"എനിക്കിപ്പോ കോങ്മു ഖാം കാണണം." സമയം ഒൻപത് കഴിഞ്ഞിട്ടേയുള്ളൂ എങ്കിലും നട്ടുച്ച മട്ടാണ് അസമിലെ ദിബ്രുഗഡിൽ. സൂര്യൻ വൈകിട്ടു മൂന്നുമണിയോടെ ഗുഡ് ബൈ പറയും. തിരികെ എത്തുമ്പോഴേക്കും കൂരിരുട്ടാകും; ഇത്തിരി കണ്ണുരുട്ടിയെങ്കിലും നല്ലപാതി തലകുലുക്കി. ഗോത്ര ഭാഷയായ ഖാംതിയിൽ ‘കോങ്മു ഖാം’ എന്ന ഗോൾഡൻ പഗോഡ. അതാകട്ടെ അരുണാചൽ പ്രദേശിലെ നാം സായിയിലാണ്. കൃത്യമായി പറഞ്ഞാൽ, നാംസായി ടൗണിനോട് അടുത്ത് കിടക്കുന്ന തേങ്ങാപാനിയിൽ. രണ്ടു സംസ്ഥാനങ്ങളിൽ ആണെങ്കിലും രണ്ടു ജില്ലകൾ തമ്മിലുള്ള ദൂരമേ ഈ ദിബ്രുഗഡിനും നാം സായിക്കും ഇടയിലുള്ളൂ
അയ്യപ്പനും ബ്രോയും

ദിബ്രുഗർഡും തിൻസുകിയയും പിന്നിട്ടതോടെ കടും തേയിലപ്പച്ച ഇളംനെൽ പച്ചയിലേക്ക് വഴി മാറി.കൂട്ടത്തിൽ അവിടെ ഇവിടെയായി തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന മരങ്ങൾ. പരന്നു കിടക്കുന്ന വഴിയിലൂടെ "ബ്രോ" ( ബോർഡർ റോഡ് ഓർഗനൈസഷൻ ) ക്ക് നന്ദി പറഞ്ഞു കൊണ്ട് ആസ്പയർ കുതിച്ചു. കോൺക്രീറ്റ് പില്ലറുകളുടെയും മുളകളുടെയും മുകളിലായി ഉയർത്തിക്കെട്ടിയിരിക്കുന്ന വീടുകളും കടകളും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥിരം കാഴ്ചയാണ്; പ്രളയകെടുതികൾക്കെതിരെയുള്ള ചെറുത്തു നിൽപ്പാണത്. തിൻസുകിയ കഴിഞ്ഞാൽ പിന്നെ നല്ല കടകളൊന്നും പ്രതീക്ഷിക്കണ്ട. വഴിയിൽ മുള കൊണ്ടുള്ള പെട്ടിക്കടകൾ കാണാം. പുട്ടും കടലയും പ്രതീക്ഷിച്ചു ചെന്നപ്പോൾ അസമീസ് പത്രത്തിൽ പൊതിഞ്ഞു തന്നു, ആവിപറക്കുന്ന പുഴുങ്ങിയ കോഴിമുട്ട! കൂട്ടിനു കട്ടൻചായയും.
നാംസായി ൽ വലുതും ചെറുതുമായ ഒട്ടേറെ ബുദ്ധക്ഷേത്രങ്ങൾ ഉണ്ട്. പോകും വഴി ചിലതൊക്കെ ചൂണ്ടുപലകകളിൽ ഇടം പിടിച്ചു. പക്ഷെ കണ്ണിനു കുളിരുനൽകിയത് മറ്റൊരു ബോർഡാണ്. പച്ചമലയാളത്തിൽ തത്വമസി എന്നെഴുതിയ അയ്യപ്പ ക്ഷേത്രം. മലയാളി ഡാ... ബോർഡിലെ മലയാളിത്തമൊന്നും ക്ഷേത്ര നിർമാണത്തിലില്ല, എങ്കിലും കണ്ടപ്പോ ഒരുൾപ്പുളകം . ഈ വഴി തന്നെയാണ് പരശുറാംകുണ്ഡും വാലോങ്ങും കിബിതുവുമെല്ലാം, "ബ്രോ " സൈൻ ബോർഡുകൾ കൊതിപ്പിച്ചു.
കഞ്ഞിവെള്ളം പോലൊരു ചിക്കൻകറി

ഉച്ചയായി. വഴിയരികിലുള്ള നാടൻ ഭക്ഷണശാലയുടെ സമീപം വണ്ടി നിർത്തി കയറുമ്പോൾ പട്ടുനൂൽ പ്യൂപ്പയെ(ലേറ്റ ഫ്രൈ) ഒന്നും കഴിക്കാൻ കിട്ടല്ലേ എന്നതായിരുന്നു പ്രാർഥന. "നോർമൽ മീൽസ് വിത്ത് നോ സ്പെഷൽ!"- മഞ്ഞളിന്റെതു പോലുള്ള നീണ്ട നേർത്ത ഇലയിൽ പൊതിഞ്ഞ ചോറ്, മുളക് ചമ്മന്തി, ചേമ്പ് മെഴുക്കു പുരട്ടി, തേങ്ങയില്ലാത്ത ചീരയില തോരൻ. കൂടെ ഒഴിക്കാൻ പച്ചവെള്ളം പോലത്തെ ഒരു കറി; അത് സൂപ്പാണെന്നു അറിഞ്ഞപ്പോ അൽപം വൈകി! ആംഗ്യഭാഷയാണ് ഭേദം! കഴിഞ്ഞ യാത്രയിലെ ലേറ്റ ഫ്രൈ എഫക്റ്റ് മറന്നു പോയതു കൊണ്ടാവണം ചിക്കൻ ഓർഡർ ചെയ്തു സഹയാത്രികൻ. കഞ്ഞിവെള്ളത്തിൽ കുറച്ചു പച്ചില ഇട്ടപോലുള്ള കറിയിൽ വെളുത്ത ചിക്കൻ. കഞ്ഞിവെള്ളം പുളിപ്പിച്ചുണ്ടാക്കുന്ന അപോങ് എന്ന ലോക്കൽ മദ്യം തിരക്കിയെങ്കിലും ഇവിടെയില്ല. എല്ലാം നല്ല സ്വാദ്, ഒരു ലുക്ക് ഇല്ലന്നെ ഉള്ളൂ .
ഔഷധഗുണമുള്ള കോ പത് (കൊരമ്പക്കൂവ) ഇലയിൽ പൊതിഞ്ഞ, ചെറിയ പശപ്പുള്ള ഈ ചോറിനെ വിളിക്കുന്നത് ‘റ്റുപുല ഭാട്’ എന്നാണ്. ‘റ്റുപുല’ എന്നാൽ പാക്കറ്റ്; ‘ഭാട്ട്’ എന്നാൽ ചോറ്. പൊതിച്ചോറു പോലെ ഇതിനുമുണ്ട് സുഖമുള്ള, രുചിയുള്ള ഒരു മണം. സിങ് ഫോ എന്ന വിഭാഗത്തിൽ പെടുന്നവരാണ് കൂടുതലായും ഈ രീതിയിൽ ഭക്ഷണം ഉണ്ടാക്കുക. ‘ഖാവ് ഹാ’ എന്നാണ് ഖാംതി ഗോത്രക്കാർ ഇതിനു പറയുക. ചിലപ്പോൾ നമ്മളെ പോലെ ഇവരും വാഴയിലയിലും പൊതിച്ചോറ് കെട്ടാറുണ്ട്. മാത്രമല്ല, നമ്മുടെ ഇലയട പോലുള്ള വിഭവങ്ങളും ഇവിടെയുണ്ട്. ഇളം മുളന്തണ്ടിൽ അരി നേരിട്ട് വേവിച്ചെടുക്കുന്നതാണ് ബാംബൂ റൈസ്. കുറ്റിപുട്ടു പോലെയാണ് ഇത് കാണാൻ. ചിക്കനാകട്ടെ കനലിൽ ചുട്ടശേഷം ലെമൺ ഗ്രാസും മുളയുടെ തളിരിലകളും മറ്റു ലോക്കൽ സ്പൈസും ചേർത്ത് വേവിച്ചെടുക്കും. മീനും മറ്റു മാംസങ്ങളും ഇങ്ങനെ ചെയ്യാമത്രേ. ഫ്രഷ് അല്ലെങ്കിൽ റോ മസാലകളാണ് ഇവർ ഉപയോഗിക്കുന്നത്, അതിനാൽ നിറമില്ലാത്തവയാണ് ഇവിടത്തെ കറികൾ ഏറെയും.. എണ്ണ കുറച്ചു മാത്രം ഉപയോഗിക്കുന്നതും ഔഷധഗുണമുള്ള എന്നാൽ വിപണിയിൽ ലഭ്യമല്ലാത്ത രുചിക്കൂട്ടുകളുമാണ് കറികളുടെ വിശേഷത. പാചകം ചെയ്യുന്നത് ഏതു ഗോത്രക്കാരനാണെന്നതനുസരിച്ച് കറിവേപ്പില, കുരുമുളകിന്റെയും ഇഞ്ചിയുടെയും ഇല, പച്ചമുളക്, ലെമൺ ഗ്രാസ്, മുളയുടെ ഇളംകൂമ്പ്, വാഴക്കൂമ്പ് തുടങ്ങിയവ രുചിക്കൂട്ടിൽ ഇടം നേടും. അടുക്കളയിലേക്ക് കയറാമോ എന്നു ചോദിച്ചപ്പോൾ ആദ്യം മടിച്ചെങ്കിലും പിന്നീടവർ സമ്മതിച്ചു. ഉണക്കമീൻ പൊടിച്ചതിനരികിൽ അടച്ചു വെച്ചത് എന്താണെന്നോ, തനി കാന്താരി മുളക്!

തായ്ലാൻഡ് നൽകിയ സ്വർണ്ണത്തിളക്കം

ഊണിന്റെ രുചി മറക്കും മുൻപ് കോങ്മു ഖാം എത്തി. ഗോപുരം പോലെ വളഞ്ഞ മേൽക്കൂരയോടു കൂടിയ കെട്ടിടം എന്നേ പഗോഡയ്ക്ക് അർഥമുള്ളൂ. തേരവാദ ബുദ്ധിസമാണ് ഇവിടെയുള്ളവർ പരിശീലിക്കുന്നത്. കോങ്മു ഖാമിലെ ആദ്യ പഗോഡ രണ്ടുനില കെട്ടിടത്തിന്റെ ഉയരമുള്ള, സുതാര്യമായ, ഗ്ലാസ് നിർമ്മിത ഒറ്റമുറി കെട്ടിടമാണ്. സ്വർണ നിറമുള്ള ബുദ്ധപ്രതിമയിൽ തട്ടിത്തെറിച്ച പ്രകാശം വെള്ളടൈൽ ഇട്ട തറയിൽ വീണ് പ്രതിഫലിക്കുമ്പോൾ ഹാളിൽ കാഞ്ചനവർണ്ണം തിരയടിക്കുന്നു. ആദ്യ കാഴ്ചയിൽ ഇതൊരു സ്വർണപ്രതിമയാണ്, പെർഫെക്ഷൻ അത്ര ഗംഭീരം. എന്നാലോ പൂർണമായും മുളയിലാണ് ഈ ബുദ്ധരൂപം നിർമിച്ചിരിക്കുന്നത്. അതും നാലാൾ പൊക്കത്തിൽ. 2018 ആദ്യമാണ് മുളയിൽ നിർമ്മിച്ച പ്രതിമക്ക് സ്വർണം പൂശുന്നത് പൂർത്തിയായത്. തായ് രാജവംശം ആണത്രേ ഇതിനുള്ള സ്വർണ തകിടുകൾ സംഭാവന നൽകിയത്; അന്നെടുത്ത വീഡിയോ കാണിച്ചു കൊണ്ട് കരാർ പണിക്കാരൻ പറഞ്ഞു. മുള കൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ പ്രതിമ കൂടിയാണിത്. പക്ഷെ ഈ ഇടത്തെ കൂടുതൽ മനോഹരമാക്കുന്നത് ബുദ്ധപ്രതിമയുടെ ചുറ്റുമുള്ള വർണശബളമായ കരകൗശല ഉത്പന്നങ്ങളാവും. പലനിറങ്ങളിലുള്ള കമ്പിളിനൂലുകളിൽ നെയ്തെടുത്ത പന്തുകൾ, തിളങ്ങുന്ന മുത്തുകൾ കോർത്തെടുത്ത കൊടിതോരണങ്ങൾ... ഇതിൽ ചിലതെല്ലാം ബുദ്ധപ്രമാണങ്ങൾ നെയ്തു ചേർത്തവയാണ്. ആ ഹാളിൽ നിൽക്കുന്തോറും മനസ്സിലേക്കും നിറങ്ങൾ നിറയുന്നത് പോലെ തോന്നി, വെറുതെ ഒരു സന്തോഷം! മെഡിറ്റേഷൻ സെന്ററിനു പുറത്ത് ഒരു വാട്ടർ ഫൗണ്ടൻ ഉണ്ട്. സന്ധ്യയാകുമ്പോഴേക്കും വർണപ്രകാശങ്ങൾ പരത്തി അവ നൃത്തമാടും. ഓഫീസും അഗതി മന്ദിരവും ക്വാർട്ടേഴ്സുകളുമാണ് പരിസരങ്ങളിലെ മറ്റു കെട്ടിടങ്ങൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികളും വിശ്രമസ്ഥലവുമുണ്ട്.
കസവുടുത്ത ഹിന്ദുക്ഷേത്രം പോലെ പഗോഡ

ഇതേ കോമ്പൗണ്ടിൽ തന്നെയാണ് രണ്ടാമത്തേതും പ്രധാനപ്പെട്ടതുമായ ബുദ്ധക്ഷേത്രം. ഇതാകട്ടെ നോർത്ത് ഈസ്റ്റിലെ തന്നെ വലിയ പഗോഡകളിൽ ഒന്നാണ്. മുൻ എം എൽ എ കൂടിയായ ചൗന മെയിൻ ആണ് കേന്ദ്ര ഗവണ്മെന്റ് നൽകിയ സ്ഥലത്ത്, ഏകദേശം മൂന്നുകോടിയിൽ അധികം രൂപ ചെലവിട്ട് ഈ അന്താരാഷ്ട്ര ത്രിപിടക (പാലി ലിപിയിൽ എഴുതപെട്ട തേരവാദ ബുദ്ധ പ്രമാണം) നിർമിച്ചത് . 1995 ൽ തായ് രാജവംശം ആണ് മെയിൻ പഗോഡയിലെ ബുദ്ധ വിഗ്രഹം ഇവിടേയ്ക്ക് സമ്മാനിക്കുന്നത് . പിന്നെയും 10 വർഷം കഴിഞ്ഞു മാത്രമേ ക്ഷേത്രത്തിന്റെ പണി പൂർത്തിയായോള്ളൂ. മൂന്നൂറോളം ആർക്കിടെക്ടച്ചേഴ്സ് ഇതിനായി നിയമിക്കപ്പെട്ടുവത്രെ !. ബർമീസ് ആർക്കിടെക്ചർ ആണ് ഇതിനു ഉപയോഗിച്ചിരിക്കുന്നത്. കെട്ടിടങ്ങൾക്ക് സ്വർണം പൂശുന്നതും തടികൊണ്ടുള്ള കൊത്തുപണികളും ഈ രീതിയുടെ പ്രത്യേകതയാണ്. ഏകദേശം 20 ഹെക്ടർ വ്യാപിച്ചു കിടക്കുന്ന ഇവിടം പേര് പോലെ തന്നെ തിളങ്ങി നിൽക്കുന്നു.

മെയിൻ പഗോഡക്ക് ചുറ്റുമായി ഉപക്ഷേത്രങ്ങളും പ്രാർഥനാ ഹാൾ ഉം വലിയ മണിത്തൂണും കുളവുമുണ്ട്. ഹിന്ദു ക്ഷേത്രപാലകരെ പോലെ ഇവിടെയുമുണ്ട് ചില രൂപങ്ങൾ , ഒപ്പം വ്യാളീരൂപങ്ങളും. പഗോഡയുടെ അകത്തേക്ക് പ്രവേശിക്കുമ്പോൾ തലകുമ്പിട്ട് നഗ്ന പാദരായി വേണം കടക്കാൻ. വർണാഭമായ ചെറുതും വലുതുമായ ബുദ്ധപ്രതിമകൾ ഇവിടെ കാണാം. നളന്ദ ഗുഹകളിൽ നിന്നുമുള്ള കലാബുദ്ധയെ ആസ്പദമാക്കിയാണ് ഇവിടെയുള്ള വിഗ്രഹം ചെയ്തിരിക്കുന്നത്. ഇതിനരികിലുള്ള വലിയ മണി പ്രാർഥനാവേളകളിൽ ഉപയോഗിക്കുന്നതാണ് . നാവില്ലാത്ത മണിക്ക് മുകളിലായി മറ്റൊരു ദണ്ഡ് ഉപയോഗിച്ചാണ് ശബ്ദം ഉണ്ടാക്കുക. ഗോൾഡൻ നിറത്തിനു കോൺട്രാസ്റ് ആയി വെള്ള നിറമാണ് ഇവിടെ കൂടുതലും ഉപയോഗിച്ചിരിക്കുന്നത് . കസവുസാരിയുടുത്ത ബർമീസ് പെൺകൊടിയേ പോലെ, ഗോൾഡൻ പഗോഡ പ്രൗഢതയോടെ നിന്നു .
മെയിൻ പഗോഡക്ക് ചുറ്റുമായി അതിമനോഹരമായ പൂന്തോട്ടമാണ് . പച്ചപ്പ് നിറഞ്ഞ പുൽത്തടവും പല നിറങ്ങളിലുള്ള റോസാപുഷ്പങ്ങളും ഇടവഴികളിലൂടെ നടക്കാൻ ആരെയും കൊതിപ്പിക്കും. വിദേശത്തു നിന്നും കൊണ്ടുവന്നിട്ടുള്ള ഓർക്കിഡ് ചെടികളും ഇവിടെ ഇടം പിടിച്ചിട്ടുണ്ട്. ഉച്ച ആയതിനാലാവും അധികമാരും പ്രാർത്ഥിക്കാനില്ല. കടും തവിട്ടു നിറത്തിൽ ഒറ്റമുണ്ടു വാരിചുറ്റിയ ബുദ്ധഭിക്ഷു ആശ്രമത്തിലെ പുതിയ അന്തേവാസിയാണ്. മൂന്നുകുട്ടികളും ഭാര്യയും ഉൾപ്പെട്ട കുടുംബത്തെ കൊൽക്കത്തയിൽ ഉപേക്ഷിച്ചാണ് ഇദ്ദേഹം സന്യാസജീവിതം തിരഞ്ഞെടുത്തത്. ഫോട്ടോക്ക് മുഖം നല്കാൻ അദ്ദേഹത്തിന് അനുവാദമില്ലത്രേ. അക്കോസേട്ടന്റെ ഉണ്ണികുട്ടന്മാർ ദൂരെ നിന്നും എത്തി നോക്കുന്നുണ്ട്. പലർക്കും പലനിറത്തിലുള്ള ഒറ്റവസ്ത്രങ്ങൾ . വസ്ത്രങ്ങൾ വൃത്തിയുള്ളതും ലളിതവും ആവണമെന്നേ ഒള്ളൂ, നിറം അവനവനു തിരഞ്ഞെടുക്കാം . പാഠികളായി ഇവിടെ എത്തുന്നവർ മൂന്നു വർഷമോ അതിലധികമോ ഇവിടെ പഠനത്തിനായി ചിലവഴിക്കും. കഴിഞ്ഞു ബുദ്ധകേന്ദ്രങ്ങളിൽ പൂജകൾ ചെയ്യാം , ഇല്ലെങ്കിൽ ഇവിടെ തന്നെ തുടരാം. ചൊസാങ് എന്നാണ് ഈ സന്യാസിമാരെ വിളിക്കുക. ഇന്ത്യയിലെ തന്നെ പലയിടങ്ങളിൽ നിന്നുമുള്ള സന്യാസിമാർ ഇവിടെയുണ്ട് .സ്ത്രീകൾക്കും സന്യാസം അനുവദനീയമാണെങ്കിലും ഇവിടെ ചെറിയ പെൺകുട്ടികൾ മാത്രമേ ഒള്ളൂ . അതും വിരലിൽ എണ്ണാവുന്നവർ. അരുണാചലിന്റെ പാരമ്പര്യവും ബുദ്ധിസത്തിന്റെ പൈതൃകവും സമന്യയിക്കുന്നുണ്ട് ഇവിടുത്തെ ഷോപ്പിംഗ് ഇടങ്ങളിൽ. പക്ഷെ , ആവറേജ് മലയാളിക്ക് വാങ്ങാൻ പറ്റിയ ആഹാരപദാർഥങ്ങളല്ലാതെ, മറ്റൊന്നും എനിക്കവിടെ കണ്ടുകിട്ടിയില്ല.ഉപക്ഷേത്രങ്ങളും മെഡിറ്റേഷൻ സെന്ററുകളും കടകളുമായി ഒരുപാട് കെട്ടിടങ്ങൾ ഇതിനുള്ളിൽ ഉണ്ടെങ്കിലും ഇനിയും പദ്ധതികൾ നടപ്പിലാക്കാനുണ്ട് .
വെള്ളമൊഴിക്കാതെ എന്ത് ന്യൂ ഇയർ!

നമ്മുടെ വിഷുവിനാണ് തായ് ന്യൂഇയർ . “ന്യൂ ഇയർ നു എങ്കിലും ഒന്ന് കുളിക്കെടോ” എന്ന് ഖാംതി വിഭാഗക്കാർ പറയാറില്ല , പരസ്പരം കുളിപ്പിച്ചാണ് ഇവർ ന്യൂ ഇയർ നെ സ്വാഗതം ചെയ്യുക . പഗോഡക്ക് അരികിലായ വലിയ കുളത്തിനു ഈ ഉത്സവത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. സാൻഗൻ എന്ന് വിളിക്കുന്ന ഈ പുതുവർഷആഘോഷത്തിൽ പുഷ്പങ്ങളും തിരിയും ഉപയോഗിച്ചുള്ള പൂജക്കും പ്രാർഥനക്കും ശേഷം ഈ കുളത്തിൽ നിന്നും വെള്ളമെടുത്തു കുളത്തിനരികിലായി ഉള്ള ബുദ്ധപ്രതിമയിലും മറ്റു പ്രതിമകളിലും പരസ്പരവും ആഘോഷപൂർവം വെള്ളം ഒഴിക്കുന്നു . നിറങ്ങളില്ല എന്നു മാത്രമേ ഒള്ളൂ , ഹോളി കളിക്കുന്ന അതെ ആവേശം, ആഹ്ലാദം നിര്ഭാഗ്യങ്ങളെല്ലാം ഈ വെള്ളത്തിൽ ഒഴുകി പോകും എന്നാണ് ഇവരുടെ വിശ്വാസം.
നവംബർ മാസത്തിൽ നടക്കുന്ന 'കതിന ' ഉത്സവവും ഇവിടുത്തെ പ്രധാനപ്പെട്ട ആഘോഷമാണ് . പാലി ഭാഷയിൽ കതിന എന്നാൽ ബുദ്ധഭിക്ഷുക്കളുടെ വസ്ത്രം നെയ്തിരുന്ന തടി ഫ്രെയിം ആണ്. മഴക്കാലത്തു അബദ്ധവശാൽ മറ്റു ജീവജാലങ്ങളെ ചവിട്ടാൻ ഇടയായാലോ എന്ന് കരുതി ഭിക്ഷുക്കൾ യാത്ര ചെയ്യാറില്ല. മൂന്നുമാസത്തോളമുള്ള ആ കാലയളവ് കഴിഞ്ഞ ശേഷം, സന്ന്യാസിമാർക്ക് ആളുകൾ വസ്ത്രം ദാനം ചെയ്യുന്നു. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഈ ചടങ്ങിന് മ്യാന്മാർ, തായ്ലാൻഡ് എന്നിവിടെങ്ങളിൽ നിന്നും സന്യാസിമാർ നാം സായിയിലേക്ക് എത്തിച്ചേരും . അതിനാൽ തന്നെ സഞ്ചാരികളും. ആഘോഷങ്ങൾക്ക് കൊടുത്താൽ മികവേകാൻ തായ് സംഗീത നൃത്ത രൂപങ്ങളും ഖാംതി കലാരൂപങ്ങളും ഇവിടെ അവതരിപ്പിക്കപ്പെടുന്നു. എന്നാവും അത് കാണാൻ പറ്റുക ? സൂര്യൻ മങ്ങിത്തുടങ്ങുന്നു .. തിരികെ മടങ്ങാനായി എന്ന് നിഴലുകൾ ഓർമിപ്പിച്ചു. നേരെയുള്ള വഴി പരശുറാം കുണ്ഡിലേക്കാണ് , കിലോമീറ്റർ എഴുപത് തികച്ചില്ല. മനസ്സ് ഓർമിപ്പിക്കുന്നു - യാത്രകൾ അവസാനിപ്പിക്കരുത് !.