മുപ്പത്തി രണ്ട് ദിവ്യ ലക്ഷണങ്ങളുള്ള, ചിരിച്ചാൽ ദുശ്ശകുനമായി കണക്കാക്കുന്ന കാഠ്മണ്ഡുവിലെ ജീവിക്കുന്ന ദൈവം, കുമാരി ദേവി... ലോകസഞ്ചാരി അഞ്ജലി തോമസ് കുമാരി ദേവിയെ കണ്ട അനുഭവം പങ്കു വയ്ക്കുന്നു backpcker Anjaly Thomas describes her encounter with Kumari Goddess of Kathmandu
2024 നവംബറിലെ നേപ്പാൾ ട്രിപ്പിനിടയിൽ ഒരു ദിവസം. ആകാംക്ഷാഭരിതരായിരുന്ന മുഖങ്ങൾ മുകളിലെ സങ്കീർണമായ കൊത്തുപണികൾ നിറഞ്ഞ കട്ടിളകളുള്ള ജനാലയില്‍ തന്നെ കണ്ണുകളുറപ്പിച്ച് നിന്നു. ദേവി ദർശനം നൽകാനെത്തുന്നത് അവിടെയാണ്. പെട്ടന്ന് ഒരു പുരുഷൻ അവിടേക്ക് കടന്നു വന്ന് ക്യാമറകൾ എല്ലാം ഓഫ് ചെയ്ത് മാറ്റി വയ്ക്കാൻ നിർദേശിച്ചു. ദേവിയുടെ ചിത്രം പകർത്താൻ ആരേയും അനുവദിക്കില്ല. കാഠ്മണ്ഡു ദർബാർ സ്ക്വയറില് വെള്ള സിംഹങ്ങൾ കാവൽ നിൽക്കുന്ന കുമാരി ഘർനു മുൻപിലെ വിനോദസഞ്ചാരികളുടെ കൂട്ടം തിരക്കിട്ട് ക്യാമറകളും ഫോണുകളും മാറ്റിവച്ച് തങ്ങളുടെ ശ്രദ്ധ ആ ജനാലയിലേക്ക് തിരിച്ചു.
ഒരു നിമിഷം കഴിഞ്ഞപ്പോൾ, ചിരിക്കാനറിയാത്ത പെൺകുട്ടിയുടെ മുഖഭാവത്തോടെ ഒരു യുവതി അലങ്കൃതമായ ജാലകത്തിനു സമീപം പ്രത്യക്ഷമായി. ഒപ്പം ആൾക്കൂട്ടത്തിൽ നിന്ന് ആരവങ്ങളുയരുകയും ചെയ്തു. കടും നിറങ്ങളിലെഴുതിയ കണ്ണുകൊണ്ട് ആൾക്കൂട്ടത്തെ ആകമാനമൊന്ന് വീക്ഷിച്ച ശേഷം ദേവി പെട്ടന്നു തന്നെ അകത്തേക്ക് പിൻവലിഞ്ഞു.
എന്താ ചിരിക്കാത്തേ?
അവരെന്താ ചിരിക്കാത്തത്? ആരോ പിറുപിറുത്തു. ദേവി ചിരിക്കുന്നത് ദുശ്ശകുനമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായ ഇത്തരം ദർശനങ്ങൾ പക്ഷേ, ഭാഗ്യം കൊണ്ടുവരുമെന്നാണ് പറയുന്നത്. മറ്റൊരാൾ മറുപടി നൽകി. ആ സംവാദം അവിടെ തീർന്നു, സഞ്ചാരികൾ സാവധാനം അവിടെ നിന്ന് പിൻവാങ്ങി. അതിമനോഹരമായ നേവാരി കലയുടെ മാതൃകയും വിസ്മയിപ്പിക്കുന്ന കൊത്തുപണികളോടു കൂടിയവയുമായ സ്തംഭങ്ങൾ നിറഞ്ഞ കുമാരി ഘർ വീണ്ടും ആളോഴിഞ്ഞ പ്രദേശമായി.
ഇപ്പോൾ കണ്ട കുട്ടിയെപ്പോലെ വേറെ പതിനൊന്ന് കുമാരിമാർ കൂടി നേപ്പാളിന്റെ പല ഭാഗങ്ങളിലായിട്ടുണ്ട്. എന്നാൽ ഇവിടെ ദർശനം തന്ന കാഠ്മണ്ഡു കുമാരിയെ രാജകുമാരിയായിട്ടാണ് കണക്കാക്കുന്നത്. കഠിനമായ കുറേ പ്രക്രിയകളിലൂടെ കടന്നുപോയ ശേഷമാണ് 32 ദിവ്യലക്ഷണങ്ങളുള്ള ഇവരെ കുമാരി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്. ഈ കുട്ടിക്ക് പ്രായപൂർത്തിയാകുന്നതു വരെ ആ സ്ഥാനത്ത് തുടരാം, അതിനു ശേഷം മറ്റൊരു ബാലികയെ ആ സ്ഥാനത്തേക്ക് കണ്ടെത്തുന്നു. കാഠ്മണ്ഡു കുമാരിയുടെ വാസസ്ഥാനം 18ാം നൂറ്റാണ്ടിൽ ജയ പ്രകാശ് മല്ല രാജാവ് ആണ് കുമരി ഘർ പണികഴിപ്പിച്ചത്. 1966 ൽ പുതുക്കി പണിത കെട്ടിടമാണ് ഇപ്പോൾ കാണുന്നത്.
തലേജു ഭവാനിയുടെ പ്രതിനിധി
നേപ്പാളിന്റെ ഏറ്റവും കൗതുകകരമായ സാംസ്കാരിക പാരമ്പര്യങ്ങളിലൊന്നിന് സാക്ഷിയായതിന്റെ ആവേശത്തിലാണ് ഞാൻ ദർബാർ സ്ക്വയറിലേക്ക് എത്തിയത്. കാഠ്മണ്ഡു താഴ്‌വരയിലെ നേവാരി ഹിന്ദുക്കളുടെ സംരക്ഷണ ദേവത തലേജു ഭവാനിയുടെ പ്രതിനിധിയായാണ് ജീവിക്കുന്ന ദേവിയെ കണക്കാക്കുന്നത്. പുരാതനകാലത്ത് നേപ്പാളിലെ രാജാക്കൻമാർ തലേജു ദേവിയുടെ ഉപാസകരായിരുന്നു എന്നും അവരിൽ സംപ്രീതയായിരുന്ന ദേവി പലപ്പോഴും കൊട്ടാരത്തിലെത്തി രാജാവിനൊപ്പം ചൂതുകളി പോലുള്ള വിനോദങ്ങളിലും ഏർപ്പെട്ടിരുന്നു. എന്നാൽ ഒരിക്കൽ എന്തോ അനിഷ്ടം സംഭവിച്ച ദേവി രാജാവിനോട് പിണങ്ങി. ഇനി മേലിൽ തന്നെ കുട്ടിയുടെ അഥവാ കുമാരിയുടെ രൂപത്തിലേ കാണാൻ സാധിക്കൂ എന്നു പറഞ്ഞ് തലേജു ദേവി അവിടെ നിന്ന് പോയി എന്നാണ് ഐതീഹ്യം. അങ്ങനെയാണ് അപൂർവമായ ആചാരം ആരംഭിക്കുന്നത്.
രണ്ട് ആഴ്ച മുൻപാണ് അന്ന് കിളിവാതിലിൽ മുഖം കാട്ടിയ പുഞ്ചിരിക്കാത്ത ദേവതയായ കുമാരി തന്റെ സ്ഥാനം രണ്ടര വയസ്സ് മാത്രമുള്ള ആര്യതാര ശാക്യ കുമാരി ഘറിലെ പുതിയ ദേവതയായി വാഴിക്കപ്പെട്ട വാർത്തകൾ കണ്ടത്. ദേവതാ പരിവേഷങ്ങളഴിച്ചു മാറ്റി അജ്ഞാതയായ യുവതിയായി ഗ്രാമപ്രദേശങ്ങളിൽ ജീവിതം തുടരുമത്രേ.