Friday 25 March 2022 03:37 PM IST : By Christy Rodrigues

ഹിമാലയത്തിന്റെ മലമടക്കുകളിൽ ഒറ്റപ്പെട്ടു കിടക്കുന്ന ലോകപ്രസിദ്ധ ഗ്രാമം, നാടൻ ഭാഷയിൽ മലാന റിപ്പബ്ലിക്ക്...

malana village 1

ലഹരി പൂക്കുന്ന മലാന ഗ്രാമത്തെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. കശ്മീരിലെ ബദർവയിൽ നിന്നു യാത്ര പുനരാരംഭിച്ച ശേഷം ഹിമാചൽ പ്രദേശിലൂടെ മണാലിയിൽ എത്തി. മലപ്പുറം സ്വദേശിയായ നിസാം മണാലിയിലുണ്ട്. ഞാൻ അദ്ദേഹത്തിനു സമീപം എത്തിയപ്പോൾ സൈക്കിളിൽ സഞ്ചരിച്ച് എത്തിയ പാലക്കാട് സ്വദേശികളായ രണ്ടു വിദ്യാർഥികൾ അവിടെയുണ്ട്. രണ്ടു ദിവസത്തെ അലച്ചിലിനൊടുവിൽ മലയാളത്തിലുള്ള കുശലം പറച്ചിലുകൾക്കൊപ്പം കിട്ടിയ ചൂടു ചായയ്ക്ക് ആ തണുപ്പത്ത് പ്രത്യേകമായൊരു രുചി... അവിടൊക്കെ റോഡരുകിൽ മൂത്തു പാകമായി നിൽക്കുന്ന കഞ്ചാവു ചെടിയുടെ ഇലകൾ നുള്ളിയെടുത്ത് തേയിലയോടൊപ്പം വെള്ളത്തിലിട്ടു തിളപ്പിക്കുമത്രേ! രാവിലെ നിസാമിനോടു യാത്ര പറഞ്ഞ് കുളുവഴി മലാന ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു.

road to malana

മണാലിയിൽ നിന്ന് ഉദ്ദേശം 80 കിലോ മീറ്ററുണ്ട് മലാന ഗ്രാമത്തിലേക്ക്. കുളുവിൽനിന്ന് ഇടത്തോട്ട് മലഞ്ചെരിവ് വെട്ടി ഉണ്ടാക്കിയ ടാറിട്ട റോഡിലൂടെ മണികിരൺ വഴി ഗ്രാമത്തിനു രണ്ടു കിലോ മീറ്റർ സമീപം വരെ വാഹനത്തിൽ എത്താം. മണികിരൺ എത്തുന്നതിനു 5 കിലോ മീറ്റർ മുൻപ് ഒരു പൊലിസ് ചെക്ക്പോസ്‌റ്റുണ്ട്. അവിടെ നിന്നു മലാനയിലേക്കു വഴി തിരിയുന്നു. തകർന്നു കിടക്കുന്ന വഴിയും ചില ഗതാഗത തടസവും കാരണം അത്രത്തോളം എത്തിയപ്പോഴേക്കും സായാഹ്നമായി. അൽപം കൂടി മുൻപോട്ടു സഞ്ചരിച്ച ശേഷം ഒരു ഗ്രാമത്തിൽ ഗസ്‌റ്റ് ഹൗസ് കണ്ടപ്പോൾ രാത്രി താമസം അവിടെയാകട്ടെ എന്നു നിശ്ചയിച്ചു.

വെൽകം ടു മലാന

അടുത്ത ദിവസം പുലർച്ചെ പുറപ്പെട്ടു. നാലു കിലോ മീറ്റർ കൂടി സഞ്ചരിക്കണം മലാനയിലേക്കുള്ള നടപ്പാത എത്താൻ. ഗ്രാമത്തിലേക്ക് എത്തുന്നവരെ സ്വാഗതം ചെയ്യുന്ന കമാനത്തിനു മുൻപിൽ വരയേ ഗതാഗത യോഗ്യമായ പാതയുള്ളു. തുടർന്നുള്ള 2 കി മീ നടക്കണം. ഒരു മലയിൽ നിന്നു താഴേക്ക് ഇറങ്ങി മലാന നദിക്കു കുറുകേയുള്ള മരപ്പാലം കടന്ന് കുത്തനെയുള്ള അടുത്ത മലകയറി പോകുന്നു ഗ്രാമത്തിേലക്കുള്ള നടപ്പാത. അൽപം മാറി മലാന നദിയെ തടഞ്ഞു നിർത്തി വൈദ്യുതി ഉൽപാദിപ്പിക്കുന്നു. പൊതുവെ മുഖ്യധാര സമൂഹത്തിൽ നിന്നു വേറിട്ടു നിൽക്കാൻ ആഗ്രഹിക്കുന്ന മലാനാ നിവാസികൾക്കും ഇവിടെ നിന്നു വൈദ്യുതി ലഭിക്കുന്നു. ഗ്രാമത്തിലെ വീടുകളെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട്. മലാനയുടെ പരിസരത്ത് എത്തിയപ്പോൾ തന്നെ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ‘നിങ്ങൾ വളരെ തീവ്രമായ ഡ്രഗ് ട്രാഫിക് നടക്കുന്ന മേഖലയിലാണ്, ജാഗ്രത പുലർത്തുക.’ എന്ന കേരള പൊലിസിന്റെ സന്ദേശം എസ്എംഎസ്സായി ഫോണിൽ ലഭിച്ചു. മലാന സന്ദർശിച്ച പലർക്കും സമാനമായ പൊലിസ് സന്ദേശം കിട്ടിയിട്ടുണ്ട് എന്ന് പിന്നീട് അറിഞ്ഞു.

malana village gate and steps

സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന നീല നിറത്തിലുള്ള കമാനത്തിലൂടെ താഴേക്കു പടവുകൾ ഇറങ്ങി. വിജനമായ വഴിയിൽ ചില സ്ഥലങ്ങളിൽ, തീരെ ചരിവ് ഇല്ലാതെ നേരേ മുകളിലോട്ട് കയറുന്ന കൽപ്പടവുകൾ... അപൂർവമായി ചില ചായക്കടകൾ. എല്ലാ കടകളിലും കഞ്ചാവും മലാന ക്രീമും സുലഭം. മലാനയിലെ കഞ്ചാവു ചെടികളിൽ നിന്ന് നാട്ടുകാർ ഉൽപാദിപ്പിക്കുന്ന ലഹരി വസ്തുവിന്റെ പേരാണ് മലാന ക്രീം. നിറം കൊണ്ടും വില കൊണ്ടും സ്വർണം പോലെ ആയതിനാലാകും മലാന ഗോൾഡ് എന്നും അറിയപ്പെടുന്നുണ്ട്.

malana village streets

കുറച്ചു ദൂരം നടന്ന ശേഷം വഴിയോരത്തെ ഒരു ചായക്കടയിൽ കയറി. ചായയുമായി വന്ന കടയുടമ ധനിറാമിനെ പരിചയപ്പെട്ടു. കടയിൽ സൂക്ഷിച്ചിരിക്കുന്ന കഞ്ചാവു ചെടിയിൽ നിന്ന് കുറച്ചെടുത്ത് മലാന ക്രീം ഉണ്ടാക്കുന്ന വിധം കാട്ടിത്തരാൻ ധനിറാമിനു മടയുണ്ടായിരുന്നില്ല. കക്ഷി അതിൽ അൽപം അഭിമാനിക്കുന്നുണ്ട് എന്നു തോന്നി. ഇന്ത്യയിലെ കോടതിയും നിയമവുമൊന്നും ഈ മലയോര ഗ്രാമത്തിൽ ബാധകമല്ലെന്നു തോന്നി. കുളു താഴ്‌വരയിൽ പലരും മലാനയെ പാതി തമാശയായും പാതി കാര്യമായും മലാന ഗ്രാമത്തെ ‘മലാന റിപ്പബ്ലിക്ക്’ എന്നു വിളിക്കാറുള്ളതായി വായിച്ചിരുന്നു. മുന്നോട്ടുള്ള യാത്രയിൽ ഒരു ഭാഗത്ത് എത്തിയപ്പോൾ പഞ്ചാബ് സർവകലാശാലയിലോ മറ്റോ പഠിക്കുന്ന എതാനും മലയാളി വിദ്യാർഥികൾ ലഹരി ആസ്വദിക്കാനെന്നോണം എത്തിയതും ശ്രദ്ധയിൽ പെട്ടു. ക‍ഞ്ചാവ് ചെടി വലിയ ഭാണ്ഡങ്ങളിൽ ശേഖരിച്ച് ഗ്രാമത്തിലേക്കു നടക്കുന്ന പ്രായമേറിയ ഗ്രാമീണ സ്ത്രീകളെ വഴിയോരത്ത് പലപ്പോഴും കണ്ടു.

ദുരൂഹത തളം കെട്ടിയ ഗ്രാമം

രണ്ടു മണിക്കൂർ നടത്തത്തിനൊടുവിൽ മലാന ഗ്രാമത്തിൽ എത്തി. ഒരു പ്രത്യേക ഗോത്ര വിഭാഗക്കാരാണ് അവിടുത്തെ താമസക്കാർ. അവർ തങ്ങളുടെ അപരിഷ്കൃത നിയമങ്ങളിൽ തരിമ്പും വിട്ടുവീഴ്ചയില്ലാതെ ആ ഗ്രാമത്തിൽ കാലങ്ങളായി ജീവിക്കുന്നു. ഗ്രാമത്തിലെത്തുന്ന സഞ്ചാരികളുമായി അവർ ഒരുവിധത്തിലുള്ള അടുപ്പവും പ്രകടിപ്പിക്കാറില്ല. അന്യർ തങ്ങളുടെ ശരീരത്തിലോ വസ്തുക്കളിലോ സ്പർശിക്കുന്നതുപോലും അവർക്ക് ഇഷ്ടമല്ല. മലാന ഗ്രാമത്തിലുള്ളവർ സഞ്ചാരികളെ തങ്ങളുടെ വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. പ്രായഭേദമെന്യേ എല്ലാ മലാനാ നിവാസികളുടെയും വരുമാന മാർഗം മലാന ക്രീം ഉൽപാദിപ്പിച്ച് വിപണി നടത്തുക എന്നതു തന്നെ.

പച്ച പുതച്ചു നിൽക്കുന്ന മലാനാ ഗ്രാമം ദൂരക്കാഴ്ചയിലും പിന്നീട് അടുത്തറിയുമ്പോഴും ഏറെ ദുരൂഹമായിട്ടാണ് അനുഭവപ്പെടുക. വഴിയോരത്തും കാടുകളിലും വളരുന്ന കഞ്ചാവു ചെടികള്‍ കാണാം. ഗ്രാമത്തിൽ പരമ്പരാഗത ശൈലിയിൽ തടിയും കല്ലും ഉപയോഗിച്ചു നിർമിച്ച മനോഹരമായ കെട്ടിടങ്ങൾ ദൃശ്യവിരുന്നാകുന്നു. സിമന്റുപയോഗിക്കാതെ കരിങ്കല്ലിൽ തറ കെട്ടി തടിയും കല്ലും ഉപയോഗിച്ചുള്ള ഭിത്തിയും സ്ലേറ്റ് കല്ലുകൾ പാകിയ മേൽക്കൂരയും കാണാം. തടി ഉപയോഗിക്കുന്ന ഭാഗങ്ങൾ കൊത്തുപണികളാൽ ആകർഷകമാക്കിയിട്ടുണ്ട്. ആധുനിക കാലത്തിന്റെ അടയാളമെന്നോണം ഏതാനും കോൺക്രീറ്റു നിർമിതികളും ചില സ്ഥലങ്ങളിൽ കണ്ടു.

malana village old lady

ഇടുങ്ങിയ നാട്ടു വഴികളിലൂടെ നടക്കുമ്പോൾ എതിരേ വരുന്നവരും വഴിയോരത്ത് നിൽക്കുന്നവരുമായ മലാനാ ഗ്രാമീണർ അറിയാതെപോലും നമ്മൾ സ്പർശിക്കാതിരിക്കാൻ പ്രത്യേകം കരുതലെടുക്കുന്നതു കാണാം. പലരോടും സംസാരിക്കാൻ ശ്രമിച്ചെങ്കിലും ആരും അടുക്കുന്നില്ല. മലാന ഗ്രാമത്തിനുള്ളിലെ ഒരു കടയിൽ കയറി, മലാനാ വാസിയാണ് കടക്കാരൻ. അറിയാതെ മുൻപിലെ മേശപ്പുറത്ത് കൈ വയ്ക്കാൻ തുടങ്ങിയപ്പോൾ തന്നെ കടക്കാരൻ എഴുന്നേറ്റ് ഒച്ചയിട്ടു, പുറത്തിറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു. പാത്രത്തിൽ കണ്ട നീലനിറത്തിലുള്ള ലഡു ചൂണ്ടിക്കാട്ടി ആവശ്യപ്പെട്ടപ്പോൾ ഒരെണ്ണം എടുത്ത് തറയിൽ വച്ചു തന്നു! വിലയായി 5 രൂപ നിലത്തു വയ്ക്കാനും ആംഗ്യം കാട്ടി. നമ്മുടെ പക്കൽ നിന്ന് ഒന്നും തന്നെ അവർ നേരിട്ടു സ്വീകരിക്കില്ല. നിലത്ത് വയ്ക്കാൻ പറയും. നമുക്കു തരുന്നതും അങ്ങനെ തന്നെ. നിഗൂഢത തളം കെട്ടി നിൽക്കുന്ന മലാന ഗ്രാമത്തിലൂടെ കാഴ്ച കണ്ടും വിശേഷങ്ങൾ അനുഭവിച്ചും നടത്തം തുടർന്നു.

malana buildings

കഞ്ചാവിന്റെ വിളനിലമാണെങ്കിലും പല നാട്ടിൽ നിന്നും പല തരത്തിലുള്ള ആൾക്കാർ എത്തിച്ചേരുന്ന ഇടമാണെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ പലതും നടക്കുന്നുണ്ടെങ്കിലും ഈ നാട്ടിൽ മറ്റു ക്രിമിനൽ കേസുകളോ ഗുണ്ടാ വിളയാട്ടങ്ങളോ ഇല്ല.

പകലിനു ദൈർഘ്യം കുറഞ്ഞ കാലമായിരുന്നതിനാൽ നാലു മണി കഴിഞ്ഞപ്പോൾ ഇരുട്ടു പരുന്നു. അക്കാലത്ത് മലാനയിൽ പുറത്തു നിന്നുള്ളവരെ രാത്രി താമസിക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ മലാനാ നിവാസികളുടെ വാസകേന്ദ്രത്തിൽ നിന്ന് അൽപം അകന്ന് ടെന്റ് ക്യാംപുകൾ ഒരുക്കി താമസിക്കാൻ അനുവദിക്കാറുണ്ട്. അതിനായി മലാനയിലെ പുരുഷൻമാർ പണം കൈപ്പറ്റുകയും ചെയ്യുന്നുണ്ട്.

പൊന്നിനെക്കാൾ വിലപിടിച്ച പൊന്ന്

മലാനാ ഗോത്രവും ഗ്രാമവും സഞ്ചാരികൾക്ക് കൗതുകവും ആകർഷകവുമാണെങ്കിലും ആ നാടിന്റെ ലോകപ്രശസ്തി മലാനാ ഗോൾഡ് അഥവാ മലാനാ ക്രീം എന്ന കഞ്ചാവ് ഉൽപന്നമാണ്. ഗ്രാമത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ വളരുന്ന മേത്തരം കഞ്ചാവ് ചെടിയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ലഹരി പദാർഥത്തോട് കിട പിടിക്കുന്ന മറ്റൊരു കഞ്ചാവ് ഉൽ‌പന്നമില്ല. മലാന ക്രീം എന്നാണ് പറയുന്നതെങ്കിലും കഞ്ചാവ് െചടി അടിച്ച് ചതച്ച് എടുക്കുന്ന തരികളാണ് ഇവ. ലോകത്ത് മറ്റെല്ലാ ഇടങ്ങളിലും നിർമിക്കുന്ന സമാനമായ ക്രീമുകൾക്ക് എല്ലാം പച്ച നിറമാണ്, എന്നാൽ മലാനയിലെ കഞ്ചാവുകളിൽ നിന്നു മാത്രമാണ് മഞ്ഞ ക്രീം ലഭിക്കുന്നത്.

malanas

ഗ്രാമത്തിലെ സ്ത്രീകൾ പകലന്തിയോളം കാട്ടിൽ അലഞ്ഞു നടന്നു ശേഖരിക്കുന്ന കഞ്ചാവു ചെടികളിൽ നിന്നു പുലർച്ചെയാണ് ക്രീം എടുക്കുന്നത്. അതിനായി ചെടിയുടെ തണ്ട് ഞെരടി കറ എടുക്കുന്നു. അതിൽ നിന്നാണ് മലാന ഗോൾഡ് ഉൽപാദിപ്പിക്കുന്നത്. സഞ്ചാരികൾക്ക് യഥാർഥ മലാനാ ഗോൾഡ് കണികാണാൻ പോലും കിട്ടില്ല. അവിടുത്തെ കഞ്ചാവിൽ നിന്ന് എടുക്കുന്ന ഹാഷിഷും രണ്ടാം തരം മലാനാ ക്രീമും മറ്റും ഗ്രാമത്തിലെ കടയിൽ ലഭിക്കും. അതൊക്കെ അപ്പോഴത്തെ ഉപയോഗത്തിനു സ്വർണം തൂക്കൂന്ന മില്ലി ത്രാസിൽ തൂക്കിയാണ് തരിക. ഗ്രാമത്തിനു പുറത്തേക്കു കടത്താൻ ശ്രമിച്ചാൽ പിടിവീഴും എന്നാണ് പറയുന്നത്. എന്താണ് ഈ മലാന ലഹരിയുടെ വിശേഷം എന്നറിയാൻ അവിടെ കണ്ട സഞ്ചാരികളിൽ ചിലരോട് അന്വേഷിച്ചു. മദ്യമോ കറുപ്പോ പോലുള്ള ലഹരികളിൽ നിന്നു വ്യത്യസ്തമായി പെട്ടന്നു തലയ്ക്കു കയറി പിടിക്കുകയല്ല ഇത്. ഇത് എന്തോ ഒരു ‘ലവബ്ൾ, സ്വീറ്റ് കിക്ക്’ ആണത്രേ നൽകുന്നത്. ഏതായാലും യാത്രയുടെ ലഹരിക്കപ്പുറം ഒരു ലഹരിയും ശരീരത്തിനു നന്നല്ല എന്നതാണ് എനിക്കു പറയാനുള്ളത്.

അലക്സാണ്ടർ ചക്രവർത്തിയുടെ പടയോട്ടക്കാലത്ത് അദ്ദേഹത്തോടൊപ്പം ഇന്ത്യയിലെത്തിയ സൈനികരിൽ ചിലർ ഇവിടെ സ്ഥിരവാസം ഉറപ്പിച്ചെന്നും അവർ ക്രമേണ ഒരു പ്രത്യേക റിപ്പബ്ലിക്ക് ആയി മാറുകയും ചെയ്തത്രേ. അവരുടെ പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് ഇപ്പോഴത്തെ മലാനാ നിവാസികൾ വിശ്വസിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ ഭരണസംവിധാനം തങ്ങളുടേതാണെന്ന് അവർ വിശ്വസിക്കുന്നു. ശാരീരീക ഘടനയിലും ഭാഷാ സവിശേഷതകളിലും ഹിമാലയത്തിലെ മറ്റു ഗോത്രവിഭാഗങ്ങളിൽ നിന്നു വേറിട്ടു നിൽക്കുന്നവരാണ് മലാനാ നിവാസികൾ. പൂർണമായും ആര്യൻ വംശജരാണ് തങ്ങൾ എന്നാണ് ഇവരുടെ വിശ്വാസം. ജബ്‌ലു എന്ന പേരിലാണ് മലാനാ ഗോത്ര ദൈവം അറിയപ്പെടുന്നത്. ആ ദൈവമാണ് ജനങ്ങളുടെയും നാടിന്റെയും പരമാധികാരി എന്നും അവർ വിശ്വസിക്കുന്നു. രണ്ടു തലങ്ങളുള്ള ഭരണസംവിധാനം പോലും ജബ്‌ലു ദൈവത്തിന്റെ ആജ്ഞാനുവർത്തിയായിട്ടാണ്‌ കണക്കാക്കുന്നത്. ഒരു തരത്തിലും ബാഹ്യമായ ഇടപെടലുകളെ ഒന്നിനെയും അവർ അംഗീകരിക്കുകയില്ല. ‘കനാഷി’ എന്നാണ് മലാനാ ഗ്രാമക്കാരുടെ ഭാഷ അറിയപ്പെടുന്നത്. ഇന്ത്യയിലെ മറ്റു ഭാഷകളുമായി ബന്ധമില്ലാത്ത കനാഷി ഭാഷ മലാനാക്കാർക്കു മാത്രമേ മനസ്സിലാവുകയുള്ളു.

ഇന്നു ടൂറിസവും മലാനയിലെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ്. ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള ഒട്ടേറെ സഞ്ചാരികൾ അവിടെ എത്തുന്നുണ്ട്. ഏറെയും സ്വന്തം വാഹനത്തിൽ ഒറ്റയ്ക്കോ അല്ലെങ്കിൽ രണ്ടോ മൂന്നോ പേരടങ്ങുന്ന ചെറു യാത്രാ സംഘങ്ങളായോ സഞ്ചരിക്കുന്നവരാണ്. പഞ്ചാബിൽ നിന്നും ഡൽഹിയിൽ നിന്നും ലഹരിയുടെ രസം രുചിക്കാൻ എത്തുന്നവരും കുറവല്ല. ടൂറിസവുമായി ബന്ധപ്പെട്ട് മലാനാ ഗ്രാമത്തിന്റെ വിശേഷ സ്വഭാവം വ്യക്തമാക്കുന്ന ഒരു സംഭവം കേട്ടിരുന്നു. സഞ്ചാരികളുടെ വരവ് വർധിച്ചപ്പോൾ സ്വാഭാവികമായും ഗ്രാമത്തോടു ചേർന്നു ഗസ്‌റ്റ് ഹൗസുകൾ മുളച്ചു പൊന്തി. എന്നാൽ ഗ്രാമത്തിൽ ഒരു വൻ അഗ്നിബാധ ഉണ്ടാവുകയും മലാന സാംസ്കാരിക പൈതൃകങ്ങളായ പലതും കത്തി നശിക്കുകയും ചെയ്തു. തുടർന്ന് ജബ്‌ലു ദേവന്റെ ‘അരുളപ്പാട്’ ഉണ്ടാവുകയും അതനുസരിച്ച് ഗ്രാമത്തോടു ചേർന്നുള്ള ഒരു ഡസനിലേറെ ഗസ്‌റ്റ് ഹൗസുകൾ അടച്ചു പൂട്ടാനും മലാനാ ഗ്രാമീണർ അന്ത്യശാസനം നൽകിയത്രേ...

ഹിമാലയൻ മലനിരകൾക്കു മുകളിൽ ആകാശത്തിന് ചുവപ്പു നിറം പകർന്ന് സൂര്യൻ പടിഞ്ഞാറേക്കു ചാഞ്ഞു. മലാന എന്ന വിസ്മയലോകത്തിന്റെ അറിവും അനുഭവവും ‌മനസ്സിൽ ഉണർത്തിയ കൗതുകത്തിനു ശമനമായിട്ടില്ല. പുറത്ത് കഞ്ചാവു ചെടികളുടെ ചുമടുമായി മലകയറുന്ന സ്ത്രീകൾക്കു വഴി ഒതുങ്ങിയും യാത്രയുടേയും മലാനയുടേയും ലഹരി ആസ്വദിച്ചിരിക്കുന്ന സഞ്ചാരികളെ ശല്യം ചെയ്യാതെയും ചെറിയൊരു അശ്രദ്ധയിലും വലിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള മലമ്പാതയിലൂടെ കാലുകൾ അമർത്തിച്ചവിട്ടി നടന്നു.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Photos
  • Travel Stories
  • Travel India