Wednesday 31 January 2024 02:42 PM IST : By സ്വന്തം ലേഖകൻ

കൈലാസ യാത്രികരുമായി മൗണ്ടൻ ഫ്ലൈറ്റ് പറന്നു, ആകാശത്ത് നിന്ന് വണങ്ങാം കൈലാസത്തെയും മാനസരോവരത്തെയും

kailas mansarovar1

കൈലാസ തീർഥാടനത്തെ സുഗമവും ദൈർഘ്യം കുറഞ്ഞതുമാക്കിക്കൊണ്ട് മൗണ്ടൻ ഫ്ലൈറ്റ് സർവീസ് ആരംഭിച്ചു. 38 ഇന്ത്യൻ തീർഥാടകരുമായിട്ടാണ് നേപ്പാളിലെ നേപ്പാൾ ഗഞ്ച് ഗ്രാമത്തിൽ നിന്ന് ചാർട്ടേ‍ഡ് വിമാനം പറന്നുയർന്നതും മഞ്ഞണിഞ്ഞ കൊടുമുടികൾക്കു മുകളിലൂടെ പറന്ന് കൈലാസഗിരിയെയും മാനസരോ‍വർ തടാകത്തെയും ആകാശത്തു നിന്ന് വന്ദിച്ച് തിരികെ മടങ്ങിയതും. ഇതോടെ ആഴ്ചകളോളം ദൈർഘ്യമുള്ള തീർഥാടനം രണ്ടോ മൂന്നോ ദിവസങ്ങൾകൊണ്ട് പൂർത്തിയാക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.

ഹിന്ദു, ബുദ്ധ മതവിശ്വാസികളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ടിബറ്റിലെ കൈലാസ പർവതവും മാനസരോവര തടാകവും. കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും സവിശേഷതകളാൽ ഏറ്റവും കഠിനമായ സഞ്ചാരങ്ങളിലൊന്ന് എന്ന സവിശേഷതകൂടിയുണ്ട് കൈലാസ തീർഥാടനത്തിന്. ഏറെ ദൂരം കാൽനട സഞ്ചാരവും അതികഠിനമായ ശൈത്യത്തെ നേരിടുന്നതും ഒഴിവാക്കാനാകത്തതിനാൽ ഉയർന്ന ശാരീരിക ക്ഷമത കൈലാസ യാത്രികർക്ക് നിർബന്ധമാണ്. മൗണ്ടൻ ഫ്ലൈറ്റ് സർവീസ് റഗുലർ ആകുന്നതോടെ സാധാരണക്കാർക്കും കൈലാസത്തിലേക്ക് സഞ്ചരിക്കാനുള്ള സാധ്യത ഏറും.

kailas mansarovar2

ഡെൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു ശ്രീ എയർലൈൻസിന്റെ ആദ്യ ദർശൻ ഫ്ലൈറ്റിൽ തീർഥാടനം നടത്തിയത്. കൈലാസ കൊടുമുടിയുടെയും മാനസരോവർ തടാകത്തിന്റെയും സമീപ ദർശനം ലഭിക്കുംവിധമാണ് വിമാനം പറന്നത്. ഒന്നര മണിക്കൂർ നീണ്ടു നിന്നു ആദ്യ പറക്കൽ.

kailas mansarovar3

ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ഒരുപറ്റം സംരംഭകരുടെ കൂട്ടായ്മയാണ് ദർശൻ ഫ്ലൈറ്റ് എന്ന ഈ നൂതന പദ്ധതിക്കു പിന്നിൽ. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം കൈലാസ തീർഥാടനത്തിന് 2023 ൽ മാത്രമാണ് ചൈനീസ് അധികൃതർ അനുമതി നൽകിയത്. എങ്കിലും ഇന്ത്യൻ സഞ്ചാരികളുടെ വീസ ഫീസിലുള്ള വൻ വർധനയും നിയന്ത്രണങ്ങളും തീർഥാടനത്തിനെത്തുന്നവരുടെ എണ്ണം കുറച്ചിരുന്നു. കൈലാസ തീർഥാടനത്തിന്റെ വികസനം മാത്രമല്ല നേപ്പാൾ ടൂറിസം സംരംഭകർ പ്രതീക്ഷിക്കുന്നത്. ഇന്ത്യ–നേപ്പാൾ അതിർത്തി നഗരമായ നേപ്പാൾഗഞ്ജിന്റെ സമഗ്രവികാസവും നേപ്പാൾഗഞ്ജ്–പൊഖാറ വ്യോമഗതാഗതാഗതത്തിലുള്ള വർധനവുമൊക്കെ ദർശൻ ഫ്ലൈറ്റിന്റെ വിജയത്തോടൊപ്പം പ്രതീക്ഷിക്കുന്നുണ്ട്. ലഖ്നൗ നഗരത്തിൽ നിന്ന് 188 കിലോമീറ്റർ ദൂരെയുള്ള നേപ്പാൾഗഞ്ജിലേക്ക് ഇന്ത്യയിൽ നിന്ന് റോഡ് മാർഗം എത്താം, മാത്രമല്ല കാഠ്മണ്ഡുവിൽ പോകേണ്ട ആവശ്യം വരികയുമില്ല. ഫെബ്രുവരി ആദ്യ ആഴ്ച മുതൽ കൂടുതൽ ദർശൻ ഫ്ലൈറ്റുകൾ പറന്നുയരുമെന്ന് സംരംഭകർ അറിയിക്കുന്നു.

Tags:
  • Manorama Traveller