Thursday 01 July 2021 02:45 PM IST : By Text and Photo : Annesh Krishnamangalam

നദിയും വെള്ളച്ചാട്ടങ്ങളും വനവും പുൽമേടും താണ്ടി ഹിമാലയ ശൈലത്തിലെ യുല്ല കണ്ടയിൽ... ലോകത്ത് ഏറ്റവും ഉയരത്തിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഒരു യാത്ര

yul1

ഹിമാലയത്തിലെ കിന്നരദേശത്ത്, പർവതമുകളിലെ തടാകനടുവിലൊരു കൊച്ചുക്ഷേത്രമുണ്ട്. അരയോളം ഉയരത്തിൽ പുഷ്പിച്ച് നിൽക്കുന്ന വർണച്ചെടികളും, നോക്കെത്താ ദൂരത്തോളം കോടമഞ്ഞൊളിച്ചു കളിക്കുന്ന പുൽമേടുകളും, അതിനിടയിലൂടെ കണ്ണുനീർ പോലെ തെളിഞ്ഞ് 'കള കള' ശബ്ദത്തോടെ പതഞ്ഞൊഴുകുന്ന കൊച്ചരുവികളും, ഹിമപർവതങ്ങളിൽ നിന്നും ചിതറി വീഴുന്ന വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ചേർന്ന സ്വർഗ്ഗതീരം. കഥകളിൽ കേട്ടതിനെക്കാൾ മനോഹരമായ, കവിത പോലെ സുന്ദരമായ പ്രദേശം. അതാണ് "യുല്ല കണ്ട". സൗന്ദര്യം മാത്രമല്ല അതിന്റെ സവിശേഷത, അവിടെയാണ് ലോകത്ത് ഏറ്റവും ഉയരത്തിലുള്ള ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഹിമാചൽപ്രദേശിൽ റിക്കോങ് പിയോവിലെ ടാക്സി ഡ്രൈവർ രാജ്കുമാറാണ് യാത്രയ്ക്ക് വഴി തുറന്നത്. റിക്കോങ് പിയോവിൽ നിന്ന് ആരംഭിച്ച യാത്ര സായാഹ്നത്തോടെ ടാപ്‌രി വഴി യുല്ല ഖാസ് ഗ്രാമത്തിലെത്തി. അന്നു രാത്രി അവിടെ താമസിച്ചു. പുലർച്ചെ യുല്ല കണ്ടയിലേക്കു നടന്നു തുടങ്ങണം. രാജിന്റെ ചേട്ടന്റെ മകൻ യോഗേഷ് നേഗി ഞങ്ങളുടെ വഴികാട്ടിയാകും.

ഉണർന്നപ്പോൾ 5 മണിയായി. പുറത്തേക്ക് നോക്കിയപ്പോൾ പകൽ പോലെ വെളിച്ചം. പ്രഭാത ഭക്ഷണത്തിന് ശേഷം അത്യാവശ്യ സാധനങ്ങൾ മാത്രം ബാഗിലാക്കി എട്ടു മണിയോടെ നടക്കാൻ ആരംഭിച്ചു. യോഗേഷും ബന്ധുവായ മനോജ് നേഗിയുമാണ് കൂടെ വരുന്നത്. പഴുത്ത് നിൽക്കുന്ന ആപ്പിളും ചുള്ളിയും നിറഞ്ഞ വഴിത്താര. ചുള്ളിപ്പഴം എത്ര വേണമെങ്കിലും പറിച്ച് തിന്നാം. ആപ്പിൾ അങ്ങിനെ പറിക്കാൻ പാടില്ല. അനുവാദം വേണം. അര മണിക്കൂർ നടന്ന് ഒരു വെള്ളച്ചാട്ടത്തിനു സമീപമെത്തി. യുല്ലയിലെ തടാകത്തിൽ നിന്നും ഒഴുകിയെത്തുന്ന "യുൽഡങ്ങ് " നദിയിലെ വെള്ളം പലയിടത്തും മനോഹര ജലപാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഒരു വളവിനപ്പുറം വഴിയാകെ ഇടിഞ്ഞ് താഴേക്ക് പോയിരിക്കുന്നു. കല്ലുകൾ ഉരുട്ടി മാറ്റി കാലു വെയ്ക്കുവാനുള്ള അല്പം ഇടം ഉണ്ടാക്കിയിട്ടുണ്ട്. ഇൗ ഭാഗം വേഗം കടക്കണമെന്ന് മനോജ് പറഞ്ഞു. കല്ലുകൾ വല്ലതും താഴേക്ക് വരുന്നുണ്ടോയെന്ന് നോക്കികൊണ്ട് അതിവേഗം അപ്പുറം കടന്നു. വലതു വശം അഗാധമായ കൊക്കയാണ്. അതിന്റെ ചെരുവിലൊരിടത്ത് യുല്ലയിലെ സെക്കൻഡറി വിദ്യാലയം കാണാം. മറുവശത്ത് കുത്തനെ ഉയർന്നു നിൽക്കുന്ന പർവത മുകളിൽ ഒരു ഗ്രാമമുണ്ട്, മീരു.

yul2

പതഞ്ഞൊഴുകുന്ന "ഗോയിങ് രങ്ക്‌" എന്ന ചെറിയ വെള്ളച്ചാട്ടം കുറുകെ കടന്നു. അവിടം മുതൽ കുത്തനെ പടവുകൾ തുടങ്ങുകയാണ്. ഇരുവശവും കനത്ത കാട്. ദൂരെ മുകളിൽ മൂന്നു നാല് വീടുകളുണ്ട്. ചുറ്റും കല്ലു കൊണ്ട് തട്ട് തിരിച്ച് നിരപ്പാക്കി അവിടെയെല്ലാം രാജ്മയും മറ്റും കൃഷി ചെയ്തിട്ടുണ്ട്. ഇവർക്കു പുറം ലോകവുമായി വലിയ ബന്ധമൊന്നും കാണില്ല. തുടർന്നുള്ള വഴിയാകെ ദേവദാരൂ, ഭൂർജ് മരങ്ങളാണ്. തലേദിവസം പെയ്ത മഴയിൽ വഴിയാകെ കുഴഞ്ഞ് കിടന്നതിനാൽ നല്ല വഴുക്കലുണ്ട്. കുട പോലെ നിൽക്കുന്ന വന്മരങ്ങളുടെ ചുവട് നാളുകളായി മഴയെൽക്കാത്ത പോലെ ഉണങ്ങിക്കിടക്കുന്നു. പുലിയും കരടിയുമൊക്കെയുള്ള ഭാഗമാണിവിടം. സമയം പന്ത്രണ്ട് മണിയായി, ആകാശം ഇരുണ്ട് മൂടിയിട്ടുണ്ട്. ആരും മഴക്കോട്ട്‌ എടുത്തിട്ടില്ല. റികോങ് പിയോവിൽ നിന്ന് വാങ്ങാൻ സാധിച്ചില്ല. വനമേഖല അവസാനിക്കുന്ന ഭാഗത്ത് തീർഥാടകരെ സ്വാഗതം ചെയ്യുന്ന കമാനവും ഗെയിറ്റും കണ്ടു. ഇനി മുകളിലേക്ക് പുൽമേടുകളാണ്. ഓരോ പുൽത്തുമ്പിലും ഓരോ തരത്തിലുള്ള വർണപ്പൂക്കൾ.

yul3

മഴക്കാലം കഴിഞ്ഞ് പുല്ല് വളർന്ന് വഴിയാകെ മൂടിയിരിക്കുന്നു. മൂടൽ മഞ്ഞ് വന്നു പൊതിഞ്ഞതോടെ പത്തടി അകലെയുള്ള കാഴ്ചകൾ പോലും മറഞ്ഞു. പരിചിതരായ യോഗേഷിനും മനോജിനും പലപ്പോഴും വഴി തെറ്റി. മഞ്ഞിനുള്ളിൽ നിന്നും ഒരു യുവാവും യുവതിയും എതിരെ വന്നു. ചണ്ഡീഗഡ് സ്വദേശികളാണ്. സംസാരത്തിനിടയിൽ കൈയിൽ കരുതിയ "മലാന ക്രീം" എന്നറിയപ്പെടുന്ന മയക്കുമരുന്ന് അവർ കാണിച്ചു. ഇതുപയോഗിച്ചാണവർ തണുപ്പിനെ അതിജീവിക്കുന്നതത്രെ.

അപ്പോഴെക്കും മഴ തുടങ്ങി. യുല്ല കണ്ടയിലെ ക്ഷേത്രത്തിനു രണ്ട് കിലോമീറ്റർ താഴെ സർക്കാര്‍ ഒരു ഷെഡ് പണിതിട്ടുണ്ട്. ഇന്ന് രാത്രി അതിൽ കഴിച്ചു കൂട്ടാമെന്നാണ് യോഗേഷ് പറഞ്ഞത്. കനത്ത മൂടൽ മഞ്ഞ് മൂലം പുൽമേട്ടിൽ എവിടെയാണ് ഷെഡ് എന്നറിയാതെ കറങ്ങി. ഒടുവിൽ എങ്ങിനെയൊക്കെയോ ഷെഡ് തേടി പിടിച്ച് അകത്ത് കയറി. മൂന്ന് മുറികളായി തിരിച്ചിരിക്കുന്ന ഷെഡിൽ ഒരെണ്ണം താമസിക്കാനും മറ്റൊരെണ്ണം പശുക്കൾക്കുമാണ്. മൂന്നാമത്തെ മുറി പൂട്ടിയിരിക്കുന്നു. പൊടിയും ചാണകവും നിറഞ്ഞ ആ മുറിയിലുണ്ടായിരുന്ന വലിയ പലകകൾ യോഗേഷും മനോജും കൂടി നിരത്തിയിട്ട്‌ അടിച്ചു വാരി വൃത്തിയാക്കി. വിറക് കത്തിച്ച് അരി അടുപ്പത്തു വച്ചു. എല്ലാവരും സ്ലീപിങ് ബാഗിന്റെ ചൂടിലേക്ക് ചുരുണ്ട് കൂടി. നനഞ്ഞ് കുതിർന്ന വസ്ത്രങ്ങളും ഷൂവും അടുപ്പിന്റെ സമീപം ഉണങ്ങാനിട്ടു.

yul4

പുലർച്ചെ വിപിനാണ് വിളിച്ചുണർത്തിയത്. പുറത്തു വന്നു നോക്കിയപ്പോൾ പാൽക്കടൽ പോലെ മൂടൽ മഞ്ഞ് താഴ്‌വരയിൽ നിന്നും മെല്ലെ മലകയറി വരുന്നു. ആകാശം തെളിഞ്ഞ് നിൽക്കുകയാണ്. മുകളിലേക്ക് പോകാൻ നല്ല കാലാവസ്ഥ. ക്യാമറ ഒഴികെയുള്ള എല്ലാ ലഗേജുകളും മുറിയുടെ ഒരുമൂലയിൽ ഒതുക്കി വച്ചു. ആരും എടുക്കില്ലെന്ന് മനോജ് പറഞ്ഞു. പൊതുവേ ഹിമാലയവാസികൾ സത്യ സന്ധരാണ്. പ്രഭാത ഭക്ഷണമായി നൂഡിൽസ് കഴിച്ച് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. സിഗ് സാഗ് രീതിയിൽ ഒറ്റയടിപ്പാത മുകളിലേക്ക് പോകുന്നു. കാൽമുട്ടുകൾക്ക് വേദന അനുഭവപ്പെട്ട് തുടങ്ങി. കിതപ്പിനൊപ്പം ഹൃദയം അതിശക്തിയായി മിടിക്കാൻ തുടങ്ങി. സഹയാത്രികൻ രാജേഷ് പോണാടിന് എന്തോ അവശതയുണ്ടെന്ന് തോന്നി. നോക്കുമ്പോൾ തീ പോലെ പനി. കൈയിലുണ്ടായിരുന്ന മരുന്ന് കഴിച്ചെങ്കിലും ക്ഷീണം കുറഞ്ഞില്ല. ഇത്രദൂരം വന്നിട്ട് മുകളിൽ ക്ഷേത്രം കാണാതെ പോകാൻ അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചില്ല. പയ്യെ ഓരോ ചുവടും വച്ച് ആദ്യഭാഗത്തെ കയറ്റം കയറി വിശ്രമിച്ചു.

പർവതത്തിന്റെ അങ്ങേ ചെരുവിലേക്ക്‌ നീണ്ട് കിടക്കുന്ന താഴ്‌വര. ഇളം പച്ച പുല്ലിനിടയിൽ നൂറു കണക്കിന് പശുക്കൾ മേഞ്ഞ് നടക്കുന്നു. ആ പച്ച വിരിപ്പിൽ തുന്നിച്ചേർത്ത മുത്തുകൾ പോലെ വെളുത്ത നിറമുള്ള വലിയ കല്ലുകൾ. അതിനു നടുവിലൂടെ യുല്ലനാള എന്ന അരുവി പതഞ്ഞൊഴുകുന്നു.

yul5

മേഞ്ഞു നടക്കുന്ന പശുക്കൂട്ടത്തിൽ നിന്നും മനോജ് തന്റെ പശുക്കളെ കാണിച്ചു. അവയുടെ എണ്ണം മാത്രം അറുപതിനു മുകളിൽ വരും. മഞ്ഞുകാലം കഴിഞ്ഞ് മലമുകളിൽ സമൃദ്ധമായി പുല്ല് വളരുന്ന മാസങ്ങളിൽ ഗ്രാമീണർ തങ്ങളുടെ പശുക്കളെ മുകളിൽ കൊണ്ട് പോയി വിടും. ആ സമയത്ത് മല മുകളിൽ ചെല്ലുന്ന ആർക്കും അവയെ കറന്നു പാൽ ഉപയോഗിക്കാം. അവിടെ കഴിയുന്ന കാലം കുറെ പശുക്കളെങ്കിലും പുലികൾക്ക് ഇരയാകും. ഒക്ടോബർ മാസത്തോടെ ദേവദാരു ഒഴികെയുള്ള മരങ്ങൾ ഇലപൊഴിക്കാൻ തുടങ്ങും. പുല്ല് കരിഞ്ഞ് തീറ്റ ഇല്ലാതാവുന്നതോടെ പശുക്കൾ തനിയെ ഗ്രാമത്തിലേക്ക് മടങ്ങും.

മുകളിലായി ക്ഷേത്രത്തിന്റെ കൊടിക്കൂറ കണ്ടതോടെ എല്ലാവരും ഉത്സാഹത്തോടെ നടന്നു. വഴിയിലെ പുല്ലിലൂടെ ഇഴയുന്ന പാമ്പുകളെ പിടിക്കാൻ തലക്ക് മുകളിൽ പരുന്തുകൾ വട്ടമിടുന്നുണ്ട്. കയറ്റം കയറിയെത്തിയപ്പോൾ അൻപതടി അകലെയായി ക്ഷേത്ര മേൽകൂര തെളിഞ്ഞു. ദീർഘ വൃത്താകൃതിയിലുള്ള തടാകത്തിന് നടുവിൽ കൊച്ചു ക്ഷേത്രം. തടിയിലുള്ള ഭിത്തിയും കല്ലു പാകിയ മേൽകൂരയും. വെള്ളത്തിന് കുറുകെ കൽപാളികൾ നിരത്തിയിട്ട ചെറിയൊരു വഴിയിലൂടെ ക്ഷേത്രമുറ്റത്തെത്തി. അകത്ത് ശ്രീകൃഷ്ണന്റെ മനോഹരമായ വെങ്കലവിഗ്രഹം. വലത് വശത്ത് രാധയുടെ ചെറിയൊരു വിഗ്രഹം. ഇടത് വശത്ത് മഹാരാജാവ് പാണ്ഡുവിന്റെ ഛായാ ചിത്രം. വനവാസകാലത്ത് പാണ്ഡവർ ഇവിടെ താമസിച്ചിരുന്നതായാണ് ഐതീഹ്യം. തങ്ങളുടെ മാർഗ്ഗദർശിയായ ശ്രീ കൃഷ്ണനെ ആരാധിക്കുവാൻ യുല്ലയിലെ അരുവിയിൽ ചിറകെട്ടി ഒരു തടാകം നിർമിച്ചു. അതിനു നടുവിൽ പ്രതിഷ്ഠ നടത്തിയതായും പിൽകാലത്ത് മനോഹരമായ ക്ഷേത്രം നിർമിച്ചതായും കിന്നരന്മാർ വിശ്വസിക്കുന്നു. 13000 അടി മുകളിലാണ് യുല്ല കണ്ട ശ്രീകൃഷ്ണക്ഷേത്രം.

yul6.

ക്ഷേത്രത്തിൽ വിളക്കുകൾ കത്തിച്ച് ചന്ദന തിരികളും പൂക്കളും അർപ്പിച്ച് മനോജ് പുറത്തിറങ്ങി. മരവിക്കുന്ന തണുപ്പാണ് തടാകത്തിലെ ജലത്തിന്. തടാകത്തിൽ അരയൊപ്പം വെള്ളത്തിലിറങ്ങി ക്ഷേത്രം പ്രദക്ഷിണം വെക്കുന്നതാണ് ഇവിടുത്തെ ആചാരം. മരവിച്ച വെള്ളത്തിലൂടെ ഓടി മൂന്ന് തവണ പ്രദക്ഷിണം പൂർത്തിയാക്കിയത് മനോജും യോഗേഷും മാത്രം. തടാകത്തിന് ചുറ്റും തോരണങ്ങൾ. ക്ഷേത്ര സാമഗ്രികൾ സൂക്ഷിക്കുന്ന ഒറ്റമുറിയുള്ള ചെറിയൊരു കെട്ടിടം തടാകക്കരയിലുണ്ട്. യുല്ലകണ്ട പർവതത്തിന്റെ മദ്ധ്യ ഭാഗത്താണ് തടാകവും ക്ഷേത്രവും.

കിന്നറിലെ പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രമായ യുല്ലകണ്ടയിൽ ശ്രാവണ മാസത്തിലെ ജന്മാഷ്ടമി ദിവസം മാത്രമേ പൂജ നടക്കാറുള്ളൂ. പൂക്കളുടെ ഉത്സവമായ "ധാക് രീൻ " ആണ് യുല്ല ഖാസ് ഗ്രാമത്തിന്റെ പ്രധാന ആഘോഷം . ദേവനാഗരി ലിപിയിലുള്ള കലണ്ടറും ചന്ദ്രനെയും നോക്കിയാണ് ഉത്സവത്തിന്റെ ദിവസം തീരുമാനിക്കുക.

yul7

രണ്ട് മണിക്കൂറോളം മുകളിൽ തങ്ങിയ ശേഷം മടക്കയാത്ര ആരംഭിച്ചു. പല അംഗീകൃത ട്രെക്കിങ്ങ് ഏജൻസികളും യുല്ലയിലേക്ക്‌ ട്രെക്കിങ്ങ് നടത്തുന്നുണ്ട്. പക്ഷേ കിന്നരൻമാരുടെ കൂടെ അവരുടെ വീട്ടിൽ താമസിച്ച് പോകുവാൻ സാധിച്ചത് വലിയൊരു അനുഭവമാണ്. മലയാളികൾ ആരെങ്കിലും അവിടെ വന്നതായി അവർക്കോർമയില്ല. യോഗേഷും മനോജും അവരുടെ ബന്ധുവായ അനിലും ചേർന്നാണ് പ്രാദേശികമായി ട്രെക്കിങ്ങ് നടത്തുന്നത്. ഭക്ഷണവും താമസവുമൊക്കെയായി വളരെ കുറഞ്ഞ തുക മാത്രമേ അവർ ഈടാക്കിയുള്ളൂ. ചെറുതെങ്കിലും ടൂറിസത്തിലൂടെ വരുമാനം കണ്ടെത്താൻ അവരും ശ്രമിക്കുന്നു. അന്ന് രാത്രി കൂടി അവരുടെ വീട്ടിൽ താമസിച്ച് പിറ്റേന്ന് രാവിലെ മലയിറങ്ങി.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India