പശ്ചിമഘട്ട വനത്തിൽ കാണപ്പെടുന്ന ഒരേയൊരു കാട്ടാട് ഇനത്തെ കാണാൻ എവിടെ പോകണം? ഉത്തരം ഒന്ന് മാത്രം, നീലക്കുറിഞ്ഞികൾ പൂക്കുന്ന ഇരവികുളത്തെ രാജമലയിലേക്ക്
ഏതു വന്യജീവിയിലും ഉത്കണ്ഠയും അസ്വസ്ഥതയും ഭയവുമുണർത്തുന്നതാണ് മനുഷ്യ സാന്നിധ്യം. കാട്ടിൽ തന്റേതായ പ്രദേശം അടക്കിവാഴുന്ന കടുവകളിൽ പോലും അവന്റെ ഭൂപരിധിയിലെത്തുന്ന മനുഷ്യനിൽ നിന്ന് അകന്നു നിൽക്കാനുള്ള പ്രവണതയാണ് കണ്ടിട്ടുള്ളത്. കടുവയെ പോലും നിശ്ചിത ദൂരപരിധിയിൽ നിന്ന് വീക്ഷിക്കാറുള്ള മാനുകളും മ്ലാവുകളും മനുഷ്യനെ കാണുമ്പോൾ തന്നെ ഓടിമറയും. എന്നാല്‍ ഇതിൽനിന്നു ഭിന്നമായ സ്വഭാവമാണ് ഇരവികുളത്തെ വരയാടുകളുടേത്.
രാജമലയിലേക്ക്
ഇതുവരെ കണ്ടതിൽ എന്നെ ഏറെ വശീകരിച്ച ഇടമാണ് ഇരവികുളം ദേശീയോദ്യാനം. ഓരോ ഋതുവിലും ഓരോ വിധമാണ് ഇവിടത്തെ മലനിരകൾ. ഇടുക്കി ജില്ലയിൽ മൂന്നാറിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം അതിന്റെ പ്രകൃതിശോഭയാലും അപൂർവമായ വന്യജീവികളാലുമെല്ലാം സമ്പന്നമാണ്. നീലക്കുറിഞ്ഞി പൂക്കുന്ന കാലം കഴിഞ്ഞാല്‍ വരയാടുകൾ തന്നെയാണ് അവിടെ പ്രധാന ആകർഷണം. വരയാടുകളുടെ പ്രജനന
കാലം കഴിഞ്ഞ ഉടനെയാണ് ഇരവികുളത്തെ രാജമലയിലെത്തിയത്. ഈ യാത്രയിൽ ഉറ്റുനോക്കിയിരുന്നത് ഇരവികുളത്തെ വരയാടുകളെയും ദിവസങ്ങൾ മാത്രം പ്രായമുള്ള വരയാടിൻ കുഞ്ഞുങ്ങളെയും അവരുടെ കൗതുകമുണർത്തുന്ന കാഴ്ചകളും തന്നെയായിരുന്നു.
ഏറെ പ്രതീക്ഷകളോടെയാണ് മൂന്നാറിൽ നിന്നു രാവിലെ ഇരവികുളത്തേക്കു വണ്ടി കേറിയത്. എന്നാൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതിരുന്നതിനാൽ അക്ഷമനായി വരിയിൽ നിൽക്കേണ്ടിവന്നു. ഒടുവിൽ ടിക്കറ്റുമെടുത്ത് പ്രവേശന കവാടത്തിൽ നിന്നു പുറപ്പെടുന്ന വനംവകുപ്പ് ബസ്സിൽ കയറിയിരുന്നു. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ രാജമല ലക്ഷ്യം വച്ച് ബസ് മുന്നോട്ടു നീങ്ങി. വരയാടുകളെ കാണാന്‍ ബസ്സിറങ്ങി രാജമല ടൂറിസം സോണിലേക്ക് നടന്നു കയറണം. മലനിരകള്‍ക്കിടയിലെ തണുത്ത കാറ്റ് വീശുന്ന പാതയിലൂടെ ഇളംവെയിലുമേറ്റ് നടന്നു. സദാ വാചാലരായി പറന്നുനടക്കുന്ന ചാരക്കുട്ടന്‍ ഷ്രൈക്കും (Long tailed Shrike) പളനി ചിലപ്പനും (Palani Laughingthrush) കരിങ്കിളിയും (Indian Blackbird) മഞ്ഞ ഇലക്കുരുവിയുമെല്ലാം (Tickell's Leaf Warbler) കണ്ണിനും ക്യാമറയ്ക്കും ഹരം പകര്‍ന്നു.
വഴി തടഞ്ഞ് വരയാട്
സമുദ്രനിരപ്പിൽ നിന്ന് 1,200 മുതല്‍ 2,600 മീറ്ററോളം ഉയരത്തിൽ വസിക്കുന്ന വരയാടുകൾ പൊതുവേ തണുപ്പു കാലാവസ്ഥ ഇഷ്ടപ്പെടുന്നവയാണ്. പാറക്കെട്ടുകളും പുല്‍മേടുകളും ചോലവനങ്ങളും ചേര്‍ന്ന് ശീതാന്തരീക്ഷത്തോടുകൂടി അവരുടെ ജീവിത സാഹചര്യങ്ങളോടിണങ്ങിയ ഏറ്റവും മികച്ച ആവാസവ്യവസ്ഥയാണ് ഇരവികുളത്തും രാജമലയിലുമെല്ലാം പ്രകൃതി ഇവയ്ക്ക് ഒരുക്കിയിരിക്കുന്നത്. ഏറെ നടക്കേണ്ടി വന്നില്ല, ദാ..! കുറച്ചകലെ നിന്ന് എന്റെ നേര്‍ക്ക് വരുന്ന പൂര്‍ണ വളര്‍ച്ചയെത്തിയ വരയാട് കണ്ണില്‍പ്പെട്ടു. എന്റെ സാമിപ്യം അറിഞ്ഞ അവൻ ഓടിമറയുമോ എന്ന വെപ്രാളത്തിൽ പെട്ടെന്ന് തന്നെ ക്യാമറയും ലെൻസുമെല്ലാം സെറ്റാക്കി ചിത്രം പകർത്താൻ ഒരുങ്ങിനിന്ന എന്നെ മണ്ടനാക്കി പുച്ഛഭാവത്തിൽ യാതൊരുവിധ ഭയവും കൂടാതെ തൊട്ടരികിലൂടെ വളരെ സാവധാനം അവൻ നടന്നു പോയി.
കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോൾ ദാ വരുന്നു കുഞ്ഞുങ്ങളും പെണ്ണുങ്ങളും ചെറുപ്പക്കാരുമെല്ലാം അടങ്ങുന്ന ഒരൊന്നൊന്നര വരയാടിന്‍ ഫാമിലി. എന്നെ അൽപം പോലും മൈന്‍ഡ് ചെയ്യാതെ അവർ ചുറ്റുപാടും ചിതറി നടന്നു. ട്രാഫിക് ബ്ലോക്കിൽ പെട്ട അവസ്ഥയായിരുന്നു എന്റേത്. മനുഷ്യരോട് ഭയമോ ഉത്കണ്ഠയോ കൂടാതെയാണ് ഇവിടെ വരയാടുകൾ വിഹരിക്കുന്നത്. മറ്റു വനമേഖലകളിൽ കാണുന്ന വരയാടുകൾ മ്ലാവുകളെയും കൂരമാനുകളെയുമെല്ലാം പോലെ മനുഷ്യനെ കാണുമ്പോഴേക്കും സുരക്ഷിതസ്ഥാനത്തേക്ക് ഓടിയകലുന്ന സ്വഭാവക്കാരാണെങ്കിൽ മനുഷ്യരോട് മുട്ടിയുരുമ്മി നടക്കുന്ന വരയാടുകളെയാണ് ഇരവികുളത്ത് കാണാനാവുക.
നിരന്തരം വന്നുപോകുന്ന ടൂറിസ്റ്റുകളുടെ സാമിപ്യമാണ് അതിന്റെ പ്രധാന കാരണം. വനപാലകരും സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷിതാവിനെപോലെ ചുറ്റുപാടും സംരക്ഷണം ഒരുക്കിയിട്ടുള്ളതിനാൽ ടൂറിസ്റ്റുകളില്‍നിന്നു യാതൊരുവിധ ഉപദ്രവങ്ങളും അവര്‍ക്ക് ഉണ്ടാകുന്നില്ല. അത് തന്നെയാണ് സുധീരമായി വിഹരിക്കാനുള്ള മനോഭാവം ഇരവികുളത്തെ വരയാടുകൾക്കിടയിൽ ഉണ്ടാക്കിയെടുത്തത്. മനുഷ്യരെ കണ്ടു പരിചയിച്ച വാൽപ്പാറയിലെ വരയാടുകളും ഏറെക്കുറെ ഈ സ്വഭാവക്കാർ തന്നെയാണ്.
തെളിഞ്ഞ നീലാകാശവും ഷോലവനങ്ങളോടുകൂടിയ ഗിരിശൃംഗങ്ങളും മാത്രമുള്ള രാജമലയുടെ ഫ്രെയ്മിൽ മഞ്ഞുതുള്ളികളിൽ കുതിര്‍ന്നു നില്‍ക്കുന്ന പച്ചപ്പുല്‍പരപ്പില്‍ മേയുന്ന വരയാടിൻകൂട്ടം വർണ്ണനയ്ക്കതീതമായിരുന്നു. എങ്കിലും എന്റെ കണ്ണുകൾ പരതിയതു രാജമലയുടെ നാളെകളെ ഭരിക്കാൻ പിറവിയെടുത്ത പുതിയ തലമുറയെ!!
ആട്ടിൻകൂട്ടത്തിനിടയിലേക്ക് ഞാൻ ചെരിഞ്ഞും മറഞ്ഞും കണ്ണോടിച്ചു. നാലോളം കുഞ്ഞുങ്ങളെ കൂട്ടത്തില്‍ പലയിടത്തായി കാണാനായി. വരയാടിൻ കൂട്ടത്തിൽ അമ്മയുടെ സംരക്ഷണ പരിധി വിട്ടുപോവാതെ ചുറുചുറുക്കോടെ ചാടിയോടി നടക്കുന്ന കുഞ്ഞുങ്ങളുടെ ആ കാഴ്ച വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. അവയുടെ ലാളിത്യം തുളുമ്പുന്ന പ്രകൃതം എന്നെ ഏറെ നേരം അവിടെ പിടിച്ചിരുത്തി.
സഹ്യനിലെ ഏക കാട്ടാട്
വരയാടുകളുടെ ഇണചേരൽ കാലം പൊതുവേ ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മഴക്കാലത്താണ്. പ്രസവകാലം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തണുത്തതും തെളിഞ്ഞതുമായ കാലാവസ്ഥയിലാണ്. ആറുമാസത്തോളമാണ് ഗര്‍ഭകാലം. അതിനാല്‍ത്തന്നെ വർഷത്തിൽ ഒരു തവണയാണ് പ്രസവം നടക്കുന്നത്. ഒരു കുട്ടിയാണ് പതിവ്. പ്രസവിച്ച് ഏതാനും നിമിഷങ്ങൾക്കകം കുഞ്ഞ് എഴുന്നേറ്റ് നിൽക്കാനും നടക്കാനും തുടങ്ങും. വരയാടുകളുടെ സംരക്ഷണാര്‍ത്ഥം അവയുടെ പ്രജനന കാലയളവില്‍ ഇരവികുളം ദേശീയോദ്യാനം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാറില്ല.
വരയാടുകൾ മിക്കവാറുംകൂട്ടമായിട്ടാണ് സഞ്ചരിക്കുക. ഒരു സംഘത്തിൽ പെണ്ണാടുകളാണ് കൂടുതലായുണ്ടാകുക. പ്രായപൂർത്തിയായ ആണാടുകൾ സാധാരണ സംഘത്തിൽ നിന്ന് മാറിയായിരിക്കും സഞ്ചരിക്കുന്നത്.
ഇവ ഇണചേരൽകാലത്ത് സംഘത്തിൽ എത്തുകയും അതിന് ശേഷം കൂട്ടം വിടുകയും ചെയ്യും. ഇക്കാലത്ത്
ഇണകൾക്കു വേണ്ടി ആണാടുകൾ പരസ്പരം ഏറ്റുമുട്ടാറുണ്ട്.
ലോകത്ത് പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്ത് കേരളത്തിലും തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലുമായി പരന്നുകിടക്കുന്ന നീലഗിരി ജൈവ വൈവിദ്ധ്യമണ്ഡലത്തിലെ ചില പ്രത്യേക ഭൂപ്രകൃതിയില്‍ മാത്രം കണ്ടുവരുന്ന ആടുവിഭാഗമാണ് വരയാടുകള്‍. നീലഗിരി മലനിരകളിലും അതിനോട് ചേര്‍ന്ന് കിടക്കുന്ന ഇടങ്ങളിലും മാത്രം കണ്ടുവരുന്നതിനാല്‍ നീലഗിരി താർ (Nilgiri Tahr) എന്നും പേരുണ്ട്. തമിഴ്നാടിന്റെ സംസ്ഥാന മൃഗംകൂടിയായ ഇവരുടെ സാന്നിധ്യം കൂടുതലായുള്ളത് പക്ഷേ, കേരളത്തിലാണ്. ഇരവികുളം ദേശീയോദ്യാനത്തിൽ തന്നെയാണ് ഏറ്റവും കൂടുതൽ വരയാടുകളെ കാണപ്പെടുന്നതും.
പശ്ചിമഘട്ടത്തിലെ ഏക കാട്ടാടായ വരയാടുകളുടെ ആവാസവ്യവസ്ഥ കൃത്യമായി സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ വൈകാതെ തന്നെ ഇവരുടെ വംശം അറ്റുപോവാനുള്ള സാധ്യത ഏറെയാണ്. വരയാടുകളുടെ രാജമല വരയാടുകളുടെ സംരക്ഷണം മുന്നിൽ കണ്ടുകൊണ്ടാണ് ഇരവികുളത്തെ വനമേഖലയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തില്‍ ഇരവികുളത്തിനു പുറമേ നെയ്യാര്‍, ചിന്നാര്‍, ഗവി, വാല്‍പ്പാറ, ഷോളയാര്‍, സൈലന്റ് വാലി തുടങ്ങിയ വനമേഖലകളിലെല്ലാം വരയാടുകളെ കാണാനാവുന്നുണ്ട്. എന്നാല്‍ അടുത്തിടെ കാട്ടില്‍ ക്യാമറ സ്ഥാപിച്ച് രാജ്യത്താദ്യമായി നടപ്പാക്കിയ വരയാട് സർവേയിൽ ചാലക്കുടി, മലയാറ്റൂര്‍ വനം ഡിവിഷനുകളിലും നെല്ലിയാംപതിയിലും വരയാടിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് പ്രതീക്ഷയുണർത്തുന്നുണ്ട്.
പൂർണമായും സസ്യഭുക്കുകളായ വരയാടുകൾ പകലാണ് സജീവമാകുന്നത്. പുല്ലും കുറ്റിച്ചെടികളും ഇലകളുമൊക്കെയാണ് ആഹാരം. രാവിലേയും വൈകുന്നേരങ്ങളിലും ഭക്ഷണം തേടി മേഞ്ഞു നടക്കും. ഉച്ചസമയത്ത് സൂര്യൻ അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുമ്പോൾ പാറക്കെട്ടുകളുടെ താരതമ്യേന സുരക്ഷിതമായ തണലിൽ വിശ്രമിക്കുകയാണ് പതിവ്. വരയാടിന്‍കൂട്ടം വിശ്രമിക്കുമ്പോൾ കുറഞ്ഞത് ഒരു അംഗമെങ്കിലും ജാഗ്രത പാലിക്കുന്നു.
പരുപരുത്ത രോമങ്ങളാൽ നിറഞ്ഞ ഇവയുടെ ശരീരത്തിന് മഞ്ഞ കലർന്ന ഇരുണ്ട തവിട്ടു നിറമാണ്. ഉദരത്തിലും കഴുത്തിലും വെള്ളനിറം കാണാം. വളയങ്ങൾ പോലെയുള്ള അടയാളങ്ങളോടുകൂടി പിന്നിലോട്ട് വളഞ്ഞ ചെറിയ കൊമ്പുകൾ ആണാടിനും പെണ്ണാടിനുമുണ്ട്. 100 മുതൽ 140 സെന്റി മീറ്ററോളം നീളവും ഏതാണ്ട് 100 മുതൽ 110 സെന്റീ മീറ്റര്‍ ഉയരവും വരുന്ന വരയാടുകളിൽ പെണ്ണാടുകൾക്ക് ശരാശരി 50 ഉം ആണാടുകൾക്ക് 100 കിലോ ഗ്രാം വരെയും തൂക്കവുമുണ്ടാവാറുണ്ട്. കാഴ്ചയിലും പെണ്ണാടുകളെക്കാൾ വളരെ വലുപ്പം തോന്നിക്കുന്നവയാണ് ആണാടുകൾ. കുത്തനെയുള്ള പാറക്കെട്ടുകളിലൂടെ അനായാസം സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇവയുടെ കാലുകൾ. വിജ്ഞാനകുതുകികളായ വിനോദ സഞ്ചാരികള്‍ക്ക് വരയാടിനെ അടുത്തറിയാനും പഠിക്കാനും ഇത്രയേറെ സൗകര്യമുള്ള മറ്റൊരിടം ഇല്ല എന്നു പറയാം. ശീതക്കാറ്റോട്കൂടി പച്ചപുതച്ചു കിടക്കുന്ന ഇരവികുളത്തെ മലനിരകളുടെ കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനസ്സിനെകൂടി തണുപ്പിക്കുന്നതാണ്..
രാജമല നാഷനൽ പാർക്കിന്റെ സമീപ ടൗൺ മൂന്നാർ ആണ്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് ശേഷം 2 വരെയാണ് പ്രവേശനം. വരയാടുകളുടെ പ്രജനനകാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പാർക്കിലേക്ക് സന്ദർശകർക്ക് പ്രവേശനമില്ല.