ഇന്ന് ലോകപോസ്റ്റൽ ദിനം... സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലുമുണ്ട് ചില സവിശേഷ പോസ്റ്റ് ഓഫിസുകൾ. ഹിമാലയം മുതൽ അന്റാർട്ടിക്ക വരെ നീളുന്ന സഞ്ചാര വഴികളിൽ ഇടം പിടിച്ച തപാൽപ്പെട്ടികൾ...
സഞ്ചാരികൾക്ക് കത്തുകളും പോസ്റ്റ് ഓഫിസുകളും അനിവാര്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഡെസ്റ്റിനേഷനുകളിലെ പരിചയക്കാരെ എത്തിച്ചേരുന്ന തീയതികളും ഇടവുമൊക്കെ മുൻകൂട്ടി അറിയിക്കാനും നീണ്ട പര്യടനങ്ങളിലെ വിശേഷങ്ങൾ വീട്ടുകാരെയും സുഹൃത്തുക്കളെയുമൊക്കെ അറിയിക്കാനുമൊക്കെ കത്തുകളയച്ചിരുന്ന ആ കാലം പോയ്മറഞ്ഞു. എങ്കിലും ലോകത്തിന്റെ പല ഭാഗത്തുമുള്ള ചില വിശേഷ പോസ്റ്റ് ഓഫിസുകൾ എക്കാലവും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം പിടിച്ചവയാണ്. ഇന്നും സഞ്ചാരികൾ ആ സ്ഥലങ്ങളിലെത്തുമ്പോൾ അവിടത്തെ പോസ്റ്റ് ഓഫിസുകൾ സന്ദർശിക്കും. തന്റെ തന്നെ പേരും മേൽവിലാസവും എഴുതിയ ഒരു സുവനീർ കാർഡ്, അല്ലെങ്കിൽ പ്രിയപ്പെട്ടവരുടെയോ ചങ്ങാതിമാരുടെയോ ഒക്കെ അഡ്രസ്സെഴുതിയ കാർഡുകൾ അവിടത്തെ തപാൽപ്പെട്ടിയിൽ നിക്ഷേപിക്കും. മറക്കാനാവാത്ത സഞ്ചാരത്തിന്റെ സ്മരണ നിലനിർത്താനായിട്ട്...
ലോകത്ത് ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫിസ്
ഹിമാചൽ പ്രദേശിലെ സ്പിതി പ്രദേശത്തുള്ള ഹിക്കിം ഗ്രാമത്തിലാണ് ലോകത്ത് ഏറ്റവും ഉയരത്തിലുള്ള തപാൽ ഓഫിസ് പ്രവർത്തിക്കുന്നത്. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് കടലിന്റെ അടിത്തട്ടിൽ നിന്ന് പൊങ്ങി വന്നതാണെന്ന് കരുതപ്പെടുന്ന സ്പിതി താഴ്‌വരയിലെ വേറിട്ട ഭൂപ്രകൃതി പോലെ തന്നെ അമ്പരപ്പിക്കുന്നതാണ് ഈ പോസ്റ്റ് ഓഫിസിന്റെ കാഴ്ചയും. മണ്ണും ചെളിയും കല്ലുകളും ഉണ്ടാക്കിയ ലഡാക്കി ശൈലിയിലുള്ള വീടുകൾക്കപ്പുറത്താണ് ചുവപ്പ് കുപ്പായമണിഞ്ഞ ഈ നിർമിതി.
സഞ്ചാരി രമ്യ എസ് ആനന്ദ് ഹിക്കിം പോസ്റ്റ് ഓഫിസിന്റെ സന്ദർശനം വിവരിക്കുന്നു... ‘‘14567 അടി ഉയരെ ലോകത്തിന്റെ നെറുകയിലെന്ന പോലെയുള്ള പോസ്റ്റ് ഓഫിസ് കാണാൻ എത്തിയവരാണ് ഗ്രാമത്തിലെ സന്ദർശകർ ഏറെയും.
ഇന്റർനെറ്റ്, ഫോൺ സൗകര്യങ്ങൾ, തുടങ്ങിയ വാർത്ത വിനിമയെ ഉപാധികളൊന്നും ഇല്ലാത്ത നാട്ടിൽ സന്ദേശങ്ങൾ കൈമാറാനായുള്ള ഒരേ ഒരു ചാലകമായി ആ പോസ്റ്റ് ഓഫീസ് വർത്തിക്കുന്നു. ദൂരങ്ങളിൽ നിന്ന് എത്തുന്ന സന്ദേശങ്ങളോ മണിയോര്‍ഡറുകളോ കാത്ത് ഗ്രാമവാസികൾ ദിനവും പോസ്റ്റ് ഓഫീസിൽ വന്ന് അന്വേഷിക്കുന്നു. പോസ്റ്റുമാൻ ആകട്ടെ ഏതാണ്ട് 30 വർഷമായി ഇവിടുത്തെ പോസ്റ്റ് മാസ്റ്ററാണ്– പേര് റിൻജൻ ചെറിങ്. ഓഫീസ് സ്ഥാപിതമായതിനുശേഷം ഇവിടെ പോസ്റ്റ് മാനായി ജോലി ചെയ്ത ഒരേയൊരു വ്യക്തി അദ്ദേഹം മാത്രമാണ്.
ഹിക്കിം പോസ്റ്റ് ഓഫീസ് പ്രവർത്തനമാരംഭിച്ചത് 1983 നവംബറിൽ ആയിരുന്നു. ആദ്യകാലത്ത് പുല്ലുമേഞ്ഞ ഒരു കുഞ്ഞൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫീസ് ഇപ്പോൾ ഒരു പോസ്റ്റ് ബോക്സിന്റെ ആകൃതിയിൽ തന്നെ പണികഴിപ്പിച്ച നിർമ്മിതിയാണ്.
തൊട്ടടുത്തുള്ള കടകളിൽ പോസ്റ്റ് കാർഡുകൾ വിൽപ്പനയ്ക്കുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവർക്കായി സന്ദേശങ്ങൾ കുറിച്ചിട്ട കാർഡുകൾ സ്റ്റാമ്പ് ഒട്ടിച്ച് പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ് എല്ലാവരും. ഇവിടെ പോസ്റ്റ് ചെയ്യപ്പെടുന്ന കത്തുകൾ ഐതിഹാസിക യാത്രകൾ കഴിഞ്ഞാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുക. രണ്ട് അഞ്ചലോട്ടക്കാർ മെയിലുകളുമായി കാസയിലേക്ക് നടന്നു പോകും. അവിടെ നിന്നു മെയിലുകൾ ബസിലേറി റോകോങ് പിയോയിലേക്ക്. തുടർന്ന് ഷിംല. വീണ്ടും ട്രെയിനിലേറി കൽക്കയിലേക്ക്. കൽക്കയിൽ നിന്നും കാർഗോ ബസിൽ ഡൽഹിയിൽ. ഡൽഹിയിൽ നിന്നാണ് യഥാർത്ഥ സ്ഥലത്തേക്കുള്ള യാത്ര ആരംഭിക്കുന്നത്. അവസാനം കഠിനപാതകൾ താണ്ടി ഓരോ കത്തും അത് ആഗ്രഹിച്ചിരിക്കുന്നവരുടെ കൈയിലേക്കെത്തുന്നു.. ലോകത്തിന്റെ ഉയരങ്ങളിൽ നിന്നും 172114 എന്ന പിൻകോഡുമായി.
ഞാനും മകളും മത്സരിച്ചു കാർഡുകൾ എഴുതിക്കൂട്ടി. പ്രാണവായു കുറഞ്ഞ, തണുപ്പേറിയ ഹിമമുടികൾക്കരുകിൽ നിന്നെഴുതിയ ചൂടൻ സ്നേഹത്തിന്റെ സന്ദേശങ്ങൾ മാസങ്ങൾ കഴിഞ്ഞ് ഉടമകളെ തേടി അവ എത്തുക തന്നെ ചെയ്തു എന്നോർക്കുമ്പോഴാണ് ആഹ്ലാദം പരകോടിയിലെത്തിയത്.’’
സാന്തായുടെ സന്ദേശം
ഭൂമിയുടെ വടക്കേ അറ്റത്തോട് ചേർന്ന് കിടക്കുന്ന ഫിൻലൻഡിൽ പോകുകയാണെങ്കിൽ അവിടെയുമുണ്ട് സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഒരു പോസ്റ്റ് ഓഫിസ്. അവിടെ നിന്ന് പ്രധാനമായും ആശംസകളയക്കുന്നത് ഒരാളാണ്... സാക്ഷാൽ ക്രിസ്മസ് അപ്പൂപ്പൻ. മഞ്ഞുപുതച്ച മണ്ണിലൂടെ റെയിൻഡീർ വലിക്കുന്ന വാഹനത്തിൽ തെന്നിത്തെന്നി വരുന്ന, ചുവപ്പ് കുപ്പായമിട്ട വെള്ളത്താടിക്കാരൻ സാന്തായുടെ സന്ദേശം ചങ്ങാതിമാർക്കുമൊക്കെ അയയ്ക്കാൻ ഇവിടെ സൗകര്യമുണ്ട്.
ഫിന്നിഷ് ലാപ്‌ലാൻഡിലെ സാന്താക്ലോസ് വില്ലേജിലാണ് സാന്ത പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന്് സാന്താക്ലോസിന്റെ പേരിൽ എല്ലാ സമയത്തും എവിടേക്ക് വേണമെങ്കിലും കത്തുകളോ ആശംസാകാർഡുകളോ ഒക്കെ അയയ്ക്കാം. കുറഞ്ഞ വിലയിൽ തുടങ്ങി അത്യാവശ്യം ചെലവുള്ള കാർഡുകൾ വരെ ഇവിടെ കടകളിൽ മേടിക്കാൻ കിട്ടും. അവ വാങ്ങി, സാന്തായുടെ മനോഹരമായ ചിത്രമുള്ള സ്റ്റാംപും ഒട്ടിച്ച് പോസ്റ്റ് ചെയ്യാം.
രണ്ട് തപാൽ പെട്ടികളുണ്ട് സാന്താ പോസ്റ്റ് ഓഫിസിൽ. ഒന്നിൽ പോസ്റ്റ് ചെയ്യുന്ന കത്തുകൾ ദിവസങ്ങള്‍ കൊണ്ട് ലോകത്ത് എവിടെയുമെത്തും. എന്നാൽ രണ്ടാമത്തെ പെട്ടിയിൽ എപ്പോൾ പോസ്റ്റ് ചെയ്താലും അതിനു ശേഷമുള്ള ക്രിസ്മസ് കാലത്തായിരിക്കും മേൽവിലാസക്കാരന് ലഭിക്കുക. ആർട്ടിക്ക് സർക്കിളിന്റേയും സാന്താക്ലോസിന്റെയും സവിശേഷതകൾ ഇവിടെ നിന്ന് അയയ്ക്കുന്ന കത്തുകളിലെ പോസ്റ്റൽ സീലുകളിൽ ദൃശ്യമാകും.
വെള്ളത്തിൽ പൊങ്ങിക്കിടക്കും പോസ്റ്റ് ഓഫിസ്
ലോകത്തിലെ ഏക ഫ്ലോട്ടിങ് പോസ്റ്റ് ഓഫിസ് ഇന്ത്യയിലാണുള്ളത്. ഭൂമിയിലെ സ്വർഗമായ കശ്മീരിൽ ഡാൽ തടാകത്തിലാണ് വെള്ളത്തിൽ പൊങ്ങിക്കിടന്ന് തപാലോഫിസ് പ്രവർത്തിക്കുന്നത്. തലസ്ഥാനമായ ശ്രീനഗറിന്റെ ഹൃദയഭാഗത്തുള്ള തടാകത്തിലെ ചെറുദ്വീപുകളിലും ഫ്ലോട്ടിങ് വില്ലേജിലുമായി ഏകദേശം അമ്പതിനായിരത്തോളം ജനങ്ങൾ വസിക്കുന്ന ജനവാസകേന്ദ്രം കൂടിയാണ്. അവർക്കായിട്ടാണ് ഇന്ത്യാ പോസ്റ്റിന്റെ ഫ്ലോട്ടിങ് പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നത്. ഒഴുകി നടക്കുന്ന ശിക്കാരവള്ളങ്ങൾക്കും അനങ്ങാതെ നിൽക്കുന്ന ഹൗസ്ബോട്ടുകൾക്കും ഇടയിലൂടെ വെള്ളത്തിൽ അതിവേഗം സഞ്ചരിക്കുന്ന വാട്ടർ ആംബുലൻസും പൊങ്ങിക്കിടക്കുന്ന മെഡിക്കൽ സ്‌റ്റോറും പോലെ ദാൽതടാകത്തിലെ കൗതുകക്കാഴ്ചയാണ് ഫ്ലോട്ടിങ് പോസ്റ്റ്ഓഫീസ്.
സൗത്ത് പസഫിക്ക് രാജ്യമായ വന്വാട്ടുവിൽ 2003 മുതൽ അണ്ടർവാട്ടർ പോസ്‌റ്റോഫീസ് പ്രവർത്തിക്കുന്നുണ്ട്. തലസ്ഥാനമായ പോർട്ട്് വിലയ്ക്കു സമീപം ഹൈഡ്എവേ ഐലൻഡിലാണ് ഇത്. ഡൈവ് ചെയ്തോ സ്നോർക്കൽ ചെയ്തോ വെള്ളത്തിനടിയിലുള്ള ഓഫിസിൽ എത്തിയാൽ വാട്ടർപ്രൂഫ് കാർഡുകൾ മേടിച്ച് എഴുതി അവിടെ പോസ്റ്റ് ചെയ്യാം.
പെൻഗ്വിൻ പോസ്‌റ്റോഫിസ്
മഞ്ഞുമൂടിയ പാറക്കെട്ടുകൾക്കിടയിൽ, ഐസ് കട്ടകൾ ഒഴുകി നടക്കുന്ന കടൽ തീരത്ത്, ചിറകടിച്ചു വിളിക്കുന്ന പെൻഗ്വിനുകൾക്ക് ഇടയിലൂടെ നടന്ന് ചെന്ന് ഒരു കത്ത് പോസ്‌റ്റ് ചെയ്താലോ? സ്വപ്നമല്ല ഈ ദൃശ്യം. അന്റാർട്ടിക്കയിലെ പോർട്ട് ലോക്‌റോയ് പോസ്റ്റോഫീസ് അറിയപ്പെടുന്നത് തന്നെ പെൻഗ്വിൻ പോസ്റ്റ്ഓഫിസ് എന്നാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടിഷ് ബെയ്സ് ആയി ജനവാസം തുടങ്ങിയ പോർട്ട് ലോക്‌റോയ് പിന്നീട് ബ്രിട്ടിഷ് അന്റാർട്ടിക് സർവേ വകുപ്പ് ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിക്കുകയാണ്. 70000 ഓളം തപാൽ നീക്കങ്ങൾ ഒരുവർഷം ഇവിടെ നടക്കാറുണ്ട്.
എവറസ്റ്റ് ബെയ്സ് ക്യാംപിലെയും ഈഫൽ ടവറിലെയും ഒക്കെ പോസ്റ്റ് ഓഫിസുകൾ സഞ്ചാരികളെ എന്നും ആകർഷിക്കുന്നവയാണ്.