Friday 09 December 2022 04:45 PM IST

യാത്ര പോകുന്ന സ്ഥലത്തിന് ചേർന്ന ഔട്ഫിറ്റാണ് എപ്പോഴും ധരിക്കുന്നത്, അപർണ തോമസ്

Akhila Sreedhar

Sub Editor

aparna 04

നീലക്കടലിനു മീതെ അമ്പിളിക്കല പുഞ്ചിരിച്ചു. തണുത്തകാറ്റിന്റെ ശീൽക്കാരത്തിനപ്പുറം അവിടം നിശബ്ദമായിരുന്നു. ഇരുട്ടിന്റെ പുതപ്പിനടിയിലിരുന്ന് ഞങ്ങൾ കടലു കണ്ടു. പ്രണയം കൊണ്ട് മാത്രം വായിച്ചെടുക്കാവുന്ന ഭാഷയിൽ കണ്ണുകൾ കൊണ്ട് സംസാരിച്ചു. വീഞ്ഞിന്റെ ലഹരിനുണഞ്ഞ് ആഘോഷത്തിരയിളക്കത്തിന് ആക്കം കൂട്ടി... ലോകത്തിന്റെ ഏത് കോണിൽ പോയാലും ഞങ്ങളിങ്ങനെയാണ് ചിൽഡ് മൂഡിൽ അടിച്ചുപൊളിക്കും. വെറുതെയിരിക്കും, പ്രകൃതിയെ കാണും, ആ ഭംഗി ആത്മാവിൽ നിറയ്ക്കും. മാലദ്വീപ് യാത്രയെ കുറിച്ച് ചോദിച്ചതും അവതാരകനും നടനുമായ ജീവ ജോസഫും മോഡലും നടിയുമായ അപർണ തോമസും യാത്രാനുഭവങ്ങളുടെ രസക്കുടുക്ക പൊട്ടിച്ച് വാചാലരായി.


ജീവയ്ക്ക് ജീവൻ കാടുകൾ

aparna 03

കാബിൻ ക്രൂ ആയി ജോലി ചെയ്യുന്ന സമയം അൻപതിലധികം രാജ്യങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ വിവാഹശേഷം ഞങ്ങൾ ഒരുമിച്ച് ഒരുമിച്ച് ദുബായ്, ഇന്തൊനീഷ്യ, തായ്‌ലൻ‌ഡ്, മാലദ്വീപ് എന്നിങ്ങനെ നാല് രാജ്യങ്ങളിലേക്കാണ് യാത്ര പോയത്. അപർണ യാത്രകളെ കുറിച്ച് പറഞ്ഞുതുടങ്ങി. ബീച്ചുകളോടാണ് എനിക്ക് താൽപര്യം. ജീവ പക്ഷേ, കുറച്ച് ‘പച്ചപ്പും ഹരിതാഭ’യും ഒക്കെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. കാടും മൃഗങ്ങളും ഒക്കെയുള്ള ഇടങ്ങളോടാണ് പ്രിയം. അതുകൊണ്ട് ജീവയോടൊപ്പം സൗത്ത് ആഫ്രിക്കയിൽ പോകണം എന്നത് എന്റെയൊരു സ്വപ്നമാണ്. വൈൽഡ് ലൈഫ് കേന്ദ്രീകരിച്ചുള്ള ടൂറിസത്തിന് പ്രാധാന്യം കൊടുക്കുന്ന ഇടമാണല്ലോ സൗത്ത് ആഫ്രിക്ക. ഞങ്ങളുടെ യാത്രകളുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ യാത്രയ്ക്കിടെ ആയാസം വരുന്ന ട്രെക്കിങ്, വിവിധതരം ഗെയിംസ് പോലുള്ള പരിപാടികളൊന്നും പ്ലാൻ ചെയ്യാറില്ല. വളരെ ഫ്രീയായി റിലാക്സ് ചെയ്ത് ആസ്വദിക്കാനുളള നിമിഷങ്ങളാണ് ഓരോ സഞ്ചാരങ്ങളും സമ്മാനിക്കുന്നത്. ഞങ്ങൾക്കിടയിലെ മികച്ച സഞ്ചാരി ഒരു പക്ഷേ ഞാൻ തന്നെയാണ്. യാത്ര പോകാനുള്ള സ്ഥലം തീരുമാനിക്കുന്നതും ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കുന്നതുമെല്ലാം ഒരുമിച്ചാണെങ്കിലും പിന്നീടുള്ള പ്ലാനിങ്ങെല്ലാം നടത്തുന്നത് ഞാനാണ്. ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിന്ന് പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഞാൻ വളരെയധികം ശ്രദ്ധിക്കാറുണ്ട്. പോകുന്ന സ്ഥലത്ത് ഏത് വേഷം ധരിച്ച് നിന്നാൽ കൂടുതൽ മനോഹരമായ ചിത്രങ്ങൾ പകർത്താനാകും എന്ന് മുൻകൂട്ടി പ്ലാൻ ചെയ്താണ് ലഗേജ് പാക്കിങ്. ജീവയ്ക്ക് ആ സ്വഭാവം ഇല്ലെങ്കിലും ഏറെകുറേ എന്റെ ഡ്രസിനോട് ചേർന്നുപോകുന്ന വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കാറുണ്ട്. നല്ല ചിത്രങ്ങൾ യാത്രയുടെ നല്ല ഓർമകളാണ്. അത് പരമാവധി മനോഹരമാക്കുക എന്നേ കരുതാറുള്ളൂ.


ആകാശം താണിറങ്ങി വന്നതോ!

aparna 02

ട്രാവൽ പാക്കേജിന്റെ ഭാഗമായി ആയിരുന്നു ഞങ്ങളുടെ മാലദ്വീപ് യാത്ര. വിസ്മയിപ്പിക്കുന്ന കടൽ നീലിമയാണ് മാലദ്വീപിലേക്ക് ഏതൊരു സഞ്ചാരിയെയും വലിച്ചടുപ്പിക്കുന്നത്. കടലിനു നടുവിലെ ഒരു കൂട്ടം ദ്വീപ് സമൂഹം, വിമാനം ലാൻഡ് ചെയ്യാനൊരുങ്ങുമ്പോൾ വിൻഡോയിലൂടെ ആ ആകാശദൃശ്യം പ്രകടമായി കാണാം. വിമാനം ലാൻഡ് ചെയ്യുന്നതേ കടലിലേക്കാണോ എന്നുതോന്നി പോകും. കടൽനിരപ്പിൽ നിന്ന് വലിയ ഉയരത്തിലല്ല ഇവിടുത്തെ ഭൂമി. 1190 ദ്വീപുകൾ ചേർന്ന രാജ്യമാണ് മാലദ്വീപ്. ഇതിൽ 192 ദ്വീപിലേ ജനവാസമുള്ളൂ. ബാക്കി ദ്വീപുകൾ ടൂറിസം സംബന്ധമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.

ആറാമത്തെ തവണയാണ് ഞാൻ മാലദ്വീപിൽ പോകുന്നത്. അതെല്ലാം ജോലിയുടെ ഭാഗമായി ആയിരുന്നു. ജീവയോടൊപ്പമുള്ള ആദ്യ മാലദ്വീപ് യാത്രയാണ്. അതുകൊണ്ട് തന്നെ അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. വിവാഹശേഷം പതിവ് രീതിയിൽ നടക്കുന്ന ഹണിമൂൺ ട്രിപ് ഞങ്ങൾക്ക് ഇല്ലായിരുന്നു. ആ സമയത്ത് ആകെ പോയത് ബെംഗളൂരുവിലുള്ള ബന്ധുവീട്ടിലേക്കാണ്. അതും കുടുംബത്തോടൊപ്പം. പിന്നീട് എല്ലാ വർഷവും പ്ലാൻ ചെയ്ത് ദീർഘദൂര യാത്ര ഞങ്ങൾ നടത്താറുണ്ട്. വിവാഹം കഴിഞ്ഞ് ഏഴ് വർഷമായെങ്കിലും പോയതെല്ലാം ഞങ്ങളുടെ ഹണിമൂൺ ട്രിപുകളായി കണക്കാക്കാം. സെവൻ സ്റ്റാർ നിലവാരത്തിലുള്ള റിസോർട്ടിലായിരുന്നു മാലദ്വീപിലെ താമസം. ബീച്ചുകളും ലഗൂണുകളും നിറഞ്ഞ ഇടമായതിനാൽ അതിനു യോജിക്കുന്ന ഔട്ഫിറ്റാണ് ഉപയോഗിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായി തന്നെയുണ്ട്. അതിനാൽ ഒരു യാത്ര പ്ലാനിടുമ്പോൾ റഫറൻസിനായി ഞാൻ ഫോളോ ചെയ്യുന്ന സഞ്ചാരികളുടെ റീൽസും പോസ്റ്റുകളുമെല്ലാം നോക്കും. അതിനാൽ തന്നെ യാത്രയ്ക്ക് മുൻപ് ചെയ്യേണ്ടതായ കാര്യങ്ങളും അവിടെ എത്തിയ ശേഷം ചെയ്യേണ്ടതായ കാര്യങ്ങളെ കുറിച്ചും കൃത്യമായ ധാരണയുണ്ടാകും. വസ്ത്രധാരണം മാത്രമല്ല, പോകുന്നിടത്ത് തീർച്ചയായും കാണേണ്ട സ്ഥലങ്ങൾ, ചെയ്യേണ്ട കാര്യങ്ങൾ, രുചിക്കേണ്ട ഭക്ഷണം തുടങ്ങി എല്ലാത്തിനെ കുറിച്ചും മനസ്സിലാക്കി വയ്ക്കാറുണ്ട്.

ന്യൂയർ ഹാപ്പിയാക്കും ഇടം

aparna 01

എല്ലാ വർഷവും ന്യൂയർ ആഘോഷിക്കുന്നത് ദുബായ് വച്ചാണ്. ക്രിസ്മസ് കഴിഞ്ഞ ഉടനെ ഞങ്ങൾ ദുബായ്ക്ക് പോകും. എപ്പോഴും പോകാൻ ഇഷ്ടമുള്ള, സെക്കൻഡ് ഹോം എന്നൊക്കെ വിളിക്കാവുന്ന ഇടമാണ് ഞങ്ങൾക്ക് ദുബായ്. അതിലെ പ്രധാനകാര്യം ഷോപ്പിങ് തന്നെയാണ്. ജീവയും ഞാനും ഷോപ്പിങ് ചെയ്യാൻ ഏറെ ഇഷ്ടമുള്ള വ്യക്തികളാണ്. അതുപോലെ ഞങ്ങൾ യാത്ര പ്ലാൻ ചെയ്യുമ്പോൾ ഏറെ സെലക്ടീവ് ആകുന്ന നിമിഷം ഹോട്ടലുകൾ തെരഞ്ഞെടുക്കുമ്പോഴാണ്. സ്പാ അതുപോലെ മസാജ് ഒക്കെ നല്ലരീതിയിൽ ആസ്വദിക്കാവുന്ന നല്ല റേറ്റിങ് ഉള്ള ഹോട്ടലുകളാണ് താമസത്തിനായി തെരഞ്ഞെടുക്കാറുള്ളത്. രണ്ടാൾക്കും സ്പാ, മസാജിങ് വളരെയധികം ഇഷ്ടമാണ്. അതുപോലെ ആസ്വദിക്കുന്നതാണ് പോകുന്നിടത്തെ ഭക്ഷണം.

ദീർഘദൂര വിമാനയാത്രകളാണ് രണ്ടാൾക്കും യാത്രകളിൽ ഇഷ്ടമില്ലാത്ത കാര്യം. ഉറക്കം ശരിയാവില്ല, ആകെ ക്ഷീണിക്കും. പൊതുവെ ഏഷ്യൻ രാജ്യങ്ങളിലുള്ള ഫ്ലൈറ്റ് യാത്രകളിൽ ബിസിനസ് ക്ലാസ് ടിക്കറ്റ് പെട്ടെന്ന് കിട്ടാൻ പ്രയാസമായിരിക്കും. ബാലിയിലേക്കുള്ള ഞങ്ങളുടെ യാത്ര കൂട്ടുകാരോടൊപ്പമായിരുന്നു. സോളോ, അതുപോലെ കുടുംബം, അല്ലെങ്കിൽ കൂട്ടുകാരോടൊപ്പമുള്ള മറ്റ് യാത്രകളിൽ നിന്ന് പങ്കാളിയോടൊപ്പമുള്ള യാത്ര വ്യത്യസ്തമാകുന്നത് ഞങ്ങൾക്ക് ഞങ്ങളുടേതായ സ്പേസ് കിട്ടുന്നു എന്നതാണ്. ഒരുപാട് പേർ യാത്രയിലുണ്ടെങ്കിൽ ഏത് കാര്യത്തിനും അവരുടെയെല്ലാം അഭിപ്രായം കാത്ത് നിൽക്കണം. അത് ഉൾക്കൊള്ളണം. ഭാര്യാഭർത്താക്കന്മാരാണെങ്കിൽ, പ്രത്യേകിച്ച് ഞങ്ങളെ പോലെ ഒരേ വൈബ് ഉള്ള ആളുകളാണെങ്കിൽ ആ യാത്ര ആഘോഷമാക്കും എന്ന കാര്യം തീർച്ച. കാരണം ജീവിക്കുന്ന നിമിഷമത്രയും ‘ചിൽ ചെയ്യുക’ എന്നതാണ് ഞങ്ങളുടെ പോളിസി. എവിടെയെങ്കിലും പോകാം എന്നു തീരുമാനിക്കുമ്പോൾ തന്നെ രാജ്യാന്തര യാത്രകളാണ് മനസ്സിലേക്ക് എത്തുക, അതെന്താണെന്ന് അറിയില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലെ മിക്ക ടൂറിസം കേന്ദ്രങ്ങളിലും പോകാൻ അവസരം കിട്ടിയിട്ടില്ല. വീക്കെൻഡ് യാത്രകൾ മിക്കവാറും മൂന്നാറിലേക്കാണ്. ജീവ ഇതുവരെ ‘മഞ്ഞ്’ അനുഭവിക്കാവുന്ന ഇടങ്ങളിൽ പോയിട്ടില്ലെന്ന് തോന്നുന്നു. ഐസ്‌ലൻഡ് ഞങ്ങളുടെ ഡ്രീം ഡെസ്റ്റിനേഷനാണ്.

പ്രിയപ്പെട്ടവന്റെ കൂടെയുള്ള സ്നേഹയാത്രകൾ ആഗ്രഹിക്കാത്തവരില്ലല്ലോ. ഞാനും അത് മനസ്സറിഞ്ഞ് ആസ്വദിക്കുന്നുണ്ട്. ഇനിയുമിനിയും എത്രയോ സഞ്ചാരപാതകൾ ഞങ്ങൾക്കൊരുമിച്ച് പിന്നിടാനുണ്ട്. ഒരേ മനസ്സോടെ, പ്രണയപൂർവം മുന്നോട്ട്...