Monday 09 January 2023 04:21 PM IST

കൊണാർക്കിനെക്കാൾ പുരാതനം, ശിൽപ സമ്പന്നം, മരു–ഗുർജര നിർമാണ ശൈലിയുടെ സുന്ദര മാതൃക... ലോകപൈതൃകങ്ങളുടെ താൽക്കാലിക പട്ടികയിൽ ഇടം നേടിയ മൊഠേര സൂര്യക്ഷേത്രം

Easwaran Namboothiri H

Sub Editor, Manorama Traveller

modhera sun temple

12 മാസങ്ങളെ സൂചിപ്പിക്കുന്ന ദ്വാദശാദിത്യൻമാരുടെ ശിൽപങ്ങൾ, 52 ആഴ്ചകളെ സൂചിപ്പിക്കുന്ന സ്തംഭങ്ങൾ, വിഷുവദിനത്തിലെ ആദ്യ സൂര്യകിരണം പതിക്കുന്ന ശ്രീകോവിൽ, കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികളും സുന്ദര ശിൽപങ്ങളും നിറയുന്ന ചുമരുകൾ... കല്ലിൽ കവിത വിരിയിച്ച പുരാതന ഇന്ത്യയിലെ ശിൽപികളുടെ നിർമിതികളിൽ വേറിട്ട കാഴ്ചയാണ് മൊഠേര സൂര്യക്ഷേത്രം.

konark and arasavalli sun temples കൊണാർക്ക്, അരശവള്ളി സൂര്യക്ഷേത്രങ്ങൾ

കൊണാർക്കിനെക്കാളും പഴക്കം

സൺ ടെംപിൾ എന്നു കേട്ടാൽ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ഒഡിഷയിലെ കൊണാർക്ക് സൂര്യക്ഷേത്രമാണ്. ഗംഭീരമായ രൂപസൗകുമാര്യവും സമ്പന്നമായ ശിൽപഭംഗിയും സ്വന്തമായിട്ടുള്ള കൊണാർക്ക് അതിന്റെ നഷ്ടപ്രൗഢിയിലും ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുന്നു. കൊണാർക്കിനെക്കാൾ 200 വർഷമെങ്കിലും പഴക്കമുള്ള മറ്റൊരു സൂര്യക്ഷേത്രമാണ് ഗുജറാത്തിലെ മൊഠേരയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

modhera sun temple front മൊഠേര സൺ ടെംപിൾ

പുരാതന ഈജിപ്ത്, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലൊക്കെ സൂര്യാരാധന കാണാം. പൗരാണിക ഇന്ത്യയിൽ വൈദിക കാലം മുതൽക്കേ സൂര്യനെ ആരാധിക്കുന്നുണ്ട്. പിൽക്കാലത്ത് പല സൂര്യക്ഷേത്രങ്ങളുടെയും പ്രാധാന്യം കുറഞ്ഞു. പലതും ആക്രമണങ്ങളിൽ നശിപ്പിക്കപ്പെട്ടു. കശ്മീരിലെ അനന്തനാഗിനടുത്തുള്ള മാർത്താണ്ഡക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ ഇപ്പോൾ പുരാവസ്തുവകുപ്പ് സംരക്ഷിതസ്ഥാനവും ഏറെ സ‍ഞ്ചാരികളെത്തുന്ന ഡെസ്റ്റിനേഷനുമാണ്. തെക്കെ ഇന്ത്യയിൽ ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തിനടുത്തുള്ള അരശവള്ളി സൂര്യക്ഷേത്രവും തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്തുള്ള അയ്യനാർ കോവിലും പുരാതനവും പ്രശസ്തവുമാണ്. ബീഹാറിലെ ഗയ, മധ്യപ്രദേശിലെ ഗ്വാളിയോർ, ഉത്തരാഖണ്ഡിലെ കട്രമൽ എന്നിവിടങ്ങളിലെ സൂര്യക്ഷേത്രങ്ങളും അറിയപ്പെടുന്നവതന്നെ. മൊഠേര ക്ഷേത്രത്തിലേക്ക് സ‍ഞ്ചാരികളെ ആകർഷിക്കുന്നത് മറ്റെങ്ങുമില്ലാത്ത ശിൽപഭംഗിയും വേറിട്ട നിർമാണശൈലിയുമാണ്.

തലയെടുപ്പുള്ള സമകാലികർക്കൊപ്പം

എഡി 1024–1025 ആണ് മോഠേര സൂര്യക്ഷേത്രത്തിന്റെ നിർമാണകാലം. സോളങ്കി രാജവംശത്തിലെ ഭീമരാജ ഒന്നാമനാണ് ഈ ക്ഷേത്രം പണിതത് എന്നു ചരിത്രം. സർവവും കീഴടക്കി മുന്നേറിക്കൊണ്ടിരുന്ന മുഹമ്മദ് ഗസ്നിയുടെ ആക്രമണത്തെ തുടർന്നാണ് സൂര്യക്ഷേത്രം നിർമിച്ചതെന്നു കണക്കാക്കുന്നു. സൂര്യദേവന്റെ പിൻതലമുറയിൽപെട്ടത് എന്നു വിശ്വസിക്കുന്ന ഗുർജര പ്രതിഹാര വംശത്തിന്റെ പിന്തുടർച്ചക്കാരാണ് സോളങ്കികൾ. അവരുടെ കുലദൈവവും സൂര്യൻ തന്നെ.

modhera sun temple mandap ഗുഡമണ്ഡപത്തിനു മുന്നിൽ സഭാമണ്ഡപം

രാവണവധത്തിനുശേഷം ലങ്കയിൽനിന്നു മടങ്ങുംവഴി ശ്രീരാമൻ ദേവകളെ പ്രീതിപ്പെടുത്താൻ യജ്‍ഞം ചെയ്ത ഭൂമിയായിട്ടും മൊഠേരയുടെ പുണ്യം മഹാപുരാണങ്ങളിൽ വാഴ്ത്തുന്നു എന്നാണ് വിശ്വാസം. 9–ാം നൂറ്റാണ്ടു മുതൽ 12–ാം നൂറ്റാണ്ടു വരെ പല കാലങ്ങളിലായി ക്ഷേത്രത്തിന്റെ നിർമാണമല്ല, പുനർ നിർമാണമാണ് നടന്നത് എന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.

ലോകപ്രശസ്തമായ ഖജുരഹോ ക്ഷേത്രങ്ങൾ, സോമനാഥ്, മൗണ്ട് അബുവിലെ ദിൽവാരക്ഷേത്രം തുടങ്ങിയ ചാലൂക്യ ക്ഷേത്രങ്ങൾ, തഞ്ചാവൂരിലെയും ഗംഗൈകൊണ്ട ചോളപുരത്തെയും ക്ഷേത്രങ്ങൾ, ഭുവനേശ്വറിലെ ലിംഗരാജക്ഷേത്രം തുടങ്ങി അനശ്വരമായ കലാസൃഷ്ടികളായി നിലനിൽക്കുന്ന ഒട്ടേറെ നിർമിതികളുടെ കാലമാണ് 11-ാം നൂറ്റാണ്ട്. അവർക്കൊപ്പം ഇന്നും തല ഉയർത്തി നിൽക്കുന്നു മൊഠേര സൂര്യക്ഷേത്രവും.

രാജസ്ഥാൻ–ഗുജറാത്ത് ശൈലികളുടെ സംഗമം

ഗുർജര പ്രതിഹാര സാമ്രാജ്യത്തിന്റെയും രാഷ്ട്രകൂട സാമ്രാജ്യത്തിന്റെയും തകർച്ചയോടെ ഗുജറാത്തിലെ പട്ടാൻ ആസ്ഥാനമായി വളർന്നവരാണ് സോളങ്കി ഭരണാധികാരികൾ. ‘ഗുജറാത്തിലെ ചാലുക്യൻമാർ’ എന്നും അറിയപ്പെട്ട ഇവർ ഇടക്കാലത്ത് മധ്യപ്രദേശിലെ മാൾവ വരെ തങ്ങളുടെ ഭരണത്തിൻ കീഴിലാക്കിയിരുന്നു. 9–ാം നൂറ്റാണ്ടിന്റെ പകുതി മുതൽ 13–ാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ ശക്തമായ സാന്നിധ്യമായിരുന്ന സോളങ്കികളുടെ ഭരണകാലം കലാസാംസ്കാരിക രംഗങ്ങളിലെ തനത് സംഭാവനകളാലും ശ്രദ്ധേയമാണ്.

modhera sun temple mandapas

മരു–ഗുർജര ശൈലി എന്നൊരു പ്രത്യേക നിർമാണശൈലി തന്നെ സോളങ്കി കാലത്ത് രൂപപ്പെട്ടു. മരുപ്രദേശങ്ങളുള്ള ആധുനിക രാജസ്ഥാന്റെയും ഗുർജരദേശം എന്നറിയപ്പെട്ടിരുന്ന ആധുനിക ഗുജറാത്തിലെയും തനതു വാസ്തുകലകളെ ഭംഗിയായി കോർത്തിണക്കിയതാണ് മരു–ഗുർജര ശൈലി. മൊഠേര സൂര്യക്ഷേത്രത്തെ ഈ സവിശേഷരീതിയുടെ മാതൃകയായിട്ടാണ് വിശേഷിപ്പിക്കുന്നത്. കലിംഗക്ഷേത്രങ്ങൾക്കു സമാനമായ രീതിയിലുള്ള ശിഖരങ്ങളും ഇരട്ട ചുമരുകളുള്ള ശ്രീകോവിലും ശ്രീകോവിലിനു മുന്നിലേക്കു നീളുന്ന മണ്ഡപവും ഈ ശൈലിയുടെ വിശേഷതകളാണ്.

കിഴക്കു പടിഞ്ഞാറ് ദിശയിൽ ഒരു േനർരേഖയിലെന്നോണം സ്ഥിതിചെയ്യുന്ന മൂന്ന് ഭാഗങ്ങളാണ് മൊഠേര സൺ ടെംപിളിനുള്ളത്. കുണ്ഡം അഥവാ കുളം, സഭാമണ്ഡപം ഗുഡമണ്ഡപം. ആരാധനാമൂർത്തിയായ സൂര്യദേവന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവിലാണ് ഗുഡമണ്ഡപം. ശ്രീകോവിലിന് അഭിമുഖമായുള്ള മണ്ഡപം സഭാമണ്ഡപം. സോമനാഥക്ഷേത്രം പോലെ പല പിൽക്കാല നിർമിതികളിലും ഗുഡമണ്ഡപവും സഭാമണ്ഡപവും ഒരുമിച്ചു ചേർന്നാണ് കാണുന്നത്. ഇവിടെ ഈ രണ്ടു നിർമിതികളും വേറിട്ടതും സമീപഭാഗത്തെ നിരപ്പിൽനിന്നും അൽപം ഉയർത്തി പണിഞ്ഞിരിക്കുന്നതുമാണ്. സഭാമണ്ഡപത്തിനു തൊട്ടു കിഴക്കുള്ള കുണ്ഡം അഥവാ കുളം ദീർഘചതുരാകൃതിയിലുള്ള ജലാശയമാണ്. ശ്രീകോവിലിന്റെയും സഭാമണ്ഡപത്തിന്റെയും ചുമരുകളും സ്തംഭങ്ങളും മനോഹരമായ കൊത്തുപണികളാൽ അലംകൃതമാണ്.

modhera sun temple sabha mandapa piller സഭാമണ്ഡപം

താമരശ്രീകോവിൽ

വിടർന്നു വരുന്ന താമരപ്പൂവിനു സമാനമാണ് ഗുഡമണ്ഡപം എന്ന ശ്രീകോവിലിന്റെ രൂപം. ശ്രീകോവിലിന്റെ ശിഖരങ്ങൾ ഇപ്പോഴില്ല. ഏതോ ഒരു കാലത്ത് അത് തകർക്കപ്പെടുകയോ തകർന്നു വീഴുകയോ ചെയ്തതാകാം.

modhera sun temple guda mandap and pond ഗുഡമണ്ഡപം, രാമകുണ്ഡം

എട്ട് ദളങ്ങൾപോലെ വിഭജിക്കപ്പെട്ട ചുമരിനുള്ളിലാണ് ഗർഭഗൃഹം. ഗർഭഗൃഹത്തിന്റെ ഭിത്തിയിലോ പുറത്തെ ചുമരിന്റെ ഉൾവശത്തോ കാര്യമായ കൊത്തുപണികളൊന്നും കാണാനില്ല. സൂര്യൻ പന്ത്രണ്ട് മാസങ്ങളുടെ പ്രതീകമായി 12 രാശികളിൽ സഞ്ചരിക്കുന്നതിനെ സൂചിപ്പിക്കുന്ന ദ്വാദശ ആദിത്യൻമാരുടെ രൂപം കൊത്തിവച്ചിരിക്കുന്നതു മാത്രമാണ് ഇതിനൊരപവാദം. ഗർഭഗൃഹത്തിനു മുന്നിൽ നന്നേ ഉയരമുള്ള സ്തംഭങ്ങൾ കാണാം. ദേവതകളുടെയും സന്യാസിമാരുടെയും രൂപങ്ങളും പുരാണകഥാ സന്ദർഭങ്ങളും മാത്രമല്ല കുഞ്ഞിനെ ഒക്കത്തെടുത്തു നിൽക്കുന്ന അമ്മ, കണ്ണാടിയിൽ നോക്കി പൊട്ടു തൊടുന്ന സ്ത്രീ തുടങ്ങിയ ജീവിതഗന്ധിയായ നിമിഷങ്ങൾ‌ വരെ ഈ തൂണുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏതാനും രതിശിൽപങ്ങളും കാണാം. അടുത്തടുത്ത സ്തംഭങ്ങളെ ബന്ധിപ്പിച്ച് വളച്ചുവാതിലിനു സമാനമായ തോരണകമാനങ്ങളും കാണാം. വിടർന്ന താമരപ്പൂക്കളെ തലകീഴായി വച്ചതുപോലെയാണ് മച്ചിലെ കൊത്തു പണികൾ.

ശിൽപവിദ്യയുടെ ധാരാളിത്തത്താൽ ശ്രദ്ധേയമായ കവാടങ്ങളാണ് ശ്രീകോവിലിന്റേത്. സമചതുരത്തിലുള്ള ഗർഭഗൃഹത്തെ പ്രദക്ഷിണം വയ്ക്കാവുന്ന വിധം ഒരു ഇടനാഴിയുമുണ്ട്. ഏറെ കൗതുകകരമായ കാര്യം ഇവിടത്തെ ആരാധനാവിഗ്രഹത്തെപ്പറ്റി കാര്യമായ വിവരണങ്ങളൊന്നും ലഭിച്ചിട്ടില്ല എന്നതാണ്. ശിൽപവിദ്യയിൽ ഇത്രയേറെ മികച്ച ഈ ക്ഷേത്രത്തിലെ വിഗ്രഹവും ഏറെ മനോഹരമായിരുന്നിരിക്കണം. കാലങ്ങൾക്കുമുൻപ് ഏതോ ആക്രമണകാരിയുടെ കടന്നുകയറ്റത്തിലും കൊള്ളയടിക്കലിലും നഷ്ടമായി എന്നു കരുതുന്ന വിഗ്രഹം ഈ ക്ഷേത്രസമുച്ചയത്തെ മുഴുവൻ പ്രകാശമാനമാക്കും വിധം രത്നങ്ങളാൽ പൊതിഞ്ഞിരുന്നു എന്നാണ് വാമൊഴിക്കഥകളിൽ പറയപ്പെടുന്നത്.

ഓരോ ആഴ്ചയ്ക്കും ഒരോ സ്തംഭം

modhera sun temple sabha mandapa pillers സഭാമണ്ഡപം

ഗുഡമണ്ഡപത്തിനു മുന്നിൽ സഭാമണ്ഡപം. ഭക്തജനങ്ങൾക്കു ഒരുമിച്ചു ചേരാനും കുറച്ചു സമയം ചെലവിടാനും സാധിക്കുന്ന വിധമാണ് ഇതിന്റെ രൂപഘടന. നാലുവശത്തു നിന്നു നോക്കിയാലും ഒരുപോലെ തോന്നുന്ന ഒരു അഷ്ടഭുജ രൂപമാണ് മണ്ഡപത്തിന്. ഒരു സൗരവർഷത്തിലെ 52 ആഴ്ചയ്ക്കു സമാനമായി 52 സ്തംഭങ്ങളാണ് മണ്ഡപത്തിനുള്ളിലുള്ളത്. ഓരോന്നും മനോഹരമായ രൂപങ്ങൾ കൊത്തിവച്ചിട്ടുള്ളത്. നാലുവശത്തേക്കുമുള്ള കവാടങ്ങളുടെ ഭാഗത്തുള്ള സ്തംഭങ്ങൾ തോരണകമാനങ്ങൾ കൂടി യോജിപ്പിച്ചതാണ്. പൂർണമായും അടച്ചു കെട്ടിയതോ തുറന്നതോ അല്ലാത്ത ഒരു ഘടനയാണ് സഭാമണ്ഡപത്തിനുള്ളത്. ഇതിന്റെ ശിഖരം പാതി തകർന്ന നിലയിൽ കാണാം.

modhera sun temple pillers

സഭാമണ്ഡപത്തിന്റെ കിഴക്കേ അറ്റത്ത് കൊത്തുപണികളാൽ സമ്പന്നമായ രണ്ട് സ്തംഭങ്ങളുണ്ട്. അതിന്റെ മേൽക്കൂര എന്നോ നഷ്ടമായിരിക്കുന്നു. ഈ തൂണുകളുടെ ഇടയിലെ പടവുകളിലൂടെ കുളത്തിലേക്ക് എത്താം.

modhera sun temple pond

ആകാരത്തിലും ഭംഗിയിലും സൂര്യക്ഷേത്രത്തിനൊപ്പം നിൽക്കുന്ന ദീർഘചതുരാകൃതിയിലുള്ള കുളമാണ് രാമകുണ്ഡം. വർഷകാലത്തിനുശേഷം ജലം നിറഞ്ഞു കിടക്കുന്ന പച്ചജലാശയത്തിൽ ക്ഷേത്രത്തിന്റെ രൂപം പ്രതിഫലിക്കുന്ന വിധമാണ് കുളം നിർമിച്ചിരിക്കുന്നത്. മധ്യേന്ത്യയിൽ പലഭാഗത്തും കാണാവുന്ന പടവുകിണറുകളുടെ ശൈലിയിലാണ് രാമകുണ്ഡം. നാലുവശത്തുമുള്ള പടവുകൾക്കിടയിൽ പലവലിപ്പത്തിലുള്ള ചെറുശ്രീകോവിലുകളും ഉപദേവൻമാരെയും കാണാം. ഇത്തരത്തിൽ 108 ഉപദേവാലയങ്ങളാണ് ജലാശയത്തോടു ചേർന്നുള്ളത്.

modhera suntemple pond

നൈപുണികളുടെ സമ്മേളനം

ജ്യോതിശാസ്ത്രപരമായി മൊഠേരയ്ക്കു വലിയൊരു പ്രത്യേകതയുണ്ട്. ഉത്തരായനകാലത്തിന്റെ അവസാനം സൂര്യൻ നേരെ മുകളിലെത്തുന്ന അക്ഷാംശരേഖ–ദക്ഷിണായന രേഖ (ട്രോപിക് ഓഫ് ക്യാൻസർ)– കടന്നുപോകുന്ന ഇന്ത്യയിലെ അപൂർവ സ്ഥലങ്ങളിലൊന്നാണ് ഇത്. ക്ഷേത്ര നിർമിതിയിലും സമാനമായൊരു പ്രത്യേകത കാണാം. പകലും രാത്രിയും തുല്യമായി വരുന്ന വിഷുവദിനങ്ങളിൽ സൂര്യന്റെ ആദ്യകിരണങ്ങൾ ഗർഭഗൃഹത്തിലെ വിഗ്രഹത്തിൽ പതിക്കുമായിരുന്നു. മറ്റെല്ലാ ദിനങ്ങളിലും സഭാമണ്ഡപത്തിനു മുന്നിലെ രണ്ട് സ്തംഭങ്ങളിൽ പകൽ മുഴുവൻ, സൂര്യന്റെ ദിശാമാറ്റം ബാധിക്കാതെ തന്നെ സൂര്യപ്രകാശം പതിക്കുകയും ചെയ്യും.

ശാസ്ത്രവിജ്ഞാനവും പ്രായോഗിക നിർമിതിയിലുള്ള സാമർഥ്യവും കലാപാടവവും സമ്മേളിക്കുന്നതാണ് മൊഠേര സൂര്യക്ഷേത്രത്തിന്റെ മനോഹാരിത.

അഹമ്മദാബാദിൽനിന്ന് 100 കിലോ മീറ്റർ അകലെ മെഹസാന ജില്ലയിലാണ് മൊഠേര ഗ്രാമം. അടുത്തുള്ള വിമാനത്താവളം അഹമ്മദാബാദ്. സമീപ റെയിൽവേ സ്‌റ്റേഷൻ 25 കിലോ മീറ്റർ മാറിയുള്ള മെഹസാന. അഹമ്മദാബാദിൽനിന്ന് റോഡ് മാർഗം 2–2.5 മണിക്കൂർ സഞ്ചരിച്ച് എത്താം. മൊഠേരയിൽനിന്ന് 30 കിലോ മീറ്റർ അകലെയാണ് പ്രശസ്തമായ റാണി കി വാവ് പടികിണർ

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India