്റെ ഉച്ചത്തിലുള്ള വിളി കേട്ടു അവിടെച്ചെന്നു നോക്കിയപ്പോള്‍ നാലു തൂണൂകള്‍. അവയില്‍ നിന്നെല്ലാം ഓരോ വലിയ ഇരുമ്പു കമ്പികള്‍ മുകളിലേയ്ക്ക് നില്‍ക്കുന്നു. ഈ കുന്നിന്റെ മുകളില്‍ കയറിയാല്‍ കാഴ്ച കുറെക്കൂടി വ്യക്തമാകും. നടന്നു കയറിയത് പീരുമേട് എം. ആര്‍. എസ്. സ്കൂളിന്റെ പിറകില്‍. അവിടെ നിന്നും പടിഞ്ഞാറേയ്ക്കു നോക്കിയാല്‍ കണ്ണെത്താ ദൂരത്തോളം കാഴ്ചകള്‍. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, കോട്ടയം... മഴകഴിഞ്ഞ് തെളിഞ്ഞ ദിവസമായതിനാല്‍ കാഴ്ചകള്‍ വ്യക്തമായിരുന്നു. ഇടതുവശത്ത് മുറിഞ്ഞപുഴ, പുല്ലുപാറ, അമലഗിരി, പെരുവന്താനം മലകളിലൂടെ വളഞ്ഞു പോകുന്ന കെ.കെ റോഡ്. റോഡു വരുന്നതിനു മുമ്പ് തമിഴ്നാട്ടിലേയ്ക്കുള്ള നടപ്പുവഴിയായിരുന്നിത്. നൂറ്റാണ്ടുകളായി എത്രയോ തലമുറകള്‍ സഞ്ചരിച്ച പാത. തമിഴ്നാട്ടില്‍ നിന്നു കണ്ണന്നൂര്‍ ചെട്ടിമാരും ശൈവവെള്ളാളരും റാവുത്തര്‍മാരും കച്ചവടത്തിനായി സഞ്ചരിച്ചിരുന്ന വഴി. ഇതുവഴിയാണ് മധുരയില്‍ നിന്നു പൂഞ്ഞാര്‍ രാജാവിന്റെ പൂര്‍വികര്‍ ഇവിടെയെത്തിയത്. തെക്കന്‍ തമിഴ്നാട്ടില്‍ നിന്നു സൂഫി സന്ന്യാസി പീര്‍ മുഹമ്മദ് ഈ വഴികളിലൂടെയാണെത്തിയത്. വാണിജ്യപാതയായ സില്‍ക്ക് റൂട്ടു പോലെ ദ്രാവിഡദേശങ്ങളെ ബന്ധിപ്പിച്ചിരുന്ന നമ്മുടെ സ്വന്തം കോട്ടണ്‍ റൂട്ട്.

കഥകൾ വരുന്ന വഴി

ropeway 4

വലതുവശത്തു മേക്കുന്നം അഴങ്ങാട്, പട്ടിക്കുന്ന്, മേലോരം മലനിരകള്‍ വഴിയായിരുന്നു റോപ് വേ കടന്നുപോയിരുന്നത്. ഞങ്ങള്‍ നില്‍ക്കുന്ന വലിയ മലയുടെ മധ്യഭാഗത്താണ് മട്ടം. അവിടെയായിരുന്നു ഒരു റോപ് വേ ടവറുണ്ടായിരുന്നത് അതിന്റെ എതിര്‍വശത്തു മേക്കുന്നം. മേക്കുന്നത്തിന് മട്ടത്തിനുമിടയില്‍ അത്യഗാധമായ കുഴി. മട്ടം കഴിഞ്ഞാല്‍ മേക്കുന്നിലെ ചെങ്കുത്തായ പാറയുടെ സമീപമാണ് ടവറുണ്ടായിരുന്നത്. റോപ് വേ നിര്‍മാണ കാലത്ത് ഏറ്റവും പ്രശ്നം സൃഷ്ടിച്ച കാലാണത്. അതൊരിക്കലും ഉറച്ചിരുന്നില്ല. അമൂര്‍ത്തശക്തികള്‍ നിലകൊള്ളുന്ന ആ മലയുടെ മുകളില്‍ കാലൊരിക്കലും ഉറക്കില്ലെന്നായിരുന്നു നാട്ടുവിശ്വാസം. ആടിനെ ബലികൊടുത്താല്‍ പ്രശ്നപരിഹാരമുണ്ടാകുമെന്ന നാട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി റിച്ചാർഡ്സൺ സായിപ് സഹികെട്ട് ആടിനെ കൊന്ന് ചോരവീഴ്ത്തിയെന്ന് പഴമക്കാര്‍ പറയുന്നു. പക്ഷേ, ആ കാല് എന്നും ഇളകിക്കൊണ്ടിരുന്നു. അപ്പോഴേയ്ക്കും കെ.കെ റോഡ് ഗതാഗത യോഗ്യമാക്കിയിരുന്നു. അതുകൊണ്ട്, നിരന്തരം തകരാറുകള്‍ വന്നുകൊണ്ടിരുന്ന റോപ് വേ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉപേക്ഷിച്ചു. അപ്പോൾ, ആഷ്‌ലി ബംഗ്ലാവിൽ താമസിച്ച് ഈ പദ്ധതിയെല്ലാം നടപ്പിലാക്കിയ ജെ. എ. റിച്ചാര്‍ഡ്സനെന്തു സംഭവിച്ചു എന്നോർത്തു. നാട്ടുകഥകളിൽ റിച്ചാർഡ്സനും ഭാര്യ എഥേല്‍ മണ്‍റോയും (ജെ.ഡി മണ്‍റോയുടെ മകള്‍, ഹെന്‍റിബേക്കര്‍ ജൂണിയറിന്‍റെ മകളുടെ മകള്‍) റോപ് വേയുടെ വടം പൊട്ടി പാറയിൽ വീണു മരിച്ചു എന്നാണ്. നോക്കണേ കഥകൾ പോകുന്ന പോക്ക്. ജെ. എ. റിച്ചാര്‍ഡ്സൻ ഇംഗ്ലണ്ടിലേക്കു തിരിച്ചു പോയി, 1932 ല്‍ അവിടെ വച്ചാണ് മരിച്ചത്. അദ്ദേഹത്തിന്‍റെ ഭാര്യ എഥേല്‍ മണ്‍റോ 1948 വരെ ആഷ്‌ലിയില്‍ ഉണ്ടായിരുന്നു. തലയണക്ക് അടിയിൽ എപ്പോഴും റിവോള്‍വര്‍ സൂക്ഷിച്ചിരുന്ന, തോട്ടത്തിലൂടെ അതിവേഗതയില്‍ കാറോടിച്ചിരുന്ന അവര്‍ ഹ്യൂമണ്‍ ബുള്ളറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1958 ല്‍ ഇംഗ്ലണ്ടിലെ സസ്സെക്സില്‍ വച്ചായിരുന്നു മരണം. ഇങ്ങനെ കെട്ടുകഥളും കഥകളും നിറഞ്ഞ 'ദി മുണ്ടക്കയം പീരുമേട് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഏരിയല്‍ റോപ് വേ’ ഇന്നു കുറേ കോൺക്രീറ്റ് കല്ലുകളിൽ ഉറങ്ങുന്നു. കെ. കെ. റോഡിറങ്ങി വരുമ്പോൾ വെറുതേ വലതു വശത്തേയ്ക്ക് ഒന്നു നോക്കി. താഴെ കാണാമറയത്ത് ഒഴുകുന്ന ചൂതപ്പാറയാറിലേക്ക് വെള്ളിവരപോലെ മലനിരകളിൽ നിന്ന് വെള്ളം ഒഴുകിയിറങ്ങുന്നു... ചൂതപ്പാറയാറിനു മുകളിലൂടെയായിരുന്നു കാലം മായിച്ച ആ റോപ് വേ മുണ്ടക്കയത്തേക്ക് പോയിരുന്നത്...

Tags:
  • Manorama Traveller