Wednesday 12 January 2022 04:57 PM IST : By സ്വന്തം ലേഖകൻ

അറബിക്കടലിനുള്ളിലെ ശിവക്ഷേത്രം ദർശിക്കണോ; കടൽ വഴി മാറിത്തരും...

1a

ശിവലിംഗത്തെ അറബിക്കടൽ അഭിഷേകം നടത്തുന്ന അപൂർവ കാഴ്ച ഒരുക്കുന്ന ക്ഷേത്രമാണ് നിഷ്കളങ്ക് മഹാദേവക്ഷേത്രം. ഗുജറാത്തിൽ ഭാവ്നഗറിൽ കോയിലി ബീച്ചിനോട് ചേർന്നാണ് നിഷ്കളങ്ക് മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.രണ്ടു കിലോമീറ്റർ ദൂരം കടലിനുള്ളിലേക്ക് നടന്നുവേണം ഈ ക്ഷേത്രത്തിലെത്താൻ. അങ്ങനെ നടക്കാൻ കടൽ വഴി മാറികൊടുക്കും എന്നതാണ് ഈ ക്ഷേത്രത്തിന്റെ വലിയ പ്രത്യേകത. ഉച്ചയ്ക്ക് ഒരു മണിയോടെ കടലിലെ ജലനിരപ്പ് താഴും. അതോടെ ക്ഷേത്രത്തിലേക്കുള്ള വഴി തെളിയും. പഞ്ചപാണ്ഡവന്മാർ നിർമിച്ച ക്ഷേത്രമാണ് നിഷ്കളങ്ക് മഹാദേവക്ഷേത്രം എന്നാണ് ഐതിഹ്യം. മഹാഭാരത യുദ്ധം ജയിച്ചെങ്കിലും തങ്ങളുടെ സഹോദരന്മാരുൾപ്പെടെ പലരെയും കൊലപ്പെടുത്തേണ്ടി വന്നത് പാണ്ഡവരെ നിരാശയിലാഴ്ത്തി. തങ്ങൾ ചെയ്ത പാപത്തിന് പരിഹാരം തേടി അവർ ശ്രീകൃഷ്ണനെ സമീപിച്ചു. കാര്യം തിരക്കിയ ശേഷം കൃഷ്ണൻ അവർക്ക് ഒരു കറുത്ത കൊടിയും കറുത്ത പശുവിനെയും നൽകി. അവ രണ്ടും വെളുപ്പും നിറം ആകുന്നതു വരെ യാത്ര ചെയ്യാൻ പറഞ്ഞു.

1b

അവയുടെ നിറം മാറുമ്പോൾ നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെടും എന്നും എവിടെ വച്ചാണോ നിറം മാറുന്നത് അവിടെ പരമശിവന്റെ സാന്നിധ്യമുണ്ടെന്ന് കൂടി അറിയിച്ചു. അങ്ങനെ കൊടിയും പശുവും വെളുപ്പും നിറം പ്രാപിച്ച ഇടമാണ് ഇന്നത്തെ നിഷ്കളങ്ക് ശിവക്ഷേത്രം നിലകൊള്ളുന്ന സ്ഥലം. പാണ്ഡവർ അവിടെ ശിവലിംഗം പ്രതിഷ്ഠിച്ച് ആരാധിച്ചു പോന്നു എന്നാണ് ഐതിഹ്യം. പാണ്ഡവർക്ക് പാപമോചനം നൽകിയ മഹാദേവനായതിനാൽ ശിവനെ നിഷ്കളങ്ക് മഹാദേവനായി ആരാധിക്കുന്നു. പ്രിയപ്പെട്ടവരുടെ മോക്ഷത്തിനായി ചിതാഭസ്മം ഒഴുക്കുവാനും പ്രാർത്ഥിക്കുവാനും വർഷം തോറും നിരവധി വിശ്വാസികൾ ഇവിടെ എത്താറുണ്ട്. കടൽ നിരപ്പ് താഴാതെ നിൽക്കുന്ന സമയത്ത് നിഷ്കളങ്ക് മഹാദേവക്ഷേത്രം അവിടെ ഉണ്ടെന്നതിന് തെളിവായി പാറിപ്പറക്കുന്ന ഒരു കൊടി മാത്രമേ കാണൂ. വർഷത്തിലൊരിക്കൽ ഭാവ്നഗർ രാജവംശത്തിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ഈ കൊടി മാറ്റിക്കെട്ടുന്ന ചടങ്ങുണ്ട്. എത്ര വലിയ കാറ്റിലും മഴയിലും തിരമാലയിലും ആ കൊടി നശിച്ചു പോകാതെ പാറിപ്പറക്കും.

1c