ഓസ്ട്രിയയിലെ കൊച്ചുസ്വർഗ്ഗം “ഹാൾസ്റ്റാറ്റ്”, മധ്യയൂറോപ്പിലെ സോളോ യാത്രക്കൊരുങ്ങുമ്പോൾ മനസ്സിൽ ആദ്യമേ ഉറപ്പിച്ചു വെച്ചിരുന്നു ഈ സ്ഥലം. പ്രാഗിൽ നിന്നു ആദ്യം സൽസ്ബർഗിലേക്കും, അവിടന്ന് ബസ് മാറി കയറിയും, ട്രെയിൻ കയറിയും ഗ്രാമീണ ഭംഗി കണ്ടു കൊണ്ടായിരുന്നു സഞ്ചാരം. ജാലകത്തിലൂടെ കാണുന്ന കാഴ്ചകൾ തന്നെ ഒരു വിസ്മയമായിരുന്നു. പച്ചപ്പുൽമേടുകൾ, കുന്നുകൾ, തടാകങ്ങൾ എന്നിവയിലൂടെ കടന്നുപോകുമ്പോൾ, ഓസ്ട്രിയയുടെ പ്രകൃതിസൗന്ദര്യം അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കാൻ കഴിഞ്ഞു.

ചുവപ്പും വെള്ളയും കലർന്ന ഓസ്ട്രിയൻ ട്രെയിനിന്റെ ജാലക വാതിലിനരികെ ഇരുന്നു ഓസ്ട്രിയൻ ആൽപ്സ് ന്റെ ചില ഭാഗങ്ങളും തടാകക്കരയും കണ്ടുതുടങ്ങിയപ്പോഴുള്ള എന്റെ ആവേശം കണ്ട് അതുവരെ ഒന്നും മിണ്ടാതിരുന്ന ഓസ്ട്രിയക്കാരനായ അപ്പൂപ്പൻ കുശലം ചോദിക്കാൻ തുടങ്ങി. എന്റെ മറുപടിയാണെങ്കിൽ അദ്ദേഹത്തെ ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തെ കാഴ്ചകളിൽ കണ്ണുംനട്ട് തന്നെയായിരുന്നു, പ്രകൃതിയിൽ നിന്ന് കണ്ണെടുത്താൽ ഏതെങ്കിലും സുന്ദരദൃശ്യം നഷ്ടപ്പെടുമെന്നുള്ള ചിന്തയിൽ. ഇടയ്ക്കു നിങ്ങളുടെ രാജ്യം എന്ത് ഭംഗിയാണെന്ന് ഉരുവിട്ട്കൊണ്ടിരുന്നു.

ഓസ്ട്രിയയുടെ ഈ ഭാഗം ‘സ്‌റ്റെയർ വേ ടു ഹെവൻ’ പോലെ പല ഹൈക്കിങ് സ്പോട് കൂടിയാണ്. ആയിരക്കണക്കിന് സഞ്ചാരികളാണ് അതിനായി എല്ലാ വർഷവും ഹൈക്കിങ്ങിന് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

ADVERTISEMENT

കാൻവാസിൽ നിന്ന് ഉയിർത്ത ചിത്രം
ഹാള്‍സ്റ്റാറ്റിന്റെ സ്‌്റ്റോപ്പ്‌ കഴിഞ്ഞുള്ള ഓബർട്രൗണിലാണ് ഞാൻ ഇറങ്ങിയത്. ബജറ്റ് ട്രിപ്പായതു കൊണ്ട് ഹാൾസ്‌റ്റാറ്റിൽ അധികം പൈസ കൊടുത്തു റൂം എടുക്കേണ്ടെന്നു തീരുമാനിച്ചിരുന്നു. റൂമിൽ കയറി ചെക് ഇൻ ചെയ്തു, ഒരു സൈക്കിൾ വാടകയ്ക്കെടുത്തു. തടാകത്തിനു ചുറ്റും സവാരിക്കിറങ്ങാനാണ് പ്ലാൻ.

തടാകത്തിന്റെ മറുകരയിലാണ് ഹാൾസ്റ്റാറ്റ്. സാധാരണ വിയന്നയിൽനിന്നും സാൽസ്ബെർഗിൽ നിന്നും ടൂറിസ്റ്റുകൾ ഡേ ട്രിപ്പിനു വരികയും വൈകുന്നേരത്തോടെ പിരിഞ്ഞു പോകുകയുമാണ് പതിവ്. അതുകൊണ്ട് പകൽ നേരങ്ങളിൽ ഈ കുഞ്ഞൻ പട്ടണത്തിൽ വലിയ തിരക്കാണ്. പരമ്പരാഗത ഓസ്ട്രിയൻ വാസ്തുവിദ്യയിൽ നിർമ്മിച്ച കിളിക്കൂടുകൾ പോലെയുള്ള വീടുകൾ, തടാകത്തിന്റെ തെളിനീരിൽ പ്രതിഫലിച്ച് നിൽക്കുന്നത് കണ്ടപ്പോൾ, അത് ഒരു ചിത്രകാരന്റെ കാൻവാസിൽ നിന്ന് ജീവൻ വെച്ചെഴുന്നേറ്റതുപോലെ തോന്നി.

ADVERTISEMENT

ഗ്രാമത്തിലൂടെ നടന്നുനീങ്ങുമ്പോൾ, ഓരോ തെരുവും ഓരോ കഥ പറയുന്നതുപോലെ തോന്നി. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ, ചെറിയ കടകൾ, കഫേകൾ എന്നിവ ഗ്രാമത്തിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതി.

ആയിരത്തിനു താഴെ ജനസംഖ്യയുള്ള ഇവിടെ വർഷങ്ങൾക്കു മുൻപ് മുതലേ ജനവാസമുണ്ടായിരുന്നത്രെ. പരമ്പരാഗത ഓസ്ട്രിയൻ വിഭവങ്ങൾ രുചിച്ചുനോക്കിയത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. ശുദ്ധവായുവും, ചുറ്റുമുള്ള പ്രകൃതിഭംഗിയും ഭക്ഷണത്തിന് കൂടുതൽ രുചി പകർന്നു.

ADVERTISEMENT

മതിലുകളില്ലാത്ത നാട്
പ്രസിദ്ധമായ ഹാൾസ്റ്റാറ്റ് സാൾട്ട് മൈൻ സന്ദർശിച്ചത് മറ്റൊരു അവിസ്മരണീയ അനുഭവമായിരുന്നു. ഏഴായിരം വർഷത്തിലേറെ ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഈ ഉപ്പുഖനി, ഗ്രാമത്തിന്റെ സമ്പന്നമായ ചരിത്രത്തിലേക്ക് വെളിച്ചം വീശി.
തടാകത്തിൽ ഒരു ബോട്ട് യാത്ര നടത്തിയത് മറ്റൊരു ഹൃദയാകർഷകമായ അനുഭവമായിരുന്നു. പ്രകൃതിയുടെ അത്ഭുതകരമായ സൗന്ദര്യം...

സായാഹ്നത്തിൽ, ഗ്രാമത്തിലെ ഒരു ചെറിയ റസ്‌റ്ററന്റിൽ സമീപവാസികളോടൊപ്പ മിരുന്നായിരുന്നു അത്താഴം കഴിച്ചത് . ഇവിടുത്തെ വീടുകൾക്ക് മതിലുകളില്ല. വീടുകൾ ആരും പൂട്ടാറില്ലത്രേ. വാഹനങ്ങൾ ലോക്ക് ചെയ്യുന്നത് മറ്റുള്ളവരെ അപമാനിക്കുന്നതിന് തുല്യം.

രാത്രി ഓബർട്രൗണിലാണ് ഗ്രാമത്തിലെ ഒരു ചെറിയ ഹോട്ടലിൽ താമസിച്ചു. ജനാലയിലൂടെ കാണുന്ന തടാകവും, മലനിരകളും, നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവും എല്ലാം ചേർന്ന് ഒരു സ്വപ്നതുല്യമായ അന്തരീക്ഷം സൃഷ്ടിച്ചു.

തലയോട്ടികളുടെ ബോൺ ഹൗസ്

അടുത്ത ദിവസം പുലർച്ചേ, സൂര്യോദയം കാണാൻ നേരത്തെ എഴുന്നേറ്റു. തടാകത്തിന്റെ തെളിനീരിൽ പ്രഭാതസൂര്യന്റെ കിരണങ്ങൾ പതിക്കുന്നത് കണ്ടപ്പോൾ, അത് ഒരു സ്വർണക്കടൽ പോലെ തോന്നി. ആ നിമിഷം എന്റെ മനസ്സിൽ എന്നേക്കുമായി പതിഞ്ഞു. തടാകത്തിൽ അരയന്നങ്ങൾ നീന്തിത്തുടിക്കുന്നത് നോക്കി കരയിലുള്ള ചെറിയ തടി ബെഞ്ചിൽ ഇത്തിരി നേരം ഇരുന്നു.

ഗ്രാമ വഴികളിലൂടെ നടന്ന് എത്തിയത് സുന്ദരമായൊരു സെമിത്തേരിയുടെ കാഴ്ചയിലേക്കാണ്. അവിടത്തെ ചർച്ചും അതിനകത്തെ ബോൺ ഹൌസും. ചർച്ചിന് പുറത്ത് സ്ഥല പരിമിതിയാണ് ബോൺ ഹൗസിന് കാരണം. വർഷങ്ങൾക്കു മുൻപ് മരിച്ച ആളുകളുടെ ശവക്കല്ലറകൾ തുറന്നു അവരുടെ തലയോട്ടിയും എല്ലുകളും പെറുക്കിയെടുത്തു ബോൺ ഹൌസിൽ ചിട്ടയോടെ അടക്കി വെച്ചിരിക്കുന്നു. ഇങ്ങനെ ആയിരക്കണക്കിന് തലയോട്ടികളാണ് ബോൺ ഹൗസിലുള്ളത്. ഇതിലെല്ലാം അവരവരുടെ പേരും മരണ വർഷവും രേഖപ്പെടുത്തി ഓരോ കുടുംബങ്ങളായി അടുക്കി വച്ചിട്ടുള്ള കാഴ്ച അതിശയകരവും ഭയപ്പെടുത്തുന്നതുമാണ്.

ലോകത്തെ വലിയ മഞ്ഞു ഗുഹയിൽ
ഹാള്‍സ്‌റ്റാറ്റിനടുത്തുള്ള ദാച്ച്സ്‌റ്റൈൻ ഐസ് ഗുഹ സന്ദർശനം അവിസ്മരണീയമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഐസ് കേവുകളിലൊന്നാണിത്. കേബിൾ കാറിൽ കയറി മലമുകളിലേക്ക് പോയി. അവിടെ നിന്ന് ഒരു ചെറിയ ഹൈക്ക് ചെയ്തു കേവിന്റെ പ്രവേശനകവാടത്തിലെത്തി.
കേവിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളായിരുന്നു. വർഷങ്ങളായി രൂപപ്പെട്ട മഞ്ഞുപാളികൾ വിവിധ ആകൃതികളിൽ കാണാമായിരുന്നു. ഗൈഡിന്റെ വിശദീകരണത്തോടെ കേവിനുള്ളിലൂടെ സഞ്ചരിച്ചു. മഞ്ഞുകൂട്ടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ പ്രകൃതിയുടെ അത്ഭുതങ്ങൾ നേരിൽ കാണാൻ കഴിഞ്ഞു. ഭൂമിക്കടിയിലെ ഈ വിസ്മയലോകം, വർഷങ്ങളായി രൂപപ്പെട്ട മഞ്ഞുശിൽപ്പങ്ങളും, തിളങ്ങുന്ന മഞ്ഞുപാളികളും കൊണ്ട് നിറഞ്ഞിരുന്നു. പക്ഷെ ഏറ്റവും അത്ഭുതപ്പെടുത്തിയത് നമ്മുടെ കശ്മീരിലെ അമർനാഥ് ഗുഹയിലെ സാമ്യമുള്ള ശിവലിംഗ രൂപം കണ്ടുവെന്നുള്ളതാണ്.

ഗുഹയിലൂടെയുള്ള യാത്ര പ്രകൃതിയുടെ അത്ഭുതങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു.


പിന്നീട് ഫൈവ് ഫിംഗേഴ്സ് വ്യൂ പോയിന്റിലേക്കുമുള്ള യാത്ര കേബിൾ കാറിൽ കയറി ക്രിപ്പൻസ്‌റ്റെയ്ൻ മലനിരകളിലേക്ക് പോയി. അവിടെ നിന്ന് കാൽനടയായി മുകളിലേക്ക് കയറി. വഴിയിലുടനീളം മനോഹരമായ കാഴ്ചകളായിരുന്നു. പച്ചപ്പുൽമേടുകളും, മഞ്ഞുമൂടിയ മലനിരകളും, വർണ്ണാഭമായ പൂക്കളും കണ്ടുനടന്ന് ഫൈവ് ഫിംഗേഴ്സ് വ്യൂ പോയിന്റിൽ എത്തി. അവിടെ നിന്നുള്ള കാഴ്ച അവിശ്വസനീയമായിരുന്നു. വിരലുകൾ പോലെ നീണ്ടുനിൽക്കുന്ന അഞ്ച് നിർമിതി. പാറക്കൂട്ടങ്ങൾക്കിടയിലൂടെ താഴെ ഹാൾസ്റ്റാറ്റ് തടാകവും പരിസരപ്രദേശങ്ങളും വ്യക്തമായി കാണാമായിരുന്നു. ഇത്രയും ഉയരത്തിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഒരു നിമിഷം ഭയം തോന്നി. എന്നാൽ ആ അനുഭവം അവിസ്മരണീയമായിരുന്നു.

തിരികെ ഓബർട്രൗണിലേക്ക് മടങ്ങുമ്പോൾ മനസ്സ് നിറയെ മനോഹരമായ ഓർമ്മകളായിരുന്നു. ചെറിയൊരു ഗ്രാമത്തിൽ തുടങ്ങി മഞ്ഞുഗുഹയിലൂടെ സഞ്ചരിച്ച് മലമുകളിൽ നിന്ന് പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച യാത്ര മറക്കാനാവാത്തതായിരുന്നു.
ഹാൾസ്‌റ്റാറ്റിന്റെ ഓർമകൾ മനസ്സിൽ നിറഞ്ഞുനിന്നു. ആൽപ്സിന്റെ മടിത്തട്ടിൽ ഒളിഞ്ഞിരിക്കുന്ന ഈ ചെറുഗ്രാമം, അതിന്റെ പ്രകൃതിഭംഗിയും, ചരിത്രസമ്പന്നതയും, സാംസ്കാരിക പൈതൃകവുമെല്ലാം ചേർന്ന് ഒരു അവിസ്മരണീയ അനുഭവം സമ്മാനിച്ചു. ഓസ്ട്രിയയിലെ ഈ രത്നം കണ്ടെത്താൻ കഴിഞ്ഞതിൽ ഞാൻ അതീവ സന്തോഷവതിയാണ്‌

ഈ സ്വർഗ്ഗീയ ഭംഗിയോട് നീതി പുലർത്താൻ എന്റെ ഫോൺ ക്യാമറക്ക് പറ്റിയിട്ടില്ല എന്നുറപ്പാണ്. എന്നാലും മനസ്സിൽ ചിത്രങ്ങൾ മിഴിവോടെ ഉണ്ട്

ADVERTISEMENT