Thursday 19 January 2023 02:50 PM IST : By Nihal Jabin

364 ദിവസവും മണ്ണിന്റെ അടിയിൽ; വർഷത്തിൽ ഒരിക്കൽ അവൾ വരും അവനുമൊത്ത്, പാതാളത്തവള

pathala-thavala-kerala-state-frog-cover ആൺ തവളയെ ചുമന്നു കൊണ്ട് പെണ്‍ തവള, പാതാളത്തവള; ഫോട്ടോ: നിഹാൽ ജാബിൻ

മാവേലിയുടെ നാടിന്റെ തവളയാകാൻ ഏറ്റവും യോഗ്യത പരിണാമ പ്രക്രിയയിലെ ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന പാതാളത്തവളയ്ക്കാണ്. വംശം നിലനിർത്താൻ വർഷത്തിൽ ഒരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നു പുറത്തു വരുന്ന തവളകളാണ് പാതാളത്തവളകൾ. ഈ ഒരു ദിവസത്തെ ഭൗമൊപരിതല സന്ദർശനം മാത്രമല്ല പാതാളത്തവളയെ മലയാളിയുടെ സ്വന്തമാക്കുന്നത്. ഡൽഹി സർവകലാശാല പ്രഫസറും മലയാളിയുമായ ഡോ. ബിജുവാണ് നാസികാബട്രക്കസ് സഹ്യാദ്രെന്‍സിസ് (Nasika batrachus sahyadrensis) എന്ന പാതാളത്തവളയെ (Purple Frog) ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തുന്നത്.

കേരളത്തിലെയും തമിഴ്നാട്ടിലെയും പശ്ചിമഘട്ട മലനിരകളിൽ കാണപ്പെടുന്ന പാതാളത്തവളകൾ വർഷത്തിൽ ഒരിക്കൽ മാത്രമെ മണ്ണിന്റെ അടിയിൽ നിന്നും പുറത്തുവരികയുള്ളൂ. അത് പ്രജനനത്തിനായി. മൺസൂണിനു മുൻപുള്ള മഴക്കാലത്താണ് ഇവ പുറത്തെത്തുന്നത്. വർഷത്തിൽ ഒരിക്കൽ വരുന്നതു കൊണ്ട് ഇവയ്ക്ക് മാവേലി തവള എന്നും വിളിപ്പേരുണ്ട്. പാതാളത്തവളയെ സംസ്ഥാന ഉഭയജീവിയാക്കാൻ, ഇവയുയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് അധ്യാപകൻ സന്ദീപ് ദാസിന്റെ ശ്രമങ്ങൾ ഫലപ്രാപ്തിയിലേക്ക്. നമ്മുടെ സ്വന്തം പാതാളത്തവള ഇനി സംസ്ഥാന തവള...

മാവേലി തവള എന്ന പാതാളത്തവള

pathala-thavala-kerala-state-frog പാതാളത്തവള; ഫോട്ടോ: നിഹാൽ ജാബിൻ

ഒറ്റനോട്ടത്തില്‍ ഊതി വീര്‍പ്പിച്ച തവളയെ പോലെ ഇരിക്കും. പന്നികളുടെതെന്ന പോലുള്ള മൂക്ക് ആയിരിക്കാം ചിലയിടങ്ങളില്‍ ഇവയ്ക്കു പന്നി മൂക്കന്‍ തവള എന്ന പേരു വരാന്‍ കാരണം. വെളുത്ത നിറമുള്ള കൂര്‍ത്ത മൂക്ക്, കൈകാലുകളിലെ മൺവെട്ടി പോലുള്ള തടിപ്പ് ദൃഢമാണ്. അവ മണ്ണിനടിയില്‍ കുഴിച്ചു പോകുവാന്‍ ഇവയെ സഹായിക്കുന്നു. ചിതലുകളെയും മണ്ണിരകളെയും മണ്ണിലെ മറ്റു ചെറു പ്രാണികളെയും തിന്നുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവയുടെ മുഖ്യ ആഹാരം എന്താണെന്നോ ഇവ ഇര തേടുന്നതിനെ കുറിച്ചോ ഇപ്പോഴും വേണ്ടത്ര വ്യക്തത ഇല്ല. ഡോ. അനില്‍ സക്കറിയയും സംഘവുമാണ് 2012ൽ ആദ്യമായി ഇവയുടെ പ്രജനന വിവരങ്ങള്‍ പുറത്തു വിടുന്നത്.

മണ്ണിനടിയിൽ നിന്ന് പുറത്തേക്ക്

pathala-thavala-kerala-state-frog-digging പാതാളത്തവള; ഫോട്ടോ: നിഹാൽ ജാബിൻ

മഴക്കാലത്ത് കുത്തി ഒലിക്കുന്ന, എന്നാല്‍ വേനലില്‍ വറ്റിവരളുന്ന, പാറക്കെട്ടുകള്‍ ഉള്ള അരുവികളും വെള്ളച്ചാട്ടങ്ങളുമാണ് ഇവയുടെ ആവാസവ്യവസ്ഥ. അത്തരത്തിലുള്ള അരുവികള്‍ ആദ്യ മഴയ്ക്ക് പുനര്‍ജനിക്കുമ്പോള്‍ തന്നെ ഇവ പ്രജനനം നടത്തുന്നു. ഇതുവഴി ജലത്തിലെ മത്സ്യങ്ങള്‍ അടക്കമുള്ള മറ്റു ശത്രുക്കളെ ഇവയ്ക്ക് പാടെ ഒഴിവാക്കാൻ സാധിക്കുന്നു. മഴ തുടങ്ങുമ്പോള്‍ നിര്‍ത്താതെ കരച്ചില്‍ തുടങ്ങും ആൺ തവളകൾ. പക്ഷേ, പുറത്തു വരാതെ മണ്ണിനടിയിലിരുന്നാണ് കരയുന്നത്. ഇവയെ തപ്പി പോകുമ്പോള്‍ ശബ്ദം കേള്‍ക്കുമെങ്കിലും നമ്മൾ അടുത്തു വരുമ്പോള്‍ കരച്ചില്‍ പതുക്കെ പതുക്കെ മണ്ണിനടിയിലേക്കു പിൻവാങ്ങുന്നതു കേള്‍ക്കാം. എന്നാൽ, പ്രജനനം നടക്കുന്ന ദിവസങ്ങളില്‍ ഒരു പരിധിവരെ അടുത്ത് എത്തിയാലും അവ താഴോട്ടു പോകാറില്ല.

മുതിര്‍ന്ന പെണ്‍ തവള ഒറ്റ ദിവസം മാത്രമേ പുറത്തു വരികയുള്ളൂ. പ്രജനനത്തിനു ശേഷം അതു മണ്ണിനടിയിലേക്കു മടങ്ങും. കരച്ചില്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍, പെണ്‍ തവള തിരഞ്ഞെടുത്ത ആൺ തവളയുമായി ഇണചേര്‍ന്ന ശേഷം, ആണിനെ ചുമന്നു കൊണ്ട് പെണ്‍ തവള അരുവിയില്‍ എത്തും. അരുവിയിലെ പൊത്തുകളിലും വിടവുകളിലും കയറി മുട്ടയിടല്‍ ആരംഭിക്കും. നാലായിരം മുട്ട വരെ ഇടുന്ന പെണ്‍തവളകളുണ്ട്. മുഴുവന്‍ മുട്ടയും ഇട്ട ശേഷം, ഇവ തിരിച്ചു മണ്ണിനടിയിലെക്കു മടങ്ങും. പിന്നെ, മുട്ടയിടാന്‍ അടുത്ത വർഷം മാത്രം പുറത്തേക്ക്.

pathala-thavala-kerala-state-frog-tadpoles പാതാളത്തവളയുടെ വാൽമാക്രികൾ; ഫോട്ടോ: നിഹാൽ ജാബിൻ

ആറോ ഏഴോ ദിവസത്തിനുള്ളില്‍ ഈ മുട്ടകള്‍ വിരിഞ്ഞ്, സക്കര്‍ മീനുകളെ പോലെ, ഒഴുക്കുള്ള വെള്ളത്തില്‍ പറ്റിപിടിച്ചു നില്‍ക്കുന്ന വാല്‍മാക്രികള്‍ പുറത്തുവരും. മഴയില്‍ വിരിഞ്ഞിറങ്ങിയ വാല്‍മാക്രികള്‍ ഒഴുക്കില്‍ വെള്ളച്ചാട്ടത്തിന്റെ പലയിടങ്ങളിലേക്കു മാറുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്നു നൂറു നൂറ്റിപ്പത്തു ദിവസങ്ങള്‍ക്കുള്ളില്‍ വാല്‍മാക്രികള്‍ വിരിഞ്ഞു തവള കുഞ്ഞുങ്ങള്‍ ആയി അവയും മണ്ണിനടിയിലേക്കു പോകും. പതാള്‍, കുറവന്‍, കുറത്തി, കൊട്ട്രാൻ, പതയാൾ, പന്നിമൂക്കൻ, പാറമീന്‍ എന്നിങ്ങനെ പല പേരുകളിലാണ് ഇവ വിവിധ പ്രദേശങ്ങളിൽ അറിയപ്പെടുന്നത്..