Wednesday 11 May 2022 04:52 PM IST : By MUJEEB ANTHRU

വെണ്മണിമേട്ടിലെ നക്ഷത്രരാവ്, ഇടുക്കിയിലെ കാണാക്കാഴ്ചകൾ തേടിയൊരു യാത്ര

venmani 2

കോട്ടപ്പാറയ്ക്ക് മുകളിൽ നിന്നാൽ തലയ്ക്കു മുകളിലും കാൽക്കീഴിലും ആകാശമാണ്. മുകളിലെ ആകാശത്തിന് പ്രകൃതി നീലയുടെ വിവിധ ഷേഡുകളിലാണ് ചായം പൂശിയിരിക്കുന്നത്. മലനിരകൾക്ക് തൊട്ടുതാഴെയുള്ള ആകാശമോ! വെളുവെളുത്ത മേഘക്കെട്ടുകൾ പോലെ... ഈ കാഴ്ചകാണാൻ പ്രഭാതസൂര്യന്റെ വെട്ടം മലനിരകളെ തൊട്ടുതലോടും മുൻപേ മുകളിലെത്തണം. ഇടുക്കിയിലെ വണ്ണപ്പുറം– മുള്ളരിങ്ങാട് റൂട്ടിലാണ് കോട്ടപ്പാറ സ്ഥിതി ചെയ്യുന്നത്. ഒരിക്കൽ വണ്ണപ്പുറവും കടന്ന് ഇടുക്കി വഴിയിൽ പോകുമ്പോൾ കണ്ണിൽ ഉടക്കിയതാണ് കോട്ടപ്പാറയിലെ കടൽ പോലെ ഒഴുകുന്ന മഞ്ഞിൻ വിസ്മയം ക്യാമറയിൽ പകർത്താനായിരുന്നു പിന്നീടുള്ള യാത്ര. പ്രശസ്തമല്ലെങ്കിലും കുറേ നല്ല കാഴ്ചകൾ ഓരോ ടൂറിസം കേന്ദ്രത്തിന്റെയും അടുത്തെവിടെയെങ്കിലുമൊക്കെ കാണാം. പലപ്പോഴും നാം കാണാൻ പോയ സ്ഥലത്തേക്കാൾ മികച്ചതാകും ഒളിഞ്ഞുകിടക്കുന്ന പ്രകൃതി ദൃശ്യങ്ങൾ. കോട്ടപ്പാറയിലെ വിസ്മയം പകർത്തിയ ശേഷം കുന്നിറങ്ങി. കാറ്റാടികടവും, ബാലനാടും കഴിഞ്ഞ് വെണ്മണിയിൽ എത്തി. ഭക്ഷണശേഷം തുടർന്നുള്ള യാത്രയ്ക്കിടെയാണ് വലത് വശത്ത് "കട്ടിൽപ്പാറ കാനന ഗുഹ" ("കട്ടിലും കസേരയും") എന്ന ബോർഡ് കണ്ടത്. പേരിലെ കൗതുകം കൊണ്ട് സ്ഥലത്തെ കുറിച്ച് അന്വേഷിച്ചു. അറിഞ്ഞതിങ്ങനെ, വനത്തിനകത്തെ ശാന്തമായൊരിടം. പ്രകൃതി പാറകൾ കൊണ്ട് തീർത്ത മനോഹരമായ ശിൽപചാരുത ആസ്വദിക്കാം എന്നതാണ് പ്രത്യേകത. ആന, അട്ട ഇവ രണ്ടുമാണത്രേ യാത്രയ്ക്ക് തടസ്സം. നടന്നുതെളിയാത്ത വഴിയാണ്, അറിയാത്തവർ പോയാൽ വഴി തെറ്റും. നാല് കിലോമീറ്റർ നടക്കാനുണ്ട്... ആ വിവരണം അവിടം കാണണം എന്ന ആഗ്രഹത്തിന് പ്രചോദനമായി.


വഴിവെട്ടി നേർവഴിയ്ക്ക്

venmani 3

കോൺക്രീറ്റ് റോഡായിരുന്നു ആദ്യം. അതിനവസാനം മൺ വഴിയായി. കാടിനുള്ളിലേക്ക് കടന്നതോടെ വഴിയും മോശമായി. പോകുന്ന വഴിയേ ചില ഭാഗങ്ങളിൽ ജനവാസം ഉണ്ട്. കൃഷിയാണ് ഇവിടുത്തുകാരുടെ പ്രധാന ഉപജീവന മാർഗം. അഞ്ചും ആറും ഏക്കർ സ്ഥലത്ത് കൃഷിയുള്ളവരുണ്ട്. മുന്നോട്ട് പോകും തോറും പേരിന് പോലും വഴി ഇല്ലാതെയായി. ഒരു വിധം വണ്ടി ഒതുക്കി, പല പറമ്പിലൂടെയും കടന്ന് മുന്നോട്ട് നടന്നു. അട്ടയെ തുരത്താൻ കയ്യിൽ അൽപം ഉപ്പ് കരുതി.

venmani 4

രണ്ട് അടി വീതിയുമുള്ള ഒരു ചെറിയ കോൺക്രീറ്റ് കനാലിന് മുകളിലൂടെയുള്ള നടത്തം അൽപം സാഹസം നിറഞ്ഞതായിരുന്നു. ഒരു വശത്ത് പാറകളിലൂടെ കുത്തി ഒഴുകുന്ന നദി, വഴി മറച്ച് ഈറ്റ കാട്. ഈറ്റ വകഞ്ഞ് മാറ്റി വഴി കണ്ടെത്തി വേണം മുന്നോട്ട് പോകാൻ. സൂര്യൻ കത്തിജ്വലിക്കുന്ന നട്ടുച്ച നേരമാണ്. പക്ഷേ കാടിനുള്ളിൽ അസ്തമയ സമയത്തെ വെളിച്ചം മാത്രം. സൂര്യനെ മറച്ച് തിങ്ങി നിറഞ്ഞ പച്ചിലകൾ കുളിരു മാത്രമല്ല, ആവശ്യത്തിൽ കൂടുതൽ ഭയവും നൽകി. കൂടെ ചീവീടുകളും പക്ഷികളും ഇതിന് മിഴിവേകാൻ അവരുടെ ഭാഗം ഭംഗിയാക്കി തകർക്കുന്നു. വളരെ സൂക്ഷിച്ച് ഒരു വിധം കനാൽ തുടങ്ങുന്ന ചെക്ക് ഡാമിന് അടുത്തെത്തി. സുരക്ഷിതമായ സ്ഥലം കണ്ടെത്തി വിശ്രമിക്കാനായി ഇരുന്നപ്പോഴാണ് ശരിക്കും ഞെട്ടിയത്. കാലുപൊതിഞ്ഞ് അട്ടകളുടെ കൂട്ടം. ചോര ഊറ്റിയൂറ്റി കുടിക്കുകയാണ്. ഉപ്പ് കൊണ്ട് അവയെ പൂർണമായും നീക്കം ചെയ്തു. പല തരം പച്ചനിറങ്ങളാണ് ചുറ്റിലും. ഭൂമിയെ അരഞ്ഞാണം ചാർത്തിയ പോലെ തെളിനീരായി ഒഴുകുന്ന നദി. കാടിന്റെ തണുപ്പ്. പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി.

ചെക്ക് ഡാമിന് മുകളിലൂടെ മറുപുറത്തേക്കു കടന്നു. കാഴ്ചകൾ ആസ്വദിച്ച് ഇരിക്കുമ്പോഴാണ് കാഴ്ചകൾക്ക് മിഴിവേകാൻ ചാറ്റൽ മഴ കൂട്ടിനെത്തിയത്. മുന്നിൽ ഇട തൂർന്ന വനം ഇരുട്ടിന്റെ പുതപ്പിനുള്ളിൽ നിലകൊള്ളുന്നു. അതിനിടയിൽ എവിടെയാണ് ലക്ഷ്യസ്ഥാനം ഒളിഞ്ഞിരിക്കുന്നത്...! പറഞ്ഞറിഞ്ഞതു വച്ച് രണ്ട് കിലോമീറ്ററോളം ഇനിയും വനത്തിനുള്ളിലൂടെ യാത്രയുണ്ട്. എന്തായാലും ആ സാഹസം വേണ്ടെന്ന് വച്ചു. പുതിയ കാഴ്ച തേടി തിരികെ...


സാഹസികതയിലേക്കുള്ള വിളി

തിരികെ വെണ്മണിയിൽ എത്തി. പഴയരികണ്ടം വഴി മുന്നോട്ടുള്ള യാത്രയ്ക്കിടെ ഇടതുവശത്തായി മുകളിലേക്ക് ഒരു കോൺക്രീറ്റ് വഴി കണ്ടു. പ്രകൃതി മാടി വിളിച്ച പോലെ... ആ വഴിയെ നീങ്ങി. കുറച്ചു ദൂരം പിന്നിട്ടതേയുള്ളൂ, സാഹസികത നിറഞ്ഞ യാത്ര തുടങ്ങി. ചെറിയ നീർ ചാലുകളായിരുന്നു ആദ്യം. ശേഷം വലിയ കല്ലുകളെ മറികടന്ന് മലയുടെ മുകളിലെ ഒരു ‘മുട്ടൻ പാറ’യുടെ ചുവട്ടിലാണ് വണ്ടി നിന്നത്, ഇതാണ് വെണ്മണിമേട്.

പാറയുടെ മുകളിൽ നിന്നുമുള്ള കാഴ്ചകൾ മനോഹരമായിരുന്നു, ചുറ്റിലും പച്ച വിരിച്ച മലകൾ തൊട്ടുതൊട്ട് നിൽക്കുന്നു.

venmani 1

കാഴ്ചകളിലൂടെ കണ്ണോടിക്കുമ്പോഴാണ് അൽപം മാറി, രണ്ടുപേർ കൃഷിയിടത്തിൽ പണിയെടുക്കുന്നത് കണ്ടത്.നീളമുള്ള ഒരിനം പുല്ല് വകഞ്ഞ് മാറ്റി നടന്ന് അവർക്കരികെയെത്തി. വർഷങ്ങൾക്കു മുൻപ് അവർ ആ മലയുടെ മുകളിലായിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ താമസം അടിവാരത്തേക്ക്‌ മാറ്റിയെന്നും പറഞ്ഞു. അവരുടെ പഴയ വീടിന്റെ ഭാഗങ്ങളും മറ്റും ഇപ്പോഴും മലമുകളിലുണ്ടത്രെ. ആ വലിയ പാറയുടെ അടിയിൽ ഒരു ഗുഹയുണ്ടെന്ന കാര്യം അറിഞ്ഞത് അവരിൽ നിന്നാണ്. വഴി കാണിച്ചതും അവരാണ്. പത്തോളം പേർക്ക് കഴിയാവുന്ന വിശാലമായ ഒരു ഗുഹ. നാട്ടുകാരായ ചിലരെല്ലാം അതിനകത്ത് അടുപ്പ് കൂട്ടിയതും മറ്റും കാണാം.

ഈ മലയുടെ ഒരറ്റം വെണ്മണി കവലക്ക്‌ മുകളിലാണ്, മനോഹരമായ താഴ്‌വാര കാഴ്ചയും, എപ്പോഴും വീശിയടിക്കുന്ന കോടമഞ്ഞ് നിറഞ്ഞ കാറ്റും കൂടി കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ഒരു രാത്രി ആ മലമുകളിൽ കിടന്ന് ആകാശത്തിലെ നക്ഷത്രം എണ്ണും എന്ന് തീരുമാനിച്ചുറച്ചാണ് മലയിറങ്ങിയത്.


വെണ്മണിമേടിനു മുകളിൽ ഒരു രാത്രി...

venmani 5

ഓരോ യാത്രയും ഒരു തുടർച്ചയാണ്. രാത്രിയിലെ നക്ഷത്രമെണ്ണി ഒരു മലയ്ക്കു മേലെ കിടക്കുന്ന സ്വപ്നം കൂട്ടുകാരുമായി പങ്കുവച്ചതേയുള്ളൂ, ആ ആഗ്രഹത്തിലേക്കുള്ള വഴി തുറന്നു. തൊട്ടടുത്ത ആഴ്ച തന്നെ നൈറ്റ് ക്യാംപിനുള്ള സർവ സന്നാഹങ്ങളുമായി വെണ്മണിമേടിലേക്കുള്ള പ്രയാണം ആരംഭിച്ചു. വണ്ടി വണ്ണപ്പുറം കഴിഞ്ഞ് ഇടുക്കി വഴിയിലെ കയറ്റം കയറാൻ തുടങ്ങിയതോടെ കാറ്റും മഴയും തുടങ്ങി. എന്തായാലും ഈ മഴയത്ത് അവിടെ ടെന്റ് ക്യാംപ് എന്നത് ഓർക്കാൻ പോലും കഴിയാത്ത കാര്യം. എന്തായാലും അവിടെ എത്തിയ ശേഷം തീരുമാനം എടുക്കാം എന്ന ധാരണയിലായി. വെണ്മണിമേടിന് മുകളിലെത്തുമ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞ് ചാറ്റൽ മഴയായിരുന്നു. സമയം രാത്രി ഏഴരയോടടുക്കുന്നു. കൂറ്റാക്കൂരിരുട്ടാണ് എതിരേൽക്കാനെത്തിയത്. പുല്ലും ഇരുട്ടും കാടും മഴയും ഭയപ്പെടുത്തുന്ന ശബ്ദങ്ങളും...എന്തുചെയ്യണം എന്നറിയാതെ കുറേ മനുഷ്യരും. കൂട്ടത്തിൽ പലരും മറ്റ് എവിടേക്ക് എങ്കിലും പോകാമെന്ന് പറഞ്ഞു കൊണ്ടേയിരുന്നു. ആ സമയത്താണ് ഗുഹയെ കുറിച്ച് ഓർത്തത്. അന്ന് വഴികാട്ടിയായി ആ കർഷകരുണ്ടായിരുന്നു. പക്ഷേ ഈ ഇരട്ടിൽ എങ്ങനെ ഗുഹയിൽ എത്തിപ്പെടും! മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തോടെ, തപ്പി തടഞ്ഞ് ആ ഗുഹ തേടി നടന്നു. അരമണിക്കൂറോളം പ്രയാസപ്പെട്ടെങ്കിലും അവസാനം ലക്ഷ്യത്തിലെത്തി. അന്ന് ആ ഗുഹ ആദ്യമായി കണ്ടവരുടെ കണ്ണുകളിൽ എന്തെന്നില്ലാത്ത സന്തോഷവും കൗതുകവും കാണാനായി. എല്ലാവരും ചേർന്ന് പാചകത്തിലും വാചകത്തിലും ജാലവിദ്യ തീർത്ത് പുറത്തെ മഴയെയും ഇരുട്ടിനേയും തോൽപ്പിച്ചു. സമയം പതിനൊന്ന് മണി, മഴമാറിയിരിക്കുന്നു. ആകാശത്ത് നക്ഷത്രങ്ങൾ പൂക്കാലം തീർത്തിരിക്കുന്നു, ഗുഹയിൽ നിന്ന് പുറത്തിറങ്ങി

പാറയ്ക്ക്‌ മുകളിൽ മൂന്ന് ടെന്റുകൾ ക്രമീകരിച്ചു. ‘നക്ഷത്രമെണ്ണി കിടന്ന്’ എപ്പോഴാണ് ഉറങ്ങിയത്!

ഉദയസൂര്യനെ കണികണ്ടുണർന്ന ആ പുലർകാലം വർണിക്കാൻ വാക്കുകൾക്ക് കഴിയില്ല. മലനിരകളെ വാരി പുണർന്നു നിൽക്കുന്ന കോടമഞ്ഞിന്റെ പാൽ കടൽ, ആ വെളുത്ത കടലിൽ നിന്ന് സൂര്യപ്രകാശം ഉയർന്നുവരുന്നു...