വീസയെ കുറിച്ചുള്ള കാര്യങ്ങൾ അറിയാമോ! രാജ്യാന്തരയാത്രകൾ പ്ലാൻ ചെയ്യും മുൻപ് അറിയാം ഈ വീസാവിശേഷങ്ങൾ
ഒരു സഞ്ചാരിയെ സംബന്ധിച്ച് രാജ്യാന്തര യാത്രയിൽ ഏറ്റവും നിർണായകമായ രേഖയാണ് വീസ. മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കാന്‍ വേണ്ട അനുമതിപത്രമാണിത്. പോകുന്ന രാജ്യത്ത് പഠിക്കാനോ ജോലി ചെയ്യാനോ താമസിക്കാനോ ആ രാജ്യത്തിന്റെ അധികാരികൾ നൽകുന്ന അനുവാദമാണ് വീസ. ചിലപ്പോഴൊക്കെ, നയതന്ത്ര ബന്ധങ്ങൾ മൂലം പരസ്പരം രണ്ട് രാജ്യത്തിലെയും പൗരന്മാർക്ക് വീസ ഇല്ലാതെ സഞ്ചരിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാകാറുണ്ട്. നിലവില്‍ ഏറ്റവും പ്രബലമായ പാസ്പോർട്ട് സിംഗപ്പൂരിന്റേതാണ്. ലോകത്തിലെ 195 രാജ്യങ്ങൾ അവർക്ക് വീസ ഫ്രീയാണ്. ഖേദകരം എന്ന് പറയട്ടെ, ഈ കാര്യത്തിൽ ഇന്ത്യക്കാരുടെ അവസ്ഥ അൽപം പരിതാപകരമാണ്. എങ്കിലും ഇന്ത്യൻ പാസ്പോർട്ട് വച്ച് കുറച്ചൊക്കെ രാജ്യങ്ങളിൽ നമുക്കും വിസയില്ലാതെ സന്ദർശിക്കാം. ആ ഗണത്തിൽപ്പെടുന്നത് മിക്കവാറും ആഫ്രിക്കയിലോ അല്ലെങ്കിൽ കരീബിയൻ ദേശങ്ങളിലോയുള്ള രാജ്യങ്ങളാണ്. എന്നാലും ഇതിൽ ചില നല്ല മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഈയടുത്ത് മലേഷ്യയും ഫിലിപ്പീൻസും ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ നൽകിത്തുടങ്ങിയത്. ഓരോ രാജ്യത്തിലേക്കും കടക്കാനുള്ള വീസയുടെ തരങ്ങളിൽ വ്യത്യാസമുണ്ട്. പക്ഷേ, ശ്രദ്ധിക്കേണ്ട കാര്യം ഇതിൽ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരാം എന്നുള്ളതാണ്.
ചില രാജ്യങ്ങളിൽ പ്രവേശിക്കണമെങ്കിൽ ഇന്റർവ്യൂ അടക്കമുള്ളവ അഭിമുഖീകരിക്കേണ്ടതുണ്ട് എന്നത് മറ്റൊരു കാര്യം..
വീസകൾ വിശേഷങ്ങൾ
ടൂറിസ്റ്റ് വീസ, സ്റ്റുഡന്റ് വീസ, വർക്ക്സ് വീസ, ബിസിനസ് വീസ, ട്രാൻസിറ്റ് വീസ, ഡിപ്ലോമാറ്റിക് വീസ തുടങ്ങി വീസകൾ പല തരമുണ്ട്. മറ്റൊരു രാജ്യത്തേക്ക് പോകുമ്പോൾ വഴിമധ്യേ ഒരുരാജ്യത്ത് കുറച്ച് സമയം കഴിയേണ്ടി വരുമ്പോൾ എടുക്കുന്ന വീസയാണ് ട്രാൻസിറ്റ് വീസ. സർക്കാർ ഉദ്യോഗസ്ഥർക്ക്, നയതന്ത്രപ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന വീസയാണ് ഡിപ്ലോമാറ്റിക് വീസ.
വീസ പലവിഭാഗങ്ങളിലായി അനുവദിക്കുന്നു. ചില രാജ്യങ്ങളിലേക്ക് കടക്കാൻ വീസ ആവശ്യമേയില്ല (No visa required/freedom of movement). ഇത് പൊതുവെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം അനുസരിച്ചാണ് തീരുമാനിക്കുന്നത്. ഈയൊരു തരത്തിൽ യാത്ര ചെയ്യാൻ പാസ്പോർട്ട് പോലും വേണ്ട. ഇന്ത്യക്കാർക്ക് നേപ്പാളിലും ഭൂട്ടാനിലും ഇത്തരത്തിൽ പോകാവുന്നതാണ്. നേപ്പാൾ സന്ദർശിക്കാൻ ആധാർ, ഇലക്ഷൻ ഐഡി എന്നിവയിലേതെങ്കിലും കയ്യിൽ വച്ചാൽ മതി. ഭൂട്ടാനില്‍ വീസ ആവശ്യമില്ലെങ്കിലും എൻട്രി പെർമിറ്റ് എടുക്കണം. പാസ്പോർട്ട് അല്ലെങ്കിൽ ഇലക്ഷൻ ഐഡി കാർഡ് ആണ് ഭൂട്ടാൻ സന്ദർശിക്കാൻ വേണ്ട രേഖകൾ.
എന്നാൽ ഈയടുത്തായി ഇന്ത്യക്കാർക്ക് അവർ SDF (sustainable development fees) ഏർപ്പെടുത്തിയിട്ടുണ്ട്.
ഓരോ ദിവസത്തിനും 1250 രൂപയോളമാണ് നിരക്ക്.
ഒരു രാജ്യത്തേക്ക് പോകാൻ വീസ വേണ്ടെങ്കിൽ അതിനെ ഫ്രീ വീസ ഓൺ അറൈവൽ (free visa on arrival) എന്ന് പറയാം ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇതൊരു പക്ഷേ, പ്രത്യേക കാലയളവിന് മാത്രം അനുവദിക്കുന്നതാകാം.
പാസ്പോർട്ട്, തിരികെവരാനുള്ള വിമാന ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് വൗചർ, ഒരു നിശ്ചിത തുക എന്നിവയും നമ്മുടെ പക്കൽ വേണം. മലേഷ്യ, ഫിലിപ്പീൻസ്, റുവാണ്ട, മാലിദ്വീപ്, കസാക്കിസ്ഥാൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെല്ലാം ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ ആണ്.
പലതരം, പലരീതി
ഒരു രാജ്യത്ത് പോകുമ്പോൾ മുൻകൂട്ടി വിസ എടുക്കേണ്ട എന്നതിനെ വീസ ഓൺ അറൈവൽ എന്ന് പറയുന്നു.
ആ രാജ്യത്ത് ചെന്നിറങ്ങിയാൽ അവിടെ ഒരു നിശ്ചിത കാശ് അടച്ചാൽ നമുക്ക് വീസ ലഭിക്കും.
നമ്മുടെ കയ്യിൽ റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ റൂം ബുക്കിംഗ് വൗചർ കൂടാതെ അവിടെ ചെലവഴിക്കാനുള്ള പണം തുടങ്ങിയവ ഉണ്ടായിരിക്കണം. നിലവിൽ ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ നൽകുന്ന രാജ്യങ്ങളാണ് ഇന്തൊനീഷ്യ,മ്യാൻമർ, ടാൻസാനിയ, സിംബാവെ, ടിമോർ - ലെേസ്റ്റ, ലാവോസ് എന്നിവ. ഓരോ രാജ്യത്തിലും ഫീസ് നിരക്കിൽ വ്യത്യാസമുണ്ട്.
ഒരു രാജ്യം സന്ദർശിക്കണമെങ്കിൽ മുൻകൂട്ടി തന്നെ വീസ എടുക്കണം എന്നാൽ പാസ്പോർട്ട് എവിടേയും നൽകേണ്ടതില്ല എന്നതാണ് ഇ– വീസയുടെ പ്രത്യേകത. ഓരോ രാജ്യത്തിനും അവരുടേതായ എമിഗ്രേഷൻ വെബ്സൈറ്റ് ഉണ്ടാകും. അതിൽ പോയി നിശ്ചിത രേഖകൾ വച്ച് അപേക്ഷിച്ചാൽ വീസ ലഭിക്കും. പിന്നീട് ആ രാജ്യം സന്ദർശിക്കുമ്പോൾ അവർ പാസ്പോർട്ടിൽ ഒരു സ്റ്റാമ്പ് അടിച്ചു തരും. ഇതിൽ തന്നെ രണ്ട് വിഭാഗമുണ്ട്.
നമുക്ക് തന്നെ അപേക്ഷിക്കാവുന്ന വീസയാണ് ആദ്യത്തേത്.രാജ്യത്തെ എമിഗ്രേഷൻ വെബ്സൈറ്റിൽ പോയി വേണ്ട രേഖകൾ സമർപ്പിച്ചാൽ നമുക്ക് വീസ ലഭിക്കും.
സാംബിയ, അസർപൈജാൻ, ബഹ്റൈൻ, ഉസ്ബെക്കിസ്റ്റാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇങ്ങനെ വീസ എടുക്കാം. അംഗീകൃത ട്രാവൽ ഏജന്റ് അല്ലെങ്കിൽ ട്രാവൽസ് വഴി നേടാവുന്ന ഇ– വീസയാണ് രണ്ടാമത്തേത്.
ഇതിന് പാസ്പോർട്ട് അയച്ചുകൊടുക്കേണ്ട ആവശ്യമില്ല. ഇത് പൊതുവെ കണ്ടുവരുന്നത് യുഎഇ,ഒമാൻ പോലുള്ള GCC രാജ്യങ്ങളുടെ വീസ കാര്യത്തിലാണ്.
എംബസി വഴി ലഭിക്കുന്ന വീസയാണ് അടുത്ത വിഭാഗം. ഇവ ലഭിക്കാൻ എംബസിയിൽ നിർദിഷ്ട രേഖകൾക്കൊപ്പം പാസ്പോർട്ടും സമർപ്പിക്കണം. ചില രാജ്യങ്ങളുടെ വീസ ലഭിക്കാൻ അഭിമുഖം, ബയോമെട്രിക്സ് എന്നിവയുണ്ട്. അമേരിക്കൻ വീസയ്ക്ക് അഭിമുഖവും ഷെങ്കൻ, യുകെ വീസയ്ക്ക് ബയോമെട്രിക്സും ഉണ്ട്. ഇന്ത്യയിൽ പൊതുവേ മിക്ക രാജ്യങ്ങൾക്കും എംബസി ഉണ്ട്. കൂടാതെ ചില രാജ്യങ്ങൾക്ക് കോൺസുലേറ്റും.