സമീപകാലത്ത് ഇന്ത്യയിൽ ഏറെ സഞ്ചാരികളെ ആകർഷിച്ച ഇടമാണ് കശ്മീർ. പ്രായഭേദമെന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന, പ്രകൃതിഭംഗിക്കും സാഹസിക സഞ്ചാരികൾക്കും ബൈക്ക് റൈഡേഴ്സിനും ഉല്ലസിക്കാൻ മാത്രം പോകന്നവർക്കും ഒക്കെ ആഹ്ലാദിക്കാനുള്ള വഴിയുണ്ട് ഇവിടെ.

മഞ്ഞും മഴയും വസന്തവും വേനലും വ്യക്തമായി വേറിട്ട് അനുഭവിക്കാവുന്ന ഇടമാണ് കശ്മീർ. ഓരോ ഋതുവിലും വ്യത്യസ്ത സൗന്ദര്യവുമാണ്.

ADVERTISEMENT

നവംബർ മുതൽ ഫെബ്രുവരി വരെ നീളുന്ന മഞ്ഞുകാലത്തിന്റെ മധ്യത്തോടെയാണ് ഓരോ വർഷവും ആരംഭിക്കുന്നത്. ഈ സമയം ഉയർന്ന താപം 15 ഡിഗ്രിയാണെങ്കിൽ താഴ്ന്ന താപം ചിലപ്പോൾ പൂജ്യത്തിൽ താഴെ എത്താറുണ്ട്. കടുത്ത ശൈത്യം അനുഭവപ്പെടുന്ന ശ്രീനഗറിൽ ദാൽ തടാകം മഞ്ഞുറഞ്ഞ് കട്ടയാകാറുണ്ട്. ഹിമാലയൻ നിരകളിൽപെട്ട ഗുൽമാർഗ്, പഹൽഗാം മുതലായ ഹിൽസ്‌റ്റേഷനുകളിൽ താഴ്‌വര വരെ മഞ്ഞ് മൂടും. അവിടെ സ്കീയിങ്, സ്കേറ്റിങ് തുടങ്ങിയ മഞ്ഞിലെ വിനോദങ്ങൾ അരങ്ങേറുക പതിവാണ്. ഈ സമയത്ത് സഞ്ചരിക്കുമ്പോൾ തണുപ്പിനെ പ്രതിരോധിക്കാൻ സഹായകമായ വസ്ത്രങ്ങളും പാദരക്ഷകളും മറ്റും കരുതണം.

ശൈത്യകാലത്ത് ജമ്മുവിലേക്കുള്ള ട്രെയിൻ യാത്ര, പ്രത്യേകിച്ച് ബനിഹാൾ–ബാരമുള്ള ലൈനിലെ മഞ്ഞ് മൂടിയ പാതയിലൂടെയുള്ളത് ഏറെ മനോഹരമാണ്.

ADVERTISEMENT

മാർച്ച് മുതൽ മേയ് വരെയാണ് ഏറ്റവും മനോഹരമായ കാലാവസ്ഥ. മിതമായ ചൂടും തണുപ്പും അനുഭവപ്പെടുന്ന, വർണവൈവിധ്യമുള്ള പൂക്കൾ വിടരുന്ന ഈ സമയമാണ് സംസ്ഥാനത്തെ ടൂറിസം സീസൺ. ശ്രീനഗറിലെ പ്രശസ്തമായ മുഗൾ ഗാർഡനുകളിലെ പൂച്ചെടികൾ മാർച്ചിലും ഇന്ത്യ‌യിലെ ഏക ടുലിപ് ഉദ്യാനമായ ശ്രീനഗർ ടുലിപ് ഗാർഡൻ ഏപ്രിൽ ആദ്യവും പൂക്കളാൽ നിറയുന്നു. ഏപ്രിൽ പകുതി വരെയൊക്കെ ഹിൽസ്‌റ്റേഷനുകളിൽ ഉയർന്ന ഭാഗത്ത് മഞ്ഞ് കാണാറുണ്ട്.

ജൂൺ മുതൽ സെപ്തംബർ വരെ ഈ പ്രദേശങ്ങളിൽ വർഷകാലമാണ്. താപനില 20–30 ഡിഗ്രിയിലായിരിക്കുമെങ്കിലും മഴ രസംകൊല്ലിയാകുന്നതിനാൽ വിനോദസഞ്ചാരത്തിന് ഓഫ് സീസണാണ്. എന്നാൽ വിമാനടിക്കറ്റും റൂംചാർജുകളും കുറവാകുമെന്നതിനാൽ ഈ സമയത്ത് ബജ‍റ്റ് യാത്രകൾ സാധിക്കും.

ADVERTISEMENT

ഒക്ടോബർ–നവംബർ മനോഹരമായ കാലാവസ്ഥയാണ്. ഈ സീസണിന്റെ മധ്യത്തിലാണ് കുങ്കുമപ്പാടങ്ങളിലെ കൊയ്ത്തുകാലം. നവംബർ പകുതിയോടെ മഞ്ഞുകാലം ആരംഭിക്കും. മഞ്ഞുപൊഴിയുന്ന കശ്മീർ ആസ്വദിക്കാൻ ഇതാണ് നല്ല സമയം.

കേരളത്തിൽ നിന്ന് ന്യൂഡൽഹിയിൽ ഇറങ്ങി അവിടെ നിന്ന് ജമ്മുവിലേക്ക് ട്രെയിൻ യാത്ര തുടരാം. അതാണ് ഏറ്റവും ചെലവു കുറഞ്ഞ യാത്രാമാർഗം. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കും മറ്റു ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കും പൊതുഗതാഗതം ഉപയോഗിക്കുകയോ ഷെയർ ടാക്സികളെ ആശ്രയിക്കുകയോ ചെയ്യാം. നിശ്ചിത സമയ പരിധിയിലുള്ള യാത്രകൾക്ക് ഈ രീതി പ്രയോജനപ്പെടണമെന്നില്ല.

ലഡാക്ക് പ്രദേശം ജമ്മു–കശ്മീർ പ്രദേശങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ്. ലഡാക്കിൽ പൊതുവെ ശൈത്യകാലവും വേനൽക്കാലവും മാത്രമേയുള്ളു. ഏപ്രിൽ–ജൂലൈ സമയത്ത് 15–30 ഡിഗ്രിയും തുടർന്ന് സെപ്തംബർ വരെ 3–17 ഡിഗ്രിയുമാകും താപനില. ഒക്ടോബർ–മാർച്ച് കാലം കടുത്ത ശൈത്യമാണ്. പലപ്പോഴും പൂജ്യത്തിനു താഴെയായിരിക്കും താപനില.

തണുത്ത മരുഭൂമി എന്നു വിശേഷിപ്പിക്കുന്ന, മണലും പാറക്കെട്ടുകളും നിറഞ്ഞ, മലമ്പാതകളും ചുരങ്ങളും ഒട്ടേറെയുള്ള ഇവിെട ബൈക്ക് റൈഡേഴ്സിനും ഫോർവീൽ ഡ്രൈവിനും അനുയോജ്യമാണ്. ചെറുപ്പക്കാരായ സാഹസിക സഞ്ചാരികൾക്ക് ഏറെ ആകർഷകമാണ് ഇത്.

ഒട്ടേറെ പുരാതന മൊണാസ്ട്രികളും പാങ്ങോങ് തടാകവുമൊക്കെ ഈ പ്രദേശത്തെ പ്രിയപ്പെട്ടെ ഡെസ്റ്റിനേഷനുകളാണ്. ഏപ്രിൽ–ജൂൺ ആണ് ഇവിടെ വിനോദസഞ്ചാരത്തിന് അനുയോജ്യമായ സമയം.

വൈഷ്ണോദേവി ക്ഷേത്രം, അഖ്നൂർ കോട്ട, സുരിൻസർ തടാകം തുടങ്ങി രണ്ടു ദിവസം ചെലവിട്ടു കാണാനുള്ള കാഴ്ചകൾ ജമ്മു നഗരത്തിലും പരിസരങ്ങളിലുമുണ്ട്.

ADVERTISEMENT