അമൽ ബാക്ക്പാക്ക് ഒരുക്കി ബൈക്കിൽ കയറിയാൽ ജാക്കും അതിൽ ഇടം പിടിച്ചിരിക്കും: ബംഗാൾ ക്യാറ്റിനൊപ്പം വേറിട്ട സഞ്ചാരം നടത്തുന്ന പെറ്റ് പേരന്റ് Travel with Bengal Cat
ഭൂതത്താൻകെട്ട് ഡാം പരിസരത്തേക്ക് ഘനഗംഭീര ശബ്ദമുണ്ടാക്കി കടന്നു വന്ന മോട്ടർബൈക്ക് ആദ്യം ആരും ശ്രദ്ധിച്ചില്ല. എന്നാൽ അതിലെ സഞ്ചാരികളെ കണ്ടതോടെ അവിടെ നിന്നവർ ഒരിക്കൽക്കൂടി നോക്കി... ഇത് പൂച്ചയോ പുലിയോ? റൈഡിങ് ഡ്രസ്സിൽ പെറ്റിന്റെ ബെൽറ്റിൽ പിടിച്ച് താഴേക്ക് വിട്ട് ഇരുവരും നടക്കവേ, ചുറ്റും നിന്നവരുടെ
ഭൂതത്താൻകെട്ട് ഡാം പരിസരത്തേക്ക് ഘനഗംഭീര ശബ്ദമുണ്ടാക്കി കടന്നു വന്ന മോട്ടർബൈക്ക് ആദ്യം ആരും ശ്രദ്ധിച്ചില്ല. എന്നാൽ അതിലെ സഞ്ചാരികളെ കണ്ടതോടെ അവിടെ നിന്നവർ ഒരിക്കൽക്കൂടി നോക്കി... ഇത് പൂച്ചയോ പുലിയോ? റൈഡിങ് ഡ്രസ്സിൽ പെറ്റിന്റെ ബെൽറ്റിൽ പിടിച്ച് താഴേക്ക് വിട്ട് ഇരുവരും നടക്കവേ, ചുറ്റും നിന്നവരുടെ
ഭൂതത്താൻകെട്ട് ഡാം പരിസരത്തേക്ക് ഘനഗംഭീര ശബ്ദമുണ്ടാക്കി കടന്നു വന്ന മോട്ടർബൈക്ക് ആദ്യം ആരും ശ്രദ്ധിച്ചില്ല. എന്നാൽ അതിലെ സഞ്ചാരികളെ കണ്ടതോടെ അവിടെ നിന്നവർ ഒരിക്കൽക്കൂടി നോക്കി... ഇത് പൂച്ചയോ പുലിയോ? റൈഡിങ് ഡ്രസ്സിൽ പെറ്റിന്റെ ബെൽറ്റിൽ പിടിച്ച് താഴേക്ക് വിട്ട് ഇരുവരും നടക്കവേ, ചുറ്റും നിന്നവരുടെ
ഭൂതത്താൻകെട്ട് ഡാം പരിസരത്തേക്ക് ഘനഗംഭീര ശബ്ദമുണ്ടാക്കി കടന്നു വന്ന മോട്ടർബൈക്ക് ആദ്യം ആരും ശ്രദ്ധിച്ചില്ല. എന്നാൽ അതിലെ സഞ്ചാരികളെ കണ്ടതോടെ അവിടെ നിന്നവർ ഒരിക്കൽക്കൂടി നോക്കി... ഇത് പൂച്ചയോ പുലിയോ? റൈഡിങ് ഡ്രസ്സിൽ പെറ്റിന്റെ ബെൽറ്റിൽ പിടിച്ച് താഴേക്ക് വിട്ട് ഇരുവരും നടക്കവേ, ചുറ്റും നിന്നവരുടെ കണ്ണുകളും അവരെ പിന്തുടർന്നു. ചിലർ കൂടെ നടന്നെത്തി...
തൃശൂർ സ്വദേശി അമലിന് ഇത് ആദ്യ അനുഭവമല്ല. തന്റെ പ്രിയപ്പെട്ട പൂച്ച ജാക്കിനൊപ്പം സഞ്ചരിച്ച ഇടങ്ങളിലെല്ലാം അവർ കൗതുകക്കാഴ്ചയായിരുന്നു പലർക്കും. അത് കൊച്ചിയിൽ മറൈൻ ഡ്രൈവ് ആകട്ടെ, അല്ലെങ്കിൽ ബെംഗളൂരു, ഇടുക്കി, അട്ടപ്പാടി, പെട്ടിമുടി എവിടെയുമാകട്ടെ, എല്ലായിടത്തും ആളുകളുടെ കണ്ണ് ജാക്കിലേക്ക് എത്തുക പതിവാണ്.
ചുറ്റുമുള്ളവരുടെ അമ്പരപ്പും ജിജ്ഞാസയും വാത്സല്യവും കലർന്ന നോട്ടം വരുമെന്ന് അറിയുമെങ്കിലും അമൽ നടക്കുന്ന വഴികളിലൂടെ ജാക്കിനെ കൂട്ടാതിരിക്കില്ല. ഇരുവരും ചേർന്ന് റൈഡ് ചെയ്ത ദൂരങ്ങളിലൂടെ, ട്രെക്ക് ചെയ്ത കാടുകളിലൂടെ, ഹൈക്ക് ചെയ്ത മലമ്പാതകളിലൂടെ ഓർമകളുടെ തിരിച്ചു പോക്കായിരുന്നു ആ ചോദ്യത്തിന് ഉത്തരം.
കാടും നാടും ചേർന്ന ജാക്ക്
ഓമനിക്കാൻ ഒരു മൃഗത്തെ വേണമെന്ന് തീരുമാനിച്ചപ്പോൾ അത് വേറിട്ട ഒന്നായിരിക്കണമെന്ന് തോന്നി. തികച്ചും വന്യമായ ഒന്നിനെ സംഘടിപ്പിച്ച് പരിശീലിപ്പിക്കണമെന്നൊക്കെ വിചാരിച്ചെങ്കിലും അതിന് നിയമപരമായ വിലക്കുകളും ലൈസൻസും മറ്റു നൂലാമാലകളുമേറെ. ജൻമനാ വന്യസ്വഭാവമുള്ള എന്നാൽ വളർത്തുമൃഗം ആയ ഒന്നിനെ തേടുമ്പോഴാണ് ബംഗാൾ ക്യാറ്റ് എന്ന ഇനം പൂച്ച ശ്രദ്ധയിൽ പെട്ടത്. പാതി വൈൽഡും പാതി ഡൊമസ്റ്റിക്കുമായിട്ടുള്ള ക്രോസ് ബ്രീഡ് ക്യാറ്റ്. മികച്ച പ്രതിരോധ ശക്തിയും ആരോഗ്യവുമുള്ള ഈ പൂച്ച ഇനത്തിന്റെ രോമങ്ങൾ നീളം കുറഞ്ഞവയും മൃദുലവുമാണ്. അത് പെട്ടെന്ന് പൊഴിയുന്നതുമല്ല. പരിശീലിപ്പിച്ചാൽ നന്നായി ഇണങ്ങുന്നതുമാണ്. ആഗ്രഹിച്ചതെല്ലാം ഒത്തിണങ്ങിയ പെറ്റ് ആയി ബംഗാൾ ക്യാറ്റിനെ തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
പേരുകേൾക്കുമ്പോൾ ബംഗാളുമായി ബന്ധമുണ്ടെന്ന് തോന്നും. എന്നാൽ യാഥാർഥ്യം അങ്ങനെയല്ല. കേരളത്തിലെ കാടുകളിൽ പോലും കണ്ടുവരുന്ന ഏഷ്യൻ ലെപേഡ് ക്യാറ്റ് എന്ന ഇനം കാട്ടുപൂച്ചകളുടെയും ഈജിപ്ഷ്യൻ മൗഎന്ന ഇനം വളർത്തുപൂച്ചയുടെയും സങ്കരമായി അമേരിക്കയിൽ വികസിപ്പിച്ച പൂച്ച ഇനമാണ് ഇവ. പുലികളുടെ ശരീരത്തിൽ കാണപ്പെടുന്ന പുള്ളികളോട് സാദൃശ്യമുള്ളവയാണ് ഈ പൂച്ചകളുടെ ശരീരത്തെ പാടുകളും എന്നതാണ് ഇവയുടെ ഏറ്റവും വലിയ സവിശേഷത.
ട്രിപ്പ് പോകാനോ? ജാക്ക് എപ്പോഴും റെഡി
ചെറുപ്പത്തിൽ ലഭിക്കുന്ന പരിശീലനവും ഇടപെടലും പോലെയാണ് ബംഗാൾ ക്യാറ്റ്സ് വലുതാകുമ്പോഴും പെരുമാറുന്നത്. കുട്ടിക്കാലത്ത് തന്നെ ആളുകളെ കണ്ടും ഇടപഴകിയും വളർന്നാൽ ഇവ ആൾക്കൂട്ടത്തിലും കൂൾ ആയിരിക്കും. ആദ്യം വാങ്ങിയത് ക്ലിയോപാട്ര എന്നു പേരിട്ട ചക്കിപ്പൂച്ചയെ ആയിരുന്നു. രണ്ടാമത് വാങ്ങിയ കണ്ടൻ പൂച്ചയാണ് ജാക്ക്. കഴിഞ്ഞ രണ്ടര വർഷമായി പൂച്ചകളുമായി സഞ്ചരിക്കുന്നു. ആദ്യമൊന്നും പൂച്ചകൾ ബൈക്ക് റൈഡ് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നീട് വീടിനു സമീപം അൽപദൂരം സഞ്ചരിച്ച് റൈഡിങ് പരിചിതമാക്കി. ഇപ്പോൾ ട്രിപ്പുകൾ ഒഴിവാക്കിയാൽ പൂച്ചകൾക്ക് ബുദ്ധിമുട്ടാണ് എന്ന അവസ്ഥയായി.
ജാക്കിന് യാത്ര ചെയ്യുന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണ്. എന്നെക്കാൾ ഏറെ ഇഷ്ടമാണ് അവനെന്ന് തോന്നിയിട്ടുണ്ട്. എവിടെങ്കിലും പോകാൻ തയാറായി നിന്നാൽ നമ്മൾ ഡോറിന് അടുത്തെത്തും മുൻപ് തന്നെ അവിടെ കാത്ത് നിൽക്കുന്നുണ്ടാകും ജാക്ക്. വാതിൽ തുറന്നാൽ ഉടനെ ബൈക്കിൽ കയറി ഇരിപ്പായി. പുറത്ത് പോകാൻ ഏതാനും ദിവസം താമസിച്ചാൽ ഉടനെ കരച്ചിലും ബഹളവുമായി അവന്റെ ശല്യപ്പെടുത്തൽ ഉറപ്പ്.
നഗരത്തിരക്കുകളെക്കാൾ ജാക്ക് കൂടുതൽ ആസ്വദിക്കുന്നതായി തോന്നിയിട്ടുള്ളത് പ്രകൃതി സൗന്ദര്യം നിറഞ്ഞ ഇടങ്ങളാണ്. പൊതുവെ ട്രെക്കിങ് ഇഷ്ടപ്പെടുന്ന ഞങ്ങളുടെ ഡെസ്റ്റിനേഷൻസ് ഏറെയും അത്തരത്തിലുള്ളതുമായിരുന്നു. ’’
ജാക്ക്്, ദി ഗാർഡ്
‘‘ജാക്കിന് എപ്പോഴും നമ്മുടെ കൂടെ നിൽക്കണം. ഒപ്പമുണ്ടാകുമ്പോൾ അവൻ വളരെ ശാന്തനാണ്, സമാധാനപ്രകൃതമാണ്.’’ അമലിനും ജാക്കിനുമൊപ്പം പല സ്ഥലത്തും സഞ്ചരിച്ചിട്ടുള്ള അഞ്ജലി അച്ചിങ്ങാടൻ പറയുന്നു. ‘‘കൂടെ സഞ്ചരിക്കുമ്പോഴാകട്ടെ ഒരു സംരക്ഷകന്റെ ഭാവമാണ് അവന്. ഗാർഡിനെപ്പോലെയാകും നിൽക്കുക. ആരൊക്കെ അതുവഴി വരുന്നു, പോകുന്നു, ഏതൊക്കെ വണ്ടികളാണ് പോകുന്നത് എല്ലാം അവന്റെ ശ്രദ്ധയിൽ പതിയുന്നുണ്ട്. ഒരു ഡെസ്റ്റിനേഷനിലെത്തിയാൽ നമ്മളെ വിട്ട് ഒറ്റയ്ക്ക് എങ്ങോട്ടും അത് പോകില്ല. വേറെ പൂച്ചയോ പട്ടിയോ വന്ന് ഭയപ്പെടുത്താനോ ആക്രമിക്കാനോ ശ്രമിച്ചാൽ അവന്റെയുള്ളിലെ തനി കാടൻ പൂച്ച ഉണരും. എങ്കിലും ഒറ്റ വിളിയിൽ അവൻ ശാന്തനായി നമ്മോട് ചേർന്ന് നിൽക്കുന്നതാണ് കണ്ടിട്ടുള്ളത്. ട്രെക്കിങ്ങ് വഴികളിൽ അവൻ മുൻപേ നടന്നാലും കാഴ്ചയിൽ നിന്ന് മറയും വിധം എങ്ങോട്ടും ജാക്ക് പോയിട്ടില്ല. നമ്മൾപത്തടി പിറകിലായാലും അവൻ കാത്തിരിക്കും നമ്മൾ ഒപ്പമെത്താൻ.
ആസ്വാദനം മുഖ്യം
ദിവസവും രാവിലെയും വൈകിട്ടും റൈഡ് ജാക്കിന് നിർബന്ധമാണ്. ഒരു നേരമെങ്കിലും മുടങ്ങാതെ എവിടെങ്കിലും പോകും. മറൈൻഡ്രൈവും ഫോർട്ട് കൊച്ചിയുമൊക്കെ അവന്റെ നിത്യസഞ്ചാരത്തിൽ പെടും. ട്രിപ്പുകളിൽ മൂന്നാർ പലവട്ടം പോയിട്ടുണ്ട്. ഭൂതത്താൻകെട്ട് ഡാം, തൃശൂർ പുള്ള് പാടം, അട്ടപ്പാടി, പെട്ടിമുടി.. ലിസ്റ്റ് നീണ്ടതാണ്.
ചെല്ലുന്നിടത്തൊക്കെ ഉഗ്രൻ വരവേൽപ്പാണ് ജാക്കിന് കിട്ടാറുള്ളത്. പലരും വണ്ടി നിർത്തുന്നിടത്തൊക്കെ ആളുകൾ കൂടും. എത്ര പേര് വന്നാലും എന്തൊക്കെ ബഹളമുണ്ടായാലും ജാക്കിന് കുലുക്കമൊന്നും കാണാറില്ല. ചിലർ വന്ന് തൊടാനും താലോലിക്കാനും ചോദിക്കാറുണ്ട്, അവന് അതിലൊന്നും എതിർപ്പില്ല. ചിലപ്പോഴത്തെ ഭാവം കണ്ടാൽ എന്താ ആരും ഫോട്ടോ ഒന്നും എടുക്കുന്നില്ലേ എന്നു ചോദിക്കും പോലെ തോന്നാറുണ്ട്.
അട്ടപ്പാടി ട്രിപ്പിൽ സമൂഹമാധ്യമങ്ങളിലെ ജാക്കിന്റെ വിഡിയോകൾ കണ്ട് പരിചയമുള്ള ഒരാൾ വന്ന് പരിചയപ്പെട്ട അനുഭവമുണ്ടായി. അതുപോലെ ഭൂതത്താൻ കെട്ട് ഡാമിന് പരിസരത്ത് നിന്ന് പ്രായമായ അമ്മ വന്ന് ജാക്കിനെ തഴുകിയതും ലാളിച്ചതും വേറിട്ട അനുഭവമായിരുന്നു. തൃശൂർ പുള്ളിലെ കുട്ടവഞ്ചി സഞ്ചാരത്തിൽ ഓരോ നിമിഷവും അമ്പരപ്പോടെ ആയിരുന്നു ജാക്ക് ഇരുന്നതെന്നു തോന്നുന്നു. എല്ലാ ഡെസ്റ്റിനേഷനിലും നമുക്കുള്ള ആക്ടിവിറ്റികൾക്കും ആസ്വാദനത്തിനും അവൻ തയാറാണ്.
പെർഫക്ട് ട്രാവൽ പാർട്ണർ
ഞങ്ങളുടെ ട്രിപ്പുകൾ പലതും മുൻകൂട്ടി ആലോചിച്ചുറപ്പിച്ച് ആയിരുന്നില്ല. ചിലപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയിട്ടാണ് എങ്ങോട്ട് പോകണം എന്നു നിശ്ചയിക്കുന്നത് തന്നെ. അത്ര സ്വതന്ത്രമായിട്ടാണ് സഞ്ചാരങ്ങളൊക്കെ. മുൻകൂട്ടി ഉറപ്പിച്ച സഞ്ചാരങ്ങളാണെങ്കിൽ ബാഗ് പായ്ക്ക് ചെയ്യുന്നതൊക്കെ കാണുമ്പോൾ തന്നെ ജാക്കും തയാറാകും. പുറപ്പെടും മുൻപ് തന്നെ അവന്റെ ടോയ്‌ലെറ്റ് ശീലങ്ങളെല്ലാം കഴിഞ്ഞ് നിൽക്കും.
സഞ്ചാര വഴികളിൽ ജാക്കിന് മിക്കവാറും ബീഫോ ചിക്കനോ ഒക്കെ ചെറിയ അളവിൽ മേടിച്ചു കൊടുക്കാറുണ്ട്. പച്ചയായിട്ട് തന്നെ തിന്നുന്നതാണ് അവന്റെ വന്യസ്വഭാവത്തിന് ചേരുന്നതും. പാക്കറ്റ് ഫൂഡ് ബാഗിൽ എടുക്കും. ഡ്രൈഫൂഡ് ഒഴിവാക്കാറാണ് പതിവ്. ഗ്രേവി, സിപ്അപ് എന്നൊക്കെ വിശേഷിപ്പിക്കുന്ന വെറ്റ് ഫൂഡ് ആണ് നല്ലത്. റൈഡിങ്ങിനിടയിൽ വെള്ളം സിറിഞ്ചിൽ എടുത്ത് വായിലേക്ക് ഒഴിച്ചുകൊടുക്കും. ഡെസ്റ്റിനേഷൻ എത്തിയാൽ പാത്രത്തിൽ പകർന്നു വയ്ക്കും. യാത്രയ്ക്കിടെ ഞങ്ങൾ ഭക്ഷണത്തിന് റസ്റ്ററന്റിലോ കഫെയിലോ കയറുമ്പോൾ അവൻ കൂടെ വരും. എന്നിട്ട് നിലത്തോ തൊട്ടടുത്തോ ഒക്കെ നീണ്ടു നിവർന്നു കിടക്കും. ബൈക്കിൽ പോകുമ്പോൾ പലപ്പോഴും അവന് ഇരിക്കാനോ കിടക്കാനോ കഴിയില്ലല്ലോ. ഹാൻഡിലിനു പിന്നിലായി ടാങ്കിൽ മുൻകാലുകളുറപ്പിച്ച് നിന്നാണ് അവൻ ബാലൻസ് ചെയ്യാറുള്ളത്. നമ്മുടെ ഫൂഡ് ബ്രേക്ക് അവന് എനർജി വീണ്ടെടുക്കാനുള്ള സമയമാണ്. അതിനിടയ്ക്ക് എത്ര ബഹളമുണ്ടായാലും അവൻ അതൊന്നും ശ്രദ്ധിക്കാറില്ല.
ട്രെക്കിങ്ങിനിടയിൽ നമ്മൾ ഇരിക്കുമ്പോൾ അവനും ഇരിക്കും, കിടക്കുമ്പോൾ കിടക്കും അങ്ങനെ പെർഫക്ട് ട്രാവൽ പാർട്ണറാണ് ജാക്ക്. സാധാരണ ദിവസം രണ്ടു തവണയേ ഭക്ഷണം പതിവുള്ളു. ട്രിപ്പിനിടയിൽ ക്ഷീണമോ വിശപ്പോ ദാഹമോ തോന്നിയാൽ അവൻ തന്റെ ഭാഷയിൽ അത് പ്രകടിപ്പിക്കുകയും ചെയ്യും. ട്രെയിനിലും കയറി ബംഗളൂരുവിലേക്ക് ട്രെയിനിൽ പോയതാണ് വേറിട്ട ഒരു സഞ്ചാരം. ട്രെയിൻ യാത്രയ്ക്ക് ചില നടപടിക്രമങ്ങളുണ്ട്, അതൊക്കെ പാലിച്ച് അനുമതി വാങ്ങണം എന്നുമാത്രം. ട്രെയിനിൽ അവൻ പതിവുപോലെ ശാന്തനായി കാഴ്ചകളൊക്കെ ആസ്വദിച്ച് ഇരുന്നു. എവിടെ പോകുന്നു എന്നത് ജാക്കിന് ഒരു പ്രശ്നമല്ലെന്നാണ് തോന്നിയിട്ടുള്ളത്. വാഗമൺ, ഇടുക്കി, മാങ്കുളം, മാമലക്കണ്ടം, വടാട്ട് പാറ, അതിരപ്പിള്ളി... ജാക്കിന്റെ പ്രകൃതിക്കാഴ്ചകളുടെ പട്ടിക നീണ്ടതാണ്. കടമക്കുടിയും കുമ്പളങ്ങിയുമൊക്കെ അവന് സുപരിചിതമെന്ന് പറയാം.
സഞ്ചാരങ്ങളിലൊന്നും ജാക്കിനെ കൂട്ടിൽ ഇട്ട് കൊണ്ടുപോകുന്ന പതിവില്ല. അതിനെ ഹാർനെസ്സും ലീഷും ധരിപ്പിക്കും. ആൾക്കാരുടെ ഇടയിലാണെങ്കിൽ മിക്കവാറും ലീഷിന്റെ ഒരറ്റം ഞങ്ങളുടെ കയ്യിൽ തന്നെ ഉണ്ടാകും. പരിസരം നോക്കിമാത്രമാണ് അവനെ സ്വതന്ത്രമായി വിടുന്നത്, എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം ബംഗാൾ ക്യാറ്റിനെ വളർത്താൻ ചെലവു കൂടുതൽ അല്ലേ എന്നാണ്. എന്നാൽ ഇവയ്ക്ക് റേറ്റ് കൂടുതൽ ആണെങ്കിലും ഹെയറി ഇനങ്ങളായ പൂച്ചകളെ അപേക്ഷിച്ച് പരിപാലന ചെലവ് കുറവാണ്. ആരോഗ്യവും രോഗപ്രതിരോധവും ഏറെ മികച്ചതായതിനാൽ അത്തരത്തിലുള്ള പ്രശ്നങ്ങളും ബംഗാൾ ക്യാറ്റ്സിന് തീരെ ഇല്ല.’’
തൃശൂർ സ്വദേശിയും ഫിറ്റ്നസ് ട്രെയിനറുമായ അമൽ തന്റെ മാനസികോല്ലാസത്തിനായിട്ടാണ് പൂച്ചകളെ വളർത്തി തുടങ്ങിയത്. ട്രിപ്പുകളിൽ പങ്കാളിയാക്കിയതോടെ തന്നെക്കാൾ മികച്ച സഞ്ചാരിയായി മാറി അവക്ക് എന്ന് പറയുന്നു അമൽ. ഇപ്പോൾ ഓമനമൃഗങ്ങളുമായി സഞ്ചരിക്കുന്നവരുടെ കൂട്ടായ്മ ഉണ്ടാക്കാനുള്ള പരിശ്രമം കൂടി നടക്കുന്നുണ്ട് ഇവരുടെ നേതൃത്വത്തിൽ.
അമൽ ക്ലിയോപാട്രയെയും റൈഡിങ്ങിനൊക്കെ കൂട്ടിയിട്ടുണ്ട്. എന്നാൽ അവൾ അത്ര സോഷ്യൽ അല്ല. ആൾക്കൂട്ടം കണ്ടാൽ, ബഹളം കേട്ടാൽ ഒന്നും ശാന്തമായി നിൽക്കാൻ അതിന് സാധിക്കാറില്ല... അതുകൊണ്ട് ചെറിയ ദൂരങ്ങളിലേക്ക് മാത്രമേ അതിനെ കൊണ്ടുപോകാറുള്ളുവത്രേ. അമലും അഞ്ജലിയും സംസാരിച്ച് എഴുന്നേൽക്കുമ്പോൾ ഒപ്പം എഴുന്നേറ്റ ജാക്ക് സാവധാനം ബൈക്കിനു സമീപത്തേക്ക് നടന്നു. ചാടിക്കയറി പെട്രോൾ ടാങ്കിനു മുകളിൽ നിലയുറപ്പിച്ചു. എന്നാൽ പുറപ്പെടുകയല്ലേ എന്ന അർഥത്തിൽ അവൻ മീശ വിറപ്പിച്ച് ചെറുതായിട്ടൊന്ന് മുരണ്ടു..