പുതിയൊരു പ്രഭാതത്തിന്റെ വിളംബരവുമായി ആകാശം നിറഭംഗിയണിഞ്ഞു തുടങ്ങി. നാട്ടുവെളിച്ചത്തിന്റെ മാത്രം തെളിച്ചമുള്ള മൺപാതയിലൂടെ നടക്കുമ്പോൾ തണുപ്പിന്റെ ആലിംഗനം അസഹ്യമായിരുന്നു. മഞ്ഞുകാലം മാഞ്ഞത് നാട്ടിൽ നിന്നു മാത്രമായിരിക്കാമെന്നു തോന്നി. അസ്ഥികളിലേക്ക് തുളച്ചു കയറുന്ന തണുപ്പിലും ഇടതൂർന്ന വൻമരങ്ങൾക്കിടയിലൂടെ അൽപദൂരം നടന്നപ്പോൾ ശരീരം ചൂടുപിടിച്ചു.
രാവ് പകലിനെ സന്ധിക്കുന്ന ആ പ്രഭാത സന്ധ്യയിൽ വിറകും പാത്രങ്ങളുമായി മുൻപേ നടന്നു പോകുന്ന ഏതാനും പേർ മാത്രമെ കൺവെട്ടത്തുള്ളു. നടക്കുമ്പോൾ ഞെരിഞ്ഞമരുന്ന കരിയിലകളുടെ ശബ്ദം ആദ്യമാദ്യം മനസ്സിനെയും ശരീരത്തിനെയും ജാഗ്രതയിലാക്കി. ആനയോ കാട്ടുപോത്തോ കടുവയോ ഒക്കെ ഏതു സമയത്തും കടന്നെത്താനിടയുള്ള ഉൾക്കാട്ടിലെ ആ പ്രദേശത്ത് ഇപ്പോൾ പക്ഷേ, ചില കാട്ടുപക്ഷികളുടെ കളനാദങ്ങളല്ലാതെ മറ്റൊന്നും ജീവസാന്നിധ്യമായി അറിയാനില്ല. ഇന്നൊരു നാൾ കാടുകയറുന്ന മനുഷ്യന് ഇടമൊരുക്കാൻ ഒരുപക്ഷേ, മൃഗങ്ങളൊക്കെ അകലങ്ങളിലേക്കു മാറിയതാകാം. കാടിന്റെ സൗന്ദര്യം കണ്ട് നടപ്പ് തുടർന്നു. പിൻവഴിയിലെവിടെയോ മുരണ്ടു കയറുന്ന ജീപ്പിന്റെ ശബ്ദം അലയടിച്ചൊതുങ്ങി, മുൻപിലെവിടെയോ താളമായ് മുഴങ്ങുന്ന നമഃശിവായ മന്ത്രം. പ്രകൃതിയുടെ മടിയിൽ ഭക്തിയുടെ മധുരം നുകരാൻ ആലുവാംകുടിയിലെ ശിവരാത്രി ദിനം ആരംഭിക്കുകയാണ്.
ഭൂപടങ്ങളിൽ പച്ചപ്പ് പടർത്തുന്ന കാടുകൾ ഏറെയുണ്ട് പത്തനംതിട്ട ജില്ലയിൽ. അവിടെ വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളിലൊന്നാണ് സീതത്തോടിനു സമീപമുള്ള ആലുവാംകുടി മഹാദേവക്ഷേത്രം. ഉൾക്കാട്ടിലെ ഈ സങ്കേതത്തിലെത്തുന്നതു തന്നെ പ്രകൃതി നൽകുന്ന, കലർപ്പില്ലാത്ത ഊർജത്തിന്റെ സമ്പാദനമാണ്. പക്ഷികളെയും മൃഗങ്ങളെയും തേടിയുള്ള കാനനസഞ്ചാരങ്ങൾക്കിടയിൽ ഏതാനും തവണ ആ പരിസരങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും ക്ഷേത്രോത്സവ സമയത്ത് ഇത് ആദ്യം. അതിനാൽ നന്നേ പുലർച്ചെ അവിടേക്കു പുറപ്പെട്ടു. സീതത്തോട് നിന്നാണ് ആലുവാംകുടി ക്ഷേത്രം സ്ഥിതിചെയ്യുന്ന ഗുരുനാഥൻ മണ്ണിലേക്ക് വഴി ആരംഭിക്കുന്നത്. ഗുരുനാഥൻ മണ്ണിൽ നിന്ന് ആറു കിലോമീറ്റർ കാടിനുള്ളിലേക്ക് സഞ്ചരിക്കണം. ചെറിയ വാഹനങ്ങൾ ഒഴിവാക്കി ജീപ്പ് പോലുള്ള വലിയ വാഹനങ്ങളാണ് യാത്രയ്ക്ക് നല്ലത്. പ്രകൃതിയെ തൊട്ടുള്ള സഞ്ചാരം നൽകുന്ന ഉണർവ് പറഞ്ഞറിയിക്കാനാകില്ല.
കോന്നിയിൽ നിന്ന് തണ്ണിതോട്, തേക്കുതോട്, കരുമാൻതോട് വഴി ആലുവാംകുടി ക്ഷേത്രത്തിൽ എത്താം. പത്തനംതിട്ടയിൽ നിന്നു വരുമ്പോൾ വടശ്ശേരിക്കര, ചിറ്റാർ, സീതത്തോട് വഴിയാണ് ഗുരുനാഥൻ മണ്ണിലേക്ക് എളുപ്പം. കോന്നി പാത ദൂരം കുറവെങ്കിലും സഞ്ചാരം ദുഷ്കരമാണ്. ജനവാസമേഖല അവസാനിച്ചാൽ കാട്ടിലേക്ക് പാത നീളുന്നു, അതിനു മുൻപ് വനംവകുപ്പ് ചെക്പോസ്‌റ്റിലെത്തി. അവിടെ വാഹനങ്ങളുടെ വിവരങ്ങളും സഞ്ചാരികളുടെ പേരും രേഖപ്പെടുത്തി.
ക്ലേശമേറും കാനന യാത്ര
കാനനപാതയിലൂടെ ജീപ്പ് നീങ്ങി. കാടിന്റെ സ്വഭാവം കാണക്കാണെ മാറിത്തുടങ്ങി. മരങ്ങളുടെ വണ്ണവും ഉയരവും അദ്ഭുതപ്പെടുത്തി. വനദേവതമാരുടെ മൂളിപ്പാട്ടുപോലെ ഏതൊക്കെയോ ചെറുജീവികളുടെ സ്വരങ്ങൾ... സാവധാനം നീങ്ങിത്തുടങ്ങിയ ജീപ്പ് കല്ലുകളിൽ കയറി ഇറങ്ങി കുലുങ്ങിയും ഇളകിയും ഓടുമ്പോൾ ഉറപ്പിനായി കമ്പിയിൽ പിടിച്ചിരുന്നു. ആകാശം മുട്ടെ വളരുന്ന മരങ്ങൾക്കിടയിലൂടെ സൂര്യന്റെ ആദ്യ കിരണങ്ങൾ താഴേക്ക് എത്തുന്നില്ല. വിട്ടകലാൻ മടിച്ചു നിൽക്കുന്ന തണുപ്പും വനാന്തരീക്ഷത്തിന്റെ ആർദ്രതയും ചേർന്ന് പറഞ്ഞറിയിക്കാനാകാത്ത അന്തരീക്ഷം, അനുഭൂതി.
ആറു കിലോമീറ്റർ താണ്ടിയപ്പോഴേക്ക് എതിർവശത്തുനിന്ന് മറ്റൊരു പാത വന്നു ചേരുന്നതു കണ്ടു. അതാണ് കരുമാൻതോട് നിന്ന് എത്തുന്ന വഴി. ആ പാതയിൽ കാട്ടിലൂടെ 3 കിലോമീറ്ററേ സഞ്ചരിക്കേണ്ടതുള്ളു എങ്കിലും അത് ഗുരുനാഥൻ മണ്ണിൽ നിന്നുള്ള പാതയെക്കാൾ ദുഷ്കരമാണ്.
രണ്ടുപാതകളിലൂടെയും ചെറുവാഹനങ്ങളിൽ സഞ്ചരിക്കുന്നത് ക്ലേശകരവും അപകടസാധ്യതയുള്ളതുമാണ്. ജീപ്പ് തന്നെ ഏറ്റവും നല്ലത്. സാഹസപ്രിയരും പരിചയസമ്പന്നരായിട്ടുള്ളവരും ബൈക്കിലും ഓട്ടോറിക്ഷയിലും വരാറുണ്ട്. ചിലരെങ്കിലും ഓഫ്‌റോഡ് പാത എന്നു വിശേഷിപ്പിക്കാറുണ്ട്, അതിൽ അദ്ഭുതപ്പെടാനില്ല.
പൊട്ടിവീണ മൈതാനം
മരങ്ങൾ തിങ്ങിനിറഞ്ഞ കാടിനിടയിൽ നിന്ന് വഴി പുല്ല് വളർന്ന മൈതാനം പോലൊരു പ്രദേശത്തേക്ക് കയറിച്ചെന്നപ്പോൾ ആൾക്കൂട്ടത്തിനിടയിൽ പെട്ടെന്ന് ശൂന്യത പൊട്ടിവീണതുപോലെ തോന്നി. ആ പരിസരങ്ങളിൽ ശിലാനിർമിതമായ ക്ഷേത്ര ശേഷിപ്പുകൾ കാണാം. മൈതാനം പോലുള്ള ആ സ്ഥലത്തുകൂടി അൽപം ചെല്ലുമ്പോഴേക്ക് ആലുവാംകുടി ക്ഷേത്രവും പരിസരങ്ങളും ദൃശ്യമാകും. ആ ഗ്രൗണ്ടിൽ ജീപ്പ് ഒതുക്കി, എല്ലാവരും അവിടെ ഇറങ്ങി. ശിവരാത്രി ദിവസം സീതത്തോട് നിന്ന് ഒട്ടേറെ ജീപ്പുകൾ ട്രിപ്പടിക്കുക പതിവാണ്. കാറുകളിലും മറ്റും എത്തുന്നവർ സീതത്തോട്ടിൽ വാഹനമൊതുക്കി ഈ ജീപ്പുകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. നടന്നു വരുന്നവരെയും അപൂർവമായിട്ടെങ്കിലും കാണാം.
1940കളിൽ കാട്ടിൽ വേട്ടയ്ക്കുപോയവർ അതിപുരാതനമായൊരു ക്ഷേത്രത്തിന്റെ നാശാവശിഷ്ടങ്ങൾ കണ്ടെത്തി. കാടിനോടു ചേർന്നുള്ള ഗ്രാമങ്ങളിലെ വിശ്വാസികൾ അവിടെ ആരാധന ചെയ്തു പോന്നു. ഇത്രയുമാണ് ക്ഷേത്ര ചരിത്രമായി പരിസരവാസികൾക്ക് പങ്കുവയ്ക്കാനുള്ളത്. ഇപ്പോൾ മലയാളമാസം ഒന്നാം തീയതി തോറുമാണ് നടതുറന്ന് പൂജകളുള്ളത്. കൂടാതെ ശിവരാത്രി ഉത്സവ ദിനത്തിലും.
ഊരാളി അപ്പൂപ്പന് വെറ്റില
പുൽമേട് വിട്ട് ക്ഷേത്രത്തെ ലക്ഷ്യമാക്കി നടന്നു. വാഹനങ്ങളൊതുക്കുന്ന ഗ്രൗണ്ടിൽ നിന്ന് അൽപം മുൻപിൽ വലതു വശത്ത് ഉയർന്നൊരു ഭാഗത്താണ് ക്ഷേത്ര നിർമിതികൾ. 100 മീറ്റർ മാറി പന്തൽ കെട്ടിയ ആരാധനാ സ്ഥലം കണ്ടു. നടപ്പാതയിൽ നിന്ന് അൽപം ഉയരത്തിലുള്ള ഒരു തറയ്ക്കു ചുറ്റും വിശ്വാസികൾ കൂടിയിട്ടുണ്ട്. അവർ അവിടെ നാളികേരവും നാണയവും വെറ്റിലയും അടയ്ക്കയും സമർപ്പിക്കുന്നു. ‘ഊരാളി അപ്പൂപ്പൻ’ എന്ന മൂർത്തിക്ക് മലയ്ക്ക് വയ്ക്കുക എന്ന ചടങ്ങാണ് അവിടെ നടത്തുന്നത്. ഗോത്രവിഭാഗങ്ങളുടെ ആരാധനാ സമ്പ്രദായത്തിന്റെ തുടർച്ചയാണ് ഇതെന്നു കരുതുന്നു. വീണ്ടും മുൻപോട്ടു ചെന്നപ്പോൾ മഹാദേവന്റെ പ്രധാന ശ്രീകോവിലും ഉപക്ഷേത്രങ്ങളും കണ്ടു.
പച്ചക്കുട നിവർത്തിയതുപോലെ ക്ഷേത്ര പരിസരത്തിനു ചുറ്റും ഇലഭാരമേറിയ വൃക്ഷങ്ങളാണ്. സമീപത്തു തന്നെ കാവും ആരാധനാസ്ഥലവുമുണ്ട്. ക്ഷേത്രപരിസരത്തെ കൗതുകക്കാഴ്ചകളിലൊന്നാണ് ചീനിമരവും പനയും ഒട്ടിച്ചേർന്ന് വളരുന്നത്. വെയിലുദിച്ചപ്പോഴേക്ക് ക്ഷേത്ര ദർശനത്തിന് എത്തിയവരുടെ എണ്ണം വർധിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നു മാത്രമല്ല, കേരളത്തിന്റെ പല ഭാഗത്ത് നിന്നുള്ളവർ ഒട്ടേറെ പേർ എത്താൻ തുടങ്ങിയിരുന്നു. എല്ലാവർക്കും കാടിനുള്ളിലൊരു ആഘോഷത്തിൽ ആചാരത്തനിമയോടെ പങ്കെടുക്കാനുള്ള അപൂർവാവസരമാണ് ശിവരാത്രി ദിനം. കാടിന്റെ അനുഭവം സ്വന്തമാക്കാൻ എത്തിയ സഞ്ചാരികളും അക്കൂട്ടത്തിലുണ്ട്.
കരുമാൻതോട് നിന്നു വരുന്ന വഴിയിലാണ് ക്ഷേത്രക്കുളം. ഇലഭാരമേറിയ പടുകൂറ്റൻ വൃക്ഷങ്ങൾ കുളത്തിനു ചുറ്റും കരുത്തൻമാരായ കാവൽക്കാരെപ്പോലെ നിൽക്കുന്നു. കാടിനുള്ളിൽ മറ്റെല്ലാ ജലസ്രോതസും വറ്റിയാലും എത്ര കടുത്ത വേനലിലും ഈ കുളം വറ്റാറില്ലത്രേ. ഈ പ്രദേശത്തെ മൃഗങ്ങളുടെ വിഹാരകേന്ദ്രമാക്കി മാറ്റുന്നതും ഈ സ്ഥിരമായ ജലലഭ്യത തന്നെയാണെന്നു കരുതുന്നു. വന്യമായ പച്ചപ്പാണ് കുളത്തെ വേറിട്ട കാഴ്ചയാക്കിമാറ്റുന്നത്. ഭക്ഷണത്തിലും ഉത്സവം സമയം നീങ്ങവേ, മരത്തലപ്പുകൾക്കിടയിലെ മൈതാനം പോലുള്ള ക്ഷേത്രപരിസരത്ത് ഉത്സവപ്പറമ്പിൽ അരങ്ങ് കൊഴുക്കുകയാണ്. സീതത്തോടു നിന്ന് എത്തുന്ന ജീപ്പുകളുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു.
വീതി കുറഞ്ഞ പാതയിൽ ഗതാഗതക്കുരുക്ക് ഏറി. വിശ്വാസികളിലേറെയും എത്തുന്നത് പായസം തയാറാക്കാനുള്ള സാമഗ്രികളുമായിട്ടാണ്. അതേ, ഇവിടത്തെ വലിയ സവിശേഷതയാണ് ഭക്ഷണം വച്ചു വിളമ്പുന്നത്. ഉരുളികളും ചരുവങ്ങളും ചെമ്പും വിറകും ചുമന്ന് എത്തുന്നവർ സൗകര്യപ്രദമായ സ്ഥലം നോക്കി കാട്ടിലെ കല്ലുകൾ പെറുക്കി വച്ച് അടുപ്പ് കൂട്ടി, പാത്രം വച്ചു. വിറകടുക്കി തീകൂട്ടി. അരിയോ പയറോ സേമിയയോ പുഴുക്കിന് ചേമ്പും കപ്പയുമൊക്കെ ഓരോരുത്തരുടെ നേർച്ച അനുസരിച്ച് അതിലേക്ക് വീണു. വേവ് പാകമായ പാത്രങ്ങളിലേക്ക് ശർക്കര അല്ലെങ്കിൽ മറ്റു ചേരുവകള്‍ ചേർത്തുകൊണ്ടിരുന്നു. പ്രസാദം തയാറായി, പാത്രം വാങ്ങി വഴിപാടുകാർ മാറുമ്പോഴേക്ക് അടുത്ത ഭക്തൻ ആ അടുപ്പിനരികലേക്ക് എത്തുകയാണ്. ദേവസങ്കേതത്തിൽ പാകം ചെയ്തവ പായസമായാലും പുഴുക്കായാലും ദേവപ്രസാദമായി അവിടെ കൂടിയവർക്ക് വിതരണം ചെയ്യുന്നു. എത്ര വലിയ പാത്രത്തിൽ പാകം ചെയ്താലും, പ്രസാദവിതരണം തുടങ്ങി പതിനഞ്ച് അല്ലെങ്കിൽ ഇരുപത് നിമിഷങ്ങൾകൊണ്ട് അത് തീരുന്നതാണ് കണ്ടത്.
പലവിധ പായസങ്ങൾ, പുഴുക്ക്, ഊണ് ഇങ്ങനെ പ്രസാദങ്ങൾ പലവിധം കിട്ടി. ഇത്രയേറെ ഭക്ഷണം കഴിച്ച ഉത്സവാഘോഷം ഓർമയിലില്ല. അവിടെ തയാറാക്കുന്നവ കൂടാതെ വലിയ അന്നദാനങ്ങളും മറ്റും നേർന്നവർ തയാറാക്കിക്കൊണ്ട് വന്ന് അവിടെ വിതരണം ചെയ്യുന്നുണ്ട്. വാഹനങ്ങളിൽ കൊണ്ട് വന്ന് അതിൽ നിന്നു തന്നെ വിതരണം ചെയ്യുന്ന ഊണും ചെറു സദ്യയും മുതൽ ഫ്രൈഡ്റൈസ് വരെ സ്വാദിഷ്ട പ്രസാദങ്ങൾ പലവിധം സുലഭം. ഭക്ഷണത്തിന്റെ കാര്യത്തിലും ആലുവാംകുടി ഉത്സവം തന്നെ.
പ്രകാശം പൊലിക്കുന്ന രാവ്
കാടിനു നടുവിലെ ഉത്സവം പൊടിപൊടിക്കുമ്പോൾ വനപാലകരും പൊലീസും അഗ്നിശമനസേനയും ആരോഗ്യവകുപ്പും സദാ നിരീക്ഷിച്ചു പോരുന്നു. ക്രമസമാധാനത്തിനൊപ്പം തീർഥാടകർ വഴിതെറ്റി കാടിനുള്ളിലേക്കു പോകാതെയും തീപ്പൊരി പറന്ന് കാട്ടുതീയായി പടരാതിരിക്കാനും ആരോഗ്യപരമായ ശുശ്രൂഷകൾ വേണ്ടവർക്ക് അതിനും ഒക്കെ അതത് സർക്കാർ വകുപ്പുകൾ ജാഗ്രതപുലർത്തി നിൽക്കുന്നതു കാണാം.
ഉത്സവം കൂടാനെത്തുന്നവരുെട പ്രവാഹം മധ്യാഹ്നത്തോടെ ഉച്ചസ്ഥായിയിലെത്തി. സായംസന്ധ്യക്ക് ഘോഷയാത്രയായി കെട്ടുകാഴ്ചകൾ എഴുന്നെള്ളിച്ചു കൊണ്ടുവന്നതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നു വന്ന ഭക്തർ പിരിഞ്ഞു തുടങ്ങി. എങ്കിലും, കാടിന്റെ മടിയിലെ ശിവരാത്രി ആഘോഷം ഇരുട്ടിവെളുക്കുവോളം തുടർന്നു. ക്ഷേത്രനടയിൽ സമർപ്പിച്ച കോഴിയെയും പശുക്കിടാവിനെയുമൊക്കെ ലേലം വിളിച്ച് വിൽക്കുന്നതും രസകരമായ കാഴ്ചയായി. കാട് വെട്ടി നാടാക്കുന്ന മനുഷ്യരെ വീണ്ടും കാട്ടിലേക്ക് ക്ഷണിക്കുന്ന, അത് നൽകുന്ന മാധുര്യമേറിയ അനുഭവം അറിയാനുള്ള ഉത്സവമാണ് ആലുവാംകുടിയിലെ ശിവരാത്രി. കാട്ടിലേക്ക് ഇനിയും സഞ്ചരിക്കാത്തവർക്ക് അതിനുള്ള അവസരംകൂടിയാണ് ഇത്..
Travel Info ആലുവാംകുടി മഹാദേവ ക്ഷേത്രം
പത്തനംതിട്ട ജില്ലയിൽ ശബരിമല വനത്തിന്റെ ഭാഗമായ കാട്ടിലാണ് ഈ ക്ഷേത്രം. പത്തനംതിട്ടയിൽ നിന്ന് 31 കിലോമീറ്ററും കോന്നിയിൽ നിന്ന് 24 കിലോമീറ്ററുമുണ്ട് ഇവിടേക്ക്. മലയാള മാസം ഒന്നാം തീയതികളിലും ശിവരാത്രി ഉത്സവത്തിനും മാത്രമാണ് ഇവിടെ ക്ഷേത്രം തുറക്കുന്നത്. ഉൾക്കാട്ടിലായതിനാൽ മറ്റു ദിവസങ്ങളിൽ ഇവിടേക്കു സഞ്ചരിക്കുക എളുപ്പമല്ല. വലിയ വന്യജീവികളുടെ സ്ഥിരസാന്നിധ്യമുള്ള പ്രദേശമാണ് ഇത്. ഉത്സവദിവസം രാവിലെ മുതൽ സീതത്തോട് നിന്ന് ജീപ് സർവീസ് ഉണ്ട്. കാട്ടിലേക്ക് പ്ലാസ്റ്റിക് സാധനങ്ങൾ കൊണ്ടുപോകുന്നതും മാലിന്യങ്ങൾ വലിച്ചെറിയുന്നതും ഒഴിവാക്കുക