മനസ്സിൽ ആഴ്ന്നു പതിഞ്ഞ കുറേ നാടുകളുടെ ഭംഗി ഹൃദയത്തെ സ്പർശിച്ചിട്ടുണ്ട്. അതിലൊന്നാണ് ആലപ്പുഴ. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുമായി ഹൃദയബന്ധമുണ്ടാകാനുള്ള കാരണം പലതാണ്. ഹൈറേഞ്ചിന്റെ ഹൃദയഭൂമിയായ ഇടുക്കിയിൽ ജനിച്ച ഒരാൾക്ക് കായലും കടലും വയലേലകളുമുള്ള ആലപ്പുഴ കൗതുകഭൂമിയാണ്. ഇടുക്കിയിലെ

മനസ്സിൽ ആഴ്ന്നു പതിഞ്ഞ കുറേ നാടുകളുടെ ഭംഗി ഹൃദയത്തെ സ്പർശിച്ചിട്ടുണ്ട്. അതിലൊന്നാണ് ആലപ്പുഴ. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുമായി ഹൃദയബന്ധമുണ്ടാകാനുള്ള കാരണം പലതാണ്. ഹൈറേഞ്ചിന്റെ ഹൃദയഭൂമിയായ ഇടുക്കിയിൽ ജനിച്ച ഒരാൾക്ക് കായലും കടലും വയലേലകളുമുള്ള ആലപ്പുഴ കൗതുകഭൂമിയാണ്. ഇടുക്കിയിലെ

മനസ്സിൽ ആഴ്ന്നു പതിഞ്ഞ കുറേ നാടുകളുടെ ഭംഗി ഹൃദയത്തെ സ്പർശിച്ചിട്ടുണ്ട്. അതിലൊന്നാണ് ആലപ്പുഴ. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുമായി ഹൃദയബന്ധമുണ്ടാകാനുള്ള കാരണം പലതാണ്. ഹൈറേഞ്ചിന്റെ ഹൃദയഭൂമിയായ ഇടുക്കിയിൽ ജനിച്ച ഒരാൾക്ക് കായലും കടലും വയലേലകളുമുള്ള ആലപ്പുഴ കൗതുകഭൂമിയാണ്. ഇടുക്കിയിലെ

മനസ്സിൽ ആഴ്ന്നു പതിഞ്ഞ കുറേ നാടുകളുടെ ഭംഗി ഹൃദയത്തെ സ്പർശിച്ചിട്ടുണ്ട്. അതിലൊന്നാണ് ആലപ്പുഴ. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുമായി ഹൃദയബന്ധമുണ്ടാകാനുള്ള കാരണം പലതാണ്. ഹൈറേഞ്ചിന്റെ ഹൃദയഭൂമിയായ ഇടുക്കിയിൽ ജനിച്ച ഒരാൾക്ക് കായലും കടലും വയലേലകളുമുള്ള ആലപ്പുഴ കൗതുകഭൂമിയാണ്. ഇടുക്കിയിലെ ഗ്രാമത്തിൽ നിന്ന് ആലപ്പുഴയിലെത്തുന്ന കുട്ടിയുടെ കണ്ണുകളെ നിറമണിയിക്കാനുള്ളതെല്ലാം ആലപ്പുഴയിലുണ്ട്. അതിനെക്കുറിച്ച് എഴുതുമ്പോൾ ജീവിത പശ്ചാത്തലത്തിന്റെ പ്രാധാന്യവും പറയേണ്ടി വരും. ഇടുക്കിയിലെ സ്കൂൾ കാലഘട്ടങ്ങളിൽ നാട്ടിൽ വാഹനസൗകര്യം പരിമിതമായിരുന്നു. ചുമലിൽ ബാഗു തൂക്കി നടന്നാണു സ്കൂളിലേക്കു പോയിരുന്നത്. നാട്ടിലെ മറ്റ് ഇടങ്ങളിലേക്കുള്ള സഞ്ചാരവും കാൽനട യാത്ര തന്നെ.

നടത്തം ആയാസകരമായിരുന്നെങ്കിലും പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനുള്ള വലിയ അവസരം ആ നടത്തത്തിലൂടെ ലഭിച്ചുവെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ബാല്യകാലത്ത് നമ്മുടെ സംസ്ഥാനത്തിലെ മനോഹരമായ മറ്റു സ്ഥലങ്ങളെക്കുറിച്ച് ബന്ധുക്കളിലൂടെയും സുഹൃത്തുക്കളിലൂടെയുമാണ് കേട്ടറിഞ്ഞത്. ബിരുദാനന്തര പഠനത്തിനായി കോട്ടയത്തേക്കും പിന്നീട് എറണാകുളത്തേക്കും താമസം മാറിയതോടെ നിലാവ്, മഴ എന്നിങ്ങനെ പ്രകൃതിയുടെ പ്രതിഭാസങ്ങൾക്ക് ഓരോ സ്ഥലങ്ങളിലും വെവ്വേറെ രൂപഭാവങ്ങളാണെന്നു തിരിച്ചറിഞ്ഞു. മൊബൈൽ ഫോൺ, കംപ്യൂട്ടർ, ഗൂഗിൾ സെർച്ച് എന്നിവ പ്രചാരത്തിൽ വരുന്നതിനു മുൻപ് കൗമാരപ്രായം താണ്ടിയവർക്ക് ഈ പറഞ്ഞതിന്റെ അർഥം മനസ്സിലാകും.

ADVERTISEMENT

ഒട്ടുമിക്കയാളുകളും അവധിക്കാല യാത്ര പതിവാക്കിയതാണ് പുതിയ കാലത്തെ വലിയ സന്തോഷങ്ങളിലൊന്ന്. ജോലിയുടെ ഇടവേളയിൽ നടത്തുന്ന യാത്രകൾ ഉന്മേഷം പകരുന്ന അനുഭവമാണ്. ഒരു പകൽ യാത്രയ്ക്ക് അനുയോജ്യമായ ഒട്ടേറെ സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ആലപ്പുഴ ഇക്കൂട്ടത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു.

ജോലിത്തിരക്കിനിടയിൽ മറ്റു തിരക്കുകളില്ലാതെ വന്നു ചേർന്ന ഞായർ. വലിയ പ്ലാനിങ് ഇല്ലാതെ എറണാകുളത്തു നിന്ന് ആലപ്പുഴയിലേക്ക് തിരിച്ചു. പകൽ യാത്രയിലെ കാഴ്ചകൾ പകർത്താൻ ക്യാമറ കയ്യിലെടുത്തിരുന്നു. ആലപ്പുഴയിൽ നിന്നു ചങ്ങനാശ്ശേരിക്ക് പോകുന്ന വഴിയിൽ കൈനകരി ജംക്‌ഷനു സമീപമുള്ള പാടശേഖരമാണ് സൂര്യോദയം കാണാൻ തിരഞ്ഞെടുത്തത്. രാവിലെ ആറിന് അവിടെ എത്തിച്ചേർന്നു. നെൽപ്പാടത്തിനപ്പുറം തെളിയുന്ന പ്രഭാത സൂര്യനെ കാണാൻ ചിലർ അപ്പോഴേക്കും അവിടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ജനുവരി ഒടുവിലത്തെ ആഴ്ചയിൽ ഒട്ടുമിക്ക പ്രഭാതങ്ങളും മഞ്ഞോടു കൂടിയതായിരുന്നു. പതിവിൽ നിന്ന് അൽപ്പം വൈകിയാണു സൂര്യോദയം. ചെറു വെളിച്ചത്തിൽ മഞ്ഞിന്റെ നേർത്ത കണങ്ങൾ കൈനകരിയെ പുതച്ചു നിന്നു. അതിനു മുകളിലേക്ക് സ്വർണത്തരികൾ വിതറിയ പോലെ സൂര്യന്റെ ആദ്യ കിരണങ്ങൾ ചിന്നിച്ചിതറി.

ADVERTISEMENT

കൈനകരിയോടു യാത്ര പറഞ്ഞ് അമ്പലപ്പുഴയിലേക്കു നീങ്ങി. ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഗതാഗത കുരുക്കുണ്ട്. അതിവേഗം എത്താനായില്ല. തടസ്സങ്ങൾ നേരിടേണ്ടി വന്നെങ്കിലും രാവിലെ എട്ടിന് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം എത്തി. പാൽപ്പായസത്തിന്റെ പെരുമയാൽ ഭക്തഹൃദയങ്ങളിൽ മധുരം നിറയ്ക്കുന്ന നാമമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണൻ. അവധി ദിവസമായതിനാൽ ദർശനത്തിന് ഏറെ പേർ എത്തിയിരുന്നു. പാൽപ്പായസം വാങ്ങാനുള്ള കൗണ്ടറിനു മുന്നിലാകട്ടെ നീണ്ട നിര. അമ്പലപ്പുഴയിലെ കണ്ണനെ കാണാൻ വരുന്നവർ‌ക്ക് ഇതൊന്നും പുതുമയല്ല. നാലമ്പലത്തിനു ചുറ്റും നടന്ന് കാഴ്ചകളിൽ മനസ്സു നിറഞ്ഞ് ക്ഷേത്രമുറ്റത്തു സൂക്ഷിച്ചിട്ടുള്ള മിഴാവിനരികിൽ ഇത്തിരി നേരം നിന്നു. കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ മിഴാവാണ് ഇത്. ക്ഷേത്രത്തിൽ നിന്ന് ഏറെ അകലെയല്ലാതെ കുഞ്ചൻ നമ്പ്യാർ സ്‌മൃതി മണ്ഡപം കാണാം.

അമ്പലപ്പുഴ- തിരുവല്ല റൂട്ടിൽ നാലു കിലോമീറ്റർ സഞ്ചരിച്ച് കരുമാടി ഗ്രാമത്തിലെത്തി. പകുതി തകർക്കപ്പെട്ട ശിൽപമാണ് അവിടെയുള്ളത്. കറുത്ത നിറമുള്ള ശിൽപം കരുമാടി എന്നാണ് അറിയപ്പെടുന്നത്. ഇതിനു സമീപത്ത് ഒരു ക്ഷേത്രമുണ്ട്; കരുമാടി കാമപുരം ഭദ്രകാളി ക്ഷേത്രം. അമ്പലക്കുളവും തണൽ വിരിച്ചു നിൽക്കുന്ന ആൽമരവും പുരാതനമായ കളിത്തട്ടും അവിടെ കാണാം. ഗ്രാമചിത്രത്തിന്റെ പൂർണത അവിടെ കണ്ടു. ആൽമരത്തിൽ ഊഞ്ഞാൽ കെട്ടിയാടുന്ന കുട്ടികൾ ആ ദൃശ്യം സമ്പൂർണമാക്കി. അവിടെ നിന്നു നടന്നു പോകാവുന്ന ദൂരമേയുള്ളൂ ശങ്കര നാരായണസ്വാമി ക്ഷേത്രത്തിലേക്ക്. ആ ക്ഷേത്രത്തിൽ ഉത്സവം നടക്കുകയായിരുന്നു. ഉത്സവം പ്രമാണിച്ചുള്ള അന്നദാനത്തിൽ പങ്കെടുത്ത് ഉച്ചഭക്ഷണം കുശാലാക്കി. അൽപ്പ നേരം വിശ്രമിച്ച് മുന്നോട്ടു നീങ്ങി, കായലിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള യാത്ര.

ADVERTISEMENT

കനാലുകളുടെ നാടായ ആലപ്പുഴ പട്ടണത്തിലൂടെ സഞ്ചരിച്ച് പുന്നമട ഫിനിഷിങ് പോയിന്റിലെത്തി. അവിടെ നിന്നാണ് ഹൗസ് ബോട്ടുകൾ പുറപ്പെടുന്നത്. അതിനു സമീപം സന്ദർശകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടമുണ്ട്. ശിക്കാര വള്ളത്തിൽ യാത്ര ചെയ്യാനാണു തീരുമാനം. കായൽ കടന്ന് ഇടത്തോടുകളിലൂടെ സവാരി നടത്താനുള്ള മനോഹരമായ വള്ളമാണു ശിക്കാര. ഹൗസ്ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും കയറാൻ വലിയ തിരക്ക്. അക്കൂട്ടത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയവരുണ്ട്. ഞായറാഴ്ച ആയതിനാലും തിരക്കു കൂടിയതിനാലും ബോട്ട് യാത്രയ്ക്ക് സാധാരണ ദിവസങ്ങളേക്കാൾ ചാർജ് നൽകേണ്ടി വന്നു. കായലിനു നടുവിൽ ഹൗസ് ബോട്ടുകളുടെ നീണ്ട നിര കാണാമായിരുന്നു. ഒന്നു മുതൽ 14 വരെ ബെഡ്‌റൂമുകളും കോൺഫറൻസ് ഹാളും ഒക്കെയുള്ള ഹൗസ് ബോട്ടുകളുണ്ട്. പാട്ടും നൃത്തവുമായി സഞ്ചാരികൾ ഹൗസ് ബോട്ടിനുള്ളിൽ അവധി ആഘോഷിക്കുകയാണ്. ഈ കാഴ്ചകളിലൂടെ ശിക്കാര വള്ളം ഇടത്തോടുകളിലേക്ക് നീങ്ങി. തോടിനോട് ചേർന്നുള്ള വീടിന്റെ മുറ്റത്തുനിന്ന് ചൂണ്ടയിട്ട് മീൻ പിടിക്കുന്നവരിൽ ഏറെയും സ്ത്രീകൾ, തോടിനപ്പുറവും ഇപ്പുറവുമുള്ള വീടുകളിലേക്ക് ചെറുവള്ളങ്ങളിൽ യാത്ര ചെയ്യുന്നവർ, പാടശേഖരങ്ങൾ, പ്രളയകാലത്തിനു ശേഷം ഉയർത്തിപ്പണിത വീടുകൾ, വീട്ടു മുറ്റത്തിനോടു ചേർന്നുള്ള തോടിന്റെ പടവിൽ വസ്ത്രങ്ങൾ കഴുകുന്നവർ... ഇതു കുട്ടനാടൻ ഗ്രാമങ്ങൾക്കു മാത്രം സ്വന്തമെന്ന് അവകാശപ്പെടാവുന്ന കാഴ്ചയാണ്. ഇതെല്ലാം കൗതുകത്തോടെ നോക്കി ക്കാണുന്ന വിദേശ സഞ്ചാരികളെയും അവിടെ കണ്ടു.

പാടശേഖരത്തിനരികെയുള്ള തെങ്ങിൽ നിന്നുള്ള കരിക്കിന്റെ വെള്ളം കുടിച്ച് ദാഹം മാറ്റിയ ശേഷമാണ് സവാരി അവസാനിപ്പിച്ചത്. സൂര്യാസ്തമയത്തിനു നേരമായി. നേരേ ആലപ്പുഴ ബീച്ചിലേക്കു നീങ്ങി. കടൽത്തീരത്തു നിന്നു വിട്ടുമാറി

പാർക്കിങ് ഗ്രൗണ്ട് ഉണ്ട്. അസ്തമയം കാണാനെത്തിയവർ കടൽത്തീരത്ത് നേരത്തേ ഇരുപ്പു തുടങ്ങിയിട്ടുണ്ട്. കുടുംബസമേതവും സുഹൃത്തുക്കളുമായും എത്തിയവരും ചെറിയ കച്ചവടക്കാരുമായി ബീച്ച് ജനസമുദ്രമായി മാറിയിരിക്കുന്നു. ‘ബീച്ച് ഫെസ്റ്റ്’ നടക്കുന്നതിനാലാണ് അത്രയും തിരക്ക് – ലൈഫ് ഗാർഡ് പറഞ്ഞു. കാലപ്പഴക്കത്തിൽ ക്ഷയിച്ചുപോയ കടൽപ്പാലത്തിന്റെ തൂണുകൾക്കിടയിലൂടെ പാഞ്ഞെത്തുന്ന തിരമാലകൾക്കപ്പുറം മൂവന്തി സൂര്യൻ ചുവപ്പണിഞ്ഞു. ചാന്തു കൊണ്ടു വരച്ച വട്ടപ്പൊട്ടിന്റെ വലുപ്പത്തിൽ ചുവന്ന സൂര്യൻ പതുക്കെപ്പതുക്കെ ആഴക്കടലിൽ ലയിച്ചു ചേർന്നു. അങ്ങനെ, ഉദയം മുതൽ അസ്തമയം വരെ ആലപ്പുഴയെ കണ്ടുള്ള യാത്രയ്ക്ക് നിറസന്ധ്യയിൽ സമാപനം....

ADVERTISEMENT